ജനാധിപത്യ വ്യവസ്ഥയുടെ അവിഭാജ്യ ഭാഗമാണ് നിയമനിര്‍മാണസഭകള്‍. ഇത്തരം വേദികള്‍ ആക്ഷേപത്തിനു വിധേയമാകുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. ഭൂരിപക്ഷം ഉറപ്പിക്കാന്‍ കോഴ നല്‍കിയ കാര്യം രാജ്യത്താകെ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. കോടാനുകോടി രൂപ നല്‍കി എം പിമാരെ വിലയ്‌ക്കെടുത്ത് ആദ്യ യു പി എ സര്‍ക്കാര്‍ ഭൂരിപക്ഷം ഉറപ്പിക്കുവാന്‍ പരിശ്രമിച്ചുവെന്ന ആക്ഷേപത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയുമാണ്. നോട്ടുകെട്ടുകള്‍ പാര്‍ലമെന്റംഗങ്ങള്‍ തന്നെ ഉയര്‍ത്തിക്കാട്ടിയത് ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നതിലൂടെ ലോകത്തിനു മുമ്പില്‍ ഇന്ത്യ എന്ന ബൃഹത്തായ ജനാധിപത്യ രാഷ്ട്രം നാണം കെട്ടിരുന്നു.
ഇത്തരം അനാശാസ്യകരമായ വഴിയിലൂടെ കേരളത്തെയും ആനയിക്കുവാനാണ് കോണ്‍ഗ്രസും യു ഡി എഫും ശ്രമിക്കുന്നതെന്നാണ് യു ഡി എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസത്തിലെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.
ധനവിനിയോഗബില്ലിന്റെ ചര്‍ച്ചകള്‍ക്ക് ധനമന്ത്രി മറുപടി പറഞ്ഞതിനുശേഷം ബില്‍ പാസാക്കുന്നതിനായുള്ള പോളിംഗ് നടത്തേണ്ട ഘട്ടത്തില്‍ ഭരണപക്ഷനിരയിലെ എം എല്‍ എമാരില്‍ ചിലര്‍ ഹാജരല്ലെന്ന് മനസ്സിലാക്കിയതോടെ ധനമന്ത്രി രണ്ടാംഘട്ട പ്രസംഗത്തിനായി മുതിരുകയായിരുന്നു. ആ ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നുവെങ്കില്‍ ധനവിനിയോഗ ബില്‍ പരാജയപ്പെടുകയും സര്‍ക്കാരിന്റെ നില അപായസ്ഥിതിയിലാവുകയും ചെയ്യുമെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ധനമന്ത്രി കെ എം മാണി വീണ്ടുമൊരു പ്രസംഗത്തിന് തുനിഞ്ഞത്. മുസ്ലിംലീഗ് നേതാവും വ്യവസായമന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി പ്രതിപക്ഷത്തെ പ്രകോപിച്ച് സമയം നീട്ടാന്‍ ധനമന്ത്രി മാണിയോട് നിര്‍ദേശിക്കുന്നതും നിയമസഭാ ഹാളില്‍ ഉണ്ടായിരുന്ന പത്രപ്രവര്‍ത്തകരും സന്ദര്‍ശകരും ഉള്‍പ്പെടെയുള്ളവര്‍ കേട്ടതാണ്.
ധനവിനിയോഗ ബില്‍ ചര്‍ച്ചകള്‍ക്ക് ധനമന്ത്രി മറുപടി പറഞ്ഞതിനുശേഷം വോട്ടിനിടേണ്ട സന്ദര്‍ഭമായപ്പോള്‍ ഭരണപക്ഷനിരയില്‍ 62 അംഗങ്ങളേ ഹാജരായിരുന്നുള്ളൂ. പ്രതിപക്ഷനിരയില്‍ 67 അംഗങ്ങള്‍ സഭയിലുണ്ടായിരുന്നു താനും. സമയം നീട്ടിയെടുക്കുവാനുള്ള ആസൂത്രിത നീക്കം നടത്തിയതിനുശേഷവും 67 അംഗങ്ങളേ, സ്പീക്കര്‍ അടക്കം ഭരണപക്ഷനിരയില്‍ നിന്ന് ഹാജരുണ്ടായിരുന്നുള്ളൂ. യു ഡി എഫ് സാമാജികനായ കെ അച്യുതന്‍ കൂടി സഭയില്‍ മടങ്ങിയെത്തിയതിനുശേഷമേ ധനവിനിയോഗ ബില്‍ വോട്ടിനിടാന്‍ സ്പീക്കറും സഭാ നേതാവും ഭരണകക്ഷി