Saturday, July 23, 2011

ബിപിക്ക് റിലയന്‍സ് ഓഹരി വാങ്ങാന്‍ അനുമതി

ന്യൂഡല്‍ഹി: കൃഷ്ണ ഗോദാവരി തീരത്ത് എണ്ണ, പ്രകൃതി വാതക പര്യവേക്ഷണം നടത്തുന്ന റിലയന്‍സ് കമ്പനിയുടെ 30 ശതമാനം ഓഹരി വാങ്ങാന്‍ ബ്രിട്ടീഷ് പെട്രോളിയത്തിന് കേന്ദ്രമന്ത്രിസഭ അനുവാദം നല്‍കി. 720 കോടി ഡോളറിനാണ് (32,400 കോടി രൂപ) 21 ബ്ലോക്കിലെ 30 ശതമാനം ഓഹരി മുകേഷ് അംബാനിയുടെ കമ്പനി കൈമാറുന്നത്. നേരത്തേതന്നെ പര്യവേക്ഷണ ചെലവ് മൂന്നിരട്ടി വര്‍ധിപ്പിച്ച് കോടികള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തട്ടിയെടുത്തതായി സിഎജി കുറ്റപ്പെടുത്തിയിരുന്നു. സിഎജി റിപ്പോര്‍ട്ട് ഉയര്‍ത്തിയ വിവാദം കെട്ടടങ്ങുംമുമ്പാണ് ഓഹരിവില്‍പ്പനയിലൂടെ പതിനായിരകണക്കിനു കോടികള്‍ കീശയിലാക്കാന്‍ റിലയന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുള്ളത്. പെട്രോളിയംമന്ത്രി ജയ്പാല്‍ റെഡ്ഡിയാണ് മന്ത്രിസഭാ തീരുമാനം പത്രസമ്മേളനത്തില്‍ അറിയിച്ചത്. രാജ്യത്തെ ഏറ്റവും വലിയ വിദേശനിക്ഷേപമാണ് ഇതെന്ന് മന്ത്രി അവകാശപ്പെട്ടു.

രാജ്യം കണ്ട ഏറ്റവും വലിയ കൊള്ളയാണിതെന്ന് സിഐടിയു നേതാവ് ദീപാങ്കര്‍ മുഖര്‍ജിയും പ്രതികരിച്ചു. രാജ്യത്തിന്റെ സ്വത്തായ പ്രകൃതിവിഭവം വിദേശകമ്പനിക്ക് കൈമാറിയാണ് റിലയന്‍സ് വന്‍ ലാഭം കൊയ്യുന്നത്. ഫെബ്രുവരി 21നാണ് ബിപിക്ക് ഓഹരിവില്‍ക്കാന്‍ റിലയന്‍സ് തീരുമാനിച്ചത്. അതിനുശേഷമാണ് പുതുപര്യവേക്ഷണ ലൈസന്‍സ് നയമനുസരിച്ച് അംഗീകാരത്തിനായി റിലയന്‍സ് പെട്രോളിയം മന്ത്രാലയത്തെ സമീപിച്ചത്. എന്നാല്‍ , പെട്രോളിയം മന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രമന്ത്രിസഭയോട് ആവശ്യപ്പെടുകയായിരുന്നു. വെള്ളിയാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയാണ് ഓഹരിവില്‍പ്പനയ്ക്ക് അംഗീകാരം നല്‍കിയത്. കഴിഞ്ഞ വര്‍ഷം മെക്സിക്കോ ഉള്‍ക്കടലില്‍ ഉണ്ടായ എണ്ണച്ചോര്‍ച്ചയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ബ്രിട്ടീഷ് പെട്രോളിയത്തിന് ആശ്വസം നല്‍കുന്നതാണ് യുപിഎ സര്‍ക്കാരിന്റെ തീരുമാനം.
(വി ബി പരമേശ്വരന്‍)

deshabhimani 230711

1 comment:

  1. കൃഷ്ണ ഗോദാവരി തീരത്ത് എണ്ണ, പ്രകൃതി വാതക പര്യവേക്ഷണം നടത്തുന്ന റിലയന്‍സ് കമ്പനിയുടെ 30 ശതമാനം ഓഹരി വാങ്ങാന്‍ ബ്രിട്ടീഷ് പെട്രോളിയത്തിന് കേന്ദ്രമന്ത്രിസഭ അനുവാദം നല്‍കി. 720 കോടി ഡോളറിനാണ് (32,400 കോടി രൂപ) 21 ബ്ലോക്കിലെ 30 ശതമാനം ഓഹരി മുകേഷ് അംബാനിയുടെ കമ്പനി കൈമാറുന്നത്. നേരത്തേതന്നെ പര്യവേക്ഷണ ചെലവ് മൂന്നിരട്ടി വര്‍ധിപ്പിച്ച് കോടികള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തട്ടിയെടുത്തതായി സിഎജി കുറ്റപ്പെടുത്തിയിരുന്നു. സിഎജി റിപ്പോര്‍ട്ട് ഉയര്‍ത്തിയ വിവാദം കെട്ടടങ്ങുംമുമ്പാണ് ഓഹരിവില്‍പ്പനയിലൂടെ പതിനായിരകണക്കിനു കോടികള്‍ കീശയിലാക്കാന്‍ റിലയന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുള്ളത്. പെട്രോളിയംമന്ത്രി ജയ്പാല്‍ റെഡ്ഡിയാണ് മന്ത്രിസഭാ തീരുമാനം പത്രസമ്മേളനത്തില്‍ അറിയിച്ചത്. രാജ്യത്തെ ഏറ്റവും വലിയ വിദേശനിക്ഷേപമാണ് ഇതെന്ന് മന്ത്രി അവകാശപ്പെട്ടു.

    ReplyDelete