ന്യൂഡല്‍ഹി: പ്രതിപക്ഷത്തെ അവഗണിച്ച് പൗരസമൂഹക്കാര്ക്കൊപ്പംകൂടി സൂത്രത്തില്‍ ലോക്പാല്‍ബില്‍ കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് കനത്ത തിരിച്ചടി. ബില്‍ തയ്യാറാക്കാന്‍ അണ്ണാ ഹസാരെയുടെ സംഘത്തെ നിയോഗിച്ചതിനെ പ്രതിപക്ഷം ഒന്നടങ്കം ചോദ്യംചെയ്തതോടെ നാണക്കേട് മറയ്ക്കാനുള്ള തത്രപ്പാടിലാണ് കേന്ദ്രം. സര്‍വകക്ഷിയോഗത്തിന്റെ വികാരം മാനിച്ച് കേന്ദ്രമന്ത്രിസഭ പുതിയ കരട് തയ്യാറാക്കുമെന്ന വിശദീകരണവുമായി മന്ത്രിമാര്‍ രംഗത്തെത്തി. സര്‍വകക്ഷിയോഗത്തിലെ തിരിച്ചടി ന്യായീകരിക്കാനാണ് മന്ത്രിമാരായ പി ചിദംബരവും കപില്‍സിബലും പവന്‍കുമാര്‍ ബെന്‍സാലും തിങ്കളാഴ്ച വാര്‍ത്തസമ്മേളനത്തില്‍ ശ്രമിച്ചത്.
പൗരസമൂഹം എന്നാല്‍ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും പ്രതിനിധികളാണെന്ന് കരുതുന്നില്ലെന്ന മന്ത്രിമാരുടെ അഭിപ്രായപ്രകടനം തിരിച്ചടിയില്‍നിന്നുള്ള തിരിച്ചറിവായി. നേരത്തെ സംയുക്തസമിതി രൂപീകരിച്ച് നിരവധി യോഗങ്ങള്‍ ചേര്‍ന്നതും മാസങ്ങളെടുത്ത് രണ്ട് കരടുകള്‍ തയ്യാറാക്കിയതും അനുചിതമായെന്ന് കേന്ദ്രസര്‍ക്കാര്‍ ഇതോടെ പരോക്ഷമായി സമ്മതിച്ചു. കോണ്‍ഗ്രസിന്റെ അഞ്ച് മന്ത്രിമാരും പൗരസമൂഹവും പറയുന്ന വാദങ്ങളല്ല ബില്ലിലുള്പ്പെടുത്തേണ്ടതെന്ന് വ്യക്തമാക്കിയ സര്‍വകക്ഷിയോഗം സര്‍ക്കാര്‍ പൗരസമൂഹത്തിനു പിന്നാലെ പോയതിനെ രൂക്ഷമായി വിമര്‍ശിച്ചു. പൗരസമൂഹസംഘങ്ങളെ പരിധിവിട്ട് പ്രോത്സാഹിപ്പിച്ചതും രാംദേവിനെ ക്യാബിനറ്റ് മന്ത്രിമാര്‍ തന്നെ എയര്‍പോര്‍ട്ടില്‍ പോയി സ്വീകരിച്ചതുമുള്‍പ്പെടെ സര്‍ക്കാര്‍ കാട്ടിക്കൂട്ടിയ ഗൂഢശ്രമങ്ങളെ യോഗത്തില്‍ സംസാരിച്ച പ്രതിപക്ഷ നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു.
"അവര്‍ പൗരസമൂഹമാണെന്ന് പറയുന്നു. ഞങ്ങളൊക്കെ പൗരവിരുദ്ധന്മാരാണോ?" സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി യോഗത്തില്‍ ചോദിച്ചു. "നിങ്ങള്‍ (സര്‍ക്കാര്‍) ആദ്യം മന്ത്രിമാരെ വിട്ട് ജെറ്റ്എയറില് വന്നിറങ്ങിയ രാംദേവിനെ സ്വീകരിച്ചു. പിന്നീടൊരു അര്‍ഥരാത്രി പൊലീസിനെ വിട്ട് രാംദേവിന്റെ ക്യാമ്പ് റെയ്ഡ് ചെയ്തു"- സിപിഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത പറഞ്ഞു. സര്‍ക്കാരിന്റെ നയം ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്നതാണെന്നും ഗുരുദാസ് ദാസ്ഗുപ്ത യോഗത്തില്‍ പറഞ്ഞു.