നേതൃത്വവും സന്നദ്ധമായുള്ളു. ഒരു ഭരണകക്ഷി എം എല്‍ എയുടെ വോട്ട് മറ്റൊരു ഭരണകക്ഷി അംഗം രേഖപ്പെടുത്തിയതിലൂടെയാണ് ധവവിനിയോഗ ബില്ലിന് 69 പേരുടെ പിന്തുണ ലഭിച്ചതെന്ന ആക്ഷേപത്തെ ഖണ്ഡിക്കാനും ഭരണപക്ഷത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഗുരുതരമായ നിലയിലുള്ള ജനാധിപത്യ അവഹേളനമാണ് കേരളനിയമസഭയില്‍ അരങ്ങേറിയിരിക്കുന്നത്. കര്‍ണാടകയിലും ഝാര്‍ഖണ്ഡിലും ഉത്തര്‍പ്രദേശിലുമൊക്കെ ഇത്തരം ജനാധിപത്യ അവഹേളന നടപടികള്‍ അരങ്ങേറിയിരിക്കാം. പക്ഷേ കേരളം എക്കാലവും ജനാധിപത്യമൂല്യങ്ങളും സഭാ ചട്ടങ്ങളും മാനിച്ചിരുന്നുവെന്ന് ഈ അവഹേളന നടപടിയിലൂടെ ജനങ്ങളെ പരിഹാസ്യരാക്കിയവര്‍ തിരിച്ചറിയേണ്ടതുണ്ട്. നിയമസഭയുടെ അന്തസ്സും പാവനതയുമാണ് ഇത്തരക്കാര്‍ കളഞ്ഞുകുളിച്ചത്.
വോട്ടെടുപ്പ് നടപടി തുടങ്ങേണ്ട ഘട്ടത്തില്‍ ധനമന്ത്രിയെ വീണ്ടും പ്രസംഗിപ്പിച്ച് സമയം നീട്ടിയെടുക്കാന്‍ അനുവദിച്ച സ്പീക്കറുടെ നടപടിയും അത്യന്തം അപലപനീയമാണ്. സ്പീക്കര്‍ പദവി നിഷ്പക്ഷതയുടേതാണ്. സഭാ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും പാലിക്കാന്‍ നിര്‍ബന്ധിതമായ പദവിയാണത്. എന്നാല്‍ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും മനപ്പൂര്‍വമായ നിലയില്‍ അട്ടിമറിക്കപ്പെട്ടു. സ്പീക്കര്‍ സ്ഥാനത്തിനേറ്റ കളങ്കമാണിത്.
ജനാധിപത്യത്തിന്റെ പരമപ്രധാന വേദികളായ നിയമനിര്‍മാണസഭകളില്‍ അരങ്ങേറുന്ന ഇത്തരം കുത്സിത ശ്രമങ്ങള്‍ ദുര്‍ബലപ്പെടുത്തുന്നത് ജനാധിപത്യ വ്യവസ്ഥയെയാണെന്ന് ഉത്തരവാദപ്പെട്ടവര്‍ തിരിച്ചറിയണം. പണം കൊടുത്ത് ഭൂരിപക്ഷം ഉറപ്പിക്കുകയും സാമാജികരെ തട്ടിക്കൊണ്ടുപോയി റിസോര്‍ട്ടുകളില്‍ താമസിപ്പിച്ച് ഭൂരിപക്ഷം ഉറപ്പിക്കുകയും ചെയ്യുന്നതുപോലെ അപമാനകരമാണ് കേരള നിയമസഭയില്‍ ഇക്കഴിഞ്ഞ ദിവസം നടന്ന ഭൂരിപക്ഷം ഒപ്പിച്ചെടുക്കലും. കേരളത്തിന് കനത്ത അപമാനവും ജനാധിപത്യ സമ്പ്രദായത്തിന് കളങ്കവുമാണ് ഈ സംഭവം.
ജനയുഗം മുഖപ്രസംഗം 220711
സഭയിലെ കള്ളവോട്ട് കണ്ടെത്താന്‍ വീഡിയോദൃശ്യം പരിശോധിക്കണം: വി എസ്
തിരുവനന്തപുരം: ധനവിനിയോഗബില്ലിന്‍മേലുള്ള വോട്ടെടുപ്പില്‍ ഭരണപക്ഷം കള്ളവോട്ട് ചെയ്തതു കണ്ടെത്തുന്നതിനായി വീഡിയോദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇതു സത്യസന്ധമായി പരിശോധിച്ചാല്‍ ഭരണപക്ഷത്തിനു ഗുണകരമാവില്ലാത്തതിനാല്‍ അവര്‍ അതിനു മുതിരുമെന്നു തോന്നുന്നില്ലെന്നും വി എസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആളില്ലാത്ത സീറ്റില്‍പ്പോയാണ് ഒരംഗം രണ്ടാമത് വോട്ട് ചെയ്തത്. വോട്ടിംഗ് മെഷീന് അംഗങ്ങളുടെ പേരറിയില്ലല്ലോയെന്നും വി എസ് പറഞ്ഞു.
സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ഇപ്പോഴത്തെ ചുമതല ബാധ്യതയാണ്. ഇന്നലെ അദ്ദേഹം ഏറെ വിഷമിച്ച സന്ദര്‍ഭമാണ്. ധനവിനിയോഗബില്ലിന്റെ മൂന്നാംവായന കഴിഞ്ഞു ബില്ല് പാസാക്കണമെന്നു ധനമന്ത്രി ആവശ്യപ്പെട്ടാല്‍ ഉടന്‍തന്നെ വോട്ടിംഗിന് തയ്യാറാവണമെന്ന മുന്നറിയിപ്പ് സ്പീക്കര്‍ അംഗങ്ങള്‍ക്കു നല്‍കണം. എന്നാല്‍ ഇതിനു തയ്യാറാവാതെ സ്പീക്കര്‍ ട്രഷറി ബഞ്ചില്‍ ഉറ്റുനോക്കിയിരിക്കുകയായിരുന്നു. ബഞ്ചുകള്‍ ഒഴിഞ്ഞുകിടക്കുന്നതിനാല്‍ സര്‍ക്കാര്‍ ഇല്ലാതാവുകയാണോയെന്ന് ചിന്തിച്ച് സ്പീക്കര്‍ നിമിഷങ്ങള്‍ തള്ളിനീക്കി. സ്പീക്കര്‍ വിഷമിക്കുന്നുവെന്ന് മനസ്സിലായ ധനമന്ത്രി അരമണിക്കൂറോളം എഴുന്നേറ്റുനിന്നു. കേരള നിയമസഭയുടെ അന്തസ് കെടുത്തക്കവിധമുള്ള തെറ്റായ നടപടികളാണ് ഉണ്ടായത്. വോട്ടിംഗ് സമയത്ത് ഭരണപക്ഷത്ത് 62 ഉം പ്രതിപക്ഷത്ത് 67 ഉം ആയിരുന്നു അംഗസംഖ്യ. പുരുഷന്‍ കടലുണ്ടി മാത്രമാണ് അനാരോഗ്യത്തെത്തുടര്‍ന്നു സഭയിലെത്താതിരുന്നത്. വോട്ടിനിട്ടാല്‍ ഭരണപക്ഷത്തെ സ്ഥിതി ദയനീയമാവുമെന്നു മനസ്സിലായപ്പോഴാണ് അംഗങ്ങളെ വിളിച്ചുകൊണ്ടുവരാന്‍ പലരും പോയത്. നിരവധി തവണ പ്രതിപക്ഷം വോട്ടിംഗ് ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ലെന്നും വി എസ് പറഞ്ഞു.
സഭ നടക്കുന്ന അവസരത്തില്‍ സഭയില്‍ എത്തണമെന്ന ചിന്താഗതിയില്ലാതെ വരുന്നതെന്തുകൊണ്ടാണെന്ന് മനസ്സിലാക്കാം. മദ്യം അകത്തുകടന്നാലാണ് ഇങ്ങനെയുണ്ടാവുന്നത്. എത്ര കടുപ്പത്തിലുള്ള ചായ കുടിച്ചാലും ഇങ്ങനെയുണ്ടാവില്ല. അതിനാല്‍ ഷാപ്പില്‍ പോയെന്നു താന്‍ സംശയിച്ചുപോയതില്‍ തെറ്റുപറയാനാവില്ലെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.
ജനയുഗം 220711
ജനാധിപത്യ വ്യവസ്ഥയുടെ അവിഭാജ്യ ഭാഗമാണ് നിയമനിര്‍മാണസഭകള്‍. ഇത്തരം വേദികള്‍ ആക്ഷേപത്തിനു വിധേയമാകുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. ഭൂരിപക്ഷം ഉറപ്പിക്കാന്‍ കോഴ നല്‍കിയ കാര്യം രാജ്യത്താകെ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. കോടാനുകോടി രൂപ നല്‍കി എം പിമാരെ വിലയ്‌ക്കെടുത്ത് ആദ്യ യു പി എ സര്‍ക്കാര്‍ ഭൂരിപക്ഷം ഉറപ്പിക്കുവാന്‍ പരിശ്രമിച്ചുവെന്ന ആക്ഷേപത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയുമാണ്. നോട്ടുകെട്ടുകള്‍ പാര്‍ലമെന്റംഗങ്ങള്‍ തന്നെ ഉയര്‍ത്തിക്കാട്ടിയത് ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നതിലൂടെ ലോകത്തിനു മുമ്പില്‍ ഇന്ത്യ എന്ന ബൃഹത്തായ ജനാധിപത്യ രാഷ്ട്രം നാണം കെട്ടിരുന്നു.
ReplyDelete