മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉടന്‍ 'കരുതലും വികസനവുമാണ്' തന്റെ സര്‍ക്കാരിന്റെ മുദ്രാവാക്യമെന്ന് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. 2005 ല്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും അമിതമായ ആത്മവിശ്വാസത്തോടെ പ്രകടനപരമായി മുദ്രാവാക്യങ്ങള്‍ക്ക് രൂപം നല്‍കാന്‍ അദ്ദേഹം ശ്രമിക്കുകയുണ്ടായി ''അതിവേഗം ബഹുദൂരം'', 'അഴിമതി രഹിത സുതാര്യ ഭരണം' തുടങ്ങിയവ. മുദ്രാവാക്യങ്ങള്‍ പൊള്ളയായിരുന്നു എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. ഇപ്പോഴത്തെ 'കരുതലും വികസനവും'' എന്ന മുദ്രാവാക്യത്തിന്റെ അവസ്ഥയും അത് തന്നെയായിരിക്കുമെന്ന് പ്രഖ്യാപിക്കുന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍.
പ്രഖ്യാപനങ്ങളിലൂടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ കഴിയുമെന്നാണ് മുഖ്യമന്ത്രിയും അവരുടെ ഉപദേശകരും കരുതുന്നത്. 100 ദിന കര്‍മ്മപരിപാടിയും 365 ദിന പരിപാടിയും മാധ്യമ പ്രവര്‍ത്തകരെയും വിളിച്ചിരുത്തി പ്രഖ്യാപിച്ചു. ദൃശ്യമാധ്യമങ്ങളില്‍ തത്സമയ പ്രക്ഷേപണം നടത്തിക്കാനും അച്ചടി മാധ്യമങ്ങളെക്കൊണ്ട് മുഖക്കുറിപ്പ് എഴുതിക്കാനും ഉപദേശകര്‍ ഓടി നടന്നു. തത്സമയ പ്രക്ഷേപണം നടത്തിയവരും പൊടിപ്പും തൊങ്ങലും വെച്ച് മുഖപ്രസംഗം എഴുതിയവരും സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ പ്രഖ്യാപനങ്ങള്‍ എന്തൊക്കെ നടന്നു എന്നതിനെക്കുറിച്ച് മിണ്ടിയില്ല.
താനും, തന്റെ മന്ത്രിമാരും ഉദ്യോഗസ്ഥ മേധാവികളും സ്വത്ത് വിവരം പ്രഖ്യാപിക്കുമെന്നും ഏതൊരാള്‍ക്കും എപ്പോഴും വെബ്‌സൈറ്റില്‍ നോക്കിയാല്‍ കാണാന്‍ കഴിയുമെന്നും ഉജ്ജ്വലമായ പ്രഖ്യാപനം മുഖ്യമന്ത്രി നടത്തി. ഈ ഉഗ്രപ്രഖ്യാപനം നടത്തിയ ഉമ്മന്‍ചാണ്ടിയുടെ സ്വത്ത് വിവരംപോലും വെബ്‌സൈറ്റില്‍ കാണാന്‍ കഴിയുന്നില്ല. അരഡസന്‍ മന്ത്രിമാരാണ് സ്വത്ത് വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥരാവട്ടെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പരിഗണനാര്‍ഹമാക്കിയതേയില്ല.
'അഴിമതി രഹിത സുതാര്യ ഭരണ' മാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കേന്ദ്ര മുദ്രാവാക്യങ്ങളില്‍ ഒന്ന്. വിജിലന്‍സ് അന്വേഷണം നേരിടുന്ന അരഡസന്‍ മന്ത്രിമാരെങ്കിലും അദ്ദേഹത്തിലെ ക്യാബിനറ്റില്‍ പ്രമുഖരായി ഇരിക്കുന്നു. ഇപ്പോഴാവട്ടെ അഴിമതി രഹിത ഭരണത്തിന്റെ നായകന്‍ തന്നെ അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നു. ഓട്ടപ്പന്തയത്തില്‍ സ്റ്റാര്‍ട്ടിങ്ങ് പോയിന്റില്‍ തന്നെ തളര്‍ന്ന് വീണ നായകനെയാണ് ഇത് ഓര്‍മ്മപ്പെടുത്തുന്നത്. ഐക്യകേരള രൂപീകരണത്തിനുശേഷം ഇത്രയും കുറഞ്ഞ ദിവസത്തിനകം ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടുണ്ടോ?
