Thursday, July 14, 2011

കല്യാണസൗഗന്ധികമോ ശവംനാറിപ്പൂവോ?

ടി എന്‍ പ്രതാപന്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കാത്തത് എന്തുകൊണ്ടാകാം. പ്രസംഗിക്കേണ്ടവരുടെ പട്ടികയില്‍ പ്രതാപനുണ്ടായിരുന്നു. പ്രതിഷേഷം കൊണ്ടാണെന്ന് പലരും പറയുന്നു. കുളൂരില്‍ സ്ഥാപിക്കുന്ന കോഴിത്തീറ്റ ഫാക്ടറിയെക്കുറിച്ച് ചര്‍ച്ച ഉണ്ടായിരുന്നതുകൊണ്ടാണെന്ന് പ്രതാപന്‍ തന്നെ വിശദീകരിച്ചു. എപ്പോഴായിരുന്നു ചര്‍ച്ച എന്നൊന്നും ചോദിക്കരുത്. സഭയില്‍ ചര്‍ച്ച നടക്കുമ്പോള്‍ പ്രതാപന്‍ ഹാജരുണ്ടായിരുന്നു. ചര്‍ച്ചയുടെ സമയം മറ്റ് കോണ്‍ഗ്രസ് അംഗങ്ങളുമായി വച്ച് മാറിക്കൂടെ എന്നും യോഗം മാറ്റിവച്ചുകൂടെ എന്നും ചോദിക്കുന്നവരുണ്ട്. ബജറ്റിനേക്കാള്‍ വലുതാണ് കോഴിത്തീറ്റ എന്നറിയാത്തവരെക്കുറിച്ച് എന്ത് പറയാന്‍. പ്രസംഗിക്കാത്തതിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് അഭ്യര്‍ഥിക്കാനും പ്രതാപന്‍ സഭയിലെത്തി. പക്ഷേ പ്രസംഗം മാത്രം ഉണ്ടായില്ല. അതെന്ന് ഉണ്ടാകുമെന്നതാണ് എല്ലാവരുടേയും ആകാംക്ഷ. ബജറ്റ് ചര്‍ച്ച രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ബജറ്റിന്റെ മണവും നിറവും വരെ സഭയില്‍ പരിശോധനയ്ക്ക് വിധേയമായി. കല്യാണ സൗഗന്ധികത്തിന്റെ ഗന്ധമാണ് ബജറ്റിനെന്ന് ഭരണപക്ഷം, ശവംനാറി പൂവിന്റെ ഗന്ധമെന്ന് പ്രതിപക്ഷം. ബജറ്റ് അവതരിപ്പിച്ചത് കെ എം മാണിയാണെങ്കിലും ചര്‍ച്ച കേന്ദ്രീകരിച്ചിരിക്കുന്നത് മുന്‍ധനമന്ത്രി തോമസ് ഐസക്കിലും അദ്ദേഹത്തിന്റെ മുന്‍ ബജറ്റുകളിലുമാണ്.

ഭരണപക്ഷത്ത് നിന്ന് ചര്‍ച്ച തുടങ്ങിവച്ച വര്‍ക്കല കഹാറാണ് ബജറ്റിന് കല്യാണ  സൗഗന്ധികത്തേക്കാള്‍ പരിമളമുണ്ടെന്ന് കണ്ടുപിടിച്ചത്.തൊട്ട്പിന്നാലെ പ്രസംഗിച്ച എ എം ആരിഫ് അത് തിരുത്തി. ബജറ്റിന് ശവംനാറി പൂവിന്റെ ദുര്‍ഗന്ധമാണെന്ന് ആരിഫിന് ഉറപ്പാണ്.പാടശേഖര കമ്മിറ്റി സെക്രട്ടറിയുടെ വരവ് ചെലവ് കണക്ക് അവതരണം പോലെയാണ് സി കെ സദാശിവന് ബജറ്റവതരണം കേട്ടപ്പോള്‍ തോന്നിയത്. മാണിയുടെ ബജറ്റിലെ ക്രൂരതകളെക്കുറിച്ചുളള വഞ്ചിപ്പാട്ടും പാടിയാണ് സദാശിവന്‍ പ്രസംഗം അവതരിപ്പിച്ചത്. സദാശിവന്റെ വഞ്ചിപ്പാട്ടിന് ഭരണപക്ഷം താളം പിടിച്ചത് ധനമന്ത്രിക്ക് ഇഷ്ടമായില്ല. ഇതെന്താ നാടകശാലയാണോ എന്ന ചോദ്യവുമായി മാണി എഴുന്നേറ്റു.

