Tuesday, July 26, 2011

സ്പെക്ട്രം സ്ഫോടനം : പ്രധാനമന്ത്രി കുടുങ്ങുന്നു

2ജി സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും ധനമന്ത്രിയായിരുന്ന പി ചിദംബരത്തിന്റെയും അറിവോടെയാണെന്ന് മുന്‍ ടെലികോം മന്ത്രി എ രാജ പ്രത്യേക കോടതിയെ അറിയിച്ചു. സ്പെക്ട്രം ലൈസന്‍സ് നേടിയ ഇന്ത്യന്‍ കമ്പനികള്‍ പിന്നീട് ഓഹരികള്‍ വന്‍ലാഭത്തില്‍ വിദേശകമ്പനികള്‍ക്ക് കൈമാറിയത് പ്രധാനമന്ത്രിയുടെയും ചിദംബരത്തിന്റെയും സമ്മതത്തോടെയാണെന്ന സ്ഫോടനാത്മകമായ വെളിപ്പെടുത്തലും രാജ നടത്തി. താന്‍ പറയുന്നത് തെറ്റാണെങ്കില്‍ നിഷേധിക്കാന്‍ പ്രധാനമന്ത്രിയെ രാജ വെല്ലുവിളിച്ചു.

സ്പെക്ട്രം കേസിലെ പ്രതികള്‍ക്കെതിരെ സിബിഐ ചുമത്തുന്ന കുറ്റങ്ങളിന്മേലുള്ള വാദത്തിനിടെ രാജയുടെ അഭിഭാഷകന്‍ സുശീല്‍കുമാറാണ് പ്രധാനമന്ത്രിക്കും ചിദംബരത്തിനുമെതിരെ ഗുരുതരമായ ആരോപണമുന്നയിച്ചത്. എല്ലാ കുറ്റവും രാജയില്‍ ചുമത്തി പ്രധാനമന്ത്രിയെയും മറ്റും സംരക്ഷിക്കുംവിധമാണ് സിബിഐ കോടതിയില്‍ വാദിച്ചത്. എന്നാല്‍ , വിദേശകമ്പനികള്‍ക്ക് ഓഹരികള്‍ കൈമാറിയതടക്കം പ്രധാനമന്ത്രിയുടെ അറിവോടെയാണെന്ന് രാജ വെളിപ്പെടുത്തിയതോടെ കേസ് നിര്‍ണായക വഴിത്തിരിവിലെത്തി. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മന്‍മോഹന്‍സിങ്ങും ചിദംബരവും രാജിവയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. രാജയുടെ വെളിപ്പെടുത്തലുകള്‍ സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ പാര്‍ടികള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പലവിധ ആരോപണങ്ങളില്‍ ഉഴറുന്ന സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തല്‍ പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തെ കൂടുതല്‍ പ്രക്ഷുബ്ധമാക്കും. താന്‍ ടെലികോം മന്ത്രിയായിരിക്കെ സ്പെക്ട്രം ലൈസന്‍സ് ലഭിച്ച സ്വാന്‍ ടെലികോം, യൂണിടെക് എന്നീ കമ്പനികളുടെ ഓഹരികള്‍ വിദേശകമ്പനികള്‍ക്ക് കൈമാറുന്നതിനെ അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം ന്യായീകരിച്ചിരുന്നതായി രാജ കോടതിയില്‍ പറഞ്ഞു. വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ ഓഹരി കൈമാറുന്നത് ലൈസന്‍സ് വില്‍പ്പനയായി കണക്കാക്കേണ്ടതില്ലെന്നായിരുന്നു ചിദംബരം പ്രധാനമന്ത്രിയോട് പറഞ്ഞത്. ഓഹരിവില്‍പ്പന പ്രധാനമന്ത്രിയുമായും ചിദംബരവുമായും ചര്‍ച്ച ചെയ്തിരുന്നു. കോര്‍പറേറ്റ് നിയമപ്രകാരം ഓഹരികൈമാറ്റം ലൈസന്‍സ് വില്‍പ്പനയായി കണക്കാക്കേണ്ടതില്ലെന്ന് ചിദംബരം വിശദീകരിച്ചു. ഇക്കാര്യം പ്രധാനമന്ത്രി അംഗീകരിച്ചു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ധനമന്ത്രി നല്‍കിയ അംഗീകാരത്തെ തുടര്‍ന്നാണ് സ്വാനിന്റെ (ഡിബി റിയാലിറ്റി) ഓഹരി എത്തിസലാത്തും യൂണിടെക്കിന്റെ ഓഹരികള്‍ ടെലനോറും വാങ്ങിയത്. പറയുന്നത് തെറ്റെങ്കില്‍ പ്രധാനമന്ത്രി നിഷേധിക്കട്ടെ-രാജയ്ക്ക് വേണ്ടി സുശീല്‍കുമാര്‍ പറഞ്ഞു.

