Saturday, July 23, 2011

കണ്ടില്ലെന്നു നടിച്ച വളര്‍ച്ചനിരക്ക്

കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് ധനമന്ത്രി കെ എം മാണി കഴിഞ്ഞ ചൊവ്വാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച ധവളപത്രം ഗുരുതരമായ പിശകുകള്‍ നിറഞ്ഞതാണ്. കഴിഞ്ഞ ആറേഴുവര്‍ഷമായി കേട്ടുകേള്‍വിപോലുമില്ലാത്ത ഒരു കാര്യം കെ എം മാണി ധവളപത്രത്തില്‍ എടുത്തുകാട്ടിയിട്ടുണ്ട്. അതില്‍ കേരളത്തിലെ ആഭ്യന്തര ഉല്‍പ്പാദനം (ജിഎസ്ഡിപി) 2003-04ല്‍ നിന്ന് 2004-05ല്‍ എത്തുമ്പോള്‍ 23.34 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി പറയുന്നു.

2000-01 മുതല്‍ 2009-10 വരെ അഞ്ചു ശതമാനം തൊട്ട് 14.05 ശതമാനംവരെമാത്രം വളര്‍ച്ചയുള്ളപ്പോള്‍ ഈ പ്രത്യേക വര്‍ഷംമാത്രം ഇത്രയും വലിയ വളര്‍ച്ചനിരക്ക് കേരളം രേഖപ്പെടുത്തിയത് ശ്രദ്ധിക്കപ്പെടാതെ പോയതെങ്ങനെ? അതും വികസിത രാജ്യങ്ങളെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലുള്ള കാര്യമായ ഒരു വളര്‍ച്ചനിരക്ക് കണ്ടില്ലെന്നു നടിക്കാന്‍മാത്രം എവിടെയാണ് പിശക് പറ്റിയത്. ഒരു രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം തിട്ടപ്പെടുത്തുന്നതിനെ ചുറ്റിപ്പറ്റി തര്‍ക്കങ്ങളുണ്ടെങ്കിലും ആഗോളമായും ദേശീയമായും അംഗീകരിക്കപ്പെട്ട മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് ഡിഇഎസ് (Department of Economics and Statistics) സംസ്ഥാനത്തെ ജിഎസ്ഡിപി കണക്കാക്കുന്നത്. ഡിഇഎസില്‍നിന്നുള്ള വിവരങ്ങളാണ് സിഎസ്ഒയും സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും ആശ്രയിക്കുന്നത്.

ആഭ്യന്തര ഉല്‍പ്പാദനമൂല്യം രണ്ടു തരത്തിലാണ് ഡിഇഎസ് നല്‍കുന്നത്. കറന്റ് പ്രൈസിലും കണ്‍സ്റ്റന്റ് പ്രൈസിലും. കറന്റ് പ്രൈസ് കൊണ്ട് അര്‍ഥമാക്കുന്നത് ഓരോ വര്‍ഷത്തെയും ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ മൂല്യം അതതുവര്‍ഷത്തെ വിലനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കുന്നു എന്നാണ്. ഓരോ വര്‍ഷത്തെയും ആഭ്യന്തര ഉല്‍പ്പാദനം ഏതെങ്കിലും പ്രത്യേകവര്‍ഷത്തെ (അടിസ്ഥാനവര്‍ഷം) വിലനിലവാരപ്രകാരം കണക്കാക്കപ്പെടുന്നതാണ് കണ്‍സ്റ്റന്റ് പ്രൈസ്. ഒരു രാജ്യത്തെ ദേശീയവരുമാനത്തിന്റെ വളര്‍ച്ചനിരക്ക് കണക്കാക്കുമ്പോള്‍ പണപ്പെരുപ്പത്തിന്റെ സ്വാധീനം ഒഴിവാക്കാനായാണ് അടിസ്ഥാനവര്‍ഷത്തെ വിലനിലവാരത്തില്‍ ആഭ്യന്തര ഉല്‍പ്പാദനം തിട്ടപ്പെടുത്തുന്നത്. ഏറ്റക്കുറച്ചിലുകള്‍ ഒന്നുമില്ലാത്ത വര്‍ഷമാണ് സാധാരണ തെരഞ്ഞെടുക്കുക. ഇന്ത്യയില്‍ (കേരളത്തിലും) ഏറ്റവും ഒടുവിലത്തെ അടിസ്ഥാന വര്‍ഷം 2004-05 ആണ്. അതായത്, 2004-05 മുതലുള്ള ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ മൂല്യം 2004-05ലെ വിലനിലവാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ഉദാഹരണത്തിന് 2009-10 സാമ്പത്തികവര്‍ഷം കേരളത്തിന്റെ ജിഎസ്ഡിപി കറന്റ് പ്രൈസില്‍ (2009-10ലെ വില നിലവാരത്തില്‍) 2,30,316 കോടി രൂപയും കണ്‍സ്റ്റന്റ് പ്രൈസില്‍ (അതായത്, 2004-05 വര്‍ഷത്തെ വിലനിലവാരത്തില്‍) 1,81,289 കോടി രൂപയുമാണ്. 2004-05ന് മുമ്പുള്ള അടിസ്ഥാന വര്‍ഷങ്ങള്‍ 1999-2000, 1993-94, 1980-81, 1970-71, 1960-61 എന്നിങ്ങനെയാണ്. മറ്റൊരു പ്രധാന പ്രശ്നം കറന്റ് പ്രൈസിലെ വിവരങ്ങള്‍പോലും അടിസ്ഥാനവര്‍ഷം മാറുന്നതിന് അനുസരിച്ച് മാറുന്നു എന്നതാണ്. അതായത്, 2004-05 വര്‍ഷത്തെ ജിഎസ്ഡിപി 1999-2000 അടിസ്ഥാന വര്‍ഷത്തെ കണക്കുപ്രകാരം 1,10,260 കോടി രൂപയും 2004-05 അടിസ്ഥാനവര്‍ഷ പ്രകാരം 1,19,264 കോടി രൂപയുമാണ്. ഏകദേശം 9000 കോടി രൂപയുടെ വ്യത്യാസം. ജിഎസ്ഡിപി വിവരങ്ങള്‍ നല്‍കുന്നതിലെ ഈ പ്രത്യേകതയാണ് ധവളപത്ര കണക്കില്‍ ശ്രദ്ധിക്കാതെ പോയത്. അതായത്, 2003-04 വരെയുള്ള ജിഎസ്ഡിപി, 1999-2000 അടിസ്ഥാനവര്‍ഷ പ്രകാരവും 2004-05 മുതലുള്ള ജിഎസ്ഡിപി 2004-05 അടിസ്ഥാന വര്‍ഷത്തെ ആസ്പദമാക്കിയുമാണ് പട്ടിക ഒന്നില്‍ നല്‍കിയത്.

