Saturday, July 23, 2011

വിരമിക്കല്‍ ഏകീകരണം പിന്‍വലിക്കുന്നത് ആനുകൂല്യങ്ങള്‍ കവരുന്നതിന്റെ തുടക്കം

പെന്‍ഷന്‍ ഏകീകരണം പിന്‍വലിക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കം ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തിന്റെ തുടക്കം. സിവില്‍ സര്‍വീസിന്റെ കാര്യക്ഷമത കുറയാനും നീക്കം ഇടയാക്കുമെന്ന് സര്‍വീസ്രംഗത്തെ വിദഗ്ധര്‍ പറയുന്നു. പെന്‍ഷന്‍ ഏകീകരണം പിന്‍വലിക്കുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി നിയമസഭയിലാണ് പറഞ്ഞത്. പെന്‍ഷന്‍ പ്രായം 55 ആക്കിയാണോ ഏകീകരണം പിന്‍വലിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഏകീകരണം നടപ്പാക്കിയതോടെ അധികമായി കിട്ടുന്ന മാസത്തെ സര്‍വീസുകൂടി കണക്കാക്കിയാണ് ജീവനക്കാര്‍ ക്ക് പെന്‍ഷനും ഗ്രാറ്റുവിറ്റിയും അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുക. ഏകീകരണം പിന്‍വലിക്കുന്നതോടെ ഇതുനഷ്ടമാകും. 11മാസത്തെ അധികസര്‍വീസ് കിട്ടുമായിരുന്ന ജീവനക്കാര്‍ക്ക് ആ മാസത്തെ ശമ്പളം നഷ്ടപ്പെടും. ഇതിനുപുറമെ പെന്‍ഷന്‍ തുകയിലും മാസം 500 മുതല്‍ 800 രൂപയുടെ കുറവുണ്ടാകും.

ഓരോ മാസത്തിലുള്ള വിരമിക്കലും സ്ഥലം മാറ്റവും ഒഴിവാക്കി സിവില്‍ സര്‍വീസിനെ കാര്യക്ഷമമാക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വിരമിക്കല്‍ ഏകീകരണം നടപ്പാക്കിയതെന്ന് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. സിവില്‍ സര്‍വീസിന്റെ കാര്യക്ഷമത നഷ്ടപ്പെടുന്നതിനുപുറമെ ജീവനക്കാരുടെ നിലവിലുള്ള ആനകൂല്യങ്ങള്‍ നഷ്ടപ്പെടുത്താനിടയാക്കുന്ന നീക്കം അനുവദിക്കില്ലെന്ന് എഫ്എസ്ഇടിഒ ജനറല്‍ സെക്രട്ടറി എ ശ്രീകുമാറും കേരള സെക്രട്ടറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ് യു രാജീവും പറഞ്ഞു. നിലവില്‍ ജീവനക്കാര്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തി പെന്‍ഷന്‍ ഏകീകരണം പിന്‍വലിക്കരുതെന്ന് എന്‍ജിഒ അസോസിയേഷന്‍ ചെയര്‍മാന്‍ കോട്ടാത്തല മോഹനനും ആവശ്യപ്പെട്ടു. പെന്‍ഷന്‍ ഏകീകരണത്തെ രാഷ്ട്രീയമായി ആദ്യംമുതല്‍ എതിര്‍ത്ത എന്‍ജിഒ അസോസിയേഷന്‍വരെ ഇത്തരത്തില്‍ ഉപാധിവച്ചത് സര്‍ക്കാരിനെ കുഴക്കി. ഈനിര്‍ദേശം അംഗീകരിച്ച് പെന്‍ഷന്‍പ്രായം കൂട്ടിയാല്‍ യുവാക്കളുടെ രൂക്ഷം എതിര്‍പ്പിനിടയാക്കുമെന്നും സര്‍ക്കാര്‍ ഭയക്കുന്നുണ്ട്.

deshabhimani 230711

1 comment:

  1. പെന്‍ഷന്‍ ഏകീകരണം പിന്‍വലിക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കം ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തിന്റെ തുടക്കം. സിവില്‍ സര്‍വീസിന്റെ കാര്യക്ഷമത കുറയാനും നീക്കം ഇടയാക്കുമെന്ന് സര്‍വീസ്രംഗത്തെ വിദഗ്ധര്‍ പറയുന്നു. പെന്‍ഷന്‍ ഏകീകരണം പിന്‍വലിക്കുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി നിയമസഭയിലാണ് പറഞ്ഞത്. പെന്‍ഷന്‍ പ്രായം 55 ആക്കിയാണോ ഏകീകരണം പിന്‍വലിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഏകീകരണം നടപ്പാക്കിയതോടെ അധികമായി കിട്ടുന്ന മാസത്തെ സര്‍വീസുകൂടി കണക്കാക്കിയാണ് ജീവനക്കാര്‍ ക്ക് പെന്‍ഷനും ഗ്രാറ്റുവിറ്റിയും അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുക. ഏകീകരണം പിന്‍വലിക്കുന്നതോടെ ഇതുനഷ്ടമാകും. 11മാസത്തെ അധികസര്‍വീസ് കിട്ടുമായിരുന്ന ജീവനക്കാര്‍ക്ക് ആ മാസത്തെ ശമ്പളം നഷ്ടപ്പെടും. ഇതിനുപുറമെ പെന്‍ഷന്‍ തുകയിലും മാസം 500 മുതല്‍ 800 രൂപയുടെ കുറവുണ്ടാകും.

    ReplyDelete