ഓഹരിവില്‍പ്പന ലൈസന്‍സ് വില്‍പ്പനയല്ലെങ്കില്‍ ലാഭം നേടിയോ എന്ന ചോദ്യം ഉദിക്കുന്നില്ല. അപ്പോള്‍പിന്നെ എങ്ങനെ ഇതിനെ അഴിമതിയെന്ന് പറയും? നിശ്ചിതനയം പിന്തുടര്‍ന്നതിന്റെ പേരിലാണ് തന്നെ പ്രോസിക്യൂട്ട് ചെയ്യുന്നതെങ്കില്‍ 1993 മുതലുള്ള എല്ലാ ടെലികോം മന്ത്രിമാരും ഉത്തരവാദികളാണ്. ഈ നയം പിന്തുടര്‍ന്നതിന് ഇവരെയെല്ലാം പ്രോസിക്യൂട്ട് ചെയ്ത് ജയിലിലടയ്ക്കണം. അരുണ്‍ ഷൂരി ടെലികോം മന്ത്രിയായിരുന്നപ്പോള്‍ 26 ലൈസന്‍സും ദയാനിധി മാരന്‍ മന്ത്രിയായിരിക്കുമ്പോള്‍ 25 ലൈസന്‍സും വിതരണം ചെയ്തു. താന്‍ 122 ലൈസന്‍സും. എണ്ണത്തില്‍ കാര്യമില്ല. ഏതുനയം പിന്തുടര്‍ന്നു എന്നതാണ് പരിശോധിക്കേണ്ടത്. തന്റെ മുന്‍ഗാമികള്‍ ലേലം ചെയ്തല്ല ലൈസന്‍സ് വിതരണം നടത്തിയത്. അതേ നയം പിന്തുടരുക മാത്രമാണ് താന്‍ ചെയ്തത്. പഴയ മന്ത്രിമാര്‍ തെറ്റുകാരല്ലെങ്കില്‍ പിന്നെ താനെങ്ങനെ തെറ്റുകാരനാകും. താന്‍ ചെയ്തതല്ല അവര്‍ ചെയ്തതെന്ന് പഴയ മന്ത്രിമാര്‍ പറയട്ടെ-രാജ പറഞ്ഞു. കേസില്‍ സിബിഐയുടെ വാദം കഴിഞ്ഞ ശനിയാഴ്ച പൂര്‍ത്തിയായിരുന്നു. രാജയും കനിമൊഴിയും അടക്കം 14 പ്രതികളുടെ വാദം വരുംദിവസങ്ങളില്‍ തുടരും.

