അനിവാര്യമായ സാമൂഹ്യമാറ്റത്തെ പരിഹസിക്കുന്ന ഐസിഎസ്ഇ ഏഴാംക്ലാസിലെ മലയാള പാഠാവലിയിലെ അധ്യായം അടിയന്തരമായി നീക്കം ചെയ്യണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ടി ജെ എസ് ജോര്‍ജിന്റെ ഘോഷയാത്ര എന്ന പുസ്തകത്തിലെ മുരിക്കന്‍ എന്ന ഭാഗം ജന്മിത്വത്തിന് സ്തുതിപാടുന്നതും ജന്മിത്തം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിച്ച സര്‍ക്കാരുകളെ അപഹസിക്കുന്നതുമാണ്. ഇങ്ങനെയൊരു പാഠഭാഗം കുട്ടികളെ പഠിപ്പിക്കുന്നത് ജനാധിപത്യം നിലനില്‍ക്കുന്ന ഒരു രാജ്യത്തിന് ഭൂഷണമല്ല. ഭൂപരിഷ്കരണത്തിനു നടപടി സ്വീകരിച്ച ഇ എം എസ് സര്‍ക്കാരിനെ പേരെടുത്ത് അധിക്ഷേപിക്കാനുള്ള അഭിപ്രായ സ്വാതന്ത്ര്യം എഴുത്തുകാരനുണ്ട്. പക്ഷേ, അത് സ്കൂള്‍ സിലബസില്‍ പാഠ്യവിഷയമാക്കുന്നത് അനുചിതമാണ്.
കുട്ടനാട്ടില്‍ കായല്‍കൃഷി ഉണ്ടായത് മുരിക്കുംമൂട്ടില്‍ ഔതമന്‍ ജോസഫ് അഥവാ ജോസഫ് മുരിക്കന്‍ എന്ന കായല്‍ജന്മിക്ക് വെളിപ്പാടുണ്ടായതു കൊണ്ടാണെന്നാണ് പാഠഭാഗത്തില്‍ പറയുന്നത്. ഇത് ചരിത്രനിഷേധമാണ്. ചിത്തിര, മാര്‍ത്താണ്ഡം, റാണി എന്നീ കായല്‍നിലങ്ങള്‍ കൃഷിക്കനുയോജ്യമാക്കാന്‍ എല്ലുനുറുങ്ങി പണിയെടുത്തത് മുരിക്കനെന്ന ഒറ്റയാനാണെന്ന ചിത്രീകരണമാണ് പുസ്തകത്തില്‍ .കുട്ടനാട്ടെ കായല്‍നിലങ്ങളെ കൃഷിയോഗ്യമാക്കാന്‍ ജീവന്‍വെടിഞ്ഞ കര്‍ഷകത്തൊഴിലാളികളുടെ സംഖ്യ എണ്ണിയാലൊടുങ്ങാത്തതാണ്. അതു കാണാതെ ജന്മിസ്തുതിയില്‍ കേന്ദ്രീകരിച്ച വിവരണം കുട്ടികളെ പഠിപ്പിക്കുന്നത് ചരിത്രത്തെ വികലമാക്കലാണ്.
ഇ എം എസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്കരണം പ്രായോഗികബുദ്ധിയില്ലാത്തതായി പോയെന്നാണ് ജോര്‍ജ് പറഞ്ഞിരിക്കുന്നത്. ഇന്ത്യയിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനായ ജോര്‍ജിന്റേതായി അസംഖ്യം ലേഖനങ്ങളുണ്ട്. പക്ഷേ, അതില്‍ തികഞ്ഞ തൊഴിലാളിവിരുദ്ധതയും ജന്മിത്തപക്ഷപാതവുമുള്ള ഭാഗം തന്നെ തെരഞ്ഞെടുത്ത് കുട്ടികളെ പഠിപ്പിക്കുന്നത് കടുത്ത അനീതിയാണ്. നാടിന്റെ സാമൂഹ്യമാറ്റത്തിനെതിരായ വൃഥാ ഉള്ള ചിറകെട്ടല്‍ മാത്രമാണ് ഇത്തരം ദുഃഖപ്രകടനങ്ങള്‍ . ചരിത്രവിരുദ്ധവും സാമൂഹ്യമാറ്റത്തെ അപഹസിക്കുന്നതുമായ പാഠഭാഗം നീക്കം ചെയ്യാന്‍ ഐസിഎസ്ഇ ബോര്‍ഡും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയവും അടിയന്തര നടപടി സ്വീകരിക്കണമെന്ന് പിണറായി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വിവാദപുസ്തകം കണ്ടിട്ടേയില്ല: ഉപദേശകസമിതി അംഗങ്ങള്‍
വിവാദമായ ഐസിഎസ്ഇ ഏഴാം ക്ലാസ് പാഠപുസ്തകത്തിലെ പാഠഭാഗങ്ങള്‍ തങ്ങള്‍ കണ്ടിട്ടില്ലെന്ന് ഉപദേശകസമിതി അംഗങ്ങള്‍ . പാഠപുസ്തകത്തിലെ ഉള്ളടക്കം തങ്ങളെ നേരില്‍ കാണിച്ചിട്ടില്ലെന്നും വസ്തുതാവിരുദ്ധമായ പാഠഭാഗത്തോട് യോജിക്കുന്നില്ലെന്നും ഉപദേശകസമിതി അംഗങ്ങളായ ഒ എന്‍ വി കുറുപ്പ്, സുഗതകുമാരി, പ്രൊഫ. എം കെ സാനു എന്നിവര്‍ പറഞ്ഞു.
