Wednesday, July 20, 2011

റബര്‍ ഇറക്കുമതി: തീരുമാനം പിന്‍വലിക്കണമെന്ന് പ്രതിപക്ഷം, ആശങ്ക അറിയിക്കുമെന്ന് മുഖ്യമന്ത്രി

തീരുവ വെട്ടിക്കുറച്ച് 40,000 ടണ്‍ റബര്‍ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ  തീരുമാനം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്ത് നിന്ന് കെ സുരേഷ് കുറുപ്പാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. റബറിന്റെ വില ഇടിയുന്ന ഒരു നടപടിയും ഉണ്ടാകാന്‍ പാടില്ലെന്നും ഇക്കാര്യത്തില്‍ കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആഭ്യന്തര ഉപയോഗത്തിനായി 85,765 ടണ്‍ റബര്‍ കൂടി അധികമായി വേണ്ട സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ തീരുമാനമെടുത്തിട്ടുള്ളത്. ഈ തീരുമാനം ആഭ്യന്തര വിപണിയെ ബാധിക്കുകയാണെങ്കില്‍ ഫലപ്രദമായ ഇടപെടല്‍ നടത്താമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം തീരുവ വെട്ടിക്കുറച്ച് റബര്‍ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്ര തീരുമാനം ടയര്‍ ലോബിക്ക് വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

കേരളത്തിന്റെ സമ്പദ്ഘടനയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ കെ സുരേഷ്‌കുറുപ്പ് പറഞ്ഞു. സംസ്ഥാനത്തെ 12 ലക്ഷം റബര്‍കര്‍ഷകരില്‍ 92 ശതമാനവും ചെറുകിടകര്‍ഷകരാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി റബറിന് ഭേദപ്പെട്ട വിലയാണ് ലഭിച്ചുവരുന്നത്. എന്നാല്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം വന്ന അന്നുതന്നെ റബറിന് കിലോയ്ക്ക് അഞ്ചു രൂപ കുറഞ്ഞു. റബര്‍ ബോര്‍ഡിനോടുപോലും ആലോചിക്കാതെയാണ് ടയര്‍ലോബിക്ക് കീഴടങ്ങി കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. ഈ വര്‍ഷം ആദ്യമുന്നുമാസത്തിലെ കണക്ക് പ്രകാരം 1,75,000 ടണ്‍ റബര്‍ ആണ് കേരളത്തില്‍ ഉല്‍പാദിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.4 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. വരുന്ന സീസണില്‍ വില ഇനിയും ഉയരുമെന്ന് കണ്ടാണ് ടയര്‍ലോബിക്ക് വേണ്ടി നികൃഷ്ടമായ ഈ തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടതെന്നും സുരേഷ് കുറുപ്പ് പറഞ്ഞു.

പ്രതിപക്ഷത്തിന്റെ വികാരത്തോട് യോജിക്കുന്നുവെങ്കിലും നികൃഷ്ടമായ തീരുമാനമാണ് ഇതെന്ന് കരുതുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. റബറിന്റെ ആഭ്യന്തര ഉല്‍പ്പാദനം 8,61,950 ടണ്ണും ആഭ്യന്തര ഉപഭോഗം 9,47,715 ടണ്ണും ആണ്. ആഭ്യന്തര ഉപയോഗം ഉല്‍പ്പാദനത്തെക്കാള്‍ കൂടുതലാണെന്ന റബര്‍ബോര്‍ഡിന്റെ കണക്കാണ് ഇറക്കമതിക്കായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. നികുതിരഹിതമായി രണ്ട് ലക്ഷം ടണ്‍ റബര്‍ ഇറക്കുമതി ചെയ്യണമെന്ന ആവശ്യമാണ് കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വന്നത്. ഇതിന്റെ ഭാഗമായാണ് 40,000ടണ്‍ റബര്‍ ഇറക്കമുതി ചെയ്യാന്‍ തീരുമാനമെടുത്തത്. കഴിഞ്ഞ വര്‍ഷവും ഇത്തരത്തിലൊരു തീരുമാനം എടുത്തിരുന്നുവെങ്കിലും അന്ന് 3500 ടണ്‍ റബര്‍ മാത്രമാണ് ഇറക്കുമതി ചെയ്തത്. ഇത് ആഭ്യന്തര വിപണിയെ പ്രതികൂലമായി ബാധിക്കുകയോ റബറിന്റെ വില ഇടവിന് കാരണമാകുകയോ ചെയ്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാചകവാതക സിലിണ്ടര്‍ വെട്ടിക്കുറച്ചതിനെതിരെ നിയമസഭ പ്രമേയം പാസാക്കിയതുപോലെ ഈ വിഷയവും പരിഗണിക്കണമെന്ന് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ടയര്‍ മുതലാളിമാര്‍ക്ക് അനുകൂലമായി മുഖ്യമന്ത്രി നിലപാട് എടുത്തുവെന്ന് പറയുന്നില്ലെങ്കിലും വിഷയം വേണ്ട രീതിയില്‍ പരിഗണിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുറത്തുവന്ന വേളയില്‍ ഡല്‍ഹിയിലായിരുന്ന ധനമന്ത്രി കെ എം മാണി കേരളത്തിന്റെ പ്രതിഷേധം ബന്ധപ്പെട്ടവരെ അറിയിക്കാന്‍ പോലും തയ്യാറായില്ലെന്ന് അച്യുതാനന്ദന്‍ പറഞ്ഞു. സാധാരണക്കാരായ റബര്‍ കര്‍ഷകരുടെ ജീവിതത്തെയും സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെയും പ്രതികൂലമായി ബാധിക്കുന്ന കേന്ദ്ര തീരുമാനം പിന്‍വലിക്കണമെന്ന് സി പി ഐ നിയമസഭാകക്ഷി നേതാവ് സി ദിവാകരന്‍ ആവശ്യപ്പെട്ടു.

janayugom 200711

1 comment:

  1. തീരുവ വെട്ടിക്കുറച്ച് 40,000 ടണ്‍ റബര്‍ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്ത് നിന്ന് കെ സുരേഷ് കുറുപ്പാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. റബറിന്റെ വില ഇടിയുന്ന ഒരു നടപടിയും ഉണ്ടാകാന്‍ പാടില്ലെന്നും ഇക്കാര്യത്തില്‍ കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആഭ്യന്തര ഉപയോഗത്തിനായി 85,765 ടണ്‍ റബര്‍ കൂടി അധികമായി വേണ്ട സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ തീരുമാനമെടുത്തിട്ടുള്ളത്. ഈ തീരുമാനം ആഭ്യന്തര വിപണിയെ ബാധിക്കുകയാണെങ്കില്‍ ഫലപ്രദമായ ഇടപെടല്‍ നടത്താമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം തീരുവ വെട്ടിക്കുറച്ച് റബര്‍ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്ര തീരുമാനം ടയര്‍ ലോബിക്ക് വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

    ReplyDelete