Tuesday, July 5, 2011

സ്വാശ്രയ വിദ്യാഭ്യാസം: സര്‍ക്കാര്‍ ഉറച്ച നിലപാട് കൈക്കൊള്ളണം

ഉന്നത പ്രഫഷണല്‍ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായി തുടരുകയാണ്. വിദ്യാര്‍ഥി പ്രവേശനവും ഫീസ് ഘടനയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിന് ഇപ്പോഴും പരിഹാരമായിട്ടില്ല. ഫീസ് ഘടനയും പ്രവേശന മാനദണ്ഡവും സംബന്ധിച്ച് സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളിയും അതിനോട് സര്‍ക്കാര്‍ കൈക്കൊള്ളുന്ന മൃദുസമീപനവുമാണ് ഈരംഗത്തെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കിയിരിക്കുന്നത്.  കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വ്വകക്ഷിയോഗം അനിശ്ചിതത്വത്തോടെയും അപൂര്‍ണതയോടെയും പിരിഞ്ഞതോടെ കാര്യങ്ങള്‍ അത്യന്തം സങ്കീര്‍ണമാണെന്ന് കൂടുതല്‍ വ്യക്തമായി. സ്വാശ്രയ വിദ്യാഭ്യാസ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പ്രതിപക്ഷം പൂര്‍ണപിന്തുണ വാഗ്ദാനം ചെയ്തിരിക്കുകയാണ്.

എം ബി ബി എസ് - എന്‍ജിനീയറിംഗ് പ്രവേശനം സംബന്ധിച്ച് മാനേജ്‌മെന്റുകളുമായി ചര്‍ച്ച തുടരുകയാണെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലുമായി മന്ത്രിസഭാ ഉപസമിതി രഹസ്യധാരണ ഉണ്ടാക്കിയതായുള്ള ആക്ഷേപവും ശക്തമാണ്. സര്‍ക്കാരിന് സീറ്റ് വിട്ടുനല്‍കാന്‍ തയ്യാറല്ലെന്ന കടുംപിടുത്തം ഇന്റര്‍ചര്‍ച്ച് മാനേജ്‌മെന്റ് ആവര്‍ത്തിക്കുകയും അതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും ചെയ്തു. 'സ്റ്റാറ്റസ്‌കോ' നിലനിര്‍ത്തുമെന്നാണ് ചര്‍ച്ചയ്ക്കുശേഷം കെ എം മാണി മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനെതുടര്‍ന്ന് കഴിഞ്ഞ തവണ സര്‍ക്കാരുമായി ധാരണയിലെത്തിയ മറ്റ് മാനേജ്‌മെന്റുകളും സ്വന്തം നിലയില്‍ പ്രവേശനം നടത്തുമെന്ന് പ്രഖ്യാപിച്ചു. സര്‍ക്കാരാകട്ടെ അടുത്തവര്‍ഷത്തെ പ്രവേശന നടപടികളെക്കുറിച്ച് മാത്രമാണ് ഇപ്പോള്‍ സംസാരിക്കുന്നത്. ഈ വര്‍ഷം വേണ്ടത്ര സമയം ലഭിച്ചില്ലെന്നതാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നവാദം. 2006-ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴും ഇപ്പോള്‍ ലഭിച്ച സമയം മാത്രമെ ആ സര്‍ക്കാരിന് ലഭിച്ചിരുന്നുള്ളൂ. എന്നിട്ടും ആ വര്‍ഷം ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലടക്കമുള്ള എല്ലാ മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ധാരണ ഉണ്ടാക്കുകയും അമ്പത് ശതമാനം സീറ്റില്‍ സര്‍ക്കാര്‍ കോളജിലെ ഫീസ് വാങ്ങി വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ അവര്‍ തയ്യാറാവുകയും ചെയ്തു. ആ വിദ്യാര്‍ഥികള്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതുവരെ സര്‍ക്കാര്‍ ഫീസാണ് നല്‍കിയിരിക്കുന്നത്. ഈ വസ്തുത ഉമ്മന്‍ചാണ്ടി മറന്നുപോകുന്നത് എന്താണ്?

