Saturday, July 23, 2011

ക്ഷേത്രസ്വത്ത് മൂല്യനിര്‍ണയമല്ല; കണക്കെടുപ്പ്

ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രം നിലവറകളില്‍ കണ്ടെത്തിയ വന്‍നിധി ശേഖരത്തിന്റെ മൂല്യം നിര്‍ണയിക്കണമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവില്‍ പരാമര്‍ശമില്ല. സ്വത്തിന്റെ വസ്തുവിവരപ്പട്ടിക തയ്യാറാക്കാനാണ് നിര്‍ദേശം. ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ ഇടക്കാല ഉത്തരവ് സുപ്രീംകോടതി വെള്ളിയാഴ്ച വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അഞ്ചംഗ വിദഗ്ധസമിതിയെ നിയമിച്ചുള്ള രണ്ടംഗ ബെഞ്ചിന്റെ ഉത്തരവില്‍ പ്രധാനമായും മൂന്നു നിര്‍ദേശമാണ് മുന്നോട്ടുവയ്ക്കുന്നത്.

ഒന്ന്, ഒരു വിദഗ്ധസമിതിയുട്ടെ മേല്‍നോട്ടത്തില്‍ ബി ഒഴികെയുള്ള മറ്റ് അഞ്ച് നിലവറയിലെ വസ്തുവകകളുടെ വിശദമായ കണക്കെടുപ്പ്; വീഡിയോയിലും ഫോട്ടോയിലുമുള്ള പകര്‍ത്തല്‍ അടക്കം.

രണ്ട്, നൂറ്റാണ്ടുകളായി അടഞ്ഞുകിടന്ന നിലവറകള്‍ തുറന്ന് വസ്തുവകകള്‍ എണ്ണി തിട്ടപ്പെടുത്തുമ്പോള്‍ അന്തരീക്ഷത്തിലെ മാറ്റവും മറ്റും കാരണം അവയ്ക്ക് കേടുപാടു സംഭവിക്കാതിരിക്കാന്‍ വിദഗ്ധരുടെയും പുരാവസ്തു സൂക്ഷിപ്പുകാരുടെയും സേവനം.

മൂന്ന്, ആവശ്യമായ സുരക്ഷ. സുരക്ഷയ്ക്ക് പൊലീസ് കാവല്‍ മാത്രം പോര. മറ്റു സംവിധാനങ്ങളും വേണം. സുരക്ഷാവിദഗ്ധന്റെ സഹായത്തോടെ നിലവറകളില്‍ സ്ട്രോങ്റൂമും ഉരുക്ക് കവചവും മറ്റും തീര്‍ക്കുന്നത് പരിഗണിക്കണം.

ഇതിനും കണക്കെടുപ്പ്, പരിപാലനം, സുരക്ഷ എന്നീ വിഷയത്തില്‍ വേണ്ട ഉപദേശം നല്‍കാനും അഞ്ചംഗ വിദഗ്ധസമിതിയെ നിയോഗിക്കുന്നു. ഈ സമിതിക്ക് താഴെ പറയുന്ന ഉത്തരവാദിത്തങ്ങളാണുണ്ടാകുക.

ഒന്ന്, വീഡിയോയിലും ഫോട്ടോയിലും പകര്‍ത്തുന്നതടക്കം വസ്തുക്കളുടെ കണക്കെടുപ്പ് നടത്തുകയും അതിന് മേല്‍നോട്ടം വഹിക്കുകയും ചെയ്യുക. കണക്കെടുപ്പ് പൂര്‍ത്തിയായശേഷം നിലവറകളില്‍ തന്നെ വസ്തുക്കള്‍ ശരിയാംവിധം സൂക്ഷിക്കാന്‍ സൗകര്യമൊരുക്കുക.

രണ്ട്, വസ്തുക്കളെയും ആഭരണങ്ങളെയും പൗരാണികമായോ ചരിത്രപരമായോ കലാപരമായോ പ്രാധാന്യമുള്ളത്, മതപരമായ ആവശ്യങ്ങള്‍ക്കും ക്ഷേത്രത്തിലെ നിത്യപൂജകള്‍ക്കും മറ്റും വേണ്ടിവരുന്നത്, കലാപരമായും മറ്റും പ്രാധാന്യമൊന്നുമില്ലെങ്കിലും സാമ്പത്തികമായി മൂല്യമുള്ളത് എന്നിങ്ങനെ മൂന്നായി തിരിക്കുക.

മൂന്ന്, വസ്തുക്കള്‍ നിലവറകളില്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഹ്രസ്വകാല-ദീര്‍ഘകാല പദ്ധതികള്‍ നിര്‍ദേശിക്കുക.

നാല്, ക്ഷേത്രത്തിനും നിലവറകള്‍ക്കും ആവശ്യമായ സുരക്ഷയ്ക്ക് പദ്ധതി തയ്യാറാക്കുക.

