Saturday, July 23, 2011

പെന്‍ഷന്‍ ബില്ലിനെതിരെ ദേശീയപ്രക്ഷോഭം

ന്യൂഡല്‍ഹി: നിയമപരമായ പെന്‍ഷന്‍ ഇല്ലാതാക്കുന്ന പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ഡെവലപ്മെന്റ്് അതോറിറ്റി ബില്‍ പാസാക്കുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറാത്തപക്ഷം ദേശീയ പണിമുടക്ക് നടത്തുമെന്ന് ജീവനക്കാരുടെ ദേശീയ കണ്‍വന്‍ഷന്‍ മുന്നറിയിപ്പ് നല്‍കി. ജീവനക്കാരുടെ സംഘടനകളുടെ നേതാക്കള്‍ ആഗസ്ത് ആദ്യവാരം യോഗം ചേര്‍ന്ന് പണിമുടക്ക് തീയതി നിശ്ചയിക്കും. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയിലുള്ള ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തും. തുടര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് നിവേദനം നല്‍കും. പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുന്ന വേളയില്‍ പാര്‍ലമെന്റിലേക്കും രാജ്ഭവനുകളിലേക്കും മാര്‍ച്ച് നടത്തുമെന്നും കണ്‍വന്‍ഷന്‍ അംഗീകരിച്ച പ്രഖ്യാപനം പറഞ്ഞു.

ആഗസ്ത് ഒന്നിനും സെപ്തംബര്‍ ആറിനുമിടയില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ കണ്‍വന്‍ഷന്‍ നടത്താനും തീരുമാനിച്ചു. ഡല്‍ഹി സിവില്‍ ലൈന്‍സില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധ്യാപകരും ബാങ്കിങ്, ഇന്‍ഷുറന്‍സ്, റെയില്‍വേ, പ്രതിരോധം, ടെലികോം മേഖലകളിലെ ജീവനക്കാരും പങ്കെടുത്തു. ഓള്‍ ഇന്ത്യ സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് സുകോമള്‍ സെന്‍ അവതരിപ്പിച്ച പ്രഖ്യാപനം കണ്‍വന്‍ഷന്‍ ഏകകണ്ഠമായി അംഗീകരിച്ചു. ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും തീട്ടൂരമനുസരിച്ചാണ് പെന്‍ഷന്‍ ഇല്ലാതാക്കുന്ന പുതിയ പെന്‍ഷന്‍പദ്ധതി നടപ്പാക്കുന്നതെന്ന് സുകോമള്‍ സെന്‍ പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്സ് പ്രസിഡന്റ് എസ് കെ വ്യാസ് പ്രഖ്യാപനത്തെ പിന്തുണച്ച് സംസാരിച്ചു. പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ സമ്മര്‍ദം ഉണ്ടായാല്‍ മാത്രമേ ബില്‍ പാസാക്കുന്നതില്‍നിന്ന് യുപിഎ സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ കഴിയൂ എന്ന് സിപിഐ എം ലോക്സഭാ നേതാവ് ബസുദേവ് ആചാര്യ പറഞ്ഞു. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഏറ്റവും വലിയ അഴിമതിയാണ് പെന്‍ഷന്‍ഫണ്ട് ഓഹരികമ്പോളത്തിന് വിട്ടുകൊടുക്കുന്ന പിഎഫ്ആര്‍ഡി ബില്ലെന്ന് സിഐടിയു ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ തപന്‍സെന്‍ പറഞ്ഞു.

സിഐടിയു വൈസ് പ്രസിഡന്റ് എം കെ പന്ഥെ, ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ലോയീസ് ഫെഡറേഷന്‍ നേതാവ് ഭട്നാഗര്‍ , ബെഫി നേതാവ് പ്രദീപ് ബിശ്വാസ് എന്നിവരും സംസാരിച്ചു. ആര്‍ ജി കാര്‍ണിക്(എഐഎസ്ജിഇഎഫ്), ആര്‍ നാരായണ (സ്കൂള്‍ ടീച്ചേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ), പി ആര്‍ മേനോന്‍ (ഓള്‍ ഇന്ത്യ റെയില്‍വേ ഫെഡറേഷന്‍), സര്‍ദാരസിങ് (ഓള്‍ ഇന്ത്യ ഡിഫന്‍സ് ഫെഡറേഷന്‍), വി എ എന്‍ നമ്പൂതിരി (ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന്‍) എന്നിവര്‍ പങ്കെടുത്തു.

deshabhimani 230711

1 comment:

  1. നിയമപരമായ പെന്‍ഷന്‍ ഇല്ലാതാക്കുന്ന പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ഡെവലപ്മെന്റ്് അതോറിറ്റി ബില്‍ പാസാക്കുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറാത്തപക്ഷം ദേശീയ പണിമുടക്ക് നടത്തുമെന്ന് ജീവനക്കാരുടെ ദേശീയ കണ്‍വന്‍ഷന്‍ മുന്നറിയിപ്പ് നല്‍കി. ജീവനക്കാരുടെ സംഘടനകളുടെ നേതാക്കള്‍ ആഗസ്ത് ആദ്യവാരം യോഗം ചേര്‍ന്ന് പണിമുടക്ക് തീയതി നിശ്ചയിക്കും. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയിലുള്ള ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തും. തുടര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് നിവേദനം നല്‍കും. പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുന്ന വേളയില്‍ പാര്‍ലമെന്റിലേക്കും രാജ്ഭവനുകളിലേക്കും മാര്‍ച്ച് നടത്തുമെന്നും കണ്‍വന്‍ഷന്‍ അംഗീകരിച്ച പ്രഖ്യാപനം പറഞ്ഞു.

    ReplyDelete