Wednesday, July 13, 2011

മുഖം മിനുങ്ങിയില്ല; കൂടുതല്‍ വികൃതമായി -കാമത്ത് രാജിവച്ചു; ജെന വിട്ടുനിന്നു

ന്യൂഡല്‍ഹി: അഴിമതിയില്‍ ജീര്‍ണിച്ച മുഖം മിനുക്കാനുള്ള ഒരു ശ്രമത്തിനുപോലും കെല്‍പ്പില്ലാത്തവരാണ് രണ്ടാം യുപിഎയെ നയിക്കുന്നതെന്ന് പുനഃസംഘടന തെളിയിച്ചു. ലഭിച്ച സ്ഥാനം പോരെന്നുപറഞ്ഞ് സത്യപ്രതിജ്ഞ ബഹിഷ്കരിക്കുകയും രാജി നല്‍കുകയും ചെയ്ത നാണക്കേടിനും സാക്ഷിയായ പുനഃസംഘടന സര്‍ക്കാരിന്റെ മുഖം കൂടുതല്‍ വികൃതമാക്കി. ദീര്‍ഘനാളത്തെ കൂടിയാലോചനയ്ക്കു ശേഷം നടത്തിയ അഴിച്ചുപണി പ്രധാനമന്ത്രി അവകാശപ്പെടുന്ന ഒരു മാറ്റത്തിനും വഴിവയ്ക്കില്ലെന്നുറപ്പ്. ആരോപണ വിധേയരായ വമ്പന്‍മാരെ തൊടാന്‍ മടിച്ച പ്രധാനമന്ത്രി ചെറിയ മാറ്റങ്ങള്‍ക്കുമാത്രം മുതിര്‍ന്ന് വേണ്ടുവോളം പഴി കേട്ടു.

പകല്‍ 11 മണിയോടെ പുതിയ മന്ത്രിമാരെയും വകുപ്പുമാറ്റങ്ങളും പ്രഖ്യാപിച്ചു. അതില്‍ രണ്ടുപേര്‍ വകുപ്പ് വിഭജനത്തില്‍ പ്രതിഷേധിച്ച് സത്യപ്രതിജ്ഞ ബഹിഷ്കരിക്കുകയുംചെയ്തു. അതിലൊരാള്‍ രാജിവയ്ക്കുകയുംചെയ്തു. സത്യപ്രതിജ്ഞയുടെ തലേന്നു തന്നെ ധിക്കരിച്ച റെയില്‍വേ സഹമന്ത്രി മുകുള്‍റോയിയെപ്പോലും മന്ത്രിസഭയില്‍നിന്ന് നീക്കാനാവാതെ തന്റെ ദൗര്‍ബല്യം മന്‍മോഹന്‍സിങ് വീണ്ടും പ്രകടിപ്പിച്ചു. പുരിയില്‍ ട്രെയിനപകടം നടന്ന സ്ഥലത്തേക്ക് പെട്ടെന്ന് പോകാന്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചെങ്കിലും മുകുള്‍റോയ് അനുസരിച്ചില്ല. ധാര്‍ഷ്ട്യത്തിന് സമ്മാനമെന്നോണം റോയിക്ക് പുനഃസംഘടനയില്‍ ഷിപ്പിങ് വകുപ്പ് നല്‍കാനും പ്രധാനമന്ത്രി നിര്‍ബന്ധിതനായി.

പുനഃസംഘടനയിലൂടെ മന്ത്രിസഭയുടെ മുഖം മിനുക്കുമെന്ന് എഡിറ്റര്‍മാരുടെ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. യുവരക്തത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നും പറഞ്ഞു. കൃഷ്ണ-ഗോദാവരി(കെജി)വാതകപര്യവേക്ഷണ അഴിമതിയില്‍ പതിനായിരക്കണക്കിന് കോടികള്‍ രാജ്യത്തിന് നഷ്ടമാക്കിയത് പുറത്തറിഞ്ഞപ്പോള്‍ രാജിവച്ച കമ്പനികാര്യമന്ത്രി മുരളിദേവ്റയുടെ മകന്‍ മിലിന്ദ്ദേവ്റയാണ് യുവരക്തത്തിലൊന്ന്. ടു ജി കേസില്‍ പങ്കുണ്ടെന്ന് തെളിവുകള്‍ വിളിച്ചുപറയുന്ന പി ചിദംബരത്തെയോ, റിലയന്‍സിനെ വഴിവിട്ട് സഹായിച്ചെന്ന് സുപ്രീംകോടതിയില്‍ പരാതിവന്ന കപില്‍സിബലിനെയോ തൊടാനായില്ല. 2ജി, കെജി അഴിമതികള്‍ പിടിച്ചുലയ്ക്കവെയാണ് സുപ്രീംകോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. കള്ളപ്പണക്കേസില്‍ നടപടിയെടുക്കാത്തതിനെയും കോമണ്‍വെല്‍ത്ത് അഴിമതിയന്വേഷണം ഇഴയുന്നതിനെയും സുപ്രീംകോടതി വിമര്‍ശിച്ചു. ഛത്തീസ്ഗഢില്‍ നക്സലുകളെ നേരിടാന്‍ ആദിവാസികളെ ആയുധമണിയിക്കുന്ന സര്‍ക്കാര്‍നയത്തെയും കോടതി അടുത്തിടെ ചോദ്യം ചെയ്തു. കോടതിയുടെ കടുത്ത വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് നിയമവകുപ്പ് വീരപ്പമൊയ്ലിയില്‍നിന്ന് മാറ്റിയത്.