പി ജി പ്രവേശനവുമായി ബന്ധപ്പെട്ടും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. അമ്പത് ശതമാനം പി ജി സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിന് കോടതി അംഗീകാരം ലഭിച്ചുകഴിഞ്ഞു. സര്‍ക്കാരിന് അനുകൂലമായ കോടതി വിധികളാണ് കഴിഞ്ഞ ദിവസം സുപ്രിം കോടതിയില്‍ നന്നും ഹൈക്കോടതിയില്‍ നിന്നും ഉണ്ടായത്. സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ കുറെക്കാലത്തിനിടയില്‍ മാനേജ്‌മെന്റുകളുടെ ധാര്‍ഷ്ട്യത്തിനെതിരായി ഒരു കോടതിവിധി ഉണ്ടാകുന്നതും ആദ്യം  തന്നെയാണ്. ഇത് മാനേജ്‌മെന്റുകളെ നിയന്ത്രിക്കാനുള്ള  നടപടികള്‍ക്ക് കരുത്ത് പകരുന്നതാണ് എന്ന് സര്‍ക്കാര്‍ തിരിച്ചറിയണം. എന്നാല്‍ ഫീസിന്റെ കാര്യത്തില്‍ പുതിയ ആവശ്യവുമായി മാനേജ്‌മെന്റുകള്‍ രംഗത്ത് വന്നിരിക്കുന്നു. 16 ലക്ഷം വരെ ഫീസ് വാങ്ങുമെന്ന് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ മാനേജ്‌മെന്റുകള്‍ പറയുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശനമായ നിലപാട് സ്വീകരിക്കണം. മാനേജ്‌മെന്റുകളെ നിയന്ത്രിക്കാന്‍ എല്ലാവരുടെയും പിന്തുണ സര്‍ക്കാരിനുണ്ടാകുമെന്നതാണ് ഇന്നലത്തെ സര്‍വകക്ഷിയോഗം നല്‍കുന്ന സന്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ മാനേജ്‌മെന്റുകളോടുള്ള ദാസ്യ സമീപനവും മൃദു നിലപാടും വെടിഞ്ഞ് പ്രവേശന മാനദണ്ഡങ്ങളിലും ഫീസ് നിര്‍ണയത്തിലും സുതാര്യത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണം. കോടതിവിധികളുടെകൂടി ബലത്തില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം.

janayugom editorial 050711

2 comments:

  1. ഉന്നത പ്രഫഷണല്‍ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായി തുടരുകയാണ്. വിദ്യാര്‍ഥി പ്രവേശനവും ഫീസ് ഘടനയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിന് ഇപ്പോഴും പരിഹാരമായിട്ടില്ല. ഫീസ് ഘടനയും പ്രവേശന മാനദണ്ഡവും സംബന്ധിച്ച് സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളിയും അതിനോട് സര്‍ക്കാര്‍ കൈക്കൊള്ളുന്ന മൃദുസമീപനവുമാണ് ഈരംഗത്തെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വ്വകക്ഷിയോഗം അനിശ്ചിതത്വത്തോടെയും അപൂര്‍ണതയോടെയും പിരിഞ്ഞതോടെ കാര്യങ്ങള്‍ അത്യന്തം സങ്കീര്‍ണമാണെന്ന് കൂടുതല്‍ വ്യക്തമായി. സ്വാശ്രയ വിദ്യാഭ്യാസ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പ്രതിപക്ഷം പൂര്‍ണപിന്തുണ വാഗ്ദാനം ചെയ്തിരിക്കുകയാണ്.

    ReplyDelete
  2. what the heck LDF did last five years? why Pariyaram medical college did not give any seat to Govt last five years?

    ReplyDelete