Friday, July 22, 2011

അനധികൃതഖനനം : യെദ്യൂരപ്പയ്ക്കും റെഡ്ഡിമാര്‍ക്കും പങ്കെന്ന് ലോകായുക്ത

ബംഗളൂരു: കര്‍ണാടകത്തിലെ അനധികൃത ഖനനവുമായി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് ബന്ധമുണ്ടെന്ന് ലോകായുക്ത റിപ്പോര്‍ട്ട്. യെദ്യൂരപ്പയ്ക്കു പുറമെ ബിജെപി മന്ത്രിമാരായ ജി ജനാര്‍ദനറെഡ്ഡി, കരുണാകരറെഡ്ഡി, വി സോമണ്ണ, ബി ശ്രീരാമലു, മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, കോണ്‍ഗ്രസ് എംപി അനില്‍ലാഡ് എന്നിവര്‍ക്കും അനധികൃത ഖനനത്തില്‍ പങ്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായി വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ടു ചെയ്തു.

അതേസമയം, ഈ വാര്‍ത്ത പുറത്തുവരുംമുമ്പ് വിമതര്‍ ചരടുവലി തുടങ്ങി. യെദ്യൂരപ്പയുടെ പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടാല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവരുമെന്നു മനസ്സിലാക്കിയാണ് വിമതര്‍ നീക്കം തുടങ്ങിയത്. യെദ്യൂരപ്പ തന്റെ വിശ്വസ്തയായ ശോഭ കരന്ത്ലാജെയെ മുഖ്യമന്ത്രിയാക്കുന്നത് തടയാനാണ് കേന്ദ്രനേതാക്കളുടെ ഒത്താശയോടെ പഞ്ചായത്തീരാജ് മന്ത്രി ജഗദീഷ് ഷെട്ടാര്‍ , എച്ച് എം അനന്തകുമാര്‍ എംപി തുടങ്ങിയവര്‍ രംഗത്തെത്തിയത്.

ലോകായുക്ത ജസ്റ്റിസ് എന്‍ സന്തോഷ് ഹെഗ്ഡേയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് 26നകം സര്‍ക്കാരിനു സമര്‍പ്പിക്കും. റിപ്പോര്‍ട്ടില്‍ രണ്ടിടത്ത് യെദ്യൂരപ്പയുടെ പേര് ലോകായുക്ത പരാമര്‍ശിക്കുന്നുണ്ട്. മുന്‍വര്‍ഷങ്ങളില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ്, ജെഡിഎസ്-ബിജെപി സഖ്യസര്‍ക്കാരിനും അനധികൃത ഖനനത്തില്‍ നിന്ന് കൈകഴുകാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ബെല്ലാരിയിലും പരിസരത്തും നടന്ന ഖനനത്തെപ്പറ്റിയാണ് ലോകായുക്ത അന്വേഷിച്ചത്. 2008ല്‍ സമര്‍പ്പിച്ച ആദ്യ റിപ്പോര്‍ട്ടില്‍ അനധികൃത ഖനനത്തിന്റെ വ്യാപ്തിയായിരുന്നു സൂചിപ്പിച്ചത്. രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ അനധികൃത ഖനനത്തിന് അനുമതി നല്‍കിയവരെപ്പറ്റിയും ഇതില്‍ ഉള്‍പ്പെട്ടവരെപ്പറ്റിയുമാണ് പരാമര്‍ശിച്ചതെന്നാണ് സൂചന. നിരവധി രാഷ്ട്രീയനേതാക്കളുടെ പേരും റിപ്പോര്‍ട്ടില്‍ ഉള്ളതായി സൂചനയുണ്ട്.

deshabhimani 220711

1 comment:

  1. കര്‍ണാടകത്തിലെ അനധികൃത ഖനനവുമായി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് ബന്ധമുണ്ടെന്ന് ലോകായുക്ത റിപ്പോര്‍ട്ട്. യെദ്യൂരപ്പയ്ക്കു പുറമെ ബിജെപി മന്ത്രിമാരായ ജി ജനാര്‍ദനറെഡ്ഡി, കരുണാകരറെഡ്ഡി, വി സോമണ്ണ, ബി ശ്രീരാമലു, മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, കോണ്‍ഗ്രസ് എംപി അനില്‍ലാഡ് എന്നിവര്‍ക്കും അനധികൃത ഖനനത്തില്‍ പങ്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായി വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ടു ചെയ്തു.

    ReplyDelete