എം പ്രശാന്ത്

പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെന്ന് ചിദംബരവും 

ഡിബി റിയാലിറ്റിയുടെ സ്വാന്‍ ടെലികോമും യൂണിടെക്കും വിദേശകമ്പനികള്‍ക്ക് വന്‍ലാഭത്തില്‍ ഓഹരി കൈമാറിയത് തന്റെയും പ്രധാനമന്ത്രിയുടെയും അറിവോടെയാണെന്ന് ആഭ്യന്തരമന്ത്രി ചിദംബരം സമ്മതിച്ചു. രാജ കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ചിദംബരം നിഷേധിച്ചില്ല. എന്നാല്‍ , കോര്‍പറേറ്റ് നിയമപ്രകാരം തന്റെ തീരുമാനത്തില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ചിദംബരം വാദിച്ചു. രാജ കോടതിയില്‍ ആരോപണമുയര്‍ത്തിയതിനെതുടര്‍ന്ന് ചിദംബരത്തിനുവേണ്ടി കോടതിയില്‍ അദ്ദേഹത്തിന്റെ ഒരു സഹായിയാണ് ആഭ്യന്തരമന്ത്രിയുടെ നിലപാട് അറിയിച്ചത്. സ്വകാര്യ ടെലികോം കമ്പനികളായ സ്വാനും യൂണിടെക്കും പുതിയ ഓഹരികള്‍ ഇറക്കിയാണോ അതോ സ്പെക്ട്രംപോലുള്ള സ്വത്തുക്കള്‍ വിറ്റാണോ വിദേശപങ്കാളിയെ കൊണ്ടുവരുന്നതെന്ന കാര്യമാണ് ധനമന്ത്രിയായിരുന്ന താന്‍ പരിശോധിച്ചത്. നിലവിലുള്ള ഓഹരികള്‍ വിറ്റാണോ അതോ പുതിയ ഓഹരികള്‍ ഇറക്കിയാണോ വിദേശപങ്കാളികളെ കൊണ്ടുവരുന്നതെന്നായിരുന്നു പ്രധാനമന്ത്രിക്ക് അറിയേണ്ടിയിരുന്നത്. രണ്ടു കമ്പനികളുടെ കാര്യത്തിലും സ്പെക്ട്രത്തിന്റെ വില്‍പ്പനയുണ്ടായില്ല. ലൈസന്‍സ് നേടിയ കമ്പനിക്കാണ് സര്‍ക്കാര്‍ സ്പെക്ട്രം അനുവദിച്ചത്. ഓഹരി കൈമാറ്റത്തിനുശേഷവും സ്പെക്ട്രം ആ കമ്പനിയുടേതായി തുടര്‍ന്നു. കൂടുതല്‍ മൂലധനസമാഹരണത്തിനായി പുതിയ ഓഹരികള്‍ വില്‍പ്പനയ്ക്ക് വയ്ക്കുകമാത്രമാണ് കമ്പനികള്‍ ചെയ്തത്. അതല്ലാതെ നിലവിലുള്ള ഓഹരിയുടെ വില്‍പ്പനയുണ്ടായില്ല. ഇക്കാര്യം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ചചെയ്തിരുന്നു- ചിദംബരം പറഞ്ഞു.

കൂടുതല്‍ അന്വേഷണത്തിന് സാധ്യതയുണ്ട്: നിയമജ്ഞര്‍

ന്യൂഡല്‍ഹി: 2ജി കേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും മുന്‍ ധനമന്ത്രി പി ചിദംബരത്തിനുമെതിരെ എ രാജ നടത്തിയ പുതിയ വെളിപ്പെടുത്തലുകളില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് നിയമവിദഗ്ധര്‍ . ആരോപണങ്ങളുടെ നിജസ്ഥിതി മനസിലാക്കാന്‍ കോടതി ശ്രമിക്കണമെന്ന് പ്രമുഖ അഭിഭാഷകര്‍ പ്രതികരിച്ചു. രാജ പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ മനസിലാക്കുകയാണ് ആദ്യം വേണ്ടതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. കോടതിയില്‍ പറഞ്ഞപോലെ സ്വാന്‍ ടെലികോമിന്റെയും മറ്റും ഓഹരികള്‍ വില്‍ക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോ എന്നും പ്രധാനമന്ത്രിയും ധനമന്ത്രിയുമൊക്കെ യോഗം ചേര്‍ന്നിട്ടുണ്ടോ എന്നും യോഗത്തിന്റെ മിനിട്സ് രേഖപ്പെടുത്തിയിട്ടുണ്ടോ എന്നുമുള്ള കാര്യങ്ങള്‍ പുറത്തുവരണം. ഈ വിഷയങ്ങള്‍ സിബിഐക്ക് അന്വേഷിക്കാവുന്നതാണ്. ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ഇതിനാവശ്യമായ നിര്‍ദേശം കോടതിതന്നെ സിബിഐക്ക് നല്‍കണം. പ്രധാനമന്ത്രിയെ ലോക്പാലില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കുന്ന ഘട്ടത്തിലാണ് പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉയര്‍ന്നത്. പ്രധാനമന്ത്രികൂടി ലോക്പാല്‍ പരിധിയില്‍ വരണമെന്ന വാദത്തിന് ഇത് കൂടുതല്‍ ബലം പകരും. കേസിലെ പ്രതി കോടതിയില്‍ വാദത്തിനിടെ പറഞ്ഞ കാര്യങ്ങളാണെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിന് നിയമപരമായി തടസ്സമുണ്ടാവില്ല. കോടതിക്കുതന്നെ ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കാവുന്നതാണ്- പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നയാള്‍ രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമങ്ങള്‍ മാത്രമാണ് പുതിയ ആരോപണങ്ങളെന്ന് കപില്‍ സിബല്‍ പറഞ്ഞു.

