Tuesday, July 5, 2011

സമര ചരിത്ര പാഠങ്ങളുമായി കെ എം പഠന മുറിയില്‍

കാഞ്ഞിരപ്പൊയില്‍ : മണ്ണില്‍ പൊന്ന് വിളയിക്കുന്ന കര്‍ഷകരുടെ അവകാശങ്ങള്‍ മാനിക്കാതെ ജന്മിനാടുവാഴിത്തം കല്‍പ്പിച്ച തിട്ടൂരങ്ങള്‍ വകവെക്കാതെ പാവപ്പെട്ടവര്‍ക്ക് ജീവിക്കാന്‍ അവസരമൊരുക്കിയ സ്വാതന്ത്ര്യ സമരപോരാളി സാമൂഹ്യശാസ്ത്ര അധ്യാപകനായി ക്ലാസ്മുറിയില്‍ എത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ആവേശം. മണ്ണിനെ പൊന്നാക്കാം എന്ന ഏഴാംക്ലാസ് പാഠഭാഗത്തിലെ ജന്മി നാടുവാഴിത്ത വ്യവസ്ഥ, കാര്‍ഷികബന്ധ ബില്‍ , കര്‍ഷകസമരം എന്നി വിഷയങ്ങളില്‍ കാഞ്ഞിരപ്പൊയില്‍ ഗവ. യുപി സ്കൂളില്‍ സംഘടിപ്പിച്ച പഠനമുറിയിലേക്കാണ് 94 കാരനായ കെ എം കുഞ്ഞിക്കണ്ണന്‍ എത്തിയത്.

വാശി, നുരി, വെച്ചുകാണല്‍ , ശീലക്കാശ്, മുക്കാല്‍ , കങ്കാണി തുടങ്ങിയ അന്യായ പിരിവുകളിലൂടെ കര്‍ഷകന് അധ്വാന മിച്ചം നഷ്ടമാക്കുന്ന അവസ്ഥയെ പ്രതിരോധിച്ച് സാധാരണക്കാര്‍ക്ക് ധൈര്യസമേതം ജീവിക്കാന്‍ അവസരമൊരുക്കിയ സമര ചരിത്രം അദ്ദേഹം കുട്ടികളോട് വിവരിച്ചു. ഏച്ചിക്കാനം തറവാടിന്റെയും വാഴുന്നവരുടെയും കൈകളിലായിരുന്ന മടിക്കൈയിലെ കൃഷിഭൂമി യോജിച്ച പ്രക്ഷോഭത്തിലൂടെ വീണ്ടെടുത്ത് കര്‍ഷകര്‍ക്ക് നല്‍കി ചരിത്രവും പറഞ്ഞുകൊടുത്തു. ഇ എം എസ്, എ കെ ജി, ഇ കെ നായനാര്‍ , ടി എസ് തിരുമുമ്പ്, എ സി കണ്ണന്‍നായര്‍ , കെ മാധവന്‍ തുടങ്ങിയ ദേശീയ സ്വാതന്ത്ര്യ സമരപ്രസ്ഥാനങ്ങളിലെ നായകന്മാര്‍ മടിക്കൈയുടെ കര്‍ഷകപ്രസ്ഥാനത്തിന് വേണ്ടി നടത്തിയ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവരിച്ചു. വിവിധ സമുദായങ്ങളിലെ വീടുകള്‍ക്ക് ഇല്ലം, കൂലോം, മഠം, പട്ടം, ചാള എന്നിങ്ങനെ പേരുകളിടുന്നതിനെക്കുറിച്ച് വിവരിച്ചപ്പോള്‍ കുട്ടികള്‍ക്ക് കൗതുകമായി. സ്കൂളിലെത്തിയ കെ എമ്മിനെ സ്കൂള്‍ ലീഡര്‍ സൂരജ് പൊന്നാടയണിച്ച് സ്വീകരിച്ചു. ഹെഡ്മാസ്റ്റര്‍ കൊടക്കാട് നാരായണന്‍ അധ്യക്ഷനായി. കെ വിജയന്‍ സംസാരിച്ചു. എ സി നന്ദകുമാര്‍ സ്വാഗതവും ഹര്‍ഷ നന്ദിയും പറഞ്ഞു.

deshabhimani 050711

1 comment:

  1. മണ്ണില്‍ പൊന്ന് വിളയിക്കുന്ന കര്‍ഷകരുടെ അവകാശങ്ങള്‍ മാനിക്കാതെ ജന്മിനാടുവാഴിത്തം കല്‍പ്പിച്ച തിട്ടൂരങ്ങള്‍ വകവെക്കാതെ പാവപ്പെട്ടവര്‍ക്ക് ജീവിക്കാന്‍ അവസരമൊരുക്കിയ സ്വാതന്ത്ര്യ സമരപോരാളി സാമൂഹ്യശാസ്ത്ര അധ്യാപകനായി ക്ലാസ്മുറിയില്‍ എത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ആവേശം. മണ്ണിനെ പൊന്നാക്കാം എന്ന ഏഴാംക്ലാസ് പാഠഭാഗത്തിലെ ജന്മി നാടുവാഴിത്ത വ്യവസ്ഥ, കാര്‍ഷികബന്ധ ബില്‍ , കര്‍ഷകസമരം എന്നി വിഷയങ്ങളില്‍ കാഞ്ഞിരപ്പൊയില്‍ ഗവ. യുപി സ്കൂളില്‍ സംഘടിപ്പിച്ച പഠനമുറിയിലേക്കാണ് 94 കാരനായ കെ എം കുഞ്ഞിക്കണ്ണന്‍ എത്തിയത്.

    ReplyDelete