അണ്ണാ ഹസാരെ സംഘം തയ്യാറാക്കിയ കരട്ബില്‍ കാണാനോ ചര്‍ച്ചചെയ്യാനോ തങ്ങളില്ലെന്ന് സമാജ്വാദിപാര്ടി നേതാവ് രാംഗോപാല്‍ യാദവ് പറഞ്ഞു. ജനതാദള്‍ യു, ആര്‍ജെഡി, ബിജു ജനതാദള്‍ എന്നീ പാര്‍ടി നേതാക്കളും സര്‍ക്കാര്‍ -പൗരസമൂഹബന്ധത്തിനെതിരെ ആഞ്ഞടിച്ചു. അതൊരു പരീക്ഷണം മാത്രമാണെന്നായിരുന്നു സംയുക്തസമിതിയുടെ ചെയര്‍മാനായ പ്രണബ്മുഖര്‍ജി പറഞ്ഞത്. കോണ്‍ഗസിന്റെ നിലപാടിനു വിരുദ്ധമായി പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് സഖ്യകക്ഷിയായ ഡിഎംകെയുടെ നേതാവ് ടി ആര് ബാലു ആവശ്യപ്പെട്ടു. ബില്ലിനെ കുറിച്ച് യുപിഎയ്ക്കുള്ളിലെ അസ്വാരസ്യമാണ് ഇതോടെ പുറത്തുവന്നത്.
(ദിനേശ്വര്‍മ)
ബില്‍ പാസാക്കാമെന്ന് പറഞ്ഞിട്ടില്ല: സിബല്‍
ന്യൂഡല്‍ഹി: ലോക്പാല്‍ബില്‍ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം നല്‍കിയതെന്നും പാസാക്കാമെന്ന് പറഞ്ഞിട്ടില്ലെന്നും കേന്ദ്രമന്ത്രി കപില്‍സിബല്‍ . ചില പാര്‍ടികള്‍ വര്‍ഷകാലസമ്മേളനത്തില്‍ ബില്‍ പാസാക്കണമെന്നു പറയുന്നു. രണ്ടു പാര്‍ടികള്‍ ആവശ്യപ്പെട്ടത് ശീതകാലസമ്മേളനത്തില്‍ ബില്‍ പാസാക്കണമെന്നാണ്. സര്‍വകക്ഷിയോഗത്തിനു ശേഷം ലോക്പാല്‍ബില്‍ സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം അറിയിക്കാന്‍ വിളിച്ച വാര്ത്താസമ്മേളനത്തില്ചോദ്യങ്ങളോട് പ്രതികരിക്കുകയിരുന്നു മന്ത്രി. കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്നുള്ളതുകൊണ്ടാണ് അണ്ണ ഹസാരെയുടെ പൗരസമൂഹാംഗങ്ങളുമായി ആശയവിനിമയം നടത്തിയത്. ഇന്ത്യയിലെ മുഴുവന്‍ പൗരസമൂഹങ്ങളുടെയും പ്രതിനിധികളാണ് അവരെന്ന് കരുതുന്നില്ല. സര്‍വകക്ഷിയോഗത്തില്‍ വിവിധ പാര്‍ടി നേതാക്കള്‍ ഞങ്ങളോട് ചോദിച്ചതും ഇക്കാര്യമാണ്-സിബല്‍ പറഞ്ഞു.
deshabhimani 050711
പ്രതിപക്ഷത്തെ അവഗണിച്ച് പൗരസമൂഹക്കാര്ക്കൊപ്പംകൂടി സൂത്രത്തില്‍ ലോക്പാല്‍ബില്‍ കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് കനത്ത തിരിച്ചടി. ബില്‍ തയ്യാറാക്കാന്‍ അണ്ണാ ഹസാരെയുടെ സംഘത്തെ നിയോഗിച്ചതിനെ പ്രതിപക്ഷം ഒന്നടങ്കം ചോദ്യംചെയ്തതോടെ നാണക്കേട് മറയ്ക്കാനുള്ള തത്രപ്പാടിലാണ് കേന്ദ്രം. സര്‍വകക്ഷിയോഗത്തിന്റെ വികാരം മാനിച്ച് കേന്ദ്രമന്ത്രിസഭ പുതിയ കരട് തയ്യാറാക്കുമെന്ന വിശദീകരണവുമായി മന്ത്രിമാര്‍ രംഗത്തെത്തി. സര്‍വകക്ഷിയോഗത്തിലെ തിരിച്ചടി ന്യായീകരിക്കാനാണ് മന്ത്രിമാരായ പി ചിദംബരവും കപില്‍സിബലും പവന്‍കുമാര്‍ ബെന്‍സാലും തിങ്കളാഴ്ച വാര്‍ത്തസമ്മേളനത്തില്‍ ശ്രമിച്ചത്.
ReplyDelete