വനിതകളോടുള്ള ബജറ്റിലെ അവഗണനയിലാണ് ഇ എസ് ബിജിമോള്‍ക്ക് രോഷം.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ നാടിന്റെ ആവശ്യത്തിനുപയോഗിക്കണമെന്ന വാദം ഉയര്‍ത്തിയ ജമീലപ്രകാശം, രാജഭരണത്തിന്റെ ക്രൂരതകള്‍ക്കെതിരായി സ്ത്രീകള്‍ നടത്തിയ സമര ചരിത്രം വിശദീകരിച്ച് നടത്തിയ പ്രസംഗം ശ്രദ്ധേയമായി.

ആറ്റുകാല്‍ വികസന പദ്ധതി ഇല്ലാതാക്കിയ മാണിക്ക് മനംമാറ്റംവരാന്‍ സ്ത്രീകള്‍ വീടുകളില്‍ പൊങ്കാലയിടുന്നത് വി ശിവന്‍കുട്ടിക്കറിയാം. തനിക്ക് ഇപ്പോഴേ മനംമാറ്റം വന്ന് തുടങ്ങിയെന്ന് മാണി പറഞ്ഞതോടെ ശിവന്‍കുട്ടി സന്തുഷ്ടനായി.

ബജറ്റിന് മനുഷ്യഗന്ധമില്ലെന്നതാണ് ജി എസ് ജയലാലിന്റെ നിരീക്ഷണം. ബജറ്റിന് കേരളീയ നിറവും അദ്ദേഹത്തിന് കാണാനായില്ല.സാക്ഷാല്‍ കൊച്ചിയുടെ എം എല്‍ എ താനാണെന്നാണ് ഡൊമിനിക് പ്രസന്റേഷന്റെ വാദം. ദീര്‍ഘ വീക്ഷണവും സമഗ്രതയും ഇല്ലാത്തതാണ് പ്രൊഫസര്‍ സി രവീന്ദ്രനാഥ് ബജറ്റില്‍ കാണുന്ന കുറ്റം. രാവിലെ ശൂന്യവേളയില്‍ ജീവനക്കാര്‍ക്കെതിരായ പ്രതികാര സ്ഥലംമാറ്റം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

കഴിഞ്ഞ ദിവസം പി സി വിഷ്ണുനാഥ് ഉന്നയിച്ച ആരോപണത്തിന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മറുപടി പറഞ്ഞു. ആരോപണം നിയമസഭാ സമിതി അന്വേഷിക്കണമെന്ന വി എസിന്റെ ആവശ്യം സ്പീക്കര്‍ അംഗീകരിക്കുകയും ചെയ്തു.

കെ എസ് അരുണ്‍ janayugom 140711

1 comment:

  1. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ നാടിന്റെ ആവശ്യത്തിനുപയോഗിക്കണമെന്ന വാദം ഉയര്‍ത്തിയ ജമീലപ്രകാശം, രാജഭരണത്തിന്റെ ക്രൂരതകള്‍ക്കെതിരായി സ്ത്രീകള്‍ നടത്തിയ സമര ചരിത്രം വിശദീകരിച്ച് നടത്തിയ പ്രസംഗം ശ്രദ്ധേയമായി.

    ReplyDelete