Monday, August 29, 2011

കാറ്റാടി കമ്പനിയെ സംരക്ഷിക്കാന്‍ പുതിയ തന്ത്രങ്ങളുമായി റവന്യുമന്ത്രി രംഗത്ത്

കോട്ടയം: അട്ടപ്പാടിയിലെ ആദിവാസി ഭൂമി കയ്യേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കാറ്റാടി കമ്പനിയെ സംരക്ഷിക്കാന്‍ റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുതിയ തന്ത്രങ്ങളുമായി രംഗത്ത്. ഇക്കാര്യത്തില്‍ ആദിവാസികളുടെ  താല്‍പ്പര്യം സംരക്ഷിക്കുമെന്ന് പറയുന്ന മന്ത്രി അവര്‍ക്ക് താല്‍പ്പര്യമെങ്കില്‍ കമ്പനി അവിടെ തുടരട്ടെ എന്ന നിലപാടിലാണ് സര്‍ക്കാരെന്ന് ഇന്നലെ കോട്ടയത്ത് വ്യക്തമാക്കി. ഭൂമി കയ്യേറിയ സുസ്‌ലോണ്‍ കാറ്റാടി കമ്പനിക്കെതിരെ നടപടി സ്വീകരിക്കാന്‍ മടിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സ്വന്തം ഭൂമിയിലെ കയ്യേറ്റം തടയേണ്ടത് ആദിവാസികള്‍ തന്നെയാണെന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇതിനായി ഭൂമി ആദിവാസികളുടേതാണെന്ന രേഖ ചമയ്ക്കാനുള്ള ശ്രമത്തിലാണ് റവന്യു വകുപ്പ്. ഭൂമിക്ക് പട്ടയമെന്ന ആദിവാസികളുടെ ആവശ്യം മുന്‍നിര്‍ത്തിയാണ് പുതിയ കുരുക്കുമായി റവന്യുവകുപ്പ് രംഗത്തെത്തുന്നത്.

ആദിവാസി ഭൂമിക്ക് പട്ടയം നല്‍കുന്നതോടെ സര്‍ക്കാരിന്റെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്ക് ആദിവാസികളില്‍ നിന്നും പിന്തുണ നേടിയെടുക്കാമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഗൂഢതന്ത്രവുമായി റവന്യുമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

അന്യന്റെ ഭൂമിയില്‍ കെട്ടിടം പണിതാല്‍ ആ കെട്ടിടം ഭൂവുടമയ്ക്ക് സ്വന്തമെന്ന മുടന്തന്‍ ന്യായമാണ് റവന്യൂമന്ത്രി കാറ്റാടി കമ്പനി കാര്യത്തില്‍ സ്വീകരിക്കുന്നത്. ആദിവാസി ഭൂമി കയ്യേറി നിര്‍മാണങ്ങള്‍ കമ്പനി നടത്തിയാല്‍ അത് ആദിവാസികള്‍ക്ക് സ്വന്തമാണെന്ന് പ്രചരിപ്പിക്കുന്നതോടെ തങ്ങളുടെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ നടപ്പിലാക്കാനാവുമെന്നാണ് മന്ത്രിയുടെ ഗൂഢതന്ത്രം. ഇനി കയ്യേറ്റത്തെയും നിര്‍മാണ പ്രവര്‍ത്തനങ്ങളെയും ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് ആദിവാസികളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നതെങ്കില്‍ മൂന്നാര്‍ കേസില്‍ സ്വീകരിച്ചതുപോലെ നിയമപരമായ നിലപാടാണ് അട്ടപ്പാടി കേസിലും സ്വീകരിക്കുകയെന്നും മന്ത്രി പറയുന്നു. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാവാന്‍ കാലതാമസമെടുക്കുന്നതിനാല്‍ ഈ സമയപരിധിക്കുള്ളില്‍ കമ്പനിക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം. കമ്പനിയെ പിണക്കാതെ സര്‍ക്കാരിന് താല്‍പ്പര്യം സംരക്ഷിക്കുകയും ചെയ്യാം.