ഇനി വഴി രാജി

ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം കേസില്‍ മുന്‍മന്ത്രി എ രാജയുടെ വെളിപ്പെടുത്തലോടെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് ഇനിയുള്ള വഴി രാജി മാത്രം. തിങ്കളാഴ്ച സിബിഐ കോടതിയില്‍ രാജ നടത്തിയ സ്ഫോടനാത്മകമായ വെളിപ്പെടുത്തല്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയും പ്രധാനമന്ത്രിയെ സമ്മര്‍ദത്തിലാഴ്ത്തുകയും ചെയ്തു. ആഗസ്ത് ഒന്നിന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തിലും ഇത് പ്രകമ്പനമുണ്ടാക്കും. പ്രധാനമന്ത്രിയും അന്നത്തെ ധനമന്ത്രി ചിദംബരവും അറിഞ്ഞായിരുന്നു 2 ജി ഇടപാടെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇക്കാര്യം അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ഒഴികെയുള്ള പാര്‍ടികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ , 2ജി ഇടപാടിലെ രഹസ്യങ്ങള്‍ ഒളിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ഇതേതുടര്‍ന്ന്, പാര്‍ലമെന്റ് സ്തംഭിപ്പിക്കല്‍ ഉള്‍പ്പടെ പ്രതിപക്ഷം നടത്തിയ ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്നാണ് 2ജി അഴിമതി അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി (ജെപിസി) സമിതിയെ നിയോഗിച്ചത്.

പി സി ചാക്കോയുടെ നേതൃത്വത്തില്‍ സംയുക്ത പാര്‍ലമെന്ററി കമ്മറ്റി രൂപീകരിച്ചെങ്കിലും എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തും അഴിമതി നടന്നിട്ടുണ്ടെന്ന് സ്ഥാപിക്കുന്നതിനാവശ്യമായ തെളിവുകള്‍ ശേഖരിക്കാനാണ് ആദ്യം ശ്രമിച്ചത്. തെളിവെടുപ്പു തുടരവെ സമിതിയിലെ മൂന്നുപേരെ മന്ത്രിമാരാക്കി. ഇതോടെ സമിതിയുടെ പ്രവര്‍ത്തനം അവതാളത്തിലായി. സമിതിയിലേക്ക് നല്‍കാന്‍ ആവശ്യത്തിന് രാജ്യസഭാംഗങ്ങളും കേണ്‍ഗ്രസിനില്ല. പബ്ലിക് അക്കൗണ്ട്സ് കമ്മറ്റിയുടെ റിപ്പോര്‍ട്ട് 2ജി അഴിമതിയില്‍ ചിദംബരത്തിന്റെ പങ്ക് വ്യക്തമാക്കുന്നതായിരുന്നു. എന്നാല്‍ , അത് കമ്മിറ്റിയോഗത്തില്‍ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ അനുവദിച്ചില്ല. തുടര്‍ന്ന്, ചെയര്‍മാന്‍ മുരളീമനോഹര്‍ ജോഷി റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് നല്‍കിയെങ്കിലും തള്ളി. താന്‍ ആത്മാര്‍ഥതയുള്ള പ്രധാനമന്ത്രിയാണെന്ന് മന്‍മോഹന്‍സിങ് രണ്ടുവര്‍ഷത്തിനിടെ പലപ്രാവശ്യം പറഞ്ഞു. ആത്മാര്‍ഥത ജനങ്ങളോടല്ല അഴിമതിയോടാണെന്ന് ഒടുവില്‍ രാജയുടെ വെളിപ്പെടുത്തലും ചൂണ്ടിക്കാട്ടുന്നു. മറ്റൊരു ന്യായീകരണവും കോണ്‍ഗ്രസിന് ഇല്ലെന്നിരിക്കെ രാജിവയ്ക്കുക മാത്രമാണ് മന്‍മോഹന്‍സിങ്ങിനും ചിദംബരത്തിനും മുന്നിലുള്ള വഴി.

ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് 2008ല്‍ എംപിമാരെ വിലയ്ക്കു വാങ്ങാന്‍ കോഴ നല്‍കിയ കേസിലും സര്‍ക്കാരിന്റെ പങ്ക് വെളിപ്പെടാന്‍ പോകുകയാണ്. എംപിമാരെ വിലയ്ക്കെടുത്തെന്ന് പിടിയിലായവര്‍ വെളിപ്പെടുത്തി കഴിഞ്ഞു. കൃഷ്ണ-ഗോദാവരി തീരത്ത് എണ്ണപര്യവേക്ഷണത്തിന് റിലയന്‍സിനെ വഴിവിട്ട് സഹായിച്ചതു വഴി 3000 കോടി രൂപ നഷ്ടം വന്നെന്ന് സിഎജിയാണ് വെളിപ്പെടുത്തിയത്. ലോക്പാല്‍ ബില്ലിന്റെ കാര്യത്തിലുള്ള കോണ്‍ഗ്രസ് എടുത്ത നിലപാടും അഴിമതിക്കു കൂട്ടുനില്‍ക്കുന്നതാണെന്ന് വ്യക്തം. പ്രധാനമന്ത്രിയെ പരിധിയില്‍ നിന്ന് ഒഴിവാക്കിയാണ് ബില്‍ വരുന്നത്.