അഞ്ച്, ഭക്തര്‍ക്ക് ഗുണകരമാംവിധം പ്രദര്‍ശനയോഗ്യമായ വസ്തുക്കളുണ്ടോയെന്ന് പരിശോധിക്കുകയും അങ്ങനെയുണ്ടെങ്കില്‍ ക്ഷേത്രവളപ്പില്‍ തന്നെ അതീവസുരക്ഷയുള്ള മ്യൂസിയം നിര്‍മിക്കുന്നതിനോ അതല്ലെങ്കില്‍ സമീപമുള്ള മ്യൂസിയത്തില്‍ സൂക്ഷിക്കുന്നതിനോ ഉള്ള സാധ്യത ആരായുക.

ആറ്, ബി നിലവറ ഈ ഘട്ടത്തില്‍ തുറക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്യുക.

അഞ്ചംഗ സമിതിയെ നിയോഗിച്ച സാഹചര്യത്തില്‍ പഴയ ഏഴംഗ സമിതി ആവശ്യമില്ല. പകരം ജസ്റ്റിസ് എം എന്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ മൂന്നംഗ മേല്‍നോട്ട സമിതി മതി. വിദഗ്ധസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുക, കണക്കെടുപ്പ് പൂര്‍ത്തിയാക്കുക, നിരീക്ഷകരായി തുടരുക എന്നീ ഉത്തരവാദിത്തങ്ങളായിരിക്കും മേല്‍നോട്ട സമിതിക്ക്. മേല്‍നോട്ട സമിതി തലവനുമായി ആലോചിച്ചു വേണം വിദഗ്ധസമിതി ക്ഷേത്രസന്ദര്‍ശനവും മറ്റും തീരുമാനിക്കാന്‍ . ഇതുവഴി ദിനംപ്രതി തടസ്സമില്ലാതെ കണക്കെടുപ്പ് പൂര്‍ത്തിയാക്കണം. യാത്രയും താമസവുമടക്കം വിദഗ്ധസമിതിയുടെ ചെലവ് സര്‍ക്കാരും ക്ഷേത്രട്രസ്റ്റും വഹിക്കണം. ഇരുസമിതിയിലെയും അംഗങ്ങളും കണക്കെടുപ്പിന് ആവശ്യമായ മറ്റാളുകളുമൊഴികെ മറ്റ് വ്യക്തികളെയൊന്നും കണക്കെടുപ്പ് വേളയില്‍ ഒപ്പം കൂട്ടരുത്. ഇരുസമിതിയും അഭിപ്രായങ്ങളും റിപ്പോര്‍ട്ടുകളും സുപ്രീംകോടതിക്ക് മാത്രമേ സമര്‍പ്പിക്കാവൂ-കോടതി ഉത്തരവില്‍ പറഞ്ഞു.

മൂല്യനിര്‍ണയത്തിന് വിദഗ്ധസമിതിയെന്ന നിലയില്‍ പല ദൃശ്യ-പത്ര മാധ്യമങ്ങളിലും വന്ന വാര്‍ത്ത ശരിയാകാനിടയില്ലെന്ന് നേരത്തെ തന്നെ തോന്നിയിരുന്നതായി കോടതി നിയമിച്ച സമിതി അംഗങ്ങളിലൊരാള്‍ പറഞ്ഞു. മൂല്യനിര്‍ണയത്തിന് തങ്ങളുടെ സമിതി പര്യാപ്തമല്ല. അതിന് ആഭരണങ്ങളുടെയും രത്നങ്ങളുടെയുമൊക്കെ മൂല്യം നിശ്ചയിക്കാന്‍ വിദഗ്ധരായ ആ മേഖലയില്‍ നിന്നുള്ള ആളുകള്‍ വേണം. റിസര്‍വ് ബാങ്ക് പ്രതിനിധിയെ മൂല്യം കണക്കാക്കാനല്ല സുരക്ഷാകാര്യങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്-അദ്ദേഹം പറഞ്ഞു.
(എം പ്രശാന്ത്)

deshabhimani 220711

1 comment:

  1. പത്മനാഭസ്വാമി ക്ഷേത്രം നിലവറകളില്‍ കണ്ടെത്തിയ വന്‍നിധി ശേഖരത്തിന്റെ മൂല്യം നിര്‍ണയിക്കണമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവില്‍ പരാമര്‍ശമില്ല. സ്വത്തിന്റെ വസ്തുവിവരപ്പട്ടിക തയ്യാറാക്കാനാണ് നിര്‍ദേശം. ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ ഇടക്കാല ഉത്തരവ് സുപ്രീംകോടതി വെള്ളിയാഴ്ച വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

    ReplyDelete