Friday, July 1, 2011

യുഎന്നിനെ സമീപിച്ചാല്‍ സഹായം കുറയ്ക്കുമെന്ന് യുഎസ്

വാഷിങ്ടണ്‍ : ഇസ്രയേലുമായി ചര്‍ച്ചചെയ്യാതെ സ്വതന്ത്രരാഷ്ട്ര പദവിക്ക് ഐക്യരാഷ്ട്രസഭയെ സമീപിച്ചാല്‍ പലസ്തീന്‍ അഥോറിറ്റിക്ക് നല്‍കിവരുന്ന സഹായം വെട്ടിക്കുറയ്ക്കുമെന്ന് അമേരിക്ക ഭീഷണി മുഴക്കി. അമേരിക്കന്‍ സെനറ്റ് ഏകകണ്ഠമായാണ് പലസ്തീനെതിരെ നിലപാട് വ്യക്തമാക്കിയത്. നൂറംഗ സെനറ്റിലെ ഓരോ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ചേര്‍ന്ന് അവതരിപ്പിച്ച പ്രമേയത്തിന് മറ്റ് 88 അംഗങ്ങള്‍കൂടി പ്രായോജകരായത് ഇസ്രയേലിനു വേണ്ടി അമേരിക്ക എന്തും ചെയ്യുമെന്നതിന് മറ്റൊരു തെളിവായി.

സ്വതന്ത്ര പലസ്തീന് അംഗീകാരം നല്‍കുന്ന വിഷയം യുഎന്‍ രക്ഷാസമിതിക്ക് മുന്നില്‍ വന്നാല്‍ വീറ്റോചെയ്യുമെന്ന് പ്രഖ്യാപിക്കാന്‍ സെനറ്റ് പ്രസിഡന്റ് ബറാക് ഒബാമയോട് ആവശ്യപ്പെട്ടു. സമാനമായ ഭീഷണി പ്രമേയം അമേരിക്കന്‍ കോണ്‍ഗ്രസിലെ പ്രതിനിധിസഭയും ഉടന്‍ പാസാക്കുമെന്നാണ് സൂചന. പലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രയേല്‍ ജൂത കുടിയേറ്റകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത് അവസാനിപ്പിക്കാത്ത സാഹചര്യത്തില്‍ അവരുമായുള്ള ചര്‍ച്ചയില്‍നിന്ന് പിന്‍വാങ്ങിയ പലസ്തീന്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാവണമെന്നാണ് അമേരിക്കയുടെ ആവശ്യം. എന്നാല്‍ , ചര്‍ച്ച തുടരുമ്പോള്‍ ഇസ്രയേല്‍ കൂടുതല്‍ പലസ്തീന്‍ പ്രദേശങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്നത് തടയാന്‍ യുഎന്നിനെപ്പോലും അമേരിക്ക അനുവദിക്കുന്നില്ല.

അമേരിക്കന്‍ ഭീഷണി പലസ്തീന്‍ തള്ളി. അമേരിക്കയുടെ അന്ധമായ ഇസ്രയേല്‍ പക്ഷപാതത്തിന്റെ ഫലമായ പ്രമേയം തങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്താനുള്ള അമേരിക്കയുടെ പുതിയ ശ്രമമാണെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് നിമര്‍ ഹമ്മദ് പറഞ്ഞു. ഇത്തരം സമ്മര്‍ദശ്രമങ്ങള്‍ക്ക് മുന്നില്‍ പലസ്തീന്‍ ജനത കീഴടങ്ങില്ലെന്ന് അദ്ദേഹം. പറഞ്ഞു. ഇതേസമയം പാശ്ചാത്യ രാജ്യങ്ങളെ പ്രീണിപ്പിക്കാന്‍ അബ്ബാസ് പലസ്തീന്‍ പാര്‍ലമെന്റില്‍ ബഹുഭൂരിപക്ഷമുള്ള ഹമാസുമായുള്ള ഐക്യചര്‍ച്ചകള്‍ മരവിപ്പിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ ഗാസയിലെ ജനങ്ങള്‍ക്ക് സഹായവുമായി പോവാന്‍ ഗ്രീക്ക് തുറമുഖത്ത് സജ്ജമാക്കിയിരുന്ന കപ്പലുകളില്‍ ഒന്നുകൂടി ഇസ്രയേലി ചാരന്മാര്‍ തകര്‍ത്തു. ഒരു ഐറിഷ് കപ്പലിന്റെ എന്‍ജിനാണ് തകര്‍ത്തത്.

deshabhimani 110711

1 comment:

  1. ഇസ്രയേലുമായി ചര്‍ച്ചചെയ്യാതെ സ്വതന്ത്രരാഷ്ട്ര പദവിക്ക് ഐക്യരാഷ്ട്രസഭയെ സമീപിച്ചാല്‍ പലസ്തീന്‍ അഥോറിറ്റിക്ക് നല്‍കിവരുന്ന സഹായം വെട്ടിക്കുറയ്ക്കുമെന്ന് അമേരിക്ക ഭീഷണി മുഴക്കി. അമേരിക്കന്‍ സെനറ്റ് ഏകകണ്ഠമായാണ് പലസ്തീനെതിരെ നിലപാട് വ്യക്തമാക്കിയത്. നൂറംഗ സെനറ്റിലെ ഓരോ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ചേര്‍ന്ന് അവതരിപ്പിച്ച പ്രമേയത്തിന് മറ്റ് 88 അംഗങ്ങള്‍കൂടി പ്രായോജകരായത് ഇസ്രയേലിനു വേണ്ടി അമേരിക്ക എന്തും ചെയ്യുമെന്നതിന് മറ്റൊരു തെളിവായി.

    ReplyDelete