കാമത്ത് രാജിവച്ചു; ജെന വിട്ടുനിന്നു

ന്യൂഡല്‍ഹി: മുഖംമിനുക്കാനും വിവിധ കോണില്‍ നിന്നുള്ള സമ്മര്‍ദം ഒഴിവാക്കാനും നടത്തിയ കേന്ദ്രമന്ത്രിസഭാ പുനഃസംഘടന കോണ്‍ഗ്രസ് നേതൃത്വത്തിന് പൊല്ലാപ്പായി. ക്യാബിനറ്റ് പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വാര്‍ത്താവിനിമയ-ഐടി സഹമന്ത്രി ഗുരുദാസ്കാമത്ത് രാജിവച്ചു. ഇതേ കാരണത്താല്‍ രാസവസ്തു-രാസവള സഹമന്ത്രി ശ്രീകാന്ത് ജെന സത്യപ്രതിജ്ഞ ബഹിഷ്കരിച്ചു. അദ്ദേഹവും രാജി നല്‍കുമെന്നാണ് സൂചന. 2ജി അഴിമതി പുറത്തുവന്നതിനെ തുടര്‍ന്ന് രാജിവച്ച ഡിഎംകെയിലെ എ രാജയ്ക്കും ദയാനിധിമാരനും പകരം മന്ത്രിമാരില്ല. കരുണാനിധി പകരക്കാരെ നിര്‍ദേശിക്കാത്തതാണ് കാരണം. ഈ ഒഴിവുകള്‍ പിന്നീട് നികത്തുമെന്നാണ് ഔദ്യോഗിക വിശദീകരണം.

പുനഃസംഘടന പൂര്‍ത്തിയായിട്ടില്ലെന്ന് കരുണാനിധി ചെന്നൈയില്‍ പ്രതികരിച്ചു. ഇ അഹമ്മദിന് സ്വതന്ത്ര പദവി കിട്ടാന്‍ മുസ്ലിംലീഗ് നേതൃത്വം നടത്തിയ സമ്മര്‍ദം വിഫലമായി. എന്നാല്‍ , സഹമന്ത്രിയായ അഹമ്മദിന് ഇപ്പോഴുള്ള വിദേശവകുപ്പിനു പുറമെ, മനുഷ്യവിഭവശേഷി കൂടി നല്‍കിയിട്ടുണ്ട്. കപില്‍സിബല്‍ ക്യാബിനറ്റ് മന്ത്രിയായുള്ള മനുഷ്യവിഭവശേഷി മന്ത്രാലയത്തില്‍ അഹമ്മദ് അടക്കം രണ്ടു സഹമന്ത്രിമാരായി. മന്ത്രിയാകുമെന്ന് മലയാള മാധ്യമങ്ങള്‍ പ്രചരിപ്പിച്ച കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ജോസ് കെ മാണിയുടെ പേര് എങ്ങും പരാമര്‍ശിക്കപ്പെട്ടില്ല. പ്രകൃതി വാതക അഴിമതിയില്‍ പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് രാജിവച്ച മുരളി ദേവ്റയ്ക്കു പകരം മകന്‍ മിലിന്ദ് ദേവ്റയെ സഹമന്ത്രിയാക്കി. ഐടിയുടെയും വാര്‍ത്താവിനിമയത്തിന്റെയും ചുമതലയാണ് മിലിന്ദിന്.

