Sunday, July 3, 2011

മുഖ്യമന്ത്രിയുടെ സഹിഷ്ണുതയില്ലായ്മ

ഭരണാധികാരികള്‍ക്ക് അവശ്യം വേണ്ട സഹിഷ്ണുതയുടെയും ജനാധിപത്യമനോഭാവത്തിന്റെയും  അഭാവമാണ് ഇക്കഴിഞ്ഞ ദിവസം നിയമസഭയില്‍ ഉണ്ടായ ഗുണകരമല്ലാത്ത അന്തരീക്ഷത്തിന് കാരണമായത്. ജനാധിപത്യവ്യവസ്ഥയില്‍ അഭിപ്രായങ്ങളെയും വിമര്‍ശനങ്ങളെയും സഹിഷ്ണുതയോടെ ശ്രവിക്കുകയും ഉള്‍ക്കൊള്ളേണ്ടവയെ ഉള്‍ക്കൊള്ളുകയും വേണം. നിയമനിര്‍മാണസഭയില്‍ ഭരണപക്ഷത്തിനുള്ളതുപോലെ തന്നെ പ്രാമുഖ്യം പ്രതിപക്ഷത്തിനുമുണ്ട്. ഇക്കാര്യങ്ങള്‍ വിസ്മരിച്ചുകൊണ്ടുള്ള നിലപാടാണ് ദൗര്‍ഭാഗ്യവശാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൈക്കൊണ്ടത്. പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുവാനും അവഗണിക്കുവാനുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഭരണപക്ഷം ശ്രമിച്ചത്.

വിദ്യാര്‍ഥികളും യുവജനങ്ങളും നടത്തിയ പ്രതിഷേധത്തെയും പ്രക്ഷോഭത്തെയും അതിക്രൂരമായി അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നയം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിരപ്രമേയത്തിന് അനുമതി തേടിയത്. എ ഐ വൈ എഫും എ ഐ എസ് എഫും എസ് എഫ് ഐയും നടത്തിയ പ്രക്ഷോഭങ്ങള്‍ക്കുനേരെയാണ് പൊലീസ് കനത്ത ആക്രമണം അഴിച്ചുവിട്ടത്. നിരവധി വിദ്യാര്‍ഥി-യുവജന നേതാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിയമസഭാ സാമാജികനായ എസ് എഫ് ഐ നേതാവ് രാജേഷിനും മര്‍ദനമേറ്റു. ഈ വിഷയം മുന്‍നിര്‍ത്തി സഭയ്ക്കുള്ളില്‍ അഭിപ്രായപ്രകടനം നടത്താനും പ്രമേയാനുമതി തേടാനുമാണ് പ്രതിപക്ഷം ശ്രമിച്ചത്.

എന്നാല്‍ അടിയന്തിരപ്രമേയത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി സംഭവത്തിന്റെ പ്രാധാന്യം പരിഗണിക്കുവാന്‍ സന്നദ്ധമാവാതിരിക്കുകയും പൊലീസ് അതിക്രമത്തെ ന്യായീകരിക്കുകയും വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ന്യായമായ പ്രക്ഷോഭങ്ങളെ ഇകഴ്ത്തുകയും ചെയ്തുകൊണ്ട് പ്രകോപനാന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ചെയ്തത്. പരിക്കേറ്റ് സഭയിലെത്തിയ എം എല്‍ എയ്ക്ക് മര്‍ദനമേറ്റിട്ടില്ലെന്നും പൊലീസ് അദ്ദേഹത്തെ സംരക്ഷിക്കുകയാണ് ചെയ്തതെന്നുമാണ് മുഖ്യമന്ത്രി പ്രസ്താവിച്ചത്. ഒരു നിയമസഭാ സാമാജികനെ തെരുവിലിട്ട് മര്‍ദിച്ച നിലപാട് ന്യായീകരിക്കാനാവില്ല. ഒരു അന്വേഷണത്തിനുപോലും സന്നദ്ധമാകാതെ സത്യവിരുദ്ധമായ പ്രസ്താവന സഭയില്‍ നടത്തുകയാണ് മുഖ്യമന്ത്രി ചെയ്തത്.

ഇത്തരമൊരു സന്ദര്‍ഭത്തില്‍ സ്വാഭാവികമായും പ്രതിപക്ഷനിരയില്‍ നിന്ന് പ്രതിഷേധശബ്ദമുയരും. പരിക്കേറ്റ രാജേഷിനെ മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനും പരിക്കേറ്റവരുടെ ചോരപുരണ്ട വസ്ത്രങ്ങള്‍ കാണിക്കുന്നതിനുമാണ് പ്രതിപക്ഷ എം എല്‍ എമാര്‍ ശ്രമിച്ചത്.

ഈ ഘട്ടത്തില്‍ പ്രകോപനാന്തരീക്ഷവും സംഘര്‍ഷാവസ്ഥയും സൃഷ്ടിക്കുവാന്‍ യു ഡി എഫ് എം എല്‍ എമാര്‍ മുതിരുകയും ചെയ്തു. മുഖ്യമന്ത്രിയെ കയ്യേറ്റം ചെയ്യാന്‍ പ്രതിപക്ഷം ശ്രമിച്ചുവെന്ന വ്യാജ പ്രചരണത്തിലൂടെ യു ഡി എഫ് എം എല്‍ എമാരുടെ നടപടിയെ ന്യായീകരിക്കുവാനും ശ്രമമുണ്ടായി. ചില മാധ്യമങ്ങള്‍ ആ നിലയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്തു.