പുസ്തകത്തില്‍ ഉള്ളതായി പുറത്തുവന്ന അഭിപ്രായങ്ങളോട് ഒരു കാരണവശാലും യോജിക്കുന്നില്ലെന്ന് ഒ എന്‍ വി വ്യക്തമാക്കി. പാഠഭാഗങ്ങള്‍ ഇന്നേവരെ തന്നെ കാണിച്ചിട്ടില്ല. തന്റെ ഭൂരിഭാഗം പുസ്തകങ്ങളുടെയും പ്രസാധനം നിര്‍വഹിച്ചിരിക്കുന്നത് ഡിസി ബുക്സാണ്. ഈ അടുപ്പത്തിന്റെ പേരിലാണ് ഡിസി ബുക്സ് പുറത്തിറക്കിയ പാഠപുസ്തകത്തിന്റെ ഉപദേശകസമിതിയില്‍ പേരുവയ്ക്കാന്‍ അനുമതി നല്‍കിയത്. പുസ്തകത്തിലെ ഒരുഭാഗവും ഇതുവരെ വായിച്ചിട്ടില്ല. ഈ പാഠഭാഗങ്ങളുമായി ഒരിക്കലും യോജിക്കാനാകില്ലെന്ന് ഒ എന്‍ വി പറഞ്ഞു. പാഠപുസ്തകത്തിന്റെ ഉപദേശകസമിതിയില്‍ വെറുതെ പേരുവച്ചിരിക്കയാണെന്ന് കവയിത്രി സുഗതകുമാരി പറഞ്ഞു. ഉപദേശകസമിതിയില്‍ പേര് ഉള്‍പ്പെടുത്താന്‍ അനുമതി വാങ്ങിയിട്ടുണ്ടോ എന്നുപോലും ഓര്‍ക്കുന്നില്ല. ഉപദേശകസമിതിയെന്നു പറഞ്ഞ് ഇന്നുവരെ ഉപദേശം ആവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ലെന്നും സുഗതകുമാരി ദേശാഭിമാനിയോട് പറഞ്ഞു.
വസ്തുതാവിരുദ്ധമായ പാഠഭാഗത്തോട് പൂര്‍ണമായി വിയോജിക്കുന്നെന്ന് പ്രൊഫ. എം കെ സാനു പറഞ്ഞു. ഉപദേശകസമിതിയില്‍ അംഗമായാലും പാഠഭാഗത്തിന്റെ തെരഞ്ഞെടുപ്പില്‍ പങ്കുവഹിച്ചിട്ടില്ല. രാഷ്ട്രീയ സ്പര്‍ധനിറഞ്ഞ നിര്‍വചനം ഉള്‍ക്കൊള്ളിച്ചത് ഒരിക്കലും അനുവദിക്കാനാകില്ലെന്നും എം കെ സാനു വ്യക്തമാക്കി.
ടി ജെ എസ് ജോര്‍ജിന്റെ ഘോഷയാത്ര എന്ന പുസ്തകത്തില്‍നിന്നെടുത്ത പാഠാവലിയിലെ "മുരിക്കന്‍" എന്ന ആറാം അധ്യായത്തിലാണ് 1957ലെ ഇ എം എസ് സര്‍ക്കാരിന്റെ ഭൂപരിഷ്കരണ നടപടികളെയും തൊഴിലാളികളെയും ആക്ഷേപിക്കുന്നത്. പുസ്തകത്തിനെതിരെ രക്ഷാകര്‍ത്താക്കളില്‍ നിന്ന് വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്.
deshabhimani 230711

ReplyDelete