Tuesday, July 5, 2011

ഹെമിങ്വേയുടെ മരണത്തില്‍ അമേരിക്കയ്ക്ക് പങ്കെന്ന് സുഹൃത്ത്

ന്യുയോര്‍ക്: നൊബേല്‍ പുരസ്കാരജേതാവായ സാഹിത്യകാരന്‍ ഏണസ്റ്റ് ഹെമിംഗ്വേയെ ആത്മഹത്യയിലേക്ക് നയിച്ചത് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ വേട്ടയാടലാകാമെന്ന് അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്ത് എ ഇ ഹോഷ്നര്‍ പറഞ്ഞു. എഫ്ബിഐയുടെ നിരന്തരനിരീക്ഷണവും ഫോണ്‍ ചോര്‍ത്തലും അമേരിക്കയുടെ മികച്ച സാഹിത്യകാരനെ കടുത്ത മാനസികസമ്മര്‍ദത്തിലാക്കിയിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.

"ഫോര്‍ ഹൂം ദി ബെല്‍ ടോള്‍സ്", "ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീ" തുടങ്ങിയ നോവലുകളിലൂടെ ലോകമെങ്ങും ആസ്വാദകരെ ആകര്‍ഷിച്ച ഹെമിങ്വേയെ മരണത്തിലേക്ക് തള്ളിവിട്ടതെന്ത് എന്ന ചോദ്യത്തിന് അരനൂറ്റാണ്ടിലധികമായി മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും മനഃശാസ്ത്രജ്ഞരും മറ്റും ഉത്തരം തേടുന്നു. ഐഡഹോയിലെ വസതിയില്‍ 1960ലാണ് ഹെമിങ്വേ സ്വയം ശിരസ്സില്‍ വെടിവച്ചുമരിച്ചത്. കമ്യൂണിസ്റ്റ് ക്യൂബയുമായി ഹെമിങ്വേയുടെ ബന്ധം സംബന്ധിച്ച സംശയങ്ങളാണ് അദ്ദേഹത്തെ വേട്ടയാടാന്‍ എഫ്ബിഐയെ പ്രേരിപ്പിച്ചത്. എഫ്ബിഐ ചാരന്മാര്‍ തന്നെ പിന്തുടരുന്നതും സംഭാഷണങ്ങള്‍ ചോര്‍ത്തുന്നതും ഹെമിങ്വേയെ ഭീതിയിലാഴ്ത്തിയിരുന്നതായി ഹോഷ്നര്‍ ന്യൂയോര്‍ക് ടൈംസില്‍ എഴുതി.

ഹെമിങ്വേയുടെ കടുത്ത മാനസിക പിരിമുറുക്കത്തിലും ആത്മഹത്യയിലും എഫ്ബിഐ നിരീക്ഷണം വലിയ പങ്ക് വഹിച്ചതായാണ് താന്‍ വിശ്വസിക്കുന്നതെന്നും സുഹൃത്ത് എഴുതുന്നു. മനോവിഭ്രാന്തിയായി മറ്റുള്ളവര്‍ തള്ളിയ ഹെമിങ്വേയുടെ ഉല്‍ക്കണ്ഠകള്‍ യഥാര്‍ഥത്തില്‍ അദ്ദേഹത്തില്‍ വന്‍ ആഘാതമുണ്ടാക്കി. 60 നവംബറില്‍ സുഹൃത്തുക്കളുമൊത്ത് പക്ഷിവേട്ടയ്ക്ക് ട്രെയിനില്‍ വന്നിറങ്ങിയ ഹെമിങ്വേയെ കണ്ടത് ഹോഷ്നര്‍ ഓര്‍മിക്കുന്നു. ചാരന്മാര്‍ തങ്ങളെ പിന്തുടര്‍ന്നതും ഒരുബാങ്കിലെ തന്റെ അക്കൗണ്ട് സൂക്ഷ്മമായി പരിശോധിച്ചതും സംബന്ധിച്ച് അദ്ദേഹം പരാതി പറഞ്ഞു. ആ മാസാവസാനം മിനെസോട്ടയിലെ ഒരു ക്ലിനിക്കില്‍ മനഃശാസ്ത്രജ്ഞന്റെ പരിശോധനകള്‍ക്ക് വിധേയനായി. തിരിച്ച് വീട്ടില്‍വന്ന് ഏതാനും ദിവസം കഴിഞ്ഞായിരുന്നു മരണം. ഹെമിങ്വേ 1940കള്‍ മുതല്‍ തങ്ങളുടെ നിരീക്ഷണത്തിലായിരുന്നു എന്ന് വ്യക്തമാക്കുന്ന 127 പേജ് ഫയല്‍ 83ല്‍ എഫ്ബിഐ പുറത്തുവിട്ടിരുന്നു.

deshabhimani 050711

1 comment:

  1. നൊബേല്‍ പുരസ്കാരജേതാവായ സാഹിത്യകാരന്‍ ഏണസ്റ്റ് ഹെമിംഗ്വേയെ ആത്മഹത്യയിലേക്ക് നയിച്ചത് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ വേട്ടയാടലാകാമെന്ന് അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്ത് എ ഇ ഹോഷ്നര്‍ പറഞ്ഞു. എഫ്ബിഐയുടെ നിരന്തരനിരീക്ഷണവും ഫോണ്‍ ചോര്‍ത്തലും അമേരിക്കയുടെ മികച്ച സാഹിത്യകാരനെ കടുത്ത മാനസികസമ്മര്‍ദത്തിലാക്കിയിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.

    ReplyDelete