Saturday, August 27, 2011

ദൂരദര്‍ശന്‍ കേന്ദ്രത്തിലെ ലൈംഗികചൂഷണം: കേന്ദ്രം നടപടിയെടുക്കണം- ടി എന്‍ സീമ

തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ വനിതാ വാര്‍ത്താവതാരകരെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന പരാതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് നീതി ഉറപ്പാക്കണമെന്ന് ടി എന്‍ സീമ രാജ്യസഭയില്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിലെ 19 വനിത വാര്‍ത്ത അവതാരകരില്‍ 18 പേരാണ് ലൈംഗികപീഡന ആരോപണം ഉന്നയിച്ചിട്ടുള്ളത്. ദൂരദര്‍ശന്‍ കേന്ദ്രത്തിലെ മേയ്ക്ക്അപ്പ് ആര്‍ട്ടിസ്റ്റുകളിലൊരാള്‍ മേയ്ക്ക്അപ്പ് ചെയ്യുമ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയാണ് അവതാരകര്‍ ഉന്നയിച്ചത്. വകുപ്പ് മേധാവിക്ക് അവര്‍ രേഖാമൂലം പരാതി നല്‍കി. ജനുവരി അഞ്ചിന് വാര്‍ത്താവിഭാഗം മേധാവിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പരാതി അന്വേഷിച്ച ദൂരദര്‍ശനിലെ വനിതാസെല്‍ ആരോപണവിധേയനായ ജീവനക്കാരനെതിരെ നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്തെങ്കിലും അധികൃതര്‍ അവഗണിച്ചു. ഡല്‍ഹിയിലെ ഡയറക്ടറേറ്റിന് പരാതി കൈമാറിയെന്നും അവരുടെ നിര്‍ദേശങ്ങള്‍ക്ക് കാക്കുകയുമാണെന്നാണ് ദൂരദര്‍ശന്‍ കേന്ദ്രം ഡയറക്ടര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ഏറെ ഗൗരവതരമായ പരാതി നല്‍കി എട്ടുമാസം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്.
ലൈംഗികചൂഷണ ശ്രമങ്ങള്‍ക്കെതിരെയുള്ള പരാതികള്‍ അവഗണിക്കപ്പെടുന്നത് ഒറ്റപ്പെട്ട സംഭവമല്ല. തൊഴിലിടങ്ങളില്‍ വനിതാജീവനക്കാര്‍ നേരിടേണ്ടിവരുന്ന ചൂഷണം തടയാനും പരാതി പരിഹരിക്കാനും സുപ്രീംകോടതി മുന്നോട്ടുവച്ച മാനദണ്ഡങ്ങള്‍ ദൂരദര്‍ശന്‍ അധികൃതര്‍ ലംഘിച്ചിരിക്കയാണ്. വനിതകള്‍ക്ക് സുരക്ഷിതമായ തൊഴില്‍ സാഹചര്യമൊരുക്കുകയെന്നത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. ഇക്കാര്യത്തില്‍ ദൂരദര്‍ശന്‍ മറ്റുചാനലുകള്‍ക്ക് മാതൃകയാകണം. വനിതാ ജീവനക്കാര്‍ക്ക് നീതി ഉറപ്പാക്കാന്‍ വകുപ്പുമന്ത്രി വിഷയത്തില്‍ ഇടപെടണം-സീമ ആവശ്യപ്പെട്ടു. മറ്റ് സഭാംഗങ്ങളും സീമയുടെ ആവശ്യത്തെ പിന്തുണച്ചു.

deshabhimani 270811

1 comment:

  1. തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ വനിതാ വാര്‍ത്താവതാരകരെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന പരാതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് നീതി ഉറപ്പാക്കണമെന്ന് ടി എന്‍ സീമ രാജ്യസഭയില്‍ ആവശ്യപ്പെട്ടു.

    ReplyDelete