പുനഃസംഘടനയുടെ ഭാഗമായി 13 പേര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് സര്‍ക്കാര്‍ ചൊവ്വാഴ്ച രാവിലെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. എന്നാല്‍ , വൈകിട്ട് അഞ്ചിന് രാഷ്ട്രപതിഭവനില്‍ നടന്ന സത്യപ്രതിജ്ഞാചടങ്ങ് കാമത്തും ജെനയും ബഹിഷ്കരിച്ചു. തൊട്ടുപിന്നാലെ കാമത്ത് രാജിയും നല്‍കി. പട്ടികയില്‍ ഇരുവര്‍ക്കും സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരായി സ്ഥാനക്കയറ്റം നല്‍കിയിരുന്നു. പുതുതായി 11 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതില്‍ റെയില്‍മന്ത്രിയായി ചുമതലയേറ്റ തൃണമൂല്‍ കോണ്‍ഗ്രസിലെ ദിനേശ് ത്രിവേദിയുള്‍പ്പെടെ എട്ടു പുതുമുഖങ്ങള്‍ . മൂന്നുപേര്‍ക്ക് സ്ഥാനക്കയറ്റം. ഒമ്പതു മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം. ക്യാബിനറ്റ് മന്ത്രിയായി സ്ഥാനക്കയറ്റം നല്‍കിയ ജയറാം രമേശില്‍ നിന്ന് പരിസ്ഥിതി-വനം വകുപ്പ് എടുത്തുമാറ്റി. സുപ്രീംകോടതിയില്‍ നിന്ന് തുടര്‍ച്ചയായി പഴികേട്ട നിയമവകുപ്പ് വീരപ്പമൊയ്ലിക്ക് നഷ്ടമായി. പകരം കമ്പനികാര്യം. ദിനേശ് ത്രിവേദിയെ കൂടാതെ കോണ്‍ഗ്രസിലെ കിഷോര്‍ചന്ദ്രദേവ് (ആദിവാസി, പഞ്ചായത്തീരാജ്), ബേനിപ്രസാദ് വര്‍മ (ഉരുക്ക്), ജയറാം രമേശ് (ഗ്രാമീണ വികസനം) എന്നിവരാണ് പുതിയ ക്യാബിനറ്റ് മന്ത്രിമാര്‍ .

ഇതില്‍ ആന്ധ്രപ്രദേശില്‍ നിന്നുള്ള കിഷോര്‍ ചന്ദ്രദേവ് മാത്രമാണ് പുതുമുഖം. അഴിമതിയാരോപണത്തെതുടര്‍ന്ന് രാജിക്കത്തു നല്‍കിയ ദയാനിധി മാരന്‍ , മുരളി ദേവ്റ, പ്രകടനം മോശമാണെന്ന് പ്രധാനമന്ത്രി വിലയിരുത്തിയ ബി കെ ഹാന്‍ഡിക്, എം എസ് ഗില്‍ , കാന്തിലാല്‍ ബുരിയ, സായിപ്രതാപ്, അരുണ്‍ എസ് യാദവ് എന്നിവരെ ഒഴിവാക്കി. നിരന്തരം പരാതിവന്നതിനെ തുടര്‍ന്നാണ് ജയ്റാം രമേശില്‍ നിന്ന് വനം-പരിസ്ഥിതി വകുപ്പ് എടുത്തുമാറ്റിയത്. പുതുമുഖമായ ജയന്തി നടരാജനാണ് ഈ വകുപ്പ് നല്‍കിയത്. സഹമന്ത്രിമാരില്‍ പബന്‍സിങ് ഖടോവര്‍ , സുദീപ് ബന്ദോപാധ്യായ, ജിതേന്ദ്രസിങ്, മിലിന്ദ്ദേവ്റ, ചരണ്‍ദാസ് മഹന്ത്, രാജീവ് ശുക്ല എന്നിവരും പുതുമുഖങ്ങളാണ്. പ്രവാസിമന്ത്രി വയലാര്‍ രവി തുടര്‍ന്നും വ്യോമയാനത്തിന്റെ അധിക ചുമതല വഹിക്കും. കപില്‍സിബല്‍ ടെലികോം മന്ത്രാലയത്തിന്റെ അധിക ചുമതല തുടരും. മുംബൈ നോര്‍ത്തില്‍ നിന്നുള്ള എംപിയായ ഗുരുദാസ് കാമത്ത് ഏറെ പരിചയസമ്പന്നനായ കോണ്‍ഗ്രസ് നേതാവാണ്. വ്യവസായിയായ മുരളി ദേവ്റ മുംബൈയില്‍ നിന്നുള്ള ക്യാബിനറ്റ് മന്ത്രിയായിരുന്നു. അഴിമതിയെ തുടര്‍ന്ന് രാജിവച്ചപ്പോള്‍ മകനെ മന്ത്രിയാക്കി. എന്നാല്‍ , കോണ്‍ഗ്രസില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന കാമത്തിന് താരതമ്യേന അപ്രധാന വകുപ്പാണ്് നല്‍കിയത്. ഒഡീഷയില്‍ നിന്നുള്ള ശ്രീകാന്ത് ജെനയും പരിചയസമ്പന്നനായ കോണ്‍ഗ്രസുകാരനാണ്. സഹമന്ത്രിയാക്കിയതില്‍ 2009ല്‍ തന്നെ പ്രതിഷേധമുയര്‍ത്തിയ ആളാണ് ജെന. രാസവസ്തു-രാസവള വകുപ്പില്‍ നിന്നു മാറ്റി അപ്രധാനമായ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലാണ് അദ്ദേഹത്തിന് സ്വതന്ത്ര ചുമതല നല്‍കിയത്.
(ദിനേശ്വര്‍മ)

