Wednesday, July 13, 2011

മന്ത്രി അനുവദിച്ച "പുതിയ" ബ്ലോക്കുകള്‍ നിലവില്‍ നിര്‍മാണത്തിലുള്ളവ

തൃശൂര്‍ : മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുതുതായി നിര്‍മിക്കുമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞ കെട്ടിടങ്ങള്‍ നിലവില്‍ നിര്‍മാണം നടക്കുന്നവ. 23 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ധനവകുപ്പിന്റെ അനുമതി ലഭിച്ചു എന്ന് ആരോഗ്യ മന്ത്രി നിയമസഭയില്‍ പറഞ്ഞ കെട്ടിടം കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്ത് അനുവദിച്ചതാണ്.

2009ല്‍ നിര്‍മാണമാരംഭിച്ച പദ്ധതിയില്‍ മൂന്ന് കെട്ടിടങ്ങളാണുള്ളത്. ഇവയുടെ നിര്‍മാണം മുക്കാല്‍ പങ്കും പൂര്‍ത്തിയായിട്ടുള്ളതുമാണ്. 400 കിടക്കകളുള്ള ബ്ലോക്കും ജെ-1, ജെ-2, ജെ-3 അഡ്മിനിസ്ട്രേറ്റീവ്- കാഷ്വാലിറ്റി ബ്ലോക്ക് എന്നിവയടക്കം മൂന്ന് കെട്ടിടങ്ങള്‍ക്കായുള്ള പദ്ധതിയാണ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച് നിര്‍മാണമാരംഭിച്ചത്. അഞ്ച് നിലകളുള്ള രണ്ട് ബ്ലോക്കുകളില്‍ ഒരെണ്ണം ലാബ്, ലൈബ്രറി സൗകര്യങ്ങള്‍ക്കുള്ളതാണ്. പത്തുകോടി നബാര്‍ഡും 13 കോടി സംസ്ഥാന സര്‍ക്കാരുമാണ് നല്‍കുന്നത്. മെയ് 30 വരെയുള്ള പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ റിപ്പോര്‍ട്ട് പ്രകാരം 85 ശതമാനം കെട്ടിടം പണി പൂര്‍ത്തിയായിട്ടുണ്ട്. 2007ലെ ജിഒ (ആര്‍ ടി) 1415-2007- എച്ച് ആന്‍ഡ് എഫ് ഡബ്ല്യുഡി ഉത്തരവ് പ്രകാരമാണ് നിര്‍മാണം ആരംഭിച്ചത്. 400 ബെഡിന്റെ കെട്ടിടത്തില്‍ 1.88 രൂപയുടെയും, ജെ-1, ജെ-2, ജെ-3 കെട്ടിടത്തില്‍ 85ലക്ഷം രൂപയുടെയും ഇലക്ട്രിഫിക്കേഷന്‍ വര്‍ക്ക് ബാക്കിയുണ്ട്. 2.99 കോടിയുടെ അഡീഷണല്‍ വര്‍ക്കുമുണ്ട്. 8.75 കോടിയുടെ ഫര്‍ണിച്ചര്‍ വര്‍ക്ക്, 59 ലക്ഷം രൂപയുടെ കോറിഡോര്‍ നിര്‍മാണം എന്നിവ തുടര്‍ന്ന് നടക്കും. നബാര്‍ഡ് സഹായത്തോടെ മറ്റൊരു 400 ബെഡ് കെട്ടിടത്തിന്റെ പണിയും പൂര്‍ത്തിയായി വരികയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തിയ ഈ കെട്ടിടങ്ങളുടെ എസ്റ്റിമേറ്റ് തുകയേക്കാള്‍ അധികം ചെലവായ തുകയ്ക്ക് മാത്രമാണ് അനുമതി ആവശ്യമുള്ളത്. ഇത് സാങ്കേതിക നടപടിക്രമം മാത്രമാണ്. അക്കാദമിക് ബ്ലോക്കിനായി ഒരു പദ്ധതിയും എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നു.