ദിനേശ് വര്‍മ

2ജി: അഴിമതിയുടെ ഹിമാലയം


ന്യൂഡല്‍ഹി: രണ്ട് പതിറ്റാണ്ടുമുമ്പ് ഉദാരവല്‍ക്കരണനയം ഇന്ത്യയില്‍ അവതരിപ്പിച്ച മന്‍മോഹന്‍സിങ് തന്നെ ഈ നയത്തിന്റെകൂടി ഫലമായി പടര്‍ന്ന അഴിമതിക്കേസുകളില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടിവരുന്ന ചരിത്രസന്ധിയാണിത്. ഉദാരവല്‍ക്കരണ നയങ്ങള്‍ കോണ്‍ഗ്രസും ബിജെപിയും ഡിഎംകെ പോലുള്ള സഖ്യകക്ഷികളും മത്സരബുദ്ധിയോടെ നടപ്പാക്കുകയായിരുന്നു. "ലൈസന്‍സ് പെര്‍മിറ്റ്രാജ്" ആണ് അഴിമതിയുടെ പ്രഭവകേന്ദ്രമെന്നും അതിനാല്‍ എല്ലാം ഉദാരവല്‍ക്കരിച്ചാല്‍ അഴിമതി കുറയുമെന്നും പറഞ്ഞാണ് പുത്തന്‍ സാമ്പത്തികനയത്തിന് തുടക്കമിട്ടത്. സാമ്പത്തികപരിഷ്കാരങ്ങള്‍ക്ക് ഇരുപത് വര്‍ഷം തികയുമ്പോള്‍ എങ്ങും അഴിമതിയുടെ വിസ്ഫോടനമാണ്. എന്‍ഡിഎ ഭരണകാലത്ത് അഴിമതിയുടെ ഞെട്ടിക്കുന്ന പരമ്പരയായിരുന്നു. തെഹല്‍ക പുറത്തുകൊണ്ടുവന്ന പ്രതിരോധ ഇടപാട്, രാംനായിക്കിന്റെ നേതൃത്വത്തില്‍ നടന്ന പെട്രോള്‍ പമ്പ് അഴിമതി, സെന്റോര്‍ ഹോട്ടല്‍ വില്‍പ്പന അഴിമതി, ബാല്‍കോ അഴിമതി തുടങ്ങി അസംഖ്യം കുംഭകോണങ്ങള്‍ . നവ ഉദാരവല്‍ക്കരണനയത്തിന്റെ തലതൊട്ടപ്പനായ മന്‍മോഹന്‍സിങ് യുപിഎയുടെ പ്രധാനമന്ത്രിയായതോടെ പൊതുമുതല്‍ കട്ടുമുടിക്കുന്നതിന് പരിധിയില്ലാതായി. രാജ്യത്തിന്റെ സ്വത്തായ പ്രകൃതിവിഭവങ്ങള്‍ കൊള്ളചെയ്യുന്നതില്‍ കോര്‍പറേറ്റുകള്‍ മത്സരിക്കുകയാണ്. ഇതില്‍ 1.76ലക്ഷം കോടി രൂപ നഷ്ടമുണ്ടായ 2ജി അഴിമതിതന്നെ മുഖ്യം. തൊട്ടുപിന്നില്‍ പെട്രോളിയം, പ്രകൃതിവാതക ഖനന അഴിമതിയും കല്‍ക്കരി, ഇരുമ്പയിര് ഖനന അഴിമതികളും. രണ്ടാംതലമുറ സ്പെക്ട്രം കാന്തിക തരംഗങ്ങള്‍ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് കുറഞ്ഞവിലയ്ക്ക് വിറ്റ വെട്ടിപ്പിലൂടെ രാജ്യത്തിന് 1.76 ലക്ഷം കോടി നഷ്ടമുണ്ടായെന്ന് കണ്ടെത്തിയത് സിഎജിയാണ്. ദേവാസ് കമ്യൂണിക്കേഷന്‍സ് എന്ന സ്വകാര്യസ്ഥാപനത്തിന് എസ് ബാന്‍ഡ് സ്പെക്ട്രം കൈമാറാനുള്ള നീക്കം രണ്ട് ലക്ഷം കോടിയുടെ നഷ്ടമുണ്ടാക്കുമെന്നും സിഎജി കണക്കാക്കി. രണ്ട് അഴിമതിയും നടന്നത് പ്രധാനമന്ത്രിയുടെ അറിവോടെ. പ്രധാനമന്ത്രിയും മുന്‍ ടെലികോം മന്ത്രി രാജയുമായി നടത്തിയ കത്തിടപാടുകളില്‍ ഇത് വ്യക്തം. സ്പെക്ട്രം വില്‍പ്പനയുടെ സുതാര്യതയെക്കുറിച്ച് പല ഘട്ടങ്ങളിലും സംശയം പ്രകടിപ്പിച്ച പ്രധാനമന്ത്രി അവസാനം ആ ക്രമക്കേടുകള്‍ അംഗീകരിക്കുകയായിരുന്നെന്ന് മൂന്നുമാസം നീണ്ട കത്തിടപാട് വ്യക്തമാക്കുന്നു. കോര്‍പറേറ്റ് യുദ്ധത്തില്‍ പ്രധാനമന്ത്രി ഇടപെട്ടെന്ന സംശയവും ഈ കത്തുകള്‍ ഉയര്‍ത്തുന്നു. 2008 ജനുവരി പത്തിനാണ് ഒമ്പത് കമ്പനികള്‍ക്ക് സ്പെക്ട്രം ലൈസന്‍സ് നല്‍കിയത്. അപേക്ഷ സ്വീകരിച്ച അവസാനതീയതി 2007 ഒക്ടോബര്‍ ഒന്നായിരുന്നെങ്കിലും അത് പിന്നീട് സെപ്തംബര്‍ 25ലേക്ക് മാറ്റി. ഇതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി രാജയ്ക്ക് ആദ്യ കത്തെഴുതിയത്. പുതിയ ലൈസന്‍സിന് വേണ്ടി സമര്‍പ്പിച്ച അപേക്ഷകളുടെ തുടര്‍നടപടി എങ്ങനെയാണ്, സിഡിഎംഎ സര്‍വീസ് ഉള്ളവര്‍ക്ക് ജിഎസ്എം നല്‍കുന്നതിനുള്ള അനുവാദം തുടങ്ങിയവ സംബന്ധിച്ച സംശയങ്ങളാണ് പ്രധാനമന്ത്രി ഉയര്‍ത്തിയത്. അതിന് അന്നുതന്നെ രാജ മറുപടി നല്‍കി. എന്നാല്‍ , അഴിമതി തടയാന്‍ പ്രധാനമന്ത്രി ഒന്നും ചെയ്തില്ല. എസ് ബാന്‍ഡ് സ്പെക്ട്രം അഴിമതിയിലും പ്രധാനമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രധാനമന്ത്രിയുടെ കീഴിലുള്ള ബഹിരാകാശവിഭാഗത്തിന്റെ കീഴിലുള്ള ആന്‍ഡ്രിക്സ് കോര്‍പറേഷനാണ് എസ് ബാന്‍ഡ് ഇടപാട് നടത്തിയത്. അതുകൊണ്ട് രാജയെപ്പോലെ മന്‍മോഹന്‍സിങ്ങും ശിക്ഷിക്കപ്പെടേണ്ടത് അനിവാര്യം.