നീതിന്യായ സംവിധാനങ്ങളെ അട്ടിമറിക്കാനും വിലപേശി വരുതിയില്‍ നിര്‍ത്താനും കോടികള്‍ ചിലവഴിച്ചു എന്ന ഗുരുതരമായ ആക്ഷേപം സ്വന്തം ബന്ധുതന്നെ ഉന്നയിച്ച പി കെ കുഞ്ഞാലിക്കുട്ടിയാണ് ഉമ്മന്‍ചാണ്ടിയോടൊപ്പം മന്ത്രിസഭയെ നയിക്കുന്നത്. മുസ്‌ലീം ലീഗിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും നിര്‍ദേശപ്രകാരം കാസര്‍കോട് വെടിവെയ്പ് അന്വേഷിക്കുന്നതിന് നിയോഗിച്ചിരുന്ന ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ പിരിച്ചുവിടുകയുണ്ടായി. നിയമ സംവിധാനത്തെയും ജനാധിപത്യത്തെയും അപഹസിക്കുന്ന പ്രവര്‍ത്തിയായിരുന്നു ഇത്. കാക്കിക്കുള്ളിലെ ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ ക്രിമിനലുകളായ പൊലീസ് ഉദ്യോഗസ്ഥരുടെ ശിക്ഷണ നടപടി പിന്‍വലിച്ച് തിരിച്ചെടുക്കുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും ജനസമ്പര്‍ക്കപരിപാടി നടത്തുമെന്നും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ മാസത്തിലൊരിക്കല്‍ ജനസമ്പര്‍ക്ക പരിപാടി നടത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. ആ പ്രഖ്യാപനത്തിന്റെ അവസ്ഥയെന്തെന്ന് ജനങ്ങള്‍ക്ക് തന്നെ നല്ല ബോധ്യമുണ്ട്.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങള്‍ക്കും ഒരു രൂപയ്ക്ക് 25 കിലോ അരി 100 ദിവസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വാക്ക് പാലിക്കാനെന്ന മട്ടില്‍ ആ പദ്ധതിയുടെ ഉത്ഘാടനം നടത്തിയെങ്കിലും ഇതെങ്ങിനെ പ്രയോഗത്തില്‍ വരുത്തുമെന്ന് കണ്ടുതന്നെ അറിയണം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം വെട്ടിക്കുറയ്ക്കാനാണ് കെ എം മാണിയുടെ തിരുത്തല്‍ ബജറ്റിലൂടെ യു ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ഉദ്യോഗമോ 25000 രൂപയിലധികം വരുമാനമോ ഇല്ലാത്ത പട്ടികവര്‍ഗക്കാരെ മുഴുവന്‍ ബി പി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന പ്രഖ്യാപനവും പ്രാവര്‍ത്തികമായില്ല.
പച്ചക്കറി വിത്ത് കിറ്റ് എല്ലാ വീടുകളിലും വിതരണം ചെയ്യും, ആശ്രയ പദ്ധതി എല്ലാ പഞ്ചായത്തുകളിലും ബ്ലോക്ക് അടിസ്ഥാനത്തില്‍, അര്‍ഹരായവര്‍ക്ക് വികലാംഗ സര്‍ട്ടിഫിക്കറ്റ്, ആരോഗ്യ-സുരക്ഷാ-ഇന്‍ഷ്വറന്‍സിന്റെ വിപുലീകരണം, വൃദ്ധജനങ്ങള്‍ക്കായി 14 ജില്ലകളിലും വയോമിത്രം പദ്ധതി. എത്രയെത്ര പദ്ധതികളാണ് 100 ദിനങ്ങള്‍കൊണ്ട് നടപ്പാക്കാനിറങ്ങിയത്. ഇതില്‍ ഏതാണ് നടപ്പിലായതെന്ന് മുഖ്യമന്ത്രി തന്നെ പറയട്ടെ.