നിയമസഭ പരിപാവനമായ ജനാധിപത്യവേദിയാണ്. അതിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുവാന്‍ എല്ലാവര്‍ക്കും പ്രതിജ്ഞാബദ്ധതയുണ്ട്. സംയമനത്തിന്റെയും സഹിഷ്ണുതയുടെയും അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കലിന്റെയും പ്രസക്തി ഇവിടെയാണ്.

എം എല്‍ എ മാര്‍ക്ക് പൊലീസ് മര്‍ദനമേറ്റു എന്ന ആക്ഷേപമുണ്ടായാല്‍ അന്വേഷണവും നടപടിയും ഉണ്ടാവുക മുന്‍കാല അനുഭവങ്ങളാണ്. ഇന്നത്തെ ഭരണപക്ഷം പ്രതിപക്ഷമായിരുന്നപ്പോള്‍ ഒരു എം എല്‍ എയെ പൊലീസ് മര്‍ദിച്ചു എന്ന ആക്ഷേപം ഉണ്ടായ ഘട്ടത്തില്‍ തന്നെ എല്‍ ഡി എഫ് സര്‍ക്കാര്‍ അന്വേഷണവിധേയമായി പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിരുന്നു എന്ന കാര്യം ഉമ്മന്‍ചാണ്ടി ഓര്‍ക്കേണ്ടതായിരുന്നു.

എം എല്‍ എയെ മര്‍ദിച്ചതില്‍ മാത്രം പൊലീസിന്റെ അഴിഞ്ഞാട്ടം അവസാനിച്ചിരുന്നില്ല. എ ഐ വൈ എഫിന്റെയും എ ഐ എസ് എഫിന്റെയും പ്രവര്‍ത്തകരുടെ തല തല്ലിപ്പൊളിക്കുകയും കൈകാലുകള്‍ അടിച്ചൊടിക്കുകയും ചെയ്തു. പെണ്‍കുട്ടികളെ പോലും പൊലീസ് വെറുതെവിട്ടില്ല. കടുത്ത സര്‍ക്കാര്‍ പക്ഷപാതിത്വം പുലര്‍ത്തുന്ന മാധ്യമങ്ങള്‍പോലും റിപ്പോര്‍ട്ട് ചെയ്തത് യാതൊരു പ്രകോപനവുമില്ലാതെ വൈ എഫ്-എസ് എഫ് പ്രവര്‍ത്തകരുടെ നേരെ പൊലീസ് അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ്.
യൂണിവേഴ്‌സിറ്റി കോളജിലേയ്ക്ക് ഗ്രനേഡുവര്‍ഷം നടത്തുകയും കല്ലെറിയുകയും ചെയ്ത പൊലീസിന്റെ താണ്ഡവത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയും ചികിത്സയിലാണ്.

വസ്തുതകള്‍ ഇതായിരിക്കെ നിയമസഭയില്‍ ഉയരുന്ന അഭിപ്രായങ്ങളെയും വിമര്‍ശനങ്ങളെയും അത് അര്‍ഹിക്കുന്ന നിലയില്‍ പരിഗണിക്കേണ്ടതിനുപകരം പ്രകോപനപരമായ സമീപനം സ്വീകരിക്കുകയാണ് മുഖ്യമന്തി ചെയ്തത്.

സഭയില്‍ ഇക്കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടകരമായ സംഭവങ്ങളെ ക്ഷണിച്ചുവരുത്തിയത് ഈ നിലപാടാണ്. സഭയുടെ അന്തസ്സ് പരിരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് ആരും ഒഴിഞ്ഞുമാറരുത്.

janayugom editorial 020711

2 comments:

  1. ഭരണാധികാരികള്‍ക്ക് അവശ്യം വേണ്ട സഹിഷ്ണുതയുടെയും ജനാധിപത്യമനോഭാവത്തിന്റെയും അഭാവമാണ് ഇക്കഴിഞ്ഞ ദിവസം നിയമസഭയില്‍ ഉണ്ടായ ഗുണകരമല്ലാത്ത അന്തരീക്ഷത്തിന് കാരണമായത്. ജനാധിപത്യവ്യവസ്ഥയില്‍ അഭിപ്രായങ്ങളെയും വിമര്‍ശനങ്ങളെയും സഹിഷ്ണുതയോടെ ശ്രവിക്കുകയും ഉള്‍ക്കൊള്ളേണ്ടവയെ ഉള്‍ക്കൊള്ളുകയും വേണം. നിയമനിര്‍മാണസഭയില്‍ ഭരണപക്ഷത്തിനുള്ളതുപോലെ തന്നെ പ്രാമുഖ്യം പ്രതിപക്ഷത്തിനുമുണ്ട്. ഇക്കാര്യങ്ങള്‍ വിസ്മരിച്ചുകൊണ്ടുള്ള നിലപാടാണ് ദൗര്‍ഭാഗ്യവശാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൈക്കൊണ്ടത്. പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുവാനും അവഗണിക്കുവാനുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഭരണപക്ഷം ശ്രമിച്ചത്.

    ReplyDelete
  2. if you dont behave well, police will take action. there is no doubt about.. this CM has shown his guts and shown how to stop violence.. I support sri umman for this act..

    ReplyDelete