Saturday, July 23, 2011

യദ്യൂരപ്പയെ പുറത്താക്കണം

ബി ജെ പി ഏറെ കൊട്ടിഘോഷിച്ച തെക്കെ ഇന്ത്യയിലെ ആദ്യ കാവിസര്‍ക്കാരിന്റെ തനിനിറം, ആ സര്‍ക്കാര്‍ അധികാരത്തിലെത്തി ഏറെ നാളാവും മുമ്പുതന്നെ ഏവര്‍ക്കും ബോധ്യപ്പെട്ടതാണ്. എങ്ങനെയാണ് കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്നും അതിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. കേന്ദ്രത്തിലെ യു പി എ സര്‍ക്കാരിനെപ്പോലും നാണിപ്പിക്കുന്ന വിധം അഴിമതിയില്‍ മുങ്ങിക്കുളിച്ചുനിന്ന യദ്യൂരപ്പ സര്‍ക്കാരിന്റെ അവശേഷിച്ചിരുന്ന പുറംപൂച്ചുകളെ അഴിച്ചുകളയുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ലോകായുക്ത റിപ്പോര്‍ട്ട്. സംസ്ഥാനത്തിന് 1800 കോടി രൂപ നഷ്ടമുണ്ടാക്കിയ അനധികൃത ഖനന ഇടപാടില്‍ മുഖ്യമന്ത്രി യദ്യൂരപ്പയ്ക്കു തന്നെ നേരിട്ടു ബന്ധമുണ്ടെന്നാണ് ലോകായുക്ത എന്‍ സന്തോഷ് ഹെഗ്‌ഡെ വെളിപ്പെടുത്തിയിരിക്കുന്നത്. വേറിട്ടൊരു പാര്‍ട്ടിയെന്ന് അവസരത്തിലും അനവസരത്തിലും വീമ്പിളക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിന് അല്‍പ്പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ അധികാരത്തില്‍നിന്ന് ഇറങ്ങിപ്പോവാന്‍ ഈ ഭരണകൂടത്തോട് ആവശ്യപ്പെടുകയാണ് ചെയ്യേണ്ടത്.

യദ്യൂരപ്പ സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ തന്നെ കര്‍ണാടക ബി ജെ പിയിലെ അന്തര്‍നാടകങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയതാണ്. കര്‍ണാടക-ആന്ധ്ര അതിര്‍ത്തിയിലെ ഖനിമാഫിയയുമായുള്ള പാര്‍ട്ടിയുടെ ബന്ധവും അവര്‍ക്കു വേണ്ടിയുള്ള വഴിവിട്ട ചെയ്തികളും അനുദിനം പുറത്തുവന്നു. ഇതിനെച്ചൊല്ലിയുള്ള പടലപ്പിണക്കങ്ങള്‍ സര്‍ക്കാരിനെ വീഴ്ചയുടെ വക്കില്‍വരെയെത്തിച്ചു. നിരന്തരമായ വിമത പ്രവര്‍ത്തനങ്ങളും ഗവര്‍ണറുമായുള്ള ശീതയുദ്ധവും സംസ്ഥാനത്ത് ഭരണം ഇല്ലാത്ത അവസ്ഥതന്നെയുണ്ടാക്കി. പിന്നീട് ഔദ്യോഗികപക്ഷവും വിമതരുമെല്ലാം ഖനിമാഫിയയുടെ കൈയിലായപ്പോള്‍, അനധികൃത ഖനനത്തെക്കുറിച്ച് അന്വേഷണം നടത്തിയ ലോകായുക്തയുമായായി സര്‍ക്കാരിന്റെ പോര്. ഇതിനെല്ലാമൊടുവിലാണ് ഇപ്പോള്‍ ലോകായുക്ത അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് ഔദ്യോഗികമായി സമര്‍പ്പിച്ചിട്ടില്ലെങ്കിലും പുറത്തുവന്ന വിവരങ്ങള്‍ ലോകായുക്ത തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയും മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും അഴിമതിയില്‍ നേരിട്ടു പങ്കാളികളാണെന്നാണ് ലോകായുക്ത റിപ്പോര്‍ട്ടില്‍ പറയുന്നത്. ബെല്ലാരിയിലെ ഖനി വ്യവസായത്തെ നിയന്ത്രിക്കുന്ന റെഡ്ഢി സഹോദരന്മാരില്‍ രണ്ടു പേര്‍ യദ്യൂരപ്പ മന്ത്രിസഭയില്‍ അംഗങ്ങളാണ്. ഇവരെക്കൂടാതെ ചില മന്ത്രിസഭാംഗങ്ങള്‍ക്കുകൂടി അഴിമതിയില്‍ പങ്കുണ്ടെന്നാണ് ലോകായുക്ത കണ്ടെത്തിയിരിക്കുന്നത്. ഒരു സംസ്ഥാനത്തെ ഭരണകൂടം അപ്പാടെ പൊതുസ്വത്ത് കൊള്ളയടിക്കുന്നതില്‍ പങ്കാളിയാവുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണിത്. ഇതിനു കളമൊരുക്കിയ ബി ജെ പിക്ക് ഈ അഴിമതിയുടെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. ഈ ഖനിമാഫിയയുടെ സഹായത്തോടെയാണ് ബി ജെ പി തെക്കെ ഇന്ത്യയില്‍ വേരുകളാഴ്ത്തിയതെന്ന് പകല്‍ പോലെ വ്യക്തമാണ്. പണക്കൊഴുപ്പിന്റെ ബലത്തില്‍ ഭരണം പിടിക്കുകയും പണക്കൊഴുപ്പിന്റെ ബലത്തില്‍ മാത്രം അതു നിലനിര്‍ത്തുകയും ചെയ്ത ബി ജെ പി ജനാധിപത്യത്തെ അപഹസിക്കുകയാണ് ചെയ്തത്.

സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുമ്പോഴും അതിനെതിരെ പ്രതിരോധമുയര്‍ത്താന്‍ കെല്‍പ്പില്ലാതെ, അപഹാസ്യമാം വിധം അഴിമതിക്കുണ്ടില്‍ ആഴ്ന്നുപോയിരിക്കുകയാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അഴിമതിക്കെതിരെ ശബ്ദിച്ചാല്‍ കേള്‍ക്കുന്നവര്‍ ചാണകം വാരിയെറിയുന്ന സ്ഥിതിയാണ് രാജ്യത്തുള്ളത്. അത്രമാത്രം അഴിമതി ഗ്രസിച്ചിരിക്കുന്നു ആ പാര്‍ട്ടിയെ. കുംഭകോണങ്ങളില്‍ കുളിച്ചുനില്‍ക്കുന്ന ഭരണ, പ്രതിപക്ഷങ്ങള്‍ക്കിടയില്‍ ഞെരുങ്ങുകയാണ് കര്‍ണാടകയിലെ ജനാധിപത്യ സംവിധാനം. അതിനെ രക്ഷിക്കാന്‍ കരുത്തുള്ള ജനമുന്നേറ്റം വളര്‍ന്നുവരിക തന്നെ വേണം.

janayugom

2 comments:

  1. ബി ജെ പി ഏറെ കൊട്ടിഘോഷിച്ച തെക്കെ ഇന്ത്യയിലെ ആദ്യ കാവിസര്‍ക്കാരിന്റെ തനിനിറം, ആ സര്‍ക്കാര്‍ അധികാരത്തിലെത്തി ഏറെ നാളാവും മുമ്പുതന്നെ ഏവര്‍ക്കും ബോധ്യപ്പെട്ടതാണ്. എങ്ങനെയാണ് കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്നും അതിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. കേന്ദ്രത്തിലെ യു പി എ സര്‍ക്കാരിനെപ്പോലും നാണിപ്പിക്കുന്ന വിധം അഴിമതിയില്‍ മുങ്ങിക്കുളിച്ചുനിന്ന യദ്യൂരപ്പ സര്‍ക്കാരിന്റെ അവശേഷിച്ചിരുന്ന പുറംപൂച്ചുകളെ അഴിച്ചുകളയുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ലോകായുക്ത റിപ്പോര്‍ട്ട്. സംസ്ഥാനത്തിന് 1800 കോടി രൂപ നഷ്ടമുണ്ടാക്കിയ അനധികൃത ഖനന ഇടപാടില്‍ മുഖ്യമന്ത്രി യദ്യൂരപ്പയ്ക്കു തന്നെ നേരിട്ടു ബന്ധമുണ്ടെന്നാണ് ലോകായുക്ത എന്‍ സന്തോഷ് ഹെഗ്‌ഡെ വെളിപ്പെടുത്തിയിരിക്കുന്നത്. വേറിട്ടൊരു പാര്‍ട്ടിയെന്ന് അവസരത്തിലും അനവസരത്തിലും വീമ്പിളക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിന് അല്‍പ്പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ അധികാരത്തില്‍നിന്ന് ഇറങ്ങിപ്പോവാന്‍ ഈ ഭരണകൂടത്തോട് ആവശ്യപ്പെടുകയാണ് ചെയ്യേണ്ടത്.