കാറ്റാടി കമ്പനിയെ ഒഴിപ്പിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ റവന്യു മന്ത്രി ഇന്നലെ വീണ്ടും അഭിപ്രായം മാറ്റി. സര്‍ക്കാരിന് ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായമുണ്ടെന്നും എന്നാല്‍ ഇനി വരുന്ന ചര്‍ച്ചകളുടെ കൂടി അടിസ്ഥാനത്തില്‍ പിന്നീട് വ്യക്തമാക്കാമെന്നുമാണ് ഇന്നലത്തെ നിലപാട്.

കാറ്റാടി കമ്പനിയുടെ കാര്യത്തില്‍ റവന്യുമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നിലപാടിന് വിരുദ്ധമായി വി ഡി സതീശനെപോലെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മലക്കം മറിച്ചില്‍.

മനുഷ്യസഹജമായ കാര്യങ്ങളേ ഇക്കാര്യത്തില്‍ ചെയ്യാനാവൂ എന്ന് വ്യക്തമാക്കുന്ന മന്ത്രി കമ്പനിക്കെതിരെ ഒന്നുചെയ്യില്ല എന്ന രഹസ്യ സൂചന കൂടിയാണ് നല്‍കുന്നത്.
(സരിത കൃഷ്ണന്‍)

അട്ടപ്പാടി പാക്കേജ്: തൃപ്തിയെന്ന് ജയലക്ഷ്മി

കോഴിക്കോട്: അട്ടപ്പാടിയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പാക്കേജിന്റെ കാര്യത്തില്‍ യുഡിഎഫില്‍ ഭിന്നതയില്ലെന്ന് മന്ത്രി പി കെ ജയലക്ഷ്മി. ആദിവാസികള്‍ക്ക് ഇതുവരെ ലഭിക്കാത്ത ഒരു ആനുകൂല്യമാണ് പാക്കേജിലൂടെ ലഭിക്കുന്നത്. അട്ടപ്പാടി പാക്കേജില്‍ താനും സമൂഹവും സംതൃപ്തമാണെന്നും ജയലക്ഷ്മി പറഞ്ഞു. കോഴിക്കോട്ട് കേരള ദളിത് മഹിളാ ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. അട്ടപ്പാടി പാക്കേജില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് വി ഡി സതീശന്‍ എംഎല്‍എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

janayugom 290811

1 comment:

  1. അട്ടപ്പാടിയിലെ ആദിവാസി ഭൂമി കയ്യേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കാറ്റാടി കമ്പനിയെ സംരക്ഷിക്കാന്‍ റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുതിയ തന്ത്രങ്ങളുമായി രംഗത്ത്. ഇക്കാര്യത്തില്‍ ആദിവാസികളുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്ന് പറയുന്ന മന്ത്രി അവര്‍ക്ക് താല്‍പ്പര്യമെങ്കില്‍ കമ്പനി അവിടെ തുടരട്ടെ എന്ന നിലപാടിലാണ് സര്‍ക്കാരെന്ന് ഇന്നലെ കോട്ടയത്ത് വ്യക്തമാക്കി. ഭൂമി കയ്യേറിയ സുസ്‌ലോണ്‍ കാറ്റാടി കമ്പനിക്കെതിരെ നടപടി സ്വീകരിക്കാന്‍ മടിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സ്വന്തം ഭൂമിയിലെ കയ്യേറ്റം തടയേണ്ടത് ആദിവാസികള്‍ തന്നെയാണെന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇതിനായി ഭൂമി ആദിവാസികളുടേതാണെന്ന രേഖ ചമയ്ക്കാനുള്ള ശ്രമത്തിലാണ് റവന്യു വകുപ്പ്. ഭൂമിക്ക് പട്ടയമെന്ന ആദിവാസികളുടെ ആവശ്യം മുന്‍നിര്‍ത്തിയാണ് പുതിയ കുരുക്കുമായി റവന്യുവകുപ്പ് രംഗത്തെത്തുന്നത്.

    ReplyDelete