ഇതനുസരിച്ച് കേരളത്തിന്റെ ജിഎസ്ഡിപി 96,698 കോടി രൂപയില്‍നിന്ന് 1,19,264 കോടി രൂപയിലേക്ക് (23 ശതമാനം) വളര്‍ന്നതായി കണക്കാക്കി. ഇത് ഗൗരവമായ പിശകാണ്. യഥാര്‍ഥത്തില്‍ ഇത് 2003-04ല്‍ 96,698ല്‍നിന്ന് 2004-05 ലേക്ക് 1,10,260 കോടി രൂപയായി മാത്രമേ ഉയര്‍ന്നിട്ടുള്ളൂ. അതായത്, 14.02 ശതമാനം വളര്‍ച്ച. ബേസ് ഷിഫ്റ്റിങ് എന്ന ലളിതമായ കാര്യം ഗൗരവമായി എടുക്കാത്തതിനാലാണ് ഇത്തരം ഗുരുതരമായ പിശക് പറ്റുന്നത്. ഇതിന് നല്‍കേണ്ടി വരുന്നത് വലിയ വിലയാണ്. ഇന്റര്‍നെറ്റ് യുഗത്തില്‍ ലോകത്തിന്റെ ഏത് മൂലയിലിരുന്നും ആര്‍ക്കും വായിക്കാവുന്ന തരത്തില്‍ സര്‍ക്കാര്‍ ഇറക്കിയ ധവളപത്രത്തില്‍ കേരളം 23 ശതമാനം വളര്‍ച്ച നേടി എന്ന് അവകാശപ്പെടുമ്പോള്‍ , അത് മറ്റെല്ലാ വര്‍ഷത്തേക്കാളും വേറിട്ടു നില്‍ക്കുന്നെന്നു കാണുമ്പോള്‍ ഒന്ന് ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതല്ലേ ഇത് എന്ന് മനസ്സിലാക്കുന്നത് നന്ന്. പ്രത്യേകിച്ചും വളര്‍ച്ചനിരക്കുകളെക്കുറിച്ചുള്ള ചര്‍ച്ച വ്യാപകമായി നടക്കുന്ന ഒരു കാലഘട്ടത്തില്‍ .
(ഷൈജന്‍ ഡി)

ദേശാഭിമാനി 230711

1 comment:

  1. കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് ധനമന്ത്രി കെ എം മാണി കഴിഞ്ഞ ചൊവ്വാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച ധവളപത്രം ഗുരുതരമായ പിശകുകള്‍ നിറഞ്ഞതാണ്. കഴിഞ്ഞ ആറേഴുവര്‍ഷമായി കേട്ടുകേള്‍വിപോലുമില്ലാത്ത ഒരു കാര്യം കെ എം മാണി ധവളപത്രത്തില്‍ എടുത്തുകാട്ടിയിട്ടുണ്ട്. അതില്‍ കേരളത്തിലെ ആഭ്യന്തര ഉല്‍പ്പാദനം (ജിഎസ്ഡിപി) 2003-04ല്‍ നിന്ന് 2004-05ല്‍ എത്തുമ്പോള്‍ 23.34 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി പറയുന്നു.

    ReplyDelete