ലോക്പാല്‍ ബില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ഞായറാഴ്ച ചേര്‍ന്ന സര്‍വകക്ഷിയോഗവും പരാജയപ്പെട്ടത് യുപിഎ സര്‍ക്കാരിന്റേയും കോണ്‍ഗ്രസിന്റേയും കെടുകാര്യസ്ഥത ആവര്‍ത്തിച്ചുറപ്പിക്കുന്നു. അഴിമതിക്കെതിരെ രാജ്യവ്യാപകമായി വികാരപ്രകടനങ്ങള്‍ നടക്കുന്നു. ജനങ്ങള്‍ രോഷാകുലരാണ്. പ്രതിഷേധിക്കാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന ജനവിഭാഗങ്ങളെ അരാജക-അരാഷ്ട്രീയ സംഘങ്ങള്‍ക്കുവരെ അനായാസം സ്വാധീനിക്കാന്‍ കഴിയുന്നു. കേട്ടുകേള്‍വിയില്ലാത്തവിധം ലക്ഷക്കണക്കിനു കോടിയുടെ അഴിമതിയാണ് ജനങ്ങള്‍ക്കു മുന്നിലുള്ളത്. എല്ലാത്തിലും കേന്ദ്ര ഭരണം കൈയാളുന്നവരാണ് പ്രതിക്കൂട്ടില്‍ .
രാജ്യത്തിന്റെ അമൂല്യസമ്പത്ത് കൊള്ളയടിച്ച് സ്വന്തം നിക്ഷേപമാക്കി മാറ്റിയവരെ വിചാരണചെയ്തുശിക്ഷിക്കണമെന്ന വികാരമാണ് രാജ്യത്തെങ്ങും നുരഞ്ഞുപൊങ്ങുന്നത്. ഏറ്റവും വഷളായ സ്ഥിതിയിലെത്തിയിട്ടും അഴിമതിവിരുദ്ധ നീക്കങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്ന കേന്ദ്ര ഭരണാധികാരികളെയാണ് കാണാനാകുന്നത്. യുപിഎ സഖ്യത്തെ നയിക്കുന്ന കോണ്‍ഗ്രസ് അഴിമതിക്ക് കൂച്ചുവിലങ്ങിടാന്‍ താല്‍പ്പര്യപ്പെടുന്നില്ല. ഇന്നു കാണുന്നത് മുഖംരക്ഷിക്കാനുള്ള ആ പാര്‍ടിയുടെ അഭ്യാസം മാത്രമാണ്. അഴിമതി തടയാന്‍ കൊണ്ടുവരുന്ന ലോക്പാലിന്റെ പരിധിയില്‍നിന്ന് എന്തിന് പ്രധാനമന്ത്രിയെ മാറ്റിനിര്‍ത്തണമെന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ കോണ്‍ഗ്രസിന് ഇന്നുവരെ കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രി അഴിമതിക്ക് അതീതനാണെന്ന് എങ്ങനെ കോണ്‍ഗ്രസിന് ഉറപ്പിച്ചു പറയാനാകും? 2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് ഇന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പേര് ഭരണഘടനാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ആവര്‍ത്തിച്ചുയര്‍ത്തിയിട്ടുണ്ട്. എല്ലാം അറിയാമായിരുന്നു മന്‍മോഹന്‍സിങ്ങിന്. കേസില്‍ അന്നത്തെ മന്ത്രിയായിരുന്ന എ രാജ ജയിലില്‍ കിടക്കുന്നു. യുപിഎയിലെ പ്രധാന ഘടകകക്ഷിയായ ഡിഎംകെയുടെ സമുന്നത നേതാവ് കനിമൊഴി തിഹാര്‍ ജയിലില്‍ അഴിയെണ്ണുന്നു. മറ്റൊരു മന്ത്രി ദയാനിധി മാരന്‍ ജയിലില്‍ കയറാന്‍ അവസരം കാത്തുനില്‍ക്കുന്നു. ഒരു മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരില്‍ രണ്ടുപേര്‍ കുറ്റവാളികളാണെന്ന് നിസ്സംശയം തെളിഞ്ഞിരിക്കെ ആ മന്ത്രിക്കൂട്ടത്തിലെ സമന്മാരില്‍ ഒന്നാമനുമാത്രം എങ്ങനെ അപ്രമാദിത്തം കല്‍പ്പിക്കും?
