Friday, July 22, 2011

ബഹിരാകാശ യാത്രയ്ക്ക് യുഎസിന് ആശ്രയം റഷ്യ

കേപ്പ് കനവറല്‍ : ബഹിരാകാശ യാത്രകള്‍ക്ക് അമേരിക്ക ഇനി പ്രധാനമായും ആശ്രയിക്കുക റഷ്യയെ. മൂന്നു പതിറ്റാണ്ട് നീണ്ട ബഹിരാകാശ യാത്രകള്‍ അമേരിക്ക അവസാനിപ്പിച്ചതോടെയാണ് ഇനി റഷ്യന്‍ നിര്‍മിത ബഹിരാകാശ പേടകങ്ങളെ ആശ്രയിക്കേണ്ടി വരിക. വ്യാഴാഴ്ച അറ്റ്ലാന്റിസ് ബഹിരാകാശ പേടകം സുരക്ഷിതമായി കെന്നഡി സ്പേസ് സെന്ററില്‍ തിരിച്ചെത്തി. ഭാവിയില്‍ സ്വകാര്യ സ്ഥാപനങ്ങളെ അമേരിക്ക ആശ്രയിക്കുമെന്ന് പ്രസിഡന്റ് ബറാക് ഒബാമ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ തുടക്കമെന്നോണം സ്പേസ് എക്സ്പ്ലോറേഷന്‍ ടെക്നോളജീസ് കോര്‍പ്പറേഷന്‍ തങ്ങളുടെ ആദ്യ റോക്കറ്റും ബഹിരാകാശ പേടകവും ഈ വര്‍ഷാവസാനം അമേരിക്കക്കായി നിര്‍മിക്കാന്‍ ധാരണയായിട്ടുണ്ട്. 2025ല്‍ മനുഷ്യരെ ഛിന്ന ഗ്രഹങ്ങളിലേക്ക് അയക്കുമെന്നും, 2030 ചൊവ്വയിലേക്ക് പര്യവേക്ഷണം നടത്തുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ പ്രഖ്യാപിച്ചിട്ടുണ്ട്.

അറ്റ്ലാന്റിസിനെ കൂടാതെ കൊളംബിയ, ചലഞ്ചര്‍ , ഡിസ്ക്കവറി, എന്‍ഡവര്‍ എന്നീ ബഹിരാകാശ പേടകങ്ങളാണ് നാസ മുമ്പ് വിക്ഷേപിച്ചിട്ടുള്ളത്. 135-ാമത് ബഹിരാകാശ ദൗത്യമാണ് 13 ദിവസം നീണ്ട അറ്റ്ലാന്റിസിന്റെ മടങ്ങി വരവോടെ പൂര്‍ത്തിയാകുന്നത്. അഞ്ചു പേടകങ്ങളും 21,151 തവണ ഭൂമിയെ വലം വെച്ചിട്ടുണ്ട്. 54.2 കോടി മൈലുകളാണ് ഇവ താണ്ടിയത്. അഞ്ചെണ്ണവും 16 രാജ്യങ്ങളിലെ 355 പേരെ ബഹിരാകാശത്ത് എത്തിച്ചിട്ടുണ്ട്. 1333 ദിവസം (ഏകദേശം നാലു വര്‍ഷം) ഇവ ബഹിരാകാശത്ത് ചെലവഴിച്ചിട്ടുമുണ്ട്.180ഓളം ഉപഗ്രഹങ്ങളെ തങ്ങളുടെ ബഹിരാകാശ ദൗത്യത്തില്‍ നാസ ഭ്രമണ പഥത്തിലെത്തിച്ചിട്ടുണ്ട്.

