Saturday, July 23, 2011

നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ഫണ്ട് സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിക്കരുത്

ബിടിആര്‍നഗര്‍(പത്തനംതിട്ട): നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഫണ്ട് സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍(സിഐടിയു) സംസ്ഥാന ജനറല്‍കൗണ്‍സില്‍ ആവശ്യപ്പെട്ടു. കമീഷന്‍ പറ്റിയുള്ള ഈ നടപടി ബോര്‍ഡിന്റെ പ്രവര്‍ത്തനം അട്ടിമറിക്കാനുള്ള ശ്രമമാണ്- ജനറല്‍ കൗണ്‍സില്‍ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

യുഡിഎഫ് അധികാരത്തില്‍ വന്നയുടന്‍ ബോര്‍ഡ് ചെയര്‍മാനെ മാറ്റി. താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഇപ്പോള്‍ ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ സ്വീകരിക്കാന്‍പോലും ആളില്ല. നിര്‍മാണ മേഖലയിലെ മണല്‍ ക്ഷാമം പരിഹരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയ ഡാമുകളിലെ മണല്‍ ശേഖരണം വ്യാപിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് മണല്‍ ലഭ്യമാക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.

രാവിലെ ജനറല്‍കൗണ്‍സിലിനു തുടക്കം കുറിച്ച് കെ പി സഹദേവന്‍ പതാക ഉയര്‍ത്തി. പ്രതിനിധികള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സിഡബ്ല്യുഎഫ്ഐ പ്രസിഡന്റ് ആര്‍ ശിങ്കാരവേലു ജനറല്‍കൗണ്‍സില്‍ ഉദ്ഘാടനംചെയ്തു. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ പി സഹദേവന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ വി ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈകിട്ട് സ. സി വി ജോസ് ജങ്ഷനില്‍നിന്ന് ആരംഭിച്ച പ്രകടനം സ. വി എസ് ചന്ദ്രശേഖരപിള്ള നഗറില്‍ സമാപിച്ചു. പൊതുസമ്മേളനം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നിര്‍മാണതൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് എസ് ഹരിദാസ് അധ്യക്ഷനായി.സിഡബ്ല്യുഎഫ്ഐ പ്രസിഡന്റ് ആര്‍ ശിങ്കാരവേലു, ഫെഡറേഷന്‍ പ്രസിഡന്റ് കെ പി സഹദേവന്‍ , ജനറല്‍ സെക്രട്ടറി കെ വി ജോസ്, സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍ , സംസ്ഥാന കമ്മിറ്റിയംഗം ആര്‍ ഉണ്ണികൃഷ്ണപിള്ള, സിഐടിയു ജില്ലാ സെക്രട്ടറി കെ സി രാജഗോപാലന്‍ , ജില്ലാ പ്രസിഡന്റ് പി ജെ അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ കെ ശ്രീധരന്‍ സ്വാഗതവും അഡ്വ. ജി അജയന്‍ നന്ദിയും പറഞ്ഞു.

ചുമട്ടുതൊഴിലാളി ബോര്‍ഡിലെ അഴിമതിയില്‍ ഇടപെടുമെന്ന് ചുമട്ടുതൊഴിലാളി ഫെഡറേഷന്‍

കൊച്ചി: തൊഴില്‍മന്ത്രി ഷിബു ബേബി ജോണിന്റെ ചില അടുപ്പക്കാരുടെ നേതൃത്വത്തില്‍ കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നടക്കുന്ന വ്യാപക അഴിമതി തടയാന്‍ ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ ഇടപെടുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ എം സുധാകരന്‍ പറഞ്ഞു. അടുത്തദിവസം ചേരുന്ന ഫെഡറേഷന്‍ എക്സിക്യൂട്ടീവ് യോഗം ഇതുസംബന്ധിച്ച തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബോര്‍ഡിലുണ്ടായിരുന്ന ചെയര്‍മാന്‍ ഭരണമാറ്റത്തെത്തുടര്‍ന്ന് രാജിവച്ചു. പുതിയവരെ നിശ്ചയിച്ചിട്ടില്ല. ഈ സാഹര്യം മുതലെടുത്ത് മന്ത്രിയുടെ ചില അടുപ്പക്കാര്‍ ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവുകളില്‍ സമ്മര്‍ദംചെലുത്തിയാണ് ആവശ്യമുള്ള കാര്യങ്ങള്‍ സാധിക്കുന്നത്. ഇവരുടെ താല്‍പ്പര്യങ്ങള്‍ക്കു വഴങ്ങാത്ത ചീഫ് ഇന്‍സ്പെക്ടര്‍മാരെ സ്ഥലംമാറ്റാനുള്ള നീക്കവും തുടങ്ങി. ബോര്‍ഡിലെ ജീവനക്കാരുടെ സംഘടനയുടെ ജനറല്‍ സെക്രട്ടറി മുരുകനെയും യൂണിയന്‍ വൈസ്പ്രസിഡന്റ് മിനിയെയും മന്ത്രിയുടെ താല്‍പ്പര്യക്കാര്‍ അകാരണമായി സ്ഥലംമാറ്റിയതും വിവാദമായി. തങ്ങള്‍ക്കു താല്‍പ്പര്യമുള്ള ആളുകളുടെ സ്ഥലംമാറ്റ നിയമനങ്ങള്‍ റദ്ദാക്കാനും ഇവര്‍ സഹായിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലാ സൂപ്രണ്ടായ എന്‍ രാജുവിനെ ആലപ്പുഴയിലേക്കും ആലപ്പുഴ സൂപ്രണ്ടായ ജോളി ചാക്കോയെ തൊടുപുഴയിലേക്കും സ്ഥലംമാറ്റിയിരുന്നു. എന്നാല്‍ , മന്ത്രിയുടെ പരിചയക്കാര്‍ ഇടപെട്ട് ഈ ഉത്തരവ് റദ്ദാക്കി. താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് എസ്എസ്എല്‍സി, പ്ലസ്ടു യോഗ്യതമാത്രമുള്ളവരെ സാമ്പത്തിക ഇടപാടുകള്‍ക്കായി നിയമിക്കാനും ഇവര്‍ മുന്‍കൈയെടുക്കുന്നുണ്ട്. എല്‍ഡി ക്ലര്‍ക്കിന്റെ വിദ്യാഭ്യാസയോഗ്യത ഡിഗ്രിയാണെന്നിരിക്കെയാണ് ഈ അനധികൃത നിയമനം. മൂന്നും നാലും വര്‍ഷം പരിചയമുള്ള താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് അയോഗ്യരെ നിയമിക്കുന്നത് ബോര്‍ഡിന്റെ പ്രവര്‍ത്തനം സ്തംഭിക്കുന്നതിന് ഇടയാക്കും. ഐഎന്‍ടിയുസി ഉള്‍പ്പെടെ കേന്ദ്ര തൊഴിലാളിസംഘടനകളുടെ പ്രതിനിധികളുള്ള ബോര്‍ഡിലാണ് അഴിമതി നടക്കുന്നത്- സുധാകരന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

deshabhimani 230711

1 comment:

  1. നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഫണ്ട് സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍(സിഐടിയു) സംസ്ഥാന ജനറല്‍കൗണ്‍സില്‍ ആവശ്യപ്പെട്ടു. കമീഷന്‍ പറ്റിയുള്ള ഈ നടപടി ബോര്‍ഡിന്റെ പ്രവര്‍ത്തനം അട്ടിമറിക്കാനുള്ള ശ്രമമാണ്- ജനറല്‍ കൗണ്‍സില്‍ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

    ReplyDelete