വസ്തുത ഇതായിരിക്കെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജിന്റെ പരിതാപകരമായ അവസ്ഥ പരിഹരിക്കാന്‍ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനും 400 കിടക്കകളുള്ള രണ്ടാം ബ്ലോക്കിനും 23 കോടി രൂപയുടെ ഭരണാനുമതി നല്‍കുന്നതിന് ധനവകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ട് എന്ന മന്ത്രിയുടെ വാദം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അക്കാദമിക്- അടിസ്ഥാന സൗകര്യ രംഗത്ത് മെഡിക്കല്‍ കോളേജിന് വന്‍ പുരോഗതിയാണുണ്ടായത്. എന്നാല്‍ ആരോഗ്യ സര്‍വകലാശാലയുടെ ആസ്ഥാനം കൂടിയായ മെഡിക്കല്‍ കോളേജിന് അര്‍ഹമായ പരിഗണന യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഈ ബജറ്റില്‍ പ്രത്യേക തുക അനുവദിക്കാതെ കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളേജുകള്‍ക്കൊപ്പം നിശ്ചിത തുക അനുവദിക്കുക മാത്രമാണ് ചെയ്തത്. ഇതില്‍ എത്ര പങ്ക് തൃശൂരിന് കിട്ടും എന്ന് പറഞ്ഞതുമില്ല.

നിയമസഭയേയും ജനങ്ങളേയും തെറ്റിദ്ധരിപ്പിച്ചു: എ സി മൊയ്തീന്‍

തൃശൂര്‍ : നിയമസഭയില്‍ തേറമ്പില്‍ രാമകൃഷ്ണന്റെ സബ്മിഷന് ആരോഗ്യ മന്ത്രി നല്‍കിയ മറുപടി സഭയേയും ജനങ്ങളേയും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയും വടക്കാഞ്ചേരി മുന്‍ എംഎല്‍എയുമായ എ സി മൊയ്തീന്‍ പ്രസ്താവനയില്‍ പറഞ്ഞു. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ പുതിയ ബ്ലോക്ക് നിര്‍മിക്കുന്നതിന് 23 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കുന്നതിന് ധനവകുപ്പിന്റെ അനുമതി ലഭിച്ചെന്നാണ് മന്ത്രി പറഞ്ഞത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തൃശൂര്‍ മെഡിക്കല്‍ കോളേജിന് 2009-10 സാമ്പത്തിക വര്‍ഷം 23 കോടി രൂപ അനുവദിക്കുകയും ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി നിര്‍മാണ നടപടിയാരംഭിച്ച് മുക്കാല്‍ ഭാഗവും പൂര്‍ത്തീകരിച്ച ജെ-1, ജെ-2, എന്നീ രണ്ട് ബ്ലോക്കുകളുടെ കാര്യത്തിലാണ് പുതിയ പ്രഖ്യാപനവുമായി മന്ത്രിയും എംഎല്‍എയും വന്നിട്ടുള്ളത്. 400 ബെഡുകളുള്ള ജെ -1 ബ്ലോക്കിന്റെയും ലാബോറട്ടറി- ലൈബ്രറി സമുച്ചയമായ ജെ-2 ബ്ലോക്കിന്റെയും നിര്‍മാണം അന്തിമ ഘട്ടത്തിലാണെന്ന് കാണാന്‍ കഴിയും. എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചതിനേക്കാള്‍ ഒരു രൂപപോലും പുതുതായി അനുവദിക്കാതെ സാങ്കേതികാനുമതി പുതുക്കലുകളുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മന്ത്രിയും കൂട്ടരും ശ്രമിച്ചത്. നബാര്‍ഡ് സഹായത്തോടെ മറ്റൊരു 400ബെഡ് കെട്ടിടത്തിന്റെ പണിയും പൂര്‍ത്തിയായി വരികയാണ്.

പുതിയ ബജറ്റില്‍ പൊതുവെ തൃശൂര്‍ ജില്ലയോടും വിശിഷ്യാ ആരോഗ്യ മേഖലയോടുമുള്ള അവഗണനക്കെതിരെയുള്ള ശക്തമായ പ്രതിഷേധം കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഉയര്‍ന്നിട്ടുണ്ട്. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ഈ ജനരോഷത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്. ഈ കബളിപ്പിക്കലിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ആരോഗ്യ വിദ്യാഭ്യാസ തലസ്ഥാനമായ തൃശൂരിന് കൂടുതല്‍ പദ്ധതികളും പരിഗണനയും ഉണ്ടാകണമെന്നും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന തിരുത്തണമെന്നും എ സി മൊയ്തീന്‍ അഭ്യര്‍ഥിച്ചു.

deshabhimani 130711

1 comment:

  1. മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുതുതായി നിര്‍മിക്കുമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞ കെട്ടിടങ്ങള്‍ നിലവില്‍ നിര്‍മാണം നടക്കുന്നവ. 23 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ധനവകുപ്പിന്റെ അനുമതി ലഭിച്ചു എന്ന് ആരോഗ്യ മന്ത്രി നിയമസഭയില്‍ പറഞ്ഞ കെട്ടിടം കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്ത് അനുവദിച്ചതാണ്.

    ReplyDelete