    ReplyDelete
  2. ഖനന അഴിമതിയില്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്കും മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന പരാമര്‍ശമുള്ള ലോകായുക്ത റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് പറഞ്ഞു. റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടിലെ ആരോപണങ്ങളും നിര്‍ദേശങ്ങളും പഠിച്ചശേഷം കര്‍ണാടക ലോകായുക്ത നിയമത്തിലെ സെക്ഷന്‍ 12, 13 പ്രകാരം ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നത്തില്‍ ഇടപെടുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കുകയും യെദ്യൂരപ്പ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തതോടെ കര്‍ണാടക പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമായി. അതിനിടെ ബിജെപി ദേശീയനേതൃത്വം യെദ്യൂരപ്പയെ ഡല്‍ഹിക്ക് വിളിപ്പിച്ചു. താന്‍ ഡല്‍ഹിയില്‍ ഉടനെത്തുമെന്ന് കുടുംബത്തിനൊപ്പം മൗറീഷ്യസിലുള്ള യെദ്യൂരപ്പ പറഞ്ഞു. റിപ്പോര്‍ട്ടിന്റെ ഏതാനും ഭാഗംമാത്രമാണ് പുറത്തുവന്നതെന്നും ചോര്‍ന്ന റിപ്പോര്‍ട്ടിനെപ്പറ്റി പ്രതികരിക്കില്ലെന്നും അദ്ദേഹം വാര്‍ത്താചാനലിന് നല്‍കിയ ഫോണ്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. അന്വേഷണ റിപ്പോര്‍ട്ട് തിങ്കളാഴ്ച ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിക്കുമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ പകര്‍പ്പ് നല്‍കുമെന്നും ലോകായുക്ത ജസ്റ്റിസ് എന്‍ സന്തോഷ് ഹെഗ്ഡെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് ആറരയോടെ ആഭ്യന്തരമന്ത്രി ആര്‍ അശോകിനെ ഗവര്‍ണര്‍ രാജ്ഭവനില്‍ വിളിച്ചുവരുത്തി വിശദീകരണം ആരാഞ്ഞു. ലോകായുക്തയുടെ ടെലിഫോണ്‍ ചോര്‍ത്തിയതും അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതും സംബന്ധിച്ച കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം ആരായാനാണ് ഗവര്‍ണര്‍ ആഭ്യന്തരമന്ത്രിയെ വിളിച്ചുവരുത്തിയത്. ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് നിലവില്‍ ലോകായുക്ത പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും ഇവ ലോകായുക്തയുടെ പരിധിയില്‍പ്പെട്ടതാണെന്നും ഗവര്‍ണറെ സന്ദര്‍ശിച്ചശേഷം അശോക് പറഞ്ഞു. മന്ത്രിമാരായ ബസവരാജും വി എസ് ആചാര്യയും രാവിലെ ഗവര്‍ണറെ സന്ദര്‍ശിച്ചു. ഫോണ്‍ ചോര്‍ത്തല്‍ സിബിഐ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് ജി പരമേശ്വര ആവശ്യപ്പെട്ടു.

    ReplyDelete