Saturday, July 23, 2011

സഭയില്‍ പരാജയപ്പെട്ട ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍

ധനവിനിയോഗബില്‍ നിയമസഭാ ചട്ടമനുസരിച്ച് വോട്ടിനിട്ടിരുന്നെങ്കില്‍ ഒരു സംശയവുമില്ല, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കുന്നതില്‍ പരാജയപ്പെട്ട് ബുധനാഴ്ച ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കേണ്ടിവരുമായിരുന്നു. നിയമസഭാ സ്പീക്കര്‍ പക്ഷപാതപരമായി ഭരണമുന്നണിയെ സഹായിച്ചതുകൊണ്ടുമാത്രമാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി അവകാശപ്പെട്ട് ഭരണത്തില്‍ തുടരാന്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാരിന് അവസരം ലഭിച്ചത്. ശരിയായ പരിശോധന നടത്തിയാല്‍ സര്‍ക്കാരിന്റെ അവകാശവാദം തെറ്റാണെന്നും കള്ളവോട്ട് ചെയ്താണ് നേരിയ ഭൂരിപക്ഷം ഒപ്പിച്ചെടുത്തതെന്ന് തെളിയുമെന്നും പ്രതിപക്ഷം പറയുന്നത് തള്ളിക്കളയാനാകില്ല.

എംഎല്‍എമാര്‍ക്ക് സ്വന്തം സീറ്റ് അനുവദിച്ചിട്ടുണ്ട്. ആ സീറ്റില്‍ ഇരുന്ന് വോട്ട് രേഖപ്പെടുത്തിയാല്‍മാത്രമേ വോട്ട് സാധുവായി പരിഗണിക്കാന്‍ കഴിയൂ. മറ്റൊരാളുടെ വോട്ട് ചെയ്യുന്നത് കള്ളവോട്ടായി മാത്രമേ പരിഗണിക്കാനാകൂ. ഇതൊക്കെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ധനവിനിയോഗബില്‍ ഉച്ചകഴിഞ്ഞ് ഒന്നരമണിക്കാണ് വോട്ടിനിടേണ്ടത്. സമയത്തില്‍ മാറ്റം വേണമെന്നുതോന്നിയാല്‍ സ്പീക്കര്‍ക്ക് സഭയുടെ അനുവാദം വാങ്ങേണ്ടതുണ്ട്. അങ്ങനെ അനുവാദം വാങ്ങിയതായി കാണുന്നില്ല. കൃത്യസമയത്തുതന്നെ (ഒന്നര മണിക്ക്) ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ് അവസാനിപ്പിച്ച് ബില്‍ പാസാക്കിത്തരണമെന്നാവശ്യപ്പെട്ട് ധനമന്ത്രി മാണി സ്വന്തം സീറ്റില്‍ ഇരുന്നതാണ്. തല്‍ക്ഷണം പ്രതിപക്ഷം പോള്‍ ആവശ്യപ്പെടുകയുംചെയ്തു. പോള്‍ ആവശ്യപ്പെട്ട നിമിഷത്തില്‍ വോട്ടിങ്ങിനുള്ള മണി മുഴക്കുകയെന്നതാണ് ചട്ടം. എന്നാല്‍ , മണി മുഴങ്ങിയില്ല. ഭരണമുന്നണിക്ക് ഭൂരിപക്ഷമുണ്ടായിരുന്നില്ല. എംഎല്‍എമാരെ എവിടെനിന്നൊക്കെയോ തപ്പിയെടുത്ത് സഭയിലെത്തിക്കാന്‍ സഭയിലുണ്ടായിരുന്ന ഭരണമുന്നണിക്കാര്‍പരക്കംപായുന്നതാണ് കണ്ടത്. മണി മുഴങ്ങിയിരുന്നെങ്കില്‍ സഭാകവാടം അപ്പോള്‍ത്തന്നെ അടയ്ക്കുമായിരുന്നു. കവാടം അടച്ചാല്‍ പുറത്തുള്ള എംഎല്‍എമാര്‍ക്ക് അകത്തുകടക്കാന്‍ അനുവാദമില്ല. ചട്ടപ്രകാരം സ്പീക്കര്‍ വോട്ടെടുപ്പ് നടത്തിയിരുന്നെങ്കില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിലംപതിക്കുമായിരുന്നു എന്നത് മൂന്നുതരം. സഭയില്‍ നടന്ന കാര്യങ്ങളെപ്പറ്റി സംശയമുള്ളവര്‍ യുഡിഎഫ് സര്‍ക്കാരിനെ കൈമെയ് മറന്ന് സഹായിക്കുന്ന അഥവാ താങ്ങിനിര്‍ത്തുന്ന മലയാള മനോരമ, മാതൃഭൂമി എന്നീ പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ വായിച്ചാല്‍ മതി. വ്യാഴാഴ്ച മനോരമ ഒന്നാം പേജില്‍ മത്തങ്ങാ തലക്കെട്ടായി കൊടുത്തത് "വീണു, വീണില്ല"എന്നാണ്. സര്‍ക്കാര്‍ വീണു എന്നുതന്നെയാണ് ഇതുവായിച്ചാല്‍ മനസിലാക്കേണ്ടത്. വീണിടം വിദ്യ കാണിച്ചതുകൊണ്ട് യഥാര്‍ഥ വസ്തുതകള്‍ മറച്ചുപിടിക്കാന്‍ കഴിഞ്ഞതുകൊണ്ട് വീണില്ല എന്നുമാത്രം.

ജൂലൈ 22ന്റെ മാതൃഭൂമിയില്‍ സഭയില്‍ നടന്നതെന്താണെന്ന് വിവരിക്കുന്നതിങ്ങനെയാണ് "എന്നാല്‍ ബില്ലിന്റെ മൂന്നാംവായനയിലുള്ള പ്രസംഗവും കഴിഞ്ഞ് വോട്ടെടുപ്പിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പാണ് വേണ്ടത്ര അംഗബലം തങ്ങളുടെ ഭാഗത്തില്ലെന്ന് നേതൃത്വത്തിന് ബോധ്യമാകുന്നത്. ഈ സമയം 64 പേര്‍ മാത്രമേ സഭയില്‍ ഉണ്ടായിരുന്നുള്ളൂ. 62 പേരേ ഉണ്ടായിരുന്നുള്ളൂ എന്നാണ് പ്രതിപക്ഷം പറയുന്നത്. ആശയക്കുഴപ്പത്തിനിടയിലാണ് മൂന്നുപേര്‍കൂടി വന്നെത്തിയത്. ആദ്യം പ്രതിപക്ഷത്തിന് കാര്യം പിടികിട്ടിയില്ലെങ്കിലും ബെന്നി ബെഹനാന്റെയും മറ്റും തീപിടിച്ചപോലെയുള്ള ഓട്ടം കണ്ടപ്പോഴാണ് പ്രതിപക്ഷം ഇക്കാര്യം ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് അരമണിക്കൂറോളം സഭ നീട്ടിക്കൊണ്ടുപോയതാണ് സ്പീക്കറുടെ നിഷ്പക്ഷതയ്ക്കു നേരെ ചോദ്യമുയരാന്‍ ഇടയാക്കിയത്." മാതൃഭൂമി തുറന്നുസമ്മതിച്ച കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രദ്ധിച്ചുകാണുമെന്ന് കരുതട്ടെ. എന്നിട്ടും ഉമ്മന്‍ചാണ്ടി പറഞ്ഞത് ഭരണകക്ഷി എംഎല്‍എമാരെല്ലാം സഭയിലുണ്ടായിരുന്നുവെന്നാണ്. അദ്ദേഹം പറഞ്ഞത് സത്യവിരുദ്ധ കാര്യമാണെന്ന് പത്രറിപ്പോര്‍ട്ടുകളില്‍നിന്ന് ജനങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയുന്നതാണ്. പ്രതിപക്ഷത്ത് 68 അംഗങ്ങളാണുള്ളത്. അതില്‍ പുരുഷന്‍ കടലുണ്ടിക്ക് അസുഖം ബാധിച്ചതിനാല്‍ സഭയില്‍ ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. 67 പേര്‍ സഭയിലുണ്ടായിരുന്നു. ധനകാര്യബില്‍ നിയമസഭാചട്ടപ്രകാരം വോട്ടിനിട്ടിരുന്നെങ്കില്‍ ഭരണമുന്നണിക്ക് മാതൃഭൂമിയുടെ റിപ്പോര്‍ട്ട് അനുസരിച്ചുതന്നെ 64 വോട്ട് മാത്രമേ ലഭിക്കുമായിരുന്നുള്ളൂ.

പ്രതിപക്ഷത്തിന് 67 വോട്ട് ലഭിക്കും. ധനവിനിയോഗബില്‍ വോട്ടിനിടാതെ അരമണിക്കൂര്‍ സഭ നീട്ടിക്കൊണ്ടുപോയത് നിഷ്പക്ഷനായി സഭ നടത്താന്‍ ബാധ്യതപ്പെട്ട സ്പീക്കറുടെ ഭാഗത്തുനിന്നുണ്ടായ നടപടി ശരിയോ എന്ന ചര്‍ച്ച തുടരുക തന്നെചെയ്യും. "നിയമസഭയില്‍ തലനാരിഴയ്ക്ക് സര്‍ക്കാര്‍ രക്ഷപ്പെടേണ്ട സ്ഥിതി സംജാതമാക്കിയതില്‍ സ്പീക്കര്‍ക്ക് അതൃപ്തിയും ദുഃഖവും" എന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്തത്. "ധനവിനിയോഗ ബില്‍ പാസാക്കേണ്ട ഘട്ടം വന്നപ്പോള്‍ വര്‍ക്കല കഹാറിനെയും കെ അച്യുതനെയും കാണാനില്ലെന്ന് വന്നതോടെ ഫ്ളോര്‍ മാനേജര്‍മാര്‍ പരിഭ്രാന്തിയിലായി. ഇരുവരെയും ഫോണില്‍ ബന്ധപ്പെടാന്‍ പുറത്തു നില്‍ക്കുകയായിരുന്നു ബെന്നി ബഹനാനും ഷാഫി പറമ്പിലും. ഇവര്‍ ഒടുവില്‍ ഓടിക്കിതച്ചെത്തുകയായിരുന്നു. ബെല്‍ അടിച്ചുകഴിഞ്ഞാല്‍ സഭയുടെ വാതില്‍ അടയും. അതിന് മുമ്പ് അംഗങ്ങള്‍ ഇരിപ്പിടത്തില്‍ എത്തിക്കൊള്ളണമെന്നാണ് ചട്ടം"( മനോരമ). ഇത്തരം ചട്ടങ്ങളെല്ലാം നഗ്നമായി ലംഘിക്കപ്പെട്ടു. ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ നാണംകെട്ടു. സ്പീക്കറുടെ കാര്യം പറയുകയും വേണ്ട. കെ എം മാണി അവതരിപ്പിച്ച ബജറ്റിനോടുള്ള ഭരണകക്ഷി അംഗങ്ങളുടെ അമര്‍ഷം ഇതില്‍ നിഴലിച്ചുകാണാം. രണ്ടുമാസം തികയുന്നതിന് മുമ്പുതന്നെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഭരണത്തില്‍ തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടു എന്നതാണ് സത്യം.

deshabhimani editorial 230711

1 comment:

  1. ധനവിനിയോഗബില്‍ നിയമസഭാ ചട്ടമനുസരിച്ച് വോട്ടിനിട്ടിരുന്നെങ്കില്‍ ഒരു സംശയവുമില്ല, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കുന്നതില്‍ പരാജയപ്പെട്ട് ബുധനാഴ്ച ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കേണ്ടിവരുമായിരുന്നു. നിയമസഭാ സ്പീക്കര്‍ പക്ഷപാതപരമായി ഭരണമുന്നണിയെ സഹായിച്ചതുകൊണ്ടുമാത്രമാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി അവകാശപ്പെട്ട് ഭരണത്തില്‍ തുടരാന്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാരിന് അവസരം ലഭിച്ചത്. ശരിയായ പരിശോധന നടത്തിയാല്‍ സര്‍ക്കാരിന്റെ അവകാശവാദം തെറ്റാണെന്നും കള്ളവോട്ട് ചെയ്താണ് നേരിയ ഭൂരിപക്ഷം ഒപ്പിച്ചെടുത്തതെന്ന് തെളിയുമെന്നും പ്രതിപക്ഷം പറയുന്നത് തള്ളിക്കളയാനാകില്ല.

    ReplyDelete