Friday, July 1, 2011

സ്വാശ്രയ വിദ്യാഭ്യാസമേഖലയില്‍ ഇപ്പോള്‍ സംഭവിച്ചത്

$ മെഡിക്കല്‍ പിജി പ്രവേശനത്തിന് 50 ശതമാനം സീറ്റിലേക്ക് സര്‍ക്കാര്‍ ക്വാട്ടയില്‍ നിന്നു പ്രവേശനം നല്‍കുന്നതില്‍ അലംഭാവം കാട്ടി. എല്‍ഡിഎഫ് ഭരണകാലത്ത് ഈ കോളേജുകള്‍ക്ക് എന്‍ഒസി നല്‍കിയപ്പോള്‍ 50 സീറ്റില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ നിന്നു പ്രവേശനം നല്‍കണമെന്ന് കരാര്‍ ഉണ്ടാക്കിയിരുന്നു.

$ മെയ് 31 ആയിരുന്നു മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള കാലാവധി. സാധാരണനിലയില്‍ മെയ് മൂന്നാം വാരത്തിലാണ് മെഡിക്കല്‍ പിജി പ്രവേശനത്തിന് രണ്ടാംഘട്ട അലോട്ട്മെന്റ് നടത്താറ്. ഇപ്രകാരം മെയ് മൂന്നാം വാരത്തില്‍ പ്രവേശനം നടത്തുന്നതില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായി. മെയ് 30നും സര്‍ക്കാര്‍ മെറിറ്റ് ലിസ്റ്റ് നല്‍കാത്തതിനാല്‍ മാനേജ്മെന്റുകള്‍ സ്വന്തം നിലയില്‍ പ്രവേശനം നടത്തി. 30നകം സര്‍ക്കാര്‍ ലിസ്റ്റ് നല്‍കിയില്ലെങ്കില്‍ 31ന് സ്വന്തം നിലയില്‍ പ്രവേശനം നടത്തുമെന്ന് മാനേജ്മെന്റുകള്‍ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിനെ അറിയിച്ചിരുന്നു.

$ തീയതി നീട്ടിക്കിട്ടാന്‍ സുപ്രീംകോടതിയില്‍ പോകാന്‍ മെയ് 28നു മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗംതീരുമാനിച്ചു. എന്നാല്‍ , പോയില്ല.

$ സര്‍ക്കാര്‍ പ്രവേശനം നടത്താത്തതിനെ തുടര്‍ന്ന് മെയ് 31ന് മാനേജ്മെന്റുകള്‍ സ്വന്തം നിലയില്‍ പ്രവേശനം നടത്തി. ഇത് വിവാദമായപ്പോള്‍ ജൂണ്‍ ഏഴിന്, 50 ശതമാനം സീറ്റ് ഏറ്റെടുത്ത് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി. കോടതി വിധികള്‍ക്ക് വിധേയമായായിരിക്കും പ്രവേശനമെന്ന് വ്യവസ്ഥയും വച്ചു.

$ 50 ശതമാനം ഏറ്റെടുത്തതിനെതിരെ മാനേജ്മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ , സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം കൊടുത്തില്ല. ഈ കേസില്‍ സര്‍ക്കാറിന് ഒരു താല്‍പ്പര്യവുമില്ലേ എന്നുവരെ ഹൈക്കോടതി ചോദിച്ചു, ഒടുവില്‍ ഹൈക്കോടതി ആവശ്യപ്പെട്ടശേഷമാണ് സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായത്.

$ മെയ് 31നു ശേഷം പ്രവേശനം നടത്താന്‍ സര്‍ക്കാറിന് അധികാരമില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. സമയത്തിനു ശേഷം പ്രവേശനം നല്‍കണമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കണമെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. എന്നിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല.