വി ബി പരമേശ്വരന്‍

രാജയുടെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കണം: സിപിഐ എം 


സ്പെക്ട്രം കേസ് വാദത്തിനിടെ മുന്‍ ടെലികോം മന്ത്രി എ രാജ പ്രധാനമന്ത്രിക്കും ചിദംബരത്തിനുമെതിരെ കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. സ്പെക്ട്രം ഇടപാടില്‍ പ്രധാനമന്ത്രിയുടെയും ചിദംബരത്തിന്റെയും പങ്ക് വെളിപ്പെട്ട സാഹചര്യത്തില്‍ ഇരുവരും രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ ,രാജ പറഞ്ഞ കാര്യങ്ങള്‍ ഏതുവിധേനയും രക്ഷപ്പെടാനുള്ള പ്രതിയുടെ വാദം മാത്രമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും സ്പെക്ട്രം ഇടപാടു നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന പി ചിദംബരത്തിനും എതിരെ പുതിയ വെളിപ്പെടുത്തലുകളാണ് രാജ ഉയര്‍ത്തിയിരിക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഈ വിഷയങ്ങള്‍ കൂടി സിബിഐ അന്വേഷിക്കാന്‍ തയ്യാറാകണമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടു വരണമെന്നും കാരാട്ട് പറഞ്ഞു. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ആഭ്യന്തരമന്ത്രി പി ചിദംബരവും രാജിവയ്ക്കണമെന്ന് ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെയും അന്ന് ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെയും അറിവോടെയാണ് സ്പെക്ട്രം ഇടപാടുകളെന്ന് വ്യക്തമാക്കുന്നതാണ് രാജയുടെ വെളിപ്പെടുത്തലുകള്‍ . അധികാരത്തില്‍ തുടരാനുള്ള ധാര്‍മികാവകാശം പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിയ്ക്കും നഷ്ടപ്പെട്ടു. സ്പെക്ട്രം ഇടപാടുകളില്‍ രാജ മാത്രമല്ല ഉത്തരവാദിയെന്നും പ്രധാനമന്ത്രിയടക്കം മന്ത്രിസഭയ്ക്കാകെ ഉത്തരവാദിത്തമുണ്ടെന്നും ബിജെപി നേരത്തെ മുതല്‍ പറഞ്ഞിരുന്നു. ചിദംബരത്തിനെതിരെ അന്വേഷണം വേണമെന്ന് സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. അഴിമതിക്കെതിരെ കര്‍ക്കശ നിലപാട് സ്വീകരിക്കുന്ന പാര്‍ടിയെന്നാണ് സോണിയ അവകാശപ്പെട്ടത്. അങ്ങനെയെങ്കില്‍ ഇരുവരെയും പുറത്താക്കണം-ഗഡ്കരി പറഞ്ഞു. രക്ഷപ്പെടാനുള്ള വാദമാണ് രാജയുടെ ആരോപണങ്ങളെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. സത്യസന്ധതയുടെയും സംശുദ്ധിയുടെയും പ്രതിരൂപമാണ് മന്‍മോഹന്‍സിങ്. സ്പെക്ട്രം ഇടപാടില്‍ ആരെങ്കിലും ക്രമക്കേട് ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കില്‍ അത് പ്രധാനമന്ത്രി മാത്രമാണ്-തിവാരി അവകാശപ്പെട്ടു.

No comments:

Post a Comment