Thursday, July 14, 2011

പീഡനക്കേസ് അന്വേഷിക്കുന്നവരെ അടിക്കടി മാറ്റുന്നതെന്തിന്: പി കെ ശ്രീമതി

പറവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അടിക്കടി സ്ഥലംമാറ്റിയത് അന്വേഷണത്തിലുള്ള വിശ്വാസ്യതയ്ക്ക് കോട്ടംതട്ടിച്ചെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. എന്തുകൊണ്ടാണ് ഓഫീസര്‍മാരെ സ്ഥലംമാറ്റിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരിക്കണം. കുറ്റവാളികളെ കണ്ടുപിടിക്കുന്നതില്‍ ഇവര്‍ വീഴ്ചവരുത്തിയെങ്കില്‍ മുഖ്യമന്ത്രി തുറന്നുപറയണം. കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടെന്ന് സംശയിക്കുന്നതായും ശ്രീമതി പറഞ്ഞു. പറവൂര്‍ , കോതമംഗലം, കോലഞ്ചേരി, നായരമ്പലം എന്നിവിടങ്ങളില്‍ പീഡനങ്ങള്‍ക്ക് ഇരകളായ പെണ്‍കുട്ടികളെ കാക്കനാട് ചില്‍ഡ്രന്‍സ് ഹോമില്‍ കണ്ടശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍ .

പറവൂര്‍ കേസ് അനന്തമായി നീട്ടിക്കൊണ്ടുപോയി പ്രതികള്‍ രക്ഷപ്പെടാന്‍ അനുവദിക്കരുത്. പണത്തിന്റെയും സ്വാധീനത്തിന്റെയും മുമ്പില്‍ ആരും രക്ഷപ്പെടരുത്. അതിനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കരുത്. പീഡിപ്പിച്ചവരില്‍ പെണ്‍കുട്ടി അറിയുന്നവരും അറിയാത്തവരുമുണ്ട്. പ്രായപൂര്‍ത്തിയാകാത്ത നാലു പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടത് സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇവരുടെ നില അത്യന്തം ദയനീയമാണ്. കോലഞ്ചേരിയില്‍ പീഡനത്തിനിരയായ ഏഴാം ക്ലസുകാരി ഇപ്പോഴും സുഖംപ്രാപിച്ചിട്ടില്ല. മാതാപിതാക്കള്‍ ഇല്ലാത്ത പെണ്‍കുട്ടി മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍മുതല്‍ പീഡിപ്പിക്കപ്പെടുകയായിരുന്നു.

കോതമംഗലത്തെ പെണ്‍കുട്ടിയുടെ ദാരിദ്ര്യം ചൂഷണംചെയ്യുകയായിരുന്നു. പിതാവുതന്നെ മകളെ പലര്‍ക്കും കാഴ്ച്ചവച്ചു. ഒപ്പം പഠിക്കുന്ന മറ്റു കുട്ടികളും പീഡനത്തിരകളായതായി പെണ്‍കുട്ടി പറഞ്ഞു. ഇതേക്കുറിച്ചും അന്വേഷിക്കണം. പീഡനക്കേസുകളുടെ അന്വേഷണത്തില്‍ ഒരു വനിതാ ഓഫീസറെപ്പോലും ഉള്‍പ്പെടുത്താത്തത് അത്ഭുതമാണ്. ജില്ലയിലെ ഉന്നത വനിതാ ഉദ്യോഗസ്ഥരെ അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തണം. വിദ്യാര്‍ഥിനികളായ പെണ്‍കുട്ടികളുടെ ശരീരംകൊണ്ട് പന്താടിയ സംഭവങ്ങള്‍ സാധാരണ കേസുകള്‍പോലെ കാണരുത്. ജനപ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരുമുള്‍പ്പെടെയുള്ളവര്‍ ഇതില്‍ പ്രതികളാണ്. വീടുകളിലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലാതാകുന്നത് അധമമായ സംസ്കാരത്തിന്റെ ഭാഗമാണ്. ഇത്തരം മൃഗീയവാസനകള്‍ക്കെതിരെ സമൂഹം ഒന്നിച്ചുപോരാടണം. കുറ്റവാളികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങിനല്‍കണം. സംഭവങ്ങളെ രാഷ്ട്രീയമുതലെടുപ്പിന് അവസരമാക്കില്ലെന്നും പി കെ ശ്രീമതി പറഞ്ഞു.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സോണി കോമത്ത്, സെക്രട്ടറി ഹെന്നി ബേബി, സംസ്ഥാനകമ്മിറ്റി അംഗം അഡ്വ. കെ തുളസി എന്നിവരും ഒപ്പമുണ്ടായിരുന്നു.

deshabhimani 140711

1 comment:

  1. പറവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അടിക്കടി സ്ഥലംമാറ്റിയത് അന്വേഷണത്തിലുള്ള വിശ്വാസ്യതയ്ക്ക് കോട്ടംതട്ടിച്ചെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. എന്തുകൊണ്ടാണ് ഓഫീസര്‍മാരെ സ്ഥലംമാറ്റിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരിക്കണം. കുറ്റവാളികളെ കണ്ടുപിടിക്കുന്നതില്‍ ഇവര്‍ വീഴ്ചവരുത്തിയെങ്കില്‍ മുഖ്യമന്ത്രി തുറന്നുപറയണം. കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടെന്ന് സംശയിക്കുന്നതായും ശ്രീമതി പറഞ്ഞു. പറവൂര്‍ , കോതമംഗലം, കോലഞ്ചേരി, നായരമ്പലം എന്നിവിടങ്ങളില്‍ പീഡനങ്ങള്‍ക്ക് ഇരകളായ പെണ്‍കുട്ടികളെ കാക്കനാട് ചില്‍ഡ്രന്‍സ് ഹോമില്‍ കണ്ടശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍ .

    ReplyDelete