Wednesday, July 20, 2011

പദ്ധതി ചെലവുകള്‍ വെട്ടികുറയ്ക്കുമെന്ന് കെ എം മാണി

പൊലീസിനെ വിഭജിക്കാനുള്ള തീരുമാനം ഘട്ടംഘട്ടമായി വ്യാപിപ്പിക്കും

തിരുവനന്തപുരം: പൊലീസില്‍ ക്രമസമാധാനപാലനവും കേസനന്വേഷണവും വിഭജിക്കാനുള്ള തീരുമാനം ഘട്ടംഘട്ടമായി വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വി ഡി സതീശനെ അറിയിച്ചു. കൊല്ലം, തൃശൂര്‍ നഗരങ്ങളില്‍ തീരുമാനം ഉടന്‍ നടപ്പാക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങി മൂന്ന് സിറ്റി പൊലീസ് ജില്ലകളിലാണ് ഇത് നടപ്പാക്കിയിട്ടുള്ളത്. അന്വേഷണ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് സാധാരണയായി സ്ഥലം മാറ്റാറില്ല. എന്നാല്‍ പൊലീസിന്റെ ഭരണപരമായ സൗകര്യത്തിനും സുഗമവും കാര്യക്ഷമവുമായ നടത്തിപ്പിനും വേണ്ടിയുള്ള സ്ഥലംമാറ്റങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥരും ഉള്‍പ്പെടാറുണ്ട്. ഇത്തരം സംഭവങ്ങളില്‍ കേസിന്റെ സ്വഭാവം അനുസരിച്ച് ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ തുടരാന്‍ അനുവദിക്കും. ഏതെങ്കിലും പ്രത്യേക ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് ചൂണ്ടിക്കാട്ടിയാല്‍ തിരുത്തുമെന്ന് ബാബു എം പാലിശ്ശേരി, സാജുപോള്‍, സി കൃഷ്ണന്‍, പി ടി എ റഹീം എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.

പൊലീസ് അംഗസംഖ്യയിലെ കുറവാണ് പദ്ധതി വ്യാപിപ്പിക്കാന്‍ തടസമെന്ന് എം ചന്ദ്രനെ മുഖ്യമന്ത്രി അറിയിച്ചു.

പറവൂര്‍ പീഡന കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇ എസ് ബിജിമോളെ അറിയിച്ചു.  പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാനും പുനരധിവാസത്തിനും നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

തലസ്ഥാനത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കുന്നതിന് അനുകൂലനിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബി സത്യന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍, ഇ പി ജയരാജന്‍, സാജു പോള്‍ എന്നിവരെ അറിയിച്ചു.

ബാങ്കിംഗ് ഒരു കേന്ദ്ര വിഷയമായതിനാല്‍ ഇസ്‌ലാമിക് ബാങ്കിംഗ് സമ്പ്രദായത്തിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ആര്‍ ബി ഐയും കേന്ദ്ര സര്‍ക്കാറുമാണെന്ന് മന്ത്രി കെ എം മാണി നിയമസഭയില്‍ അറിയിച്ചു. സി ദിവാകരന്‍, ജി എസ് ജയലാല്‍, ഗീതാ ഗോപി എന്നിവരുടെ ചോദ്യത്തിനായിരുന്നു മറുപടി.

പദ്ധതി ചെലവുകള്‍ വെട്ടികുറയ്ക്കുമെന്ന് കെ എം മാണി

തിരുവനന്തപുരം: ധനകാര്യ പ്രതിസന്ധിയെന്ന പത്മവ്യൂഹത്തില്‍ നിന്ന് പുറത്തുകടക്കാന്‍ പദ്ധതി ചെലവുകള്‍ വെട്ടിക്കുറയ്ക്കുകയോ പുതിയ നികുതി പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യുകയാണ് സര്‍ക്കാരിന് മുന്നിലുള്ള വഴിയെന്ന് ധനമന്ത്രി കെ എം മാണി പറഞ്ഞു. വോട്ട് ഓണ്‍ അക്കൗണ്ടിന്റെ ചര്‍ച്ചയ്ക്ക് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു കെ എം മാണി. സംസ്ഥാനത്തിന് ഇപ്പോള്‍ 5064 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായിട്ടുണ്ട്. ഇതിനുള്ളില്‍ നിന്ന് കാര്യങ്ങള്‍ നടത്തിക്കൊണ്ട് പോകണമെങ്കില്‍ മേല്‍പ്പറഞ്ഞ നിര്‍ദേശങ്ങള്‍ നടപ്പാക്കുകയോ കടമെടുക്കുകയോ ചെയ്യേണ്ടതുണ്ട്.

