Friday, July 22, 2011

ഗൂര്‍ഖാലാന്‍ഡ് പ്രശ്നം വീണ്ടും വഷളായി

കൊല്‍ക്കത്ത: ഗൂര്‍ഖാലാന്‍ഡ് പ്രവിശ്യഭരണ കരാര്‍ ഒപ്പിട്ടതോടെ ഈ പ്രശ്നം പരിഹരിച്ചെന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വാദം പൊളിഞ്ഞു. ഗൂര്‍ഖാലാന്‍ഡ് പ്രവിശ്യയുടെ അതിര്‍ത്തി നിര്‍ണയംകഴിഞ്ഞ് മതി തെരഞ്ഞെടുപ്പെന്ന് കരാറില്‍ ഒപ്പിട്ട ഗൂര്‍ഖ ജനമുക്തി മോര്‍ച്ച(ജിജെഎം) വ്യക്തമാക്കിയതോടെ പ്രശ്നംവീണ്ടും വഷളായി. പുതിയ പ്രവിശ്യക്കായി ഡാര്‍ജിലിങ് കൗണ്‍സിലിലേക്ക് കൂടുതല്‍ പ്രദേശം ചേര്‍ക്കുന്നതില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് ഉടന്‍ അതിര്‍ത്തി നിര്‍ണയിക്കണമെന്ന് ജിജെഎം ആവശ്യപ്പെട്ടത്. ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനമെന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്നും അതിന് സമരം ശക്തമായി തുടരുമെന്നും ജിജെഎം അധ്യക്ഷന്‍ ബിമല്‍ ഗുരൂങ് പറഞ്ഞു.

തിങ്കളാഴ്ച ഒപ്പിടല്‍ ചടങ്ങില്‍ പങ്കെടുത്ത മമത പശ്ചിമബംഗാളിനെ വെട്ടിമുറിക്കില്ലെന്നും ഡാര്‍ജിലിങ് ബംഗാളിന്റെ ഭാഗമായി തുടരുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷം കരാറില്‍ ജിജെഎം ഒപ്പിട്ടത് ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം എന്ന ആവശ്യത്തില്‍നിന്ന് പിന്നോക്കം പോയതിന് തുല്യമാണെന്ന വിമര്‍ശം മറ്റു ഗൂര്‍ഖാ സംഘടനകള്‍ ഉയര്‍ത്തി. ഇത് പരിഹരിക്കാനാണ് കരാര്‍ ഒപ്പിട്ടതിന്റെ തൊട്ടടുത്ത ദിവസം പൊതുയോഗം വിളിച്ച് ജിജെഎം അധ്യക്ഷന്‍ നിലപാട് അറിയിച്ചത്. താന്‍ കരാറില്‍ ഒപ്പിട്ടിട്ടില്ല എന്നുപറഞ്ഞ് ബിമല്‍ ഗുരൂങ് കൈ കഴുകുകയുംചെയ്തു. ജിജെഎമ്മിനു വേണ്ടി രോഷന്‍ ഗിരിയാണ് ഒപ്പുവച്ചത്. നേരത്തേയുണ്ടായിരുന്ന ഡാര്‍ജിലിങ് ഗൂര്‍ഖ ഹില്‍ കൗണ്‍സിലില്‍ ഉള്‍പ്പെട്ടിരുന്ന ഭൂപ്രദേശങ്ങള്‍ക്കുപുറമെ ദുവാര്‍സ്, തരായ് മേഖലകളില്‍നിന്ന് പുതിയ പ്രവിശ്യാഭരണ സംവിധാനത്തില്‍ ഉള്‍പ്പെടുത്തേണ്ട വില്ലേജുകള്‍ ഏതൊക്കെയെന്ന് പിന്നീട് മാത്രമേ തീരുമാനിക്കൂ. അത് തീരുമാനിച്ചിട്ടു മതി പുതിയ പ്രവിശ്യാ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പെന്നാണ് ജിജെഎമ്മിന്റെ പുതിയ നിലപാട്. പുതിയ വില്ലേജുകള്‍ നിശ്ചയിക്കുകയാണ് കരാര്‍ നടപ്പാക്കുന്നതിനുള്ള ഏറ്റവും വലിയ തടസ്സം. ദുവാര്‍സ്, തരായ് മേഖലകളിലെ വിവിധ സംഘടനകളും ജനവിഭാഗങ്ങളും കരാറിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഹര്‍ത്താലുകളടക്കമുള്ള പ്രതിഷേധ പരിപാടികള്‍ ജനങ്ങള്‍ സംഘടിപ്പിച്ചു.
(വി ജയിന്‍)

