Friday, August 26, 2011

ട്രെയിനില്‍നിന്ന് വീണതിന് തെളിവില്ലെന്ന് റെയില്‍വേ

തൃശൂര്‍ : പീഡനത്തിനിരയായ ഒഡീഷ സ്വദേശിനിയായ പതിനഞ്ചുകാരിയെ ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ റെയില്‍വേ വ്യാഴാഴ്ചയും തിരിഞ്ഞുനോക്കിയില്ല. പെണ്‍കുട്ടി ട്രെയിനില്‍നിന്ന് വീണതാണോ ഉപദ്രവിച്ചശേഷം ആരെങ്കിലും പാളത്തില്‍ കൊണ്ടുചെന്ന് ഇട്ടതാണോ എന്നറിയില്ലെന്നും ഇക്കാര്യം ഉറപ്പിക്കാതെ നടപടിയിലേക്കില്ലെന്നുമാണ് റെയില്‍വേയുടെ നിലപാട്. ഇതോടെ ട്രാക്കില്‍ പരിക്കേറ്റ നിലയില്‍ കണ്ട പെണ്‍കുട്ടിക്കുണ്ടായ അപകടത്തിന്റെ ഉത്തരവാദത്തത്തില്‍നിന്ന് തലയൂരാനാണ് അവരുടെ ശ്രമമെന്ന് വ്യക്തമായി.

ഷൊര്‍ണൂര്‍ സ്വദേശിനി സൗമ്യ ട്രെയിന്‍ യാത്രയ്ക്കിടെ ബലാത്സംഗത്തിനിരയായ നാളുകളിലും റെയില്‍വേയുടെ നിലപാട് ഇതുതന്നെയായിരുന്നു. യാത്രക്കാരുടെ സുരക്ഷയില്‍ തങ്ങള്‍ക്ക് ഒരു ഉത്തരവാദിത്തവും ഇല്ലെന്നും സംസ്ഥാന പൊലീസാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടതെന്നുമായിരുന്നു അന്നത്തെ പ്രതികരണം. ഒഡീഷ പെണ്‍കുട്ടി ഉയരത്തില്‍നിന്ന് വീണിട്ടുണ്ടാകുമെന്ന തരത്തിലാണ് തലയിലെയും ശരീരത്തിലെയും പരിക്കുകളെന്ന് മെഡിക്കല്‍ കോളേജിലെ പരിശോധനയില്‍ വ്യക്തമായിട്ടും കൈ മലര്‍ത്തുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം. തിരുവനന്തപുരത്തുനിന്ന് ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് തൃശൂര്‍ റെയില്‍വേ മാനേജര്‍ ജയകുമാര്‍ പറഞ്ഞു.

സൗമ്യയുടെ കാര്യത്തില്‍ സാമൂഹ്യ-രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ശക്തമായ നിലപാട് എടുത്തതിനാല്‍ റെയില്‍വേ അന്വേഷിക്കുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. സൗമ്യയുടെ കുടുംബത്തിന്റെ സഹായത്തിനായി അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരും മുന്നോട്ടു വന്നു. സംഭവം നടന്ന തൊട്ടടുത്തദിവസംതന്നെ ആരോഗ്യമന്ത്രി പി കെ ശ്രീമതി ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊലീസ് അന്വേഷണവും കാര്യക്ഷമമമായിരുന്നു. സംഭവദിവസംതന്നെ പ്രതിയെ പിടിക്കാനുമായി.

എന്നാല്‍ , പുതിയ സംഭവത്തില്‍ അപകടമുണ്ടായി ദിവസങ്ങള്‍ കഴിഞ്ഞാണ് പെണ്‍കുട്ടിയെ സാക്ഷിയാക്കി കേസെടുക്കാന്‍പോലും പൊലീസ് തയ്യാറായത്. അതുവരെ പുതുക്കാട് പൊലീസ് പണാപഹരണത്തിന് എടുത്ത കേസില്‍ പ്രതിയായിരുന്നു. വ്യാഴാഴ്ച രാവിലെ ഗീത ഗോപി എംഎല്‍എയും മറ്റു ജനപ്രതിനിധികളും പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു.

deshabhimani 260811

3 comments:

  1. പീഡനത്തിനിരയായ ഒഡീഷ സ്വദേശിനിയായ പതിനഞ്ചുകാരിയെ ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ റെയില്‍വേ വ്യാഴാഴ്ചയും തിരിഞ്ഞുനോക്കിയില്ല. പെണ്‍കുട്ടി ട്രെയിനില്‍നിന്ന് വീണതാണോ ഉപദ്രവിച്ചശേഷം ആരെങ്കിലും പാളത്തില്‍ കൊണ്ടുചെന്ന് ഇട്ടതാണോ എന്നറിയില്ലെന്നും ഇക്കാര്യം ഉറപ്പിക്കാതെ നടപടിയിലേക്കില്ലെന്നുമാണ് റെയില്‍വേയുടെ നിലപാട്. ഇതോടെ ട്രാക്കില്‍ പരിക്കേറ്റ നിലയില്‍ കണ്ട പെണ്‍കുട്ടിക്കുണ്ടായ അപകടത്തിന്റെ ഉത്തരവാദത്തത്തില്‍നിന്ന് തലയൂരാനാണ് അവരുടെ ശ്രമമെന്ന് വ്യക്തമായി.

    ReplyDelete
  2. "ഞങ്ങളുടെ കുട്ടിയെ അവര്‍ തട്ടിക്കൊണ്ടുപോയി പണമെടുത്തശേഷം കൊല്ലാന്‍ നോക്കിയതാണ്. പൊലീസ് അവരെ പിടിച്ചാല്‍ മതിയായിരുന്നു"- മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സര്‍ജിക്കല്‍ ഐസിയുവില്‍ മരണത്തിനും ജീവിതത്തിനുമിടയില്‍ കഴിയുന്ന പീഡനത്തിനിരയായ ഒറീസ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. ഇളയകുട്ടി പറഞ്ഞ വിവരമനുസരിച്ചാണ് മകളെ തട്ടിക്കൊണ്ടു പോയതാണെന്ന് മാതപിതാക്കള്‍ പറയുന്നത്. നാലുവയസ്സുകാരിയായ കുട്ടിയുമായി ആശുപത്രിവരാന്തയിലാണ് കഴിഞ്ഞ നാലു ദിവസമായി ഇവരുടെ ജീവിതം. വെള്ളിയാഴ്ച വൈകിട്ട് നാലിന് കുട്ടിയെ കാണിച്ചപ്പോള്‍ നില മെച്ചപ്പെട്ടപോലെയുണ്ടായിരുന്നു. "ഞങ്ങളെ നോക്കിയപോലെ തോന്നി"-ഇരുവരും പറഞ്ഞു.

    ReplyDelete
  3. ഒറിയക്കാരിയായ പതിനഞ്ചുകാരിയെ തീവണ്ടിയില്‍നിന്നും തള്ളിയിട്ട കേസില്‍ പ്രതി അറസ്റ്റില്‍ . പെണ്‍കുട്ടിയുടെ ബന്ധുവായ ജിത്തുവാണ് പിടിയിലായത്.പണംതട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ കുട്ടി ട്രെയിനില്‍ നിന്നും വീഴുകയായിരുന്നുവെന്നാണ് പ്രാഥമികമൊഴി.അന്വേഷണപുരോഗതി വിലയിരുത്താന്‍ വെള്ളിയാഴ്ച പൊലീസ് ഉന്നതതലയോഗം ചേര്‍ന്നിരുന്നു. ഗുരുവായൂര്‍ എസിപി ആര്‍ കെ ജയരാജിനാണ് അന്വേഷണചുമതല. ഐജി ബി സന്ധ്യ വെള്ളിയാഴ്ച വൈകിട്ട് സ്ഥലം സന്ദര്‍ശിച്ചിരുന്നു.പണം മോഷ്ടിച്ചതിന് പുതുക്കാടും പീഡനത്തിരയായ സംഭവത്തില്‍ വിയ്യൂരിലുമാണ് കേസുള്ളത്. മുളങ്കുന്നത്തുകാവ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് സംസാരിക്കാനാകാത്തതിനാല്‍ മൊഴി എടുക്കാനായിട്ടില്ല.

    ReplyDelete