ജനങ്ങളോടോ രാജ്യത്തോടോ ഉത്തരവാദിത്തമില്ലാത്ത കുറെ പാര്‍ശ്വവര്‍ത്തികളെയും എങ്ങനെയും വളച്ചെടുക്കാനാകുന്ന കുറെ ആളുകളെയും ചേര്‍ത്ത് ലോക്പാല്‍ സമിതിയുണ്ടാക്കി ഇഷ്ടപ്പടി ഒരു നിയമം പടച്ചെടുത്ത് നിലവിലുള്ള അഴിമതി സംരക്ഷിക്കാമെന്ന കുറുക്കുവഴിയാണ് കോണ്‍ഗ്രസ് തേടുന്നത്. വനിതാ സംവരണബില്‍ പാസാക്കാതെ കളിച്ച കള്ളക്കളിയാണ് ലോക്പാലിന്റെ കാര്യത്തിലും തുടരുന്നത്. അഴിമതിയെ പരിധിയില്ലാതെ പ്രോത്സാഹിപ്പിക്കുന്ന ഭരണവ്യവസ്ഥയാണ് ഇന്ത്യയിലേത്. അഴിമതി തടയാന്‍ കൊണ്ടുവന്ന നിയമങ്ങള്‍ കരയ്ക്കെത്തിയില്ല. നിയമം ഒരുഭാഗത്ത് സസുഖം വിശ്രമിക്കുമ്പോള്‍ അഴിമതി അരങ്ങുനിറഞ്ഞാടി. അത്തരം ദുരവസ്ഥയ്ക്ക് അറുതിവരുത്താനുള്ളതാകണം വരാനിരിക്കുന്ന ലോക്പാല്‍ നിയമം. കുറ്റമറ്റ നിയമം കൊണ്ടുവരാന്‍ ശുപാര്‍ശ സമര്‍പ്പിക്കേണ്ടവര്‍ ഉത്തരവാദിത്തരാഹിത്യം ശീലമാക്കിയവരാകരുത്. നിലവിലുള്ള അഴിമതിനിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന പ്രധാനമന്ത്രിയടക്കമുള്ള എല്ലാ പൊതുപ്രവര്‍ത്തകരും ലോക്പാലിന്റെ പരിധിയില്‍ വരണം. അതോടൊപ്പം ഉയര്‍ന്നുവന്നിട്ടുള്ള പ്രധാന പ്രശ്നം ജുഡീഷ്യറിയെ സംബന്ധിച്ചുള്ളതാണ്. ലോക്പാലിന്റെ പരിധിയില്‍ ജുഡീഷ്യറിയെ കൊണ്ടുവരണമെന്ന ആവശ്യം അപ്രസക്തവും അനുചിതവുമാണെന്ന് സിപിഐ എം വ്യക്തമാക്കിയിട്ടുണ്ട്.
ഉന്നത നീതിപീഠങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടതുണ്ട്. അത് കവര്‍ന്നെടുത്താല്‍ ഭീതിയും പ്രീതിയും കൂടാതെ പ്രവര്‍ത്തിക്കാന്‍ ന്യായാധിപന്മാര്‍ക്ക് കഴിയില്ല. എന്നാല്‍ , ഇന്ന് ജുഡീഷ്യറിയെക്കുറിച്ച് നിരവധി ആക്ഷേപം നിലനില്‍ക്കുന്നു. ജഡ്ജിമാര്‍ ആരോപണവിധേയരാകുന്നു. കോര്‍പറേറ്റുകളുടെ പിണിയാളന്മാരായി നിയമത്തെ കബളിപ്പിച്ച് പണം കൊയ്യുന്നവര്‍ ന്യായാസനങ്ങളില്‍ ചടഞ്ഞുകൂടിയിരിക്കുന്നു എന്നത് വെറും ആക്ഷേപമല്ല. ജുഡീഷ്യറിയെ സൂക്ഷ്മനിരീക്ഷണത്തില്‍ കൊണ്ടുവരികയും ആരോപണങ്ങള്‍ അന്വേഷിക്കുകയും വേണ്ടതുണ്ട്. നിലവില്‍ ജഡ്ജിമാര്‍ക്കെതിരെ ആരോപണം ഉയര്‍ന്നാല്‍ നടപടിക്ക് ചീഫ് ജസ്റ്റിസിന്റെ മുന്‍കൂര്‍ അനുമതിവേണം. വേണ്ടരീതിയില്‍ അന്വേഷണം പോലുമുണ്ടാകാതെ ജുഡീഷ്യറിയിലെ അഴിമതിക്കാര്‍ക്ക് സംരക്ഷണം നല്‍കുന്ന അവസ്ഥയാണുള്ളത്. ദേശീയ ജുഡീഷ്യല്‍ കമീഷന്‍ സ്ഥാപിച്ച് ഉന്നത നീതിപീഠത്തിലെ നിയമനങ്ങള്‍ പരിശോധിക്കുകയും പ്രവര്‍ത്തനം നിരീക്ഷിക്കുകയും വേണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നു. അത് അംഗീകരിക്കുന്നതിനു പകരം തീര്‍ത്തും ദുര്‍ബലമായ "ജുഡീഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ്സ് ആന്‍ഡ് അക്കൗണ്ടബിലിറ്റി ബില്‍" അവതരിപ്പിക്കാനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതു തിരുത്തിയേ മതിയാകൂ. ജനാധിപത്യത്തിന്റെ വിളനിലമെന്ന് കരുതപ്പെടുന്ന പാര്‍ലമെന്റ് പോലും അഴിമതിയുടെ വിളനിലമായി എന്നത് അതിശയോക്തിയല്ല. ചോദ്യക്കോഴയും കുതിരക്കച്ചവടങ്ങളും അത് തെളിയിക്കുന്നു.
സിപിഐ എം ജനറല്‍സെക്രട്ടറി കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ട പോലെ വോട്ടിങ് അടക്കം പാര്‍ലമെന്റിലെ ഏതെങ്കിലും നടപടിക്കു പിന്നില്‍ അഴിമതിയുണ്ടോയെന്നു കണ്ടെത്താന്‍ നിയമം കൊണ്ടുവരണം. പാര്‍ലമെന്റിലെ പ്രസംഗത്തിനും വോട്ടിനും എംപിമാര്‍ക്ക് സംരക്ഷണം നല്‍കുന്ന ഭരണഘടനയുടെ 105-ാം വകുപ്പിന് ഭേദഗതി കൊണ്ടുവരണം. വോട്ടിങ് അടക്കം പാര്‍ലമെന്റിലെ ഏതെങ്കിലും നടപടിക്കു പിന്നില്‍ അഴിമതിയുണ്ടോയെന്നു കണ്ടെത്താന്‍ നിയമം കൊണ്ടുവരികയും അത് അഴിമതിനിരോധന നിയമത്തിന്റെ പരിധിയിലാക്കുകയും വേണം. കൃത്യവും തര്‍ക്കത്തിനതീതവുമായ നിര്‍വചനം അഴിമതിക്ക് വേണം. ഇന്ന് വ്യക്തികളെ സഹായിക്കാനുള്ള അധികാര ദുരുപയോഗം മാത്രമാണ് അഴിമതിയായി കാണുന്നത്. സ്ഥാപനങ്ങളെയോ വന്‍വ്യവസായങ്ങളെയോ സഹായിക്കാന്‍ പൊതുപ്രവര്‍ത്തകര്‍ അധികാരം ദുരുപയോഗപ്പെടുത്തുന്നത് അഴിമതിനിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. പൊതുപ്രവര്‍ത്തകരും വന്‍കോര്‍പറേറ്റുകളും തമ്മിലുള്ള കൂട്ടായ്മയാണ് വന്‍ അഴിമതിക്ക് വഴിതെളിക്കുന്നത്. ഇത്തരം കേസുകള്‍ അന്വേഷിച്ച് സ്ഥാപനങ്ങളുടെ ലൈസന്‍സും അവരുമായുള്ള കരാറുകളും റദ്ദാക്കാന്‍ അധികാരമുള്ള ലോക്പാലാണ് ഇന്ത്യയില്‍ വേണ്ടത്.
ഇത്തരം ന്യായമായ ആവശ്യങ്ങളെ നിരാകരിക്കുന്ന സമീപനമാണ് ഞായറാഴ്ചത്തെ സര്‍വകക്ഷിയോഗത്തില്‍ യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചത്. ഇത് പ്രതിഷേധാര്‍ഹമാണ്. ഒരുതരത്തിലും അംഗീകരിക്കാനാകാത്തതുമാണ്. അഴിമതിക്കെതിരെ ഇടതുപക്ഷം രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ-പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാധുതയും പ്രസക്തിയും വര്‍ധിപ്പിക്കുന്നു, കോണ്‍ഗ്രസിന്റെ തെറ്റായ സമീപനങ്ങള്‍ . ഇത് പ്രക്ഷോഭം ശക്തമാക്കാനുള്ള ആഹ്വാനം കൂടിയാണ്.
ദേശാഭിമാനി മുഖപ്രസംഗം 040711
ലോക്പാല്‍ ബില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ഞായറാഴ്ച ചേര്‍ന്ന സര്‍വകക്ഷിയോഗവും പരാജയപ്പെട്ടത് യുപിഎ സര്‍ക്കാരിന്റേയും കോണ്‍ഗ്രസിന്റേയും കെടുകാര്യസ്ഥത ആവര്‍ത്തിച്ചുറപ്പിക്കുന്നു. അഴിമതിക്കെതിരെ രാജ്യവ്യാപകമായി വികാരപ്രകടനങ്ങള്‍ നടക്കുന്നു. ജനങ്ങള്‍ രോഷാകുലരാണ്. പ്രതിഷേധിക്കാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന ജനവിഭാഗങ്ങളെ അരാജക-അരാഷ്ട്രീയ സംഘങ്ങള്‍ക്കുവരെ അനായാസം സ്വാധീനിക്കാന്‍ കഴിയുന്നു. കേട്ടുകേള്‍വിയില്ലാത്തവിധം ലക്ഷക്കണക്കിനു കോടിയുടെ അഴിമതിയാണ് ജനങ്ങള്‍ക്കു മുന്നിലുള്ളത്. എല്ലാത്തിലും കേന്ദ്ര ഭരണം കൈയാളുന്നവരാണ് പ്രതിക്കൂട്ടില്‍ .
ReplyDelete