Thursday, July 7, 2011

വിപണിമൂല്യം മാത്രം നോക്കരുത്: സുപ്രീംകോടതി

സാമൂഹ്യഇടപാടുകളുടെ മൂല്യം പണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നിശ്ചയിക്കുന്ന അവസ്ഥ സാമൂഹ്യക്രമത്തില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് സുപ്രീംകോടതി. വിദേശബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ച കോടികളുടെ കള്ളപ്പണം തിരിച്ചുപിടിക്കാന്‍ നടപടികള്‍ നിര്‍ദേശിച്ചുള്ള ഉത്തരവിലാണ് എല്ലാം പണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നിശ്ചയിക്കപ്പെടുന്ന ആഗോളവല്‍ക്കരണ അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പ്. സാമൂഹ്യഇടപെടലുകളുടെ മൂല്യവും ധാര്‍മികതയുമെല്ലാം വിപണിവിലയുടെ അടിസ്ഥാനത്തില്‍ മാത്രം തിട്ടപ്പെടുത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറുകയാണെന്ന് ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയും എസ് എസ് നിജ്ജാറും ഉത്തരവില്‍ പറഞ്ഞു.

ചില കടുത്ത നവഉദാര സിദ്ധാന്തങ്ങളില്‍ പറയുംപോലെ വിലയുടെ അടിസ്ഥാനത്തില്‍ മാത്രം മൂല്യം നിര്‍ണയിക്കപ്പെട്ടാല്‍ ജനങ്ങള്‍ വിലനല്‍കാന്‍ താല്‍പ്പര്യപ്പെടുന്ന കാര്യങ്ങള്‍ മാത്രം പ്രോത്സാഹിക്കപ്പെടും. എത്ര മൂല്യവത്തായ സാമൂഹ്യനടപടിയാണെങ്കിലും വിപണിക്ക് താല്‍പ്പര്യമില്ലെങ്കില്‍ അവഗണിക്കപ്പെടും. വിപണിക്ക് താല്‍പ്പര്യമില്ലാത്ത സേവനങ്ങള്‍ വാക്കുകളിലൊതുങ്ങും. കൃത്യമായ വിലയുടെ അടിസ്ഥാനത്തില്‍ വിപണിയില്‍ വില്‍ക്കപ്പെടുന്നതെല്ലാം നല്ലതും സാമൂഹ്യക്ഷേമത്തിന് ഗുണകരവുമാണെന്ന് കരുതാനാവില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരുകള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ഒരുനിയമക്രമത്തിനുള്ളില്‍ നടക്കേണ്ട കൈമാറ്റങ്ങളെയും സാമൂഹ്യഇടപാടുകളെയും സര്‍ക്കാര്‍ സ്വാധീനിക്കുകയും നിര്‍ണയിക്കുകയും വേണം. കുറ്റകൃത്യമടക്കമുള്ളവ തടയണം. ഇന്നിപ്പോള്‍ കുറ്റകൃത്യങ്ങള്‍ ഭൂരിഭാഗവും പണത്തെ ചുറ്റിപ്പറ്റിയാണ്. ആഗോളവല്‍ക്കരണം ശക്തിപ്പെട്ടതോടെ അതിര്‍ത്തികടന്നുള്ള ഇടപാടുകള്‍ക്ക് നിയന്ത്രണവുമില്ലാതായി. അതിര്‍ത്തി കടന്ന കുറ്റകൃത്യങ്ങളടക്കം ഒട്ടേറെ സങ്കീര്‍ണ വിഷയങ്ങള്‍ സര്‍ക്കാരുകള്‍ക്ക് നേരിടേണ്ട സ്ഥിതിയായി. പണമൊഴുക്കിന്റെ ഈ സങ്കീര്‍ണ ശൃംഖല ഗുണമോ ദോഷമോ എന്നതിലേക്ക് കോടതി ഇപ്പോള്‍ കടക്കുന്നില്ല.

വിദേശബാങ്കുകളില്‍ കള്ളപ്പണം കുമിഞ്ഞുകൂടുന്നത് സര്‍ക്കാരിന്റെ കഴിവുകേടാണ്. കള്ളപ്പണം തടയുന്നതിന് വ്യവസ്ഥാപിത സംവിധാനങ്ങളോ വൈദഗ്ധ്യമോ അറിവോ സര്‍ക്കാരിനില്ലെന്ന് വേണം കരുതാന്‍ . വൃക്തികളുടെ വരുമാനം കണ്ടെത്തി നികുതി ഈടാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നതിന് തെളിവാണ് കള്ളപ്പണം. നികുതിപിരിവിലൂടെ വരുമാനം കണ്ടെത്തേണ്ടത് പൗരന്മാര്‍ക്കു വേണ്ടി വിവിധ പൊതുസേവനങ്ങളും സൗകര്യങ്ങളും ഒരുക്കുന്നതിന് അത്യന്താപേക്ഷിതമാണ്. ഇക്കാര്യത്തിലെ ശേഷിയില്ലായ്മ സര്‍ക്കാരിന്റെ പരാജയമാണ്. കുറ്റകൃത്യം തടയുന്നതിലും നികുതി പിരിക്കുന്നതിലും സര്‍ക്കാരിന്റെ ദൗര്‍ബല്യത്തിന് തെളിവാണിത്. ഒരുരാഷ്ട്രം എത്രത്തോളം മൃദുവാകുന്നുവോ അത്രത്തോളം നിയമനിര്‍മാതാക്കളും നിയമപാലകരും നിയമലംഘകരുമായുള്ള അവിശുദ്ധബന്ധം ശക്തമാകും- കോടതി പറഞ്ഞു.

ദേശാഭിമാനി 070711

1 comment:

  1. സാമൂഹ്യഇടപാടുകളുടെ മൂല്യം പണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നിശ്ചയിക്കുന്ന അവസ്ഥ സാമൂഹ്യക്രമത്തില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് സുപ്രീംകോടതി. വിദേശബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ച കോടികളുടെ കള്ളപ്പണം തിരിച്ചുപിടിക്കാന്‍ നടപടികള്‍ നിര്‍ദേശിച്ചുള്ള ഉത്തരവിലാണ് എല്ലാം പണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നിശ്ചയിക്കപ്പെടുന്ന ആഗോളവല്‍ക്കരണ അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പ്. സാമൂഹ്യഇടപെടലുകളുടെ മൂല്യവും ധാര്‍മികതയുമെല്ലാം വിപണിവിലയുടെ അടിസ്ഥാനത്തില്‍ മാത്രം തിട്ടപ്പെടുത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറുകയാണെന്ന് ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയും എസ് എസ് നിജ്ജാറും ഉത്തരവില്‍ പറഞ്ഞു.

    ReplyDelete