പലിശ രഹിത നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിന് ട്രഷറിയില്‍ പ്രത്യേകം കൗണ്ടറുകള്‍ ആരംഭിക്കും. ഇത്തരത്തില്‍ ലഭിക്കുന്ന നിക്ഷേപങ്ങള്‍ക്ക് ലാഭവിഹിതം നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. 2009-10 സാമ്പത്തിക വര്‍ഷം 10,000 കോടിയുടെ മാന്ദ്യ വിരുദ്ധ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ബജറ്റില്‍ ഇതിനായി പണം വകയിരുത്തിയിരുന്നില്ല. പക്ഷെ 3000 കോടിയുടെ ഭരണാനുമതി നല്‍കുകയും ചെയ്തു. പണി ചെയ്തതില്‍ തന്നെ 324 കോടി രൂപ മാത്രമാണ് കൊടുത്തത്. ഇത്തരത്തില്‍ തന്നെ 2100 കോടിയുടെ ബാധ്യത സര്‍ക്കാരിനുണ്ട്. അധികമായി നല്‍കിയ ഭരണാനുമതിയുടെ ഭാഗമായി 1300 കോടിയുടെ അധിക ബാധ്യതയും ഉണ്ടായിട്ടുണ്ട്. ഇതില്‍ 713 കോടി ഈ വര്‍ഷം തന്നെ ആവശ്യമായി വരും. 10197 അധിക ബാധ്യതയില്‍ മുന്‍ ധനമന്ത്രി 5133 കോടിയാണ് വകയിരുത്തിയത്. ഈ തുക കഴിച്ചാല്‍ വരുന്നത് 5064 കോടി രൂപയുടെ അധിക ബാധ്യതയാണ്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം 1640 കോടി രൂപ കേന്ദ്ര ധനകാര്യ കമ്മിഷന്റെ തീര്‍പ്പില്‍ നിന്നും ലഭിക്കാതായിട്ടുണ്ട്. ഇസ്ലാമിക് ബാങ്ക് മോശമാണെന്ന് ഒരിക്കലും താന്‍ പറഞ്ഞിട്ടില്ല. ബാങ്ക് പ്രവര്‍ത്തനക്ഷമമായാല്‍ വായ്പ എടുക്കുന്നതിന് തയ്യാറാണ്.

ലാഭകരമല്ലാത്ത തോട്ടങ്ങളുടെ അഞ്ച് ശതമാനം ടൂറിസം ഉള്‍പ്പെടെയുള്ള മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാമെന്ന ബജറ്റ് ശുപാര്‍ശ മന്ത്രിസഭയുടെ തീരുമാന പ്രകാരമാണ്. ഇത് യു ഡി എഫിന്റെ തീരുമാനമാണ്. മുഖ്യമന്ത്രിയുടെ കൂടി അറിവോടെയാണ് ബജറ്റില്‍ ഈ പരാമര്‍ശം വന്നിട്ടുള്ളത്. തന്നെയും കോണ്‍ഗ്രസിനെയും തമ്മില്‍ തെറ്റിക്കാന്‍ ശ്രമിക്കേണ്ടെന്നും കെ എം മാണി പറഞ്ഞു.

janayugom 200711

1 comment:

  1. ധനകാര്യ പ്രതിസന്ധിയെന്ന പത്മവ്യൂഹത്തില്‍ നിന്ന് പുറത്തുകടക്കാന്‍ പദ്ധതി ചെലവുകള്‍ വെട്ടിക്കുറയ്ക്കുകയോ പുതിയ നികുതി പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യുകയാണ് സര്‍ക്കാരിന് മുന്നിലുള്ള വഴിയെന്ന് ധനമന്ത്രി കെ എം മാണി പറഞ്ഞു. വോട്ട് ഓണ്‍ അക്കൗണ്ടിന്റെ ചര്‍ച്ചയ്ക്ക് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു കെ എം മാണി. സംസ്ഥാനത്തിന് ഇപ്പോള്‍ 5064 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായിട്ടുണ്ട്. ഇതിനുള്ളില്‍ നിന്ന് കാര്യങ്ങള്‍ നടത്തിക്കൊണ്ട് പോകണമെങ്കില്‍ മേല്‍പ്പറഞ്ഞ നിര്‍ദേശങ്ങള്‍ നടപ്പാക്കുകയോ കടമെടുക്കുകയോ ചെയ്യേണ്ടതുണ്ട്.

    ReplyDelete