Saturday, August 27, 2011

ഇന്ത്യയുടെ രക്ഷാചുമതല അമേരിക്കയ്ക്കോ?

അമേരിക്ക പ്രതിസന്ധികളില്‍നിന്ന് പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തുകയാണ്. മുതലാളിത്തം അതിന്റെ അനിവാര്യമായ തകര്‍ച്ചയിലേക്കു വീഴുന്നു എന്ന് ആ വ്യവസ്ഥിതിയുടെ സംരക്ഷകര്‍ക്കുതന്നെ സമ്മതിക്കേണ്ടിവരുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ നാനാതലത്തിലും നിലനില്‍ക്കുന്നു. ഒരുവശത്ത് ഡോളര്‍ തകരുമ്പോള്‍ യൂറോപ്പിലും അതതിടങ്ങളിലെ സര്‍ക്കാരുകളുടെ വായ്പാപ്രതിസന്ധി കനക്കുന്നു. ഇളകാത്തതെന്നു വീമ്പടിച്ച യൂറോയുടെ ഭാവി അപകടത്തിലായിരിക്കുന്നു. ഇങ്ങനെ എല്ലാതലത്തിലും തകര്‍ന്നിരിക്കുമ്പോഴും അമേരിക്കയും യൂറോപ്യന്‍ മുതലാളിത്തരാജ്യങ്ങളും ലോകത്തിനുമേല്‍ ആക്രമണോത്സുകമായ ഇടപെടല്‍ തുടരുകയാണ്. വന്‍ എണ്ണശേഖരമുള്ള മധ്യപൗരസ്ത്യമേഖലയില്‍ രാഷ്ട്രീയമേല്‍ക്കോയ്മ നിലനിര്‍ത്തുന്നതിനായി എല്ലാ പരിധിയും കടന്നുള്ള ഇടപെടലാണുണ്ടാകുന്നത്. ഇറാഖില്‍ വിനാശകാരിയായ ആയുധക്കൂമ്പാരമുണ്ടെന്ന് ആരോപിച്ച് ആ സ്വതന്ത്ര പരമാധികാര രാഷ്ട്രത്തെ തകര്‍ത്തവര്‍ മറ്റൊരു കുതന്ത്രമാണ് ലിബിയക്കുമേല്‍ പ്രയോഗിച്ചത്. ഇതിന്റെയെല്ലാം തുടര്‍ച്ചയെന്ന നിലയില്‍ യുദ്ധവ്യവസായം വളര്‍ത്താനുള്ള രാഷ്ട്രീയ ഇടപെടലും അമേരിക്കയില്‍നിന്നുണ്ടാകുന്നു.

സംഘര്‍ഷം സൃഷ്ടിച്ച് ആയുധം വിറ്റഴിക്കുക എന്ന നെറികെട്ട കച്ചവടതന്ത്രം ഇന്ത്യക്കുനേരെ പ്രയോഗിക്കുന്നതിന്റെ ഉദാഹരണമായി പെന്റഗണ്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിനെ കാണേണ്ടതുണ്ട്. ഈ റിപ്പോര്‍ട്ടിലുള്ള ഒരു ഭാഗം, യുദ്ധവിമാനങ്ങളുടെ പുതിയതരം സാങ്കേതികവിദ്യ നല്‍കാമെന്ന അമേരിക്കന്‍ വാഗ്ദാനം ഇന്ത്യ നിരസിച്ചതിലുള്ള ദുഃഖപ്രകടനമാണ്. മറ്റാര്‍ക്കും നല്‍കാത്ത തരത്തിലുള്ള വിദ്യ ഇന്ത്യക്ക് നല്‍കാന്