അവസാന അഴിച്ചുപണി: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന അഴിച്ചുപണിയാണ് ചൊവ്വാഴ്ച നടന്നതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. "2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള അവസാനത്തെ പുനഃസംഘടനയാണ്് കഴിഞ്ഞത്. മുന്നണി മര്യാദയുടെ പേരില്‍ ഡിഎംകെക്കു വേണ്ടി രണ്ട് സ്ഥാനം ഒഴിച്ചിട്ടിട്ടുണ്ട്. അവര്‍ ഉടന്‍ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ"- രാഷ്ട്രപതിഭവനില്‍ 11 മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കു ശേഷം മന്‍മോഹന്‍സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാജ്യതാല്‍പ്പര്യത്തിനാണ് വകുപ്പുവിഭജനത്തില്‍ മുന്‍ഗണന നല്‍കിയതെന്ന് രണ്ടു മന്ത്രിമാര്‍ ബഹിഷ്കരിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് പ്രധാനമന്ത്രി മറുപടി പറഞ്ഞു. വകുപ്പ് വിഭജനത്തില്‍ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആരെയും വ്യക്തിപരമായി വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ല. സംസ്ഥാനങ്ങള്‍ തമ്മിലുള്ള സന്തുലനം, കഴിവ് തുടങ്ങി പല കാര്യങ്ങളും അഴിച്ചുപണിയില്‍ പ്രതിഫലിച്ചെന്ന് അദ്ദേഹം അവകാശപ്പെട്ടു.

പൊട്ടിത്തെറിക്കാതെ ലീഗ്; അമര്‍ഷത്തില്‍ മാണി

കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ കൊതിച്ചത് കിട്ടാതെ മുസ്ലിംലീഗും കേരള കോണ്‍ഗ്രസ് മാണിയും. ലീഗിന്റെ ചുണ്ടില്‍ മധുരം തേച്ച് കോണ്‍ഗ്രസ് കാര്യം ഒതുക്കി. ഇതില്‍ പരസ്യമായി പ്രതിഷേധിക്കാനാകാത്ത പരുവത്തിലാണ് ലീഗ്. സംസ്ഥാനത്ത് അഞ്ചാം മന്ത്രിസ്ഥാനത്തിനു പകരം കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനക്കയറ്റം പ്രതീക്ഷിച്ച ഇ അഹമ്മദിന് അത് കിട്ടിയില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റും ഇതിനായി ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും ഫലിച്ചില്ല. ജോസ് കെ മാണി കേന്ദ്രമന്ത്രിയായി കാണാനുള്ള ഒരു പിതാവിന്റെ കിനാവിന് പ്രായം രണ്ടു വര്‍ഷമായി. ഇനിയും കാത്തിരിപ്പ് തുടരണം. ഇതില്‍ കെ എം മാണി തികച്ചും അസന്തുഷ്ടനാണ്. വിയോജിപ്പ് വൈകാതെ ഡല്‍ഹിയിലെത്തി സോണിയഗാന്ധിയെ നേരില്‍ ധരിപ്പിക്കും. ഫലത്തില്‍ കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നൂലിഴ ഭൂരിപക്ഷമുള്ള യുഡിഎഫ് മന്ത്രിസഭയുടെ അസ്ഥിരതയ്ക്ക് ആക്കംകൂട്ടി.

