Friday, July 22, 2011

ഗ്രീസിനുളള വായ്പ: യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ച ആരംഭിച്ചു

ഏതന്‍സ്: കടക്കെണിയിലായ ഗ്രീസിന് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കുന്നതിനുളള സാധ്യതകളെ സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ചര്‍ച്ച ആരംഭിച്ചു. നേരത്തേ വാഗ്ദാനം ചെയ്ത സഹായത്തിനു പുറമേയാണിത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഇത്തരത്തില്‍ സാമ്പത്തിക പ്രതിസന്ധിയിലാകാതിരിക്കാന്‍ എന്തു മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ചര്‍ച്ച ചെയ്യും.

ജര്‍മന്‍ ചാന്‍സിലര്‍ ഏയ്ഞ്ചലാ മെര്‍ക്കലും ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയും ചര്‍ച്ചകളില്‍ പൊതുവായ നിലപാടുകളാണ് സ്വീകരിച്ചതെന്നാണ് സൂചന. യോഗ തീരുമാനങ്ങളുടെ വിശദവിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയിലായ ഗ്രീസിനെ പുനസംഘടിപ്പിക്കാനുളള നടപടികള്‍ പദ്ധതിയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡച്ച് ധനകാര്യമന്ത്രി അഭിപ്രായപ്പെട്ടു. ഗ്രീസിന് സഹായം നല്‍കുന്നതില്‍ ഫ്രാന്‍സ് മുന്നോട്ട് വച്ച ചില തടസ്സവാദങ്ങളെല്ലാം ഒരു മേശയ്ക്കു കീഴിലുളള ചര്‍ച്ചയോടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗ്രീസ് കടക്കെണിയില്‍ നിന്ന് കരകയറാന്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ ആശ്രയിക്കരുതെന്ന് ജര്‍മനി നേരത്തേ തന്നെ അഭിപ്രായപ്പെട്ടിരുന്നു. പ്രമുഖ ജര്‍മന്‍ ഇന്‍ഷ്വറന്‍സ് കമ്പനിയായ അലയന്‍സ് ഗ്രീസിന് സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഫ്രാന്‍സും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ഈ നീക്കത്തെ ശക്തമായി എതിര്‍ത്തു. എന്നാല്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് നഷ്ടം സംഭവിച്ചാല്‍ അത് യൂറോപ്പിലാകമാനം ബാങ്കിംഗ് രംഗത്ത് പ്രതിസന്ധിയുണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. പ്രധാനമായും സ്‌പെയിന്‍, ഇറ്റലി എന്നീ രണ്ടുരാജ്യങ്ങളാകും ഈ തകര്‍ച്ചയുടെ ഇരകളാകുക എന്നും വിലയിരുത്തപ്പെട്ടിരുന്നു.

janayugom 220711

1 comment:

  1. കടക്കെണിയിലായ ഗ്രീസിന് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കുന്നതിനുളള സാധ്യതകളെ സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ചര്‍ച്ച ആരംഭിച്ചു. നേരത്തേ വാഗ്ദാനം ചെയ്ത സഹായത്തിനു പുറമേയാണിത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഇത്തരത്തില്‍ സാമ്പത്തിക പ്രതിസന്ധിയിലാകാതിരിക്കാന്‍ എന്തു മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ചര്‍ച്ച ചെയ്യും

    ReplyDelete