Tuesday, July 5, 2011

അധികാര വികേന്ദ്രീകരണം: ലോകബാങ്കുമായി 1195.8 കോടിയുടെകരാര്‍

അധികാര വികേന്ദ്രീകരണ പ്രക്രിയ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 1195.8 കോടിയുടെ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ലോകബാങ്കുമായി ഒപ്പുവച്ചു. സംസ്ഥാനത്തെ 978 ഗ്രാമ പഞ്ചായത്തുകള്‍ക്കും 60 മുനിസിപ്പാലിറ്റികള്‍ക്കും പ്രയോജനം ലഭിക്കുന്ന പദ്ധതി തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവ് അടിസ്ഥാനമാക്കിയാണ് അനുവദിക്കുകയെന്ന് പഞ്ചായത്ത്- സാമൂഹ്യക്ഷേമ മന്ത്രി ഡോ. എം .കെ മുനീര്‍ അറിയിച്ചു.

ഗ്രാമ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും വികസന പദ്ധതികള്‍ക്ക് അനുവദിച്ചുവരുന്ന ഗ്രാന്റിന് പുറമേ നല്‍കുന്ന പെര്‍ഫോമന്‍സ് ഗ്രാന്റ്, തദ്ദേശ സ്ഥാപനങ്ങളുടെ കാര്യശേഷി വികസനം, പദ്ധതി നടത്തിപ്പ് മോണിട്ടര്‍ ചെയ്യാനുള്ള സംവിധാനം, പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയാണ് ലോകബാങ്കുമായി കരാറില്‍ ഏര്‍പ്പെട്ട കേരള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വീസ് ഡെലിവറി പ്രോജക്ടിന് കീഴില്‍ വരുന്നത്. 1097.56 കോടിയാണ് പെര്‍മോമന്‍സ് ഗ്രാന്റിനായി നീക്കിവെക്കുന്നത്. കാര്യശേഷി വികസനത്തിന് 51.52 കോടിയും സര്‍ക്കാര്‍ തലത്തി ലുള്ള നിര്‍വഹണത്തിന് 15.44 കോടിയും വിനിയോഗിക്കും. രണ്ടു ഘട്ടങ്ങളിലായാണ് ഗ്രാന്റ് അനുവദിക്കുന്നത്.

സംസ്ഥാന ബജറ്റിനൊപ്പം ഗ്രാന്റ് വിഹിതം ഉള്‍പ്പെടുത്തും. പ ദ്ധതിയില്‍ പങ്കാളികളാകുന്ന തദ്ദേശ സ്ഥാപനങ്ങള്‍ തുടക്കത്തില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കണം. 2008- 09 വര്‍ഷത്തെ ലോക്കല്‍ഫണ്ട് ഓഡിറ്റിന്റെ സാക്ഷ്യപത്രം സമര്‍പ്പിക്കണം. പദ്ധതി ആരംഭിക്കുന്ന വര്‍ഷമായ 2011-12ല്‍ ഗ്രാന്റ് ലഭിക്കുന്നതിന് 2008-09ലെ ഓഡിറ്റിംഗില്‍ ദൗര്‍ബല്യങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കണം. രണ്ടാം വര്‍ഷത്തില്‍ ഗ്രാന്റ് ലഭിക്കുന്നതിന് 2009-10, 2010-11 വര്‍ഷങ്ങളിലെ വിശേഷണങ്ങളില്ലാത്ത ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതോടൊപ്പം പദ്ധതി നിര്‍വഹണം സംബന്ധിച്ച ദൗര്‍ബല്യങ്ങളില്ലാത്ത ബാഹ്യ ഓഡിറ്റ് റിപ്പോര്‍ട്ടും സമര്‍പ്പിക്കണം.

ഈ രണ്ടുവര്‍ഷങ്ങളില്‍ ലഭിച്ച ഗ്രാന്റ് വിനിയോഗത്തിന്റെ അടിസ്ഥാനത്തിലാണ് അടുത്ത രണ്ട് വര്‍ഷങ്ങളില്‍ ഗ്രാന്റ് നല്‍കുന്നത്. ബജറ്റ്, പ്ലാന്‍, ഫിനാന്‍സ് അസസ്‌മെന്റ്, ഓഡിറ്റിംഗ് മാന്വല്‍, ഓഫീസ് മാനേജ്‌മെന്റ് മാന്വല്‍ എന്നിവ 'കില'യുടെ സഹായത്തോടെ നടപ്പിലാക്കും.

നിലവിലുള്ള വിവരങ്ങളുടെ ഡാറ്റാ എന്‍ട്രി നടത്തുന്നതിന് ഓരോ ബ്ലോക്കിനും ഒരു അക്കൗണ്ട്- കം ഐ ടി സ്‌പെഷ്യലിസ്റ്റിനെ ഐ കെ എമ്മിലൂടെ താല്‍ക്കാലികമായി നിമയിക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ സി  ജോസഫ്, എം കെ മുനീര്‍ എന്നിവരും ലോകബാങ്കിനെ പ്രതിനിധീകരിച്ച് റോളന്റ് ബ്ലൗണും കരാര്‍ ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.

janayugom 050711

1 comment:

  1. അധികാര വികേന്ദ്രീകരണ പ്രക്രിയ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 1195.8 കോടിയുടെ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ലോകബാങ്കുമായി ഒപ്പുവച്ചു. സംസ്ഥാനത്തെ 978 ഗ്രാമ പഞ്ചായത്തുകള്‍ക്കും 60 മുനിസിപ്പാലിറ്റികള്‍ക്കും പ്രയോജനം ലഭിക്കുന്ന പദ്ധതി തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവ് അടിസ്ഥാനമാക്കിയാണ് അനുവദിക്കുകയെന്ന് പഞ്ചായത്ത്- സാമൂഹ്യക്ഷേമ മന്ത്രി ഡോ. എം .കെ മുനീര്‍ അറിയിച്ചു.

    ReplyDelete