അവസാനദൗത്യം കഴിഞ്ഞ് അറ്റ്ലാന്റിസ് തിരിച്ചെത്തി

കേപ്പ് കനവറല്‍ : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ അവസാന ദൗത്യം പൂര്‍ത്തിയാക്കി നാസയുടെ അറ്റ്ലാന്റിസ് ബഹിരാകാശ പേടകം ഭൂമിയില്‍ തിരിച്ചെത്തി. 30 വര്‍ഷം നീണ്ട അമേരിക്കയുടെ ബഹിരാകാശ യാത്രകള്‍ക്കുകൂടി വിരാമമിട്ടാണ് അറ്റ്ലാന്റിസ് വ്യാഴാഴ്ച പുലര്‍ച്ചെ 5.57ന് (ഇന്ത്യന്‍ സമയം പകല്‍ 3.27) കെന്നഡി സ്പേസ് സെന്ററില്‍ നിലംതൊട്ടത്. 13 ദിവസം നീണ്ടതായിരുന്നു അറ്റ്ലാന്റിസിന്റെ അവസാന ദൗത്യം. പുലര്‍വേളയില്‍ വെളിച്ചം വീഴുംമുമ്പേ വന്നിറങ്ങിയ അറ്റ്ലാന്റിസിനെ വരവേല്‍ക്കാന്‍ അതിലെ നാല് യാത്രികരുടെയും ബന്ധുക്കളും സുഹൃത്തുക്കളും നാസ അധികൃതരുമടക്കം രണ്ടായിരത്തോളം പേരാണ് റണ്‍വേയ്ക്ക് സമീപം എത്തിയത്. രണ്ട് യാത്രാദുരന്തങ്ങളുടെ ഓര്‍മകള്‍ വേട്ടയാടുന്ന ഹൂസ്റ്റണിലെ ദൗത്യനിയന്ത്രണ കേന്ദ്രവും മുന്‍ ഫ്ളൈറ്റ് ഡയറക്ടര്‍മാരും നിലവിലെ ഡയറക്ടര്‍മാരുമടക്കമുള്ളവരെക്കൊണ്ട് നിറഞ്ഞിരുന്നു. പേടകം ഇനി കെന്നഡി സ്പേസ് സെന്ററില്‍ സൂക്ഷിക്കും.

deshabhimani 220711

1 comment:

  1. ബഹിരാകാശ യാത്രകള്‍ക്ക് അമേരിക്ക ഇനി പ്രധാനമായും ആശ്രയിക്കുക റഷ്യയെ. മൂന്നു പതിറ്റാണ്ട് നീണ്ട ബഹിരാകാശ യാത്രകള്‍ അമേരിക്ക അവസാനിപ്പിച്ചതോടെയാണ് ഇനി റഷ്യന്‍ നിര്‍മിത ബഹിരാകാശ പേടകങ്ങളെ ആശ്രയിക്കേണ്ടി വരിക. വ്യാഴാഴ്ച അറ്റ്ലാന്റിസ് ബഹിരാകാശ പേടകം സുരക്ഷിതമായി കെന്നഡി സ്പേസ് സെന്ററില്‍ തിരിച്ചെത്തി. ഭാവിയില്‍ സ്വകാര്യ സ്ഥാപനങ്ങളെ അമേരിക്ക ആശ്രയിക്കുമെന്ന് പ്രസിഡന്റ് ബറാക് ഒബാമ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ തുടക്കമെന്നോണം സ്പേസ് എക്സ്പ്ലോറേഷന്‍ ടെക്നോളജീസ് കോര്‍പ്പറേഷന്‍ തങ്ങളുടെ ആദ്യ റോക്കറ്റും ബഹിരാകാശ പേടകവും ഈ വര്‍ഷാവസാനം അമേരിക്കക്കായി നിര്‍മിക്കാന്‍ ധാരണയായിട്ടുണ്ട്. 2025ല്‍ മനുഷ്യരെ ഛിന്ന ഗ്രഹങ്ങളിലേക്ക് അയക്കുമെന്നും, 2030 ചൊവ്വയിലേക്ക് പര്യവേക്ഷണം നടത്തുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ പ്രഖ്യാപിച്ചിട്ടുണ്ട്.

    ReplyDelete