ഓരോ മേഖലയ്ക്കും കാലോചിതമായ പദ്ധതികള്‍. അതായിരുന്നു വാഗ്ദാനങ്ങളിലെ സുപ്രധാനമായ മറ്റൊരിനം. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതും ഉല്‍പാദന ക്ഷമത ഉറപ്പുവരുത്തുന്നതുമായ തൊഴില്‍നയം, നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള വ്യക്തമായ നടപടികള്‍, വ്യവസായ ഐ ടി നയങ്ങള്‍, പാര്‍പ്പിട നയം, എക്‌സൈസ് നയം, ടൂറിസം നയം, യുവജന നയം, യൂണിഫൈഡ് ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിങ്ങ് ബില്‍ എന്നിവയെല്ലാം 100 ദിന കര്‍മ്മ പദ്ധതിയിലെ സുപ്രധാന വാഗ്ദാനങ്ങളായിരുന്നു. വാഗ്ദാനം അതുപോലെ നില നില്‍ക്കണമെന്ന നിര്‍ബന്ധം ഉമ്മന്‍ചാണ്ടി ഭരണത്തിന് ഉണ്ടെന്ന് അനുഭവം സാക്ഷിയാകുന്നു. അവധാനതയോടെ കൊണ്ടുവന്ന മദ്യനയം പാളയത്തില്‍ പടയെന്നപോലെ സ്വന്തം കൂടാരത്തില്‍ നിന്ന് നിശിത വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. പിന്നീട് അത് മാറ്റിവെക്കേണ്ടിവന്നു. കുട്ടനാട്ടില്‍ സംഭരിച്ച നെല്ലിന്റെ കുടിശ്ശിക ഉടനെ നല്‍കുമെന്നും വേനല്‍മഴയിലെ കൃഷിനാശത്തിന് ഉടനെ നഷ്ടപരിഹാരം നല്‍കുമെന്നും ആവശ്യാനുസരണം കൊയ്ത്ത് യന്ത്രങ്ങള്‍ ലഭ്യമാക്കുമെന്നതും വാഗ്ദാന പെരുമഴയുടെ ഭാഗമായിരുന്നു
കേരളം ഇന്ത്യയ്ക്ക് സമ്മാനിച്ച മാതൃകാപരമായ നടപടിയായിരുന്നു ഭൂപരിഷ്‌ക്കരണം. ജന്മിത്വത്തിന്റെ ഭീകരതയെ തുടച്ചുനീക്കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. കാര്‍ഷിക പരിഷ്‌ക്കരണ നിയമം കൊണ്ടുവന്നപ്പോള്‍ വിമോചന സമരത്തിലൂടെ അതിനെ അട്ടിമറിച്ചവരുടെ പിന്‍ഗാമികളാണ് ഇന്ന് കേരളത്തിന്റെ ഭരണം കയ്യാളുന്നത്. വിമോചന സമരത്തിന് നേതൃത്വം നല്‍കി ഉറഞ്ഞു തുള്ളിയവരുടെ പിന്‍തുടര്‍ച്ചക്കാര്‍ ഭൂപരിഷ്‌ക്കരണത്തെ അട്ടിമറിക്കാനും ജന്മിത്വത്തെ പുതിയ രീതിയില്‍ ഭൂമാഫിയയായി അവതരിപ്പിക്കാനും നടപടികള്‍ സ്വീകരിക്കുന്നു. നടപ്പാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ പറയുകയും ജനങ്ങളെ പറ്റിക്കുകയും ചെയ്യുന്നതാണ് കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും സ്ഥിരം പരിപാടി. അതില്‍ നിന്ന് മാറ്റമില്ലെന്ന് ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ 100 ദിവസങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.
സി എന്‍ ചന്ദ്രന്‍ ജനയുഗം 280811
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉടന്‍ 'കരുതലും വികസനവുമാണ്' തന്റെ സര്‍ക്കാരിന്റെ മുദ്രാവാക്യമെന്ന് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. 2005 ല്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും അമിതമായ ആത്മവിശ്വാസത്തോടെ പ്രകടനപരമായി മുദ്രാവാക്യങ്ങള്‍ക്ക് രൂപം നല്‍കാന്‍ അദ്ദേഹം ശ്രമിക്കുകയുണ്ടായി ''അതിവേഗം ബഹുദൂരം'', 'അഴിമതി രഹിത സുതാര്യ ഭരണം' തുടങ്ങിയവ. മുദ്രാവാക്യങ്ങള്‍ പൊള്ളയായിരുന്നു എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. ഇപ്പോഴത്തെ 'കരുതലും വികസനവും'' എന്ന മുദ്രാവാക്യത്തിന്റെ അവസ്ഥയും അത് തന്നെയായിരിക്കുമെന്ന് പ്രഖ്യാപിക്കുന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍.
ReplyDelete