$ ജൂണ്‍ 27ന് സമാനമായ കേസില്‍ കര്‍ണാടക സര്‍ക്കാറിന് സുപ്രീംകോടതി സമയം നീട്ടിനല്‍കി. മറ്റു സംസ്ഥാനങ്ങള്‍ക്കും സമീപിച്ചാല്‍ സമയം നീട്ടി നല്‍കാമെന്ന് സുപ്രീംകോടതി പറഞ്ഞു. എന്നിട്ടും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയില്ല. ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ 29നു മാത്രമാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. അന്ന് വിധി കിട്ടിയില്ല. കര്‍ണാടകത്തിനു കൊടുത്തപോലെ തങ്ങള്‍ക്കും സമയം നീട്ടിനല്‍കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പി വി ദിനേശന്‍ ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ ഇതുവരെ എവിടെയായിരുന്നെന്നാണ് കോടതി ചോദിച്ചത്. ഒടുവില്‍ വെള്ളിയാഴ്ച വരെ പ്രവേശനം നടത്താന്‍ അനുമതി നല്‍കി. സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി ഹൈക്കോടതിയും മാനേജ്മെന്റുകളുടെ ഹര്‍ജി തള്ളി. എംബിബിഎസ്, എന്‍ജി. പ്രവേശനത്തിലും കള്ളക്കളി

$ പ്രശ്നം പരിഹരിക്കാന്‍ തന്റെ സര്‍ക്കാറിന് സമയം കിട്ടിയില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു പറയുന്നത്. എന്നാല്‍ , 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു മാസത്തിനകം നിയമം കൊണ്ടുവന്നു. ഈ നിയമത്തിന്റെ ബലത്തില്‍ 2006-ല്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഫീസില്‍ പ്രവേശനം നല്‍കി. ഈ വിദ്യാര്‍ഥികള്‍ അഞ്ചു വര്‍ഷവും സര്‍ക്കാര്‍ നിശ്ചയിച്ച ഫീസില്‍ പഠിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ധാരണയില്‍ നിന്നു പിന്മാറി. ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകളുടെ ബലത്തിലായിരുന്നു ഇത്.

$ ഇത്തവണ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റുകളുമായി രഹസ്യ ചര്‍ച്ച നടത്തി. പ്രശ്നം ഒത്തുതീര്‍ന്നെന്നും ഈ വര്‍ഷം കഴിഞ്ഞ വര്‍ഷം പോലെ തന്നെ പോകാന്‍ ധാരണയായെന്നും മന്ത്രിസഭാ ഉപസമിതിയുടെ നേതൃത്വം വഹിക്കുന്ന കെ എം മാണി പ്രഖ്യാപിച്ചു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നടപടി സര്‍ക്കാര്‍ അംഗീകരിച്ചതോടെ തങ്ങളും ആ വഴിക്ക് നീങ്ങുമെന്ന് മറ്റ് 11 കോളേജും പ്രഖ്യാപിച്ചു.

$ എംബിബിഎസ് ഫീസ് വര്‍ധിപ്പിച്ച മാനേജ്മെന്റ് നടപടിക്കെതിരെ മുഹമ്മദ്കമ്മിറ്റിക്ക് തന്നെ ഹൈക്കോടതിയില്‍ പോകേണ്ടി വന്നു. ഫീസ് കാര്യത്തില്‍ തങ്ങള്‍ക്ക് പ്രത്യേക നിലപാടില്ലെന്നാണ് ഈ സമയം സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. $ എന്‍ജിനിയറിങ് കോളേജ് മാനേജ്മെന്റുകളുമായും ചര്‍ച്ച നടത്തി ഫലപ്രദമായ തീരുമാനമെടുത്തില്ല. പ്രവേശനം ഇപ്പോള്‍ അനിശ്ചിതത്വത്തില്‍ .
(എം രഘുനാഥ്)

ദേശാഭിമാനി 010711

1 comment:

  1. മെഡിക്കല്‍ പിജി പ്രവേശനത്തിന് 50 ശതമാനം സീറ്റിലേക്ക് സര്‍ക്കാര്‍ ക്വാട്ടയില്‍ നിന്നു പ്രവേശനം നല്‍കുന്നതില്‍ അലംഭാവം കാട്ടി. എല്‍ഡിഎഫ് ഭരണകാലത്ത് ഈ കോളേജുകള്‍ക്ക് എന്‍ഒസി നല്‍കിയപ്പോള്‍ 50 സീറ്റില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ നിന്നു പ്രവേശനം നല്‍കണമെന്ന് കരാര്‍ ഉണ്ടാക്കിയിരുന്നു.

    ReplyDelete