Tuesday, July 5, 2011

മലയാളം ഒന്നാംഭാഷ : നിബന്ധന കെഇആറിന് വിരുദ്ധം

മലപ്പുറം: അധിക പീര്യേഡില്ല, തസ്തികയില്ല; ക്ലാസുകള്‍ എവിടെയും തുടങ്ങിയതുമില്ല. മലയാളം ഒന്നാംഭാഷയാക്കിക്കൊണ്ടുള്ള ജൂണ്‍ 27ന്റെ സര്‍ക്കാര്‍ ഉത്തരവിലെ നിബന്ധനകള്‍ വിദ്യാഭ്യാസ നിയമത്തിനു നിരക്കാത്തതാണെന്ന പരാതിയും ശക്തം. മലയാളത്തിനായി കണ്ടെത്തുന്ന അധിക പീര്യേഡുകള്‍ തസ്തിക നിര്‍ണയത്തിന് കണക്കാക്കില്ലെന്ന് ഉത്തരവില്‍ സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്.

കേരള വിദ്യാഭ്യാസ ചട്ട (കെഇആര്‍) പ്രകാരം പീര്യേഡിനനുസരിച്ചാണ് തസ്തിക അനുവദിക്കുക. 16 മുതല്‍ 28 വരെ പീര്യേഡുകള്‍ക്ക് ഒരു അധ്യാപക തസ്തിക അനുവദിക്കും. പീര്യേഡിന്റെ എണ്ണം 16ല്‍ താഴെയാണെങ്കില്‍ പാര്‍ട്ടൈം തസ്തിക അനുവദിക്കാമെന്നും ചട്ടമുണ്ട്. അതനുസരിച്ച് ക്ലാസ്സമയം ക്രമപ്പെടുത്തണം. ഇതിനു വിരുദ്ധമായാണ് പുതിയ ഉത്തരവ്. നിലവിലുള്ള ഉത്തരവ് അടിസ്ഥാനമാക്കി മാതൃഭാഷാ പഠനം തുടങ്ങാനാവില്ലെന്നാണ് അധ്യാപകരുടെ നിലപാട്. ഇതുവഴി വരുന്ന അധികഭാരം ഏറ്റെടുക്കാന്‍ തയ്യാറായാലും സമയമോ പീര്യേഡോ ഔദ്യോഗികമായി നിശ്ചയിച്ച് വ്യക്തത വരുത്താതെ എന്തു ചെയ്യുമെന്നാണ് അവരുടെ ചോദ്യം. ഐടി ക്ലാസുകള്‍ നടത്തല്‍ , ഭാഷാപഠനത്തിനുള്ള അധികസമയം എന്നിവയുടെ കാര്യത്തില്‍ മുകളില്‍നിന്നുള്ള നിര്‍ദേശം കാത്തിരിക്കുകയാണ് പ്രധാനാധ്യാപകരും.

ഭാഷാന്യൂനപക്ഷ മേഖലകളിലെ സ്കൂളുകളിലും അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് എല്‍പി, യുപി, എച്ച്എസ് വിഭാഗങ്ങളിലായി തുല്യതാ പാഠപുസ്തകങ്ങള്‍ രൂപപ്പെടുത്തണമെന്നും ഇതു പഠിപ്പിക്കാന്‍ പ്രത്യേക സമയം കണ്ടെത്തണമെന്നും എല്‍ഡിഎഫ് ഭരണത്തിലെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. അതുസംബന്ധിച്ചൊന്നും പുതിയ ഉത്തരവില്‍ പരാമര്‍ശമില്ല.

മാതൃഭാഷാപഠനം തസ്തിക നോക്കിയല്ല നടപ്പാക്കേണ്ടതെന്ന് കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എം ഷാജഹാന്‍ പറഞ്ഞു. കെഇആര്‍ അനുസരിച്ച് കൂടുതല്‍വരുന്ന പീര്യേഡുകള്‍ക്ക് അധിക തസ്തിക അനുവദിക്കണം. കൃത്യമായ വ്യവസ്ഥകളോടെ സമയവും സൗകര്യവും ഉണ്ടാക്കുകയും വേണം. എന്നാല്‍ , പുതിയ ഉത്തരവിലൂടെ മാതൃഭാഷ പഠിപ്പിക്കല്‍ ബന്ധപ്പെട്ട അധ്യാപകരുടെ മാത്രം ഉത്തരവാദിത്തമാക്കി. അധിക ബാധ്യതയേറ്റെടുക്കാതെതന്നെ എയ്ഡഡ് സ്കൂളുകളില്‍ പ്രൊട്ടക്റ്റഡ് അധ്യാപകരെവച്ച് മാതൃഭാഷാപഠനം സുഗമമാക്കാം. അതിനു തയ്യാറാവാതെ അമിതജോലിഭാരം കെട്ടിയേല്‍പ്പിക്കുന്നത് ശരിയല്ല. മലയാള ഭാഷാപഠനം എല്ലാ സ്കൂളിലും നിര്‍ബന്ധമാക്കിയ മുന്‍ ഉത്തരവ് ഫലത്തില്‍ ഇല്ലാതാക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നും ഷാജഹാന്‍ പറഞ്ഞു.

മലയാളം ഒന്നാംഭാഷയാക്കിക്കൊണ്ടുള്ള ഉത്തരവ് പ്രത്യേക സാഹചര്യത്തില്‍ ഇറക്കിയതാണെന്നും അതുകൊണ്ടുതന്നെ അധിക തസ്തിക സൃഷ്ടിക്കാനാവില്ലെന്നുമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് വിശദീകരിക്കുന്നത്. മലയാളം പഠിപ്പിക്കാന്‍ മാസ്റ്റര്‍ ടൈംടേബിള്‍ തയ്യാറാക്കി നല്‍കുക അപ്രായോഗികമാണ്. അതിന് പ്രധാനാധ്യാപകര്‍തന്നെ മുന്‍കൈയെടുക്കണം. ഉത്തരവിന്റെ വിശദാംശങ്ങളെക്കുറിച്ച് രണ്ട് ദിവസത്തിനുള്ളില്‍ സ്കൂളുകള്‍ക്ക് സര്‍ക്കുലര്‍ ലഭിക്കുമെന്നും ഡിപിഐ പറഞ്ഞു.
(ബിജു കാര്‍ത്തിക്)

deshabhimani 050711

1 comment:

  1. അധിക പീര്യേഡില്ല, തസ്തികയില്ല; ക്ലാസുകള്‍ എവിടെയും തുടങ്ങിയതുമില്ല. മലയാളം ഒന്നാംഭാഷയാക്കിക്കൊണ്ടുള്ള ജൂണ്‍ 27ന്റെ സര്‍ക്കാര്‍ ഉത്തരവിലെ നിബന്ധനകള്‍ വിദ്യാഭ്യാസ നിയമത്തിനു നിരക്കാത്തതാണെന്ന പരാതിയും ശക്തം. മലയാളത്തിനായി കണ്ടെത്തുന്ന അധിക പീര്യേഡുകള്‍ തസ്തിക നിര്‍ണയത്തിന് കണക്കാക്കില്ലെന്ന് ഉത്തരവില്‍ സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്.

    ReplyDelete