പക്ഷേ, സംസ്ഥാനത്തെ രണ്ടു കക്ഷികള്‍ സമുദായ ലേബലില്‍ കോണ്‍ഗ്രസുമായി വിലപേശുകയും ഇതിന് കോണ്‍ഗ്രസ് ഭാഗികമായി വഴങ്ങുകയും ചെയ്യുന്നതിന്റെ അപഹാസ്യ ചിത്രവും കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ വ്യക്തമായി. ക്യാബിനറ്റ്പദവി ചോദിച്ച മുസ്ലിംലീഗിലെ ഇ അഹമ്മദിന് സ്വതന്ത്രചുമതലയുള്ള സഹമന്ത്രിസ്ഥാനം പോലും കിട്ടിയില്ലെങ്കിലും അധികമായി ഒരു വകുപ്പ് കിട്ടി. മാനവവിഭവശേഷി വികസന വകുപ്പ്. കപില്‍സിബല്‍ ക്യാബിനറ്റ് മന്ത്രിയായ ഈ വകുപ്പില്‍ സഹമന്ത്രി വേറെയുമുണ്ട്. അഹമ്മദിനു പുതിയ വകുപ്പ് കിട്ടിയെങ്കിലും എത്രത്തോളം ഭരണത്തില്‍ ഇടപെടാമെന്നത് കണ്ടറിയണം.

പക്ഷേ, ലീഗിന്റെ ആവശ്യത്തോട് കോണ്‍ഗ്രസ് പ്രതികരിച്ചെന്നു പറഞ്ഞ് സമാശ്വാസിക്കാന്‍ അധിക ചുമതല പിടിവള്ളിയാക്കാം. പുതിയ വകുപ്പുലബ്ധിയില്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ സന്തോഷപ്രകടനം ഇതിന്റെ ഭാഗമാണ്. മാനവവിഭവശേഷിവകുപ്പ് ലഭിച്ചതില്‍ സന്തോഷമുണ്ടെങ്കിലും ലീഗിന് അര്‍ഹിച്ചത് കിട്ടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പരസ്യമായി പ്രതിഷേധിക്കാതെ രഹസ്യമായി വിലപേശലാണ് ലീഗിന്റെ തന്ത്രം. ഒട്ടിനിന്ന് കൂടുതല്‍ സ്ഥാനവും പങ്കും വകുപ്പും നേടുകയാണ് ലക്ഷ്യം. അഹമ്മദിന് സ്വതന്ത്രചുമതലയുള്ള സഹമന്ത്രി സ്ഥാനംപോലും കിട്ടാത്തതിനാല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അഞ്ചാംമന്ത്രി സ്ഥാനത്തിനുള്ള ആവശ്യം ശക്തമാക്കണമെന്നുള്ള അഭിപ്രായം ലീഗില്‍ ഉയരും. പക്ഷേ, 543 അംഗ ലോക്സഭയില്‍ രണ്ട് എംപി സ്ഥാനം മാത്രമുള്ള ലീഗും ഒരാള്‍ മാത്രമുള്ള കേരളകോണ്‍ഗ്രസ് എമ്മും കേന്ദ്രഭരണത്തില്‍ വിലപേശുന്നതിനോട് കോണ്‍ഗ്രസില്‍ എതിര്‍പ്പുണ്ട്.
(ആര്‍ എസ് ബാബു)

deshabhimani 130711

1 comment:

  1. അഴിമതിയില്‍ ജീര്‍ണിച്ച മുഖം മിനുക്കാനുള്ള ഒരു ശ്രമത്തിനുപോലും കെല്‍പ്പില്ലാത്തവരാണ് രണ്ടാം യുപിഎയെ നയിക്കുന്നതെന്ന് പുനഃസംഘടന തെളിയിച്ചു. ലഭിച്ച സ്ഥാനം പോരെന്നുപറഞ്ഞ് സത്യപ്രതിജ്ഞ ബഹിഷ്കരിക്കുകയും രാജി നല്‍കുകയും ചെയ്ത നാണക്കേടിനും സാക്ഷിയായ പുനഃസംഘടന സര്‍ക്കാരിന്റെ മുഖം കൂടുതല്‍ വികൃതമാക്കി. ദീര്‍ഘനാളത്തെ കൂടിയാലോചനയ്ക്കു ശേഷം നടത്തിയ അഴിച്ചുപണി പ്രധാനമന്ത്രി അവകാശപ്പെടുന്ന ഒരു മാറ്റത്തിനും വഴിവയ്ക്കില്ലെന്നുറപ്പ്. ആരോപണ വിധേയരായ വമ്പന്‍മാരെ തൊടാന്‍ മടിച്ച പ്രധാനമന്ത്രി ചെറിയ മാറ്റങ്ങള്‍ക്കുമാത്രം മുതിര്‍ന്ന് വേണ്ടുവോളം പഴി കേട്ടു.

    ReplyDelete