കൂച്ച് ബിഹാര്‍ സംസ്ഥാനത്തിന്പ്രക്ഷോഭം ശക്തമായി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഗൂര്‍ഖാലാന്‍ഡ് പ്രവിശ്യാഭരണ കരാര്‍ ഒപ്പിട്ടതോടെ കൂച്ച് ബിഹാര്‍ സംസ്ഥാനത്തിനായുള്ള ആവശ്യം ശക്തമായി. ഈ ആവശ്യം ഉന്നയിച്ച് പ്രക്ഷോഭം ഊര്‍ജിതമാക്കാന്‍ ഗ്രേറ്റര്‍ കൂച്ച് ബിഹാര്‍ പീപ്പിള്‍സ് അസോസിയേഷന്‍(ജിസിപിഎ) തീരുമാനിച്ചു. കൂച്ച് ബിഹാര്‍ ടൗണില്‍ മരണംവരെ ഉപവാസം ആരംഭിച്ചതായി അസോസിയേഷന്‍ അറിയിച്ചു. ഡല്‍ഹിയില്‍ ജന്ദര്‍മന്ദറിലും സമരം നടക്കുന്നുണ്ട്. ഏറെക്കാലമായി കൂച്ച് ബിഹാര്‍ സംസ്ഥാനത്തിനുള്ള ആവശ്യം ഉണ്ട്. എന്നാല്‍ , അഞ്ചുവര്‍ഷമായി പ്രക്ഷോഭങ്ങളോ പ്രചാരണമോ ഉണ്ടായിരുന്നില്ല. ബംഗാളിലുള്ള കൂച്ച് ബിഹാര്‍ , ഉത്തര ദിനാജ്പുര്‍ , ദക്ഷിണ ദിനാജ്പുര്‍ , ഡാര്‍ജിലിങ്, ജല്‍പായ്ഗുരി, ലോവര്‍ അസമിലെ അവിഭക്ത ഗോള്‍പാറ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്നതായിരുന്നു പഴയ കൂച്ച് ബിഹാര്‍ നാട്ടുരാജ്യം. ഈ പ്രദേശങ്ങളെല്ലാം ഉള്‍പ്പെടുത്തി പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നാണ് ആവശ്യം.

deshabhimani 220711

1 comment:

  1. ഗൂര്‍ഖാലാന്‍ഡ് പ്രവിശ്യഭരണ കരാര്‍ ഒപ്പിട്ടതോടെ ഈ പ്രശ്നം പരിഹരിച്ചെന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വാദം പൊളിഞ്ഞു. ഗൂര്‍ഖാലാന്‍ഡ് പ്രവിശ്യയുടെ അതിര്‍ത്തി നിര്‍ണയംകഴിഞ്ഞ് മതി തെരഞ്ഞെടുപ്പെന്ന് കരാറില്‍ ഒപ്പിട്ട ഗൂര്‍ഖ ജനമുക്തി മോര്‍ച്ച(ജിജെഎം) വ്യക്തമാക്കിയതോടെ പ്രശ്നംവീണ്ടും വഷളായി. പുതിയ പ്രവിശ്യക്കായി ഡാര്‍ജിലിങ് കൗണ്‍സിലിലേക്ക് കൂടുതല്‍ പ്രദേശം ചേര്‍ക്കുന്നതില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് ഉടന്‍ അതിര്‍ത്തി നിര്‍ണയിക്കണമെന്ന് ജിജെഎം ആവശ്യപ്പെട്ടത്. ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനമെന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്നും അതിന് സമരം ശക്തമായി തുടരുമെന്നും ജിജെഎം അധ്യക്ഷന്‍ ബിമല്‍ ഗുരൂങ് പറഞ്ഞു.

    ReplyDelete