Friday, August 5, 2011

സ്വാശ്രയ മെഡിക്കല്‍ മെറിറ്റ് ഫീസ് 3.12 ലക്ഷം കൂട്ടി

സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ക്ക് പകല്‍ക്കൊള്ളയ്ക്ക് അവസരമൊരുക്കി സര്‍ക്കാരും മാനേജ്മെന്റും ധാരണയായി. മെറിറ്റ്- മാനേജ്മെന്റ് സീറ്റുകളില്‍ നാലരലക്ഷം രൂപവീതം വാര്‍ഷിക ഫീസീടാക്കാന്‍ മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ഇപ്പോള്‍ മെറിറ്റ് സീറ്റില്‍ 1.38 ലക്ഷം രൂപയാണ് ഫീസ്. എന്നാല്‍ , വ്യാഴാഴ്ച രാത്രി നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കരാര്‍ സംബന്ധിച്ച്് ധാരണയായെങ്കിലും ഒപ്പിടുന്നത് മാറ്റി. വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച വിധി വരുന്നത് ചൂണ്ടിക്കാട്ടിയാണിത്. വിധി വന്നശേഷം വൈകിട്ട് മാനേജ്മെന്റുകളുമായി വീണ്ടും ചര്‍ച്ചനടത്തി കരാറില്‍ ഒപ്പിടുമെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. പുതിയ ധാരണ പ്രകാരം വാര്‍ഷികവരുമാനം രണ്ടരലക്ഷത്തില്‍ കുറവുള്ള ബിപിഎല്‍ വിഭാഗത്തിന് 20 ശതമാനം സീറ്റ് മാറ്റിവയ്ക്കും. ഇവര്‍ക്ക് 25,000 രൂപയാണ് ഫീസ്. എന്നാല്‍ , പ്രവേശനം ലഭിക്കുമ്പോള്‍ ബിപിഎല്‍ വിഭാഗക്കാരും നാലരലക്ഷം തന്നെ അടയ്ക്കേണ്ടിവരും. ഇത് പിന്നീട് മടക്കിക്കൊടുക്കുമെന്നാണ് പറയുന്നത്.

മാനേജ്മെന്റ് സീറ്റില്‍ നിലവില്‍ അഞ്ചരലക്ഷം രൂപ ഫീസുണ്ടായിരുന്നത് നാലരലക്ഷമാകും. അതേസമയം മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ പുതിയ കരാര്‍ പ്രകാരം 3.12 ലക്ഷം രൂപ കൂടുതലായി അടയ്ക്കണം. നൂറ് സീറ്റുള്ള കോളേജിലെ മെറിറ്റ് വിദ്യാര്‍ഥികളില്‍നിന്ന് ഏതാണ്ട് ഒരുകോടിയോളം രൂപ വര്‍ഷംതോറും മാനേജ്മെന്റുകള്‍ക്ക് കൂടുതലായി കിട്ടുന്ന കരാറാണ് രൂപപ്പെടുത്തിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപം നല്‍കിയ പ്രവേശനരീതിയാണ് ഇതോടെ അട്ടിമറിച്ചത്. 14 ശതമാനം സീറ്റില്‍ 25,000 രൂപ, 26 ശതമാനം സീറ്റില്‍ 45,000 രൂപ, 50 ശതമാനം മെറിറ്റ് സീറ്റില്‍ 1.38 ലക്ഷം രൂപ എന്നിങ്ങനെയായിരുന്നു എല്‍ഡിഎഫ് കാലത്തെ ഫീസ്. അഞ്ചുശതമാനം സീറ്റ് എസ്സി-എസ്ടി വിഭാഗത്തിന് നീക്കിവച്ചിരുന്നു. അതില്‍ രണ്ടരലക്ഷം ഫീസ് നിശ്ചയിച്ചു. ഇത് സര്‍ക്കാരാണ് അടയ്ക്കുന്നത്. എസ്സി-എസ്ടി വിഭാഗത്തിന്റെ ഫീസ് അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. 11 സ്വാശ്രയ മെഡിക്കല്‍ കോളേജുകളുമായാണ് കരാര്‍ .

മാനേജ്മെന്റ് സീറ്റില്‍ 15 ശതമാനം എന്‍ആര്‍ഐ സീറ്റാണ്. സര്‍ക്കാരിന് സീറ്റ് നല്‍കാത്ത ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനും പുതിയ കരാര്‍ നേട്ടമാകും. മൂന്നരലക്ഷം രൂപയാണ് ഇന്റര്‍ ചര്‍ച്ചില്‍ പുറത്തുപറയുന്ന വാര്‍ഷിക ഫീസ്. പുതിയ കരാറോടെ ഇതും ഉയരും. മാനേജ്മെന്റുകളുമായി കഴിഞ്ഞ ദിവസം യുഡിഎഫ് രൂപപ്പെടുത്തിയ ധാരണയ്ക്കു വിരുദ്ധമായാണ് പുതിയ കരാര്‍ . 30 ശതമാനം സീറ്റില്‍ 1.38 ലക്ഷം, ബിപിഎല്‍ 25,000, മാനേജ്മെന്റ് സീറ്റില്‍ അഞ്ചരലക്ഷവും അഞ്ചുലക്ഷം ഡിപ്പോസിറ്റും എന്നതായിരുന്നു ധാരണ. കരാര്‍ ഒപ്പിടാന്‍ മാനേജ്മെന്റ് പ്രതിനിധികള്‍ എത്തിയെങ്കിലും പുറത്ത് കാരണമൊന്നും പറയാതെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇവരെ മടക്കി അയക്കുകയായിരുന്നു. ഇത് മാനേജ്മെന്റുകളുമായുള്ള ഒത്തുകളിക്കായിരുന്നെന്ന് പുതിയ കരാറോടെ വ്യക്തമായി. ആയുര്‍വേദ- സിദ്ധ കോളേജുകളുമായും കരാറൊപ്പിട്ടിട്ടുണ്ട്. മെറിറ്റ് സീറ്റ് ഫീസ് നാല്‍പതിനായിരത്തില്‍നിന്ന് 45,000 ആക്കി. മനേജ്മെന്റ് സീറ്റില്‍ ഒരുലക്ഷത്തില്‍നിന്ന് 1.15 ലക്ഷമാക്കി.

deshabhimani 050811

1 comment:

  1. സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ക്ക് പകല്‍ക്കൊള്ളയ്ക്ക് അവസരമൊരുക്കി സര്‍ക്കാരും മാനേജ്മെന്റും ധാരണയായി. മെറിറ്റ്- മാനേജ്മെന്റ് സീറ്റുകളില്‍ നാലരലക്ഷം രൂപവീതം വാര്‍ഷിക ഫീസീടാക്കാന്‍ മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ഇപ്പോള്‍ മെറിറ്റ് സീറ്റില്‍ 1.38 ലക്ഷം രൂപയാണ് ഫീസ്. എന്നാല്‍ , വ്യാഴാഴ്ച രാത്രി നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കരാര്‍ സംബന്ധിച്ച്് ധാരണയായെങ്കിലും ഒപ്പിടുന്നത് മാറ്റി.

    ReplyDelete