Friday, July 22, 2011

വോട്ടുകോഴ: കേസ് ഒതുക്കാന്‍ ഡല്‍ഹി പൊലീസിന്റെ ഒത്തുകളി

ന്യൂഡല്‍ഹി: വോട്ടുകോഴക്കേസില്‍ സമാജ്വാദി പാര്‍ടി മുന്‍ ജനറല്‍ സെക്രട്ടറി അമര്‍സിങ്ങും അഹമ്മദ് പട്ടേലടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും നിരപരാധികളാണെന്ന് ഡല്‍ഹി പൊലീസ്. അറസ്റ്റിലായ സഞ്ജീവ് സക്സേനയെയും സൊഹൈല്‍ ഹിന്ദുസ്ഥാനിയെയും കൂടുതല്‍ ദിവസം പൊലീസ് കസ്റ്റഡിയില്‍ കിട്ടാന്‍ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് ഡല്‍ഹി പൊലീസ് ഇക്കാര്യം പറഞ്ഞത്. അമര്‍സിങ്ങിനെ ചോദ്യംചെയ്യുന്നതിന് തൊട്ടുമുമ്പാണ് ചോദ്യംചെയ്യേണ്ട ഡല്‍ഹി പൊലീസ് തന്നെ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയത്. അമര്‍സിങ്ങോ ഏതെങ്കിലും കോണ്‍ഗ്രസ് നേതാവോ കേസില്‍ പ്രതികളായ സഞ്ജീവ് സക്സേനയുമായും സൊഹൈല്‍ ഹിന്ദുസ്ഥാനിയുമായും ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. സൊഹൈല്‍ ഹിന്ദുസ്ഥാനിയാണ് പലരുമായും ബന്ധപ്പെടാന്‍ ശ്രമിച്ചത്. മൂന്ന് ബിജെപി എംപിമാരുടെ പേരില്‍ കരാറുറപ്പിച്ച് സാമ്പത്തികനേട്ടത്തിന് ശ്രമിച്ച സൊഹൈല്‍ഹിന്ദുസ്ഥാനിയാണ് ഗൂഢാലോചന നടത്തിയത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ സക്സേനയെയും ഹിന്ദുസ്ഥാനിയെയും കൂടുതല്‍ ചോദ്യംചെയ്യേണ്ടതുണ്ട്- ഡല്‍ഹി പൊലീസിനു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജീവ് മോഹന്‍ കോടതിയില്‍ പറഞ്ഞു.

രണ്ടുദിവസം കസ്റ്റഡിയില്‍ കിട്ടണമെന്നാണ് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടതെങ്കിലും പ്രത്യേക ജഡ്ജി സംഗീത ധിംഗ്ര സെഹ്വാള്‍ ഒരു ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു. അമര്‍സിങ്ങിനെ വെള്ളിയാഴ്ച ചോദ്യംചെയ്യാന്‍ നിശ്ചയിച്ചിട്ടുള്ള ഡല്‍ഹി പൊലീസ് അഹമ്മദ് പട്ടേല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ ചോദ്യംചെയ്യുന്ന കാര്യത്തില്‍ മൗനം തുടരുകയാണ്. അമര്‍സിങ്ങിനു പുറമെ ഇടനിലക്കാരനായി നിന്ന സമാജ്വാദി പാര്‍ടി എംപി രേവതി രമണ്‍സിങ്, കോഴപ്പണം ലഭിച്ച ബിജെപി എംപി അശോക് അര്‍ഗല്‍ , മുന്‍ ബിജെപി നേതാവ് സുധീന്ദ്ര കുല്‍ക്കര്‍ണി എന്നിവരെയും ചോദ്യംചെയ്തേക്കും. ഇതിന് ശേഷം കോണ്‍ഗ്രസ് നേതാക്കളെയും മറ്റും ഒഴിവാക്കി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നീക്കം. വോട്ടുകോഴ വിഷയം ചര്‍ച്ചചെയ്യുന്നതിന് ഡല്‍ഹി പൊലീസ് മേധാവി കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി പി ചിദംബരവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് കോണ്‍ഗ്രസ് നേതാക്കള്‍ നിരപരാധികളാണെന്ന് കോടതിയെ അറിയിച്ചത്. കേസില്‍ സുപ്രീംകോടതി ഇടപെട്ടതോടെ പല കോണ്‍ഗ്രസ് നേതാക്കളും കുടുങ്ങുമെന്ന് വ്യക്തമായിരുന്നു. അഹമ്മദ് പട്ടേലും മറ്റും പ്രതികളായി വന്നാല്‍ സര്‍ക്കാരിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാകുമെന്ന് തിരിച്ചറിഞ്ഞാണ് ഏതുവിധേനയും കേസ് ദുര്‍ബലമാക്കാനുള്ള ശ്രമം.

deshabhimani 220711

2 comments:

  1. വോട്ടുകോഴക്കേസില്‍ സമാജ്വാദി പാര്‍ടി മുന്‍ ജനറല്‍ സെക്രട്ടറി അമര്‍സിങ്ങും അഹമ്മദ് പട്ടേലടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും നിരപരാധികളാണെന്ന് ഡല്‍ഹി പൊലീസ്. അറസ്റ്റിലായ സഞ്ജീവ് സക്സേനയെയും സൊഹൈല്‍ ഹിന്ദുസ്ഥാനിയെയും കൂടുതല്‍ ദിവസം പൊലീസ് കസ്റ്റഡിയില്‍ കിട്ടാന്‍ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് ഡല്‍ഹി പൊലീസ് ഇക്കാര്യം പറഞ്ഞത്. അമര്‍സിങ്ങിനെ ചോദ്യംചെയ്യുന്നതിന് തൊട്ടുമുമ്പാണ് ചോദ്യംചെയ്യേണ്ട ഡല്‍ഹി പൊലീസ് തന്നെ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയത്.

    ReplyDelete
  2. ഇനി ഈ കേസ് ഒതുക്കാന്‍ ഏത് കുംഭകോണമാണാവോ നടത്താന്‍ പോണേ! ഒരു കേസൊതുക്കാന്‍ രണ്ട് അഴിമതി എന്നല്ലേ കാഗ്രസ് ചൊല്ല്!

    ReplyDelete