Friday, July 22, 2011

വാഗമണിലെ സംരക്ഷിത വനഭൂമി ടൂറിസം വകുപ്പിന് കൈമാറാന്‍ നീക്കം

പീരുമേട്: സംരക്ഷിത വനഭൂമിയായി എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഗമണിലെ പുല്‍മേടുകള്‍ വിനോദസഞ്ചാര വികസനത്തിന്റെ പേരില്‍ ടൂറിസം വകുപ്പിനു കൈമാറാന്‍ അണിയറ നീക്കം തുടങ്ങി. കോലാഹലമേട്ടിലെ 'ആത്മഹത്യാമുനമ്പ്' എന്നറിയപ്പെടുന്ന പ്രദേശത്തെ 150 ഏക്കര്‍ ഭൂമി കൈമാറാനാണ് നീക്കം. കഴിഞ്ഞ സര്‍ക്കാര്‍ സംരക്ഷിത വനപ്രദേശമായി പ്രഖ്യാപിച്ച് ഏറ്റെടുത്ത 440 ഹെക്ടര്‍ ഭൂമി വെട്ടിമുറിച്ച് കൈമാറാനാണ് ഭൂമാഫിയയുടെ സമ്മര്‍ദത്തില്‍ സര്‍ക്കാര്‍ ശ്രമം.

മുമ്പ് ചില ഭൂമാഫിയകള്‍ വാഗമണിലെ ടൂറിസത്തിന്റെ അനന്ത സാധ്യത മുന്‍കൂട്ടി കണ്ട് ഈ സ്ഥലം കൈവശപ്പെടുത്തുവാന്‍ ശ്രമം നടത്തിയിരുന്നു. ചില വന്‍കിട വ്യവസായികള്‍ ഉന്നത സ്വാധീനം ഉപയോഗിച്ച് ഈ പ്രദേശം കൈവശപ്പെടുത്താനും ചുറ്റുമുള്ള ഭൂമി തുച്ഛമായ വില നല്‍കി വാങ്ങാനും നീക്കം നടത്തിയിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും സമരങ്ങളെ തുടര്‍ന്ന്  മുന്‍ സര്‍ക്കാര്‍ ഈ ഭൂമി സംരക്ഷിത വനപ്രദേശമായി പ്രഖ്യാപിക്കുകയായിരുന്നു.

കോട്ടയം-ഇടുക്കി ജില്ലകളെ ബന്ധിപ്പിച്ച് കിടക്കുന്ന ഈ പ്രദേശത്തെ കോട്ടയം ജില്ലയുടെ ഭാഗമായ സ്ഥലമാണ് ടൂറിസം വികസനത്തിനെന്ന പേരില്‍ ഏറ്റെടുക്കുവാന്‍ ശ്രമം നടക്കുന്നത്. ലോകത്തിലെ അതീവ ജൈവപ്രാധാന്യമുള്ള മൂപ്പന്‍മലയും പെരിയാര്‍ സംരക്ഷിത കടുവസങ്കേതത്തിന്റെ ഒരു ഭാഗവും ഇതിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ഈ ഭൂമിയെ സംബന്ധിച്ച് കെ എല്‍ ഡി ബോര്‍ഡും റവന്യു-വനംവകുപ്പും നേരത്തെ അവകാശവാദമുന്നയിക്കുകയും ഈ ഭൂമി അളന്നുതിരിച്ച് ചുറ്റുവേലി നിര്‍മിക്കാന്‍ നേരത്തെ റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

ഭൂമി അളന്നുതിട്ടപ്പെടുത്താതെയും വകുപ്പുകള്‍ക്ക് അവകാശപ്പെട്ട ഭൂമി ഏതെന്ന് തിട്ടപ്പെടുത്താതെയും ആണ് ഇപ്പോള്‍ ഏക പക്ഷീയമായി ഭൂമി ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് ഏറ്റെടുക്കുവാന്‍ ശ്രമിക്കുന്നത്. പൂഞ്ഞാര്‍ രാജകുടുംബത്തിനവകാശപ്പെട്ട സ്ഥലമാണിതെന്നുപറഞ്ഞ് രാജകുടുംബത്തിലെ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ ചിലര്‍ കോടതിയെ സമീപിച്ചുവെങ്കിലും ഭൂമി സര്‍ക്കാരിന്റേതെന്ന് കോടതി വിധിക്കുകയായിരുന്നു.

ഇളംകാറ്റിന്റെയും കോടമഞ്ഞിന്റെയും ദൃശ്യചാരുതയില്‍ സമുദ്രനിരപ്പില്‍ നിന്ന് 3500 ഓളം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ മുന്‍സര്‍ക്കാര്‍ വിദേശികളടക്കമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് വനം വകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങി മൂന്നുവര്‍ഷങ്ങളില്‍ പാരാഗ്ലൈഡിംഗ്, പാരാ സൈലിംഗ് തുടങ്ങി വിനോദപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

പന്ത്രണ്ടോളം വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള ഗ്ലൈഡര്‍മാര്‍ ഇവിടെ അഭ്യാസപ്രകടനത്തിനായി എത്തിയിരുന്നു. കാലാവസ്ഥയിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്ന് ശക്തമായ കാറ്റില്‍ ഗ്ലൈഡര്‍ അഭ്യാസികള്‍ക്ക് ദിശതെറ്റുന്നതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവിടെ അഭ്യാസപ്രകടനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

ഈ ഭൂമിക്ക് 250 മീറ്റര്‍ മാറിയുള്ള പുല്‍മേടുകള്‍ കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് ചങ്ങനാശ്ശേരിസ്വദേശിയായ ഒരാള്‍ കൈയേറി വേലികെട്ടിത്തിരിച്ച് കൃഷി ഇറക്കിയത് അന്ന് വിവാദമായിരുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്ച്യുതാനന്ദന്‍ ഈ കൈയേറ്റസ്ഥലത്ത് നേരിട്ട് സന്ദര്‍ശനം നടത്തുകയും ഇതേത്തുടര്‍ന്ന് കൈയേറ്റം ഒഴിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.
(പി ജെ ജിജിമോന്‍)

janayugom 220711

1 comment:

  1. സംരക്ഷിത വനഭൂമിയായി എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഗമണിലെ പുല്‍മേടുകള്‍ വിനോദസഞ്ചാര വികസനത്തിന്റെ പേരില്‍ ടൂറിസം വകുപ്പിനു കൈമാറാന്‍ അണിയറ നീക്കം തുടങ്ങി. കോലാഹലമേട്ടിലെ 'ആത്മഹത്യാമുനമ്പ്' എന്നറിയപ്പെടുന്ന പ്രദേശത്തെ 150 ഏക്കര്‍ ഭൂമി കൈമാറാനാണ് നീക്കം. കഴിഞ്ഞ സര്‍ക്കാര്‍ സംരക്ഷിത വനപ്രദേശമായി പ്രഖ്യാപിച്ച് ഏറ്റെടുത്ത 440 ഹെക്ടര്‍ ഭൂമി വെട്ടിമുറിച്ച് കൈമാറാനാണ് ഭൂമാഫിയയുടെ സമ്മര്‍ദത്തില്‍ സര്‍ക്കാര്‍ ശ്രമം.

    ReplyDelete