Saturday, July 23, 2011

കെ എസ് രാധാകൃഷ്ണന് ജീവനാംശം ലഭിച്ചില്ലെന്ന വാര്‍ത്ത തെറ്റ്

കൊച്ചി: പിഎസ്സി ചെയര്‍മാനായി നിര്‍ദേശിച്ച ഡോ. കെ എസ് രാധാകൃഷ്ണന് രണ്ടര വര്‍ഷമായി ജീവനാംശം ലഭിച്ചിരുന്നില്ലെന്ന മനോരമ വാര്‍ത്ത അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് കാലടി സംസ്കൃത സര്‍വകലാശാല എംപ്ലോയീസ് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. പിഎസ്സി ചെയര്‍മാനായുള്ള നിയമനം രാഷ്ട്രീയ നിയമനമാണെന്ന് രാധാകൃഷ്ണന്‍തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ , ഇത് അപ്രകാരമല്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് മനോരമയുടെ ശ്രമം. സംസ്കൃത സര്‍വകലാശാലയുടെ വൈസ്ചാന്‍സലറായിരിക്കെ ചാന്‍സലറുടേതടക്കം ശാസനയ്ക്കു വിധേയനായ രാധകൃഷ്ണനുവേണ്ടി മനോരമ നുണപ്രചാരണം നടത്തുകയാണ്. ഒരാഴ്ച മുമ്പാണ് പെന്‍ഷന്‍ ലഭിച്ചതെന്ന വാര്‍ത്ത തെറ്റാണ്. 2010 ഡിസംബര്‍ എട്ടിന് പെന്‍ഷന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെയും അന്നത്തെ വിദ്യാഭ്യാസമന്ത്രിയുടെയും അനിഷ്ടംകൊണ്ടാണ് പെന്‍ഷന്‍ നല്‍കാതിരുന്നതെന്ന പരാമര്‍ശം അധിക്ഷേപിക്കലാണ്.

നാലു വര്‍ഷത്തേയ്ക്ക് സര്‍വകലാശാലയില്‍ ഡെപ്യൂട്ടേഷനില്‍ വൈസ്ചാന്‍സലറായ രാധാകൃഷ്ണന്‍ തനിക്ക് സര്‍വകലാശാലയില്‍ സ്ഥിര നിയമനമാണെന്ന് കോളേജ് വിദ്യാഭ്യാസ വകുപ്പിനെ രേഖാമൂലം അറിയിച്ചു. വൈസ്ചാന്‍സലറുടെ ശമ്പളത്തില്‍ പെന്‍ഷനാകാന്‍ വേണ്ടിയായിരുന്നു ഇത്. ഇതുപ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍നിന്ന് പെന്‍ഷന്‍വിഹിതം സര്‍വകലാശാലയിലേക്ക് അയക്കുകയുംചെയ്തു. എന്നാല്‍ , കള്ളത്തരം വിദ്യാഭ്യാസവകുപ്പ് കണ്ടുപിടിക്കുകയും വിഹിതം അനുവദിച്ച് ഇറക്കിയ ഉത്തരവ് റദ്ദാക്കുകയുമായിരുന്നു. സര്‍ക്കാരിനെ കള്ളം അറിയിച്ചതാണ് പെന്‍ഷന്‍ വൈകാന്‍ കാരണം. സര്‍വകലാശാലയില്‍നിന്ന് പെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രാധാകൃഷ്ണന്‍ ഫയല്‍ചെയ്ത കേസ് കോടതി തള്ളിയത് മനോരമ മറച്ചുവച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പില്‍നിന്നു മാത്രമേ പെന്‍ഷന്‍ അനുവദിക്കാന്‍ സാധിക്കൂവെന്ന സര്‍ക്കാര്‍ നിലപാട് ശരിവച്ചായിരുന്നു കോടതി വിധി.

2008ല്‍ രാധാകൃഷ്ണന്‍ സ്വയം വിരമിച്ചെന്നതും അടിസ്ഥാനരഹിതമാണ്. വൈസ്ചാന്‍സലര്‍പദവി പൂര്‍ത്തിയാക്കിയാണ് കോളേജ് വിദ്യാഭ്യാസ വകുപ്പില്‍നിന്നു വിരമിച്ചത്. ഗവേഷകവിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയതിന് ചാന്‍സലറടക്കമുള്ളവര്‍ ശാസിക്കുകയുംചെയ്തു. വൈസ് ചാന്‍സലറെന്ന നിലയില്‍ നിരുത്തരവാദപരമായാണ് പെരുമാറിയതെന്ന് ലോകായുക്തയും നിരീക്ഷിച്ചു. രാധാകൃഷ്ണന്‍തന്നെ നിയമിച്ച സിന്‍ഡിക്കേറ്റാണ് അദ്ദേഹത്തിന്റെ നിലപാടുകളെ എതിര്‍ത്തത്- യൂണിയന്‍ പ്രസിഡന്റ് പി എം സലീമും ജനറല്‍ സെക്രട്ടറി സുനില്‍കുമാറും പ്രസ്താവനയില്‍ അറിയിച്ചു.

പിഎസ്സിയെക്കുറിച്ച് പഠിക്കും: ഡോ. കെ എസ് രാധാകൃഷ്ണന്‍

കൊച്ചി: പിഎസ്സിയെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയൊന്നുമില്ലെന്ന് നിയുക്ത പിഎസ്സി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു. എറണാകുളം പ്രസ്ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിഎസ്സി ചെയര്‍മാനായി നിയമിച്ച വിവരം ബുധനാഴ്ചയാണ് അറിയുന്നത്. പിഎസ്സിയെക്കുറിച്ചോ പിഎസ്സിയുടെ പ്രവര്‍ത്തനശൈലിയെക്കുറിച്ചോ വ്യക്തമായ ധാരണയില്ല. വരും ദിവസങ്ങളില്‍ അതെല്ലാം പഠിക്കാമെന്നാണു പ്രതീക്ഷിക്കുന്നത്. മികച്ചരീതിയിലുള്ള പ്രവര്‍ത്തനം കാഴ്ചവയ്ക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്നെ തെരഞ്ഞെടുത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സഹായംചെയ്തിട്ടുണ്ട്. തന്റെ സുഹൃത്തുകൂടിയായ എക്സൈസ്മന്ത്രി കെ ബാബുവാണ് ഇക്കാര്യത്തില്‍ ഏറ്റവുമധികം സഹായിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തലയും സഹായിച്ചിട്ടുണ്ട്. പിഎസ്സി ബോര്‍ഡില്‍ അധികവും ഇടതുപക്ഷക്കാരാണെന്ന വാദത്തില്‍ വിശ്വസിക്കുന്നില്ല. പിഎസ്സി ഭരണഘടനാസ്ഥാപനമായതിനാല്‍ പ്രധാന തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ അവരെല്ലാം പിഎസ്സി പക്ഷക്കാരായി നിലകൊള്ളുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 220711 & 230711

1 comment:

  1. പിഎസ്സി ചെയര്‍മാനായി നിര്‍ദേശിച്ച ഡോ. കെ എസ് രാധാകൃഷ്ണന് രണ്ടര വര്‍ഷമായി ജീവനാംശം ലഭിച്ചിരുന്നില്ലെന്ന മനോരമ വാര്‍ത്ത അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് കാലടി സംസ്കൃത സര്‍വകലാശാല എംപ്ലോയീസ് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. പിഎസ്സി ചെയര്‍മാനായുള്ള നിയമനം രാഷ്ട്രീയ നിയമനമാണെന്ന് രാധാകൃഷ്ണന്‍തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ , ഇത് അപ്രകാരമല്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് മനോരമയുടെ ശ്രമം. സംസ്കൃത സര്‍വകലാശാലയുടെ വൈസ്ചാന്‍സലറായിരിക്കെ ചാന്‍സലറുടേതടക്കം ശാസനയ്ക്കു വിധേയനായ രാധകൃഷ്ണനുവേണ്ടി മനോരമ നുണപ്രചാരണം നടത്തുകയാണ്. ഒരാഴ്ച മുമ്പാണ് പെന്‍ഷന്‍ ലഭിച്ചതെന്ന വാര്‍ത്ത തെറ്റാണ്. 2010 ഡിസംബര്‍ എട്ടിന് പെന്‍ഷന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെയും അന്നത്തെ വിദ്യാഭ്യാസമന്ത്രിയുടെയും അനിഷ്ടംകൊണ്ടാണ് പെന്‍ഷന്‍ നല്‍കാതിരുന്നതെന്ന പരാമര്‍ശം അധിക്ഷേപിക്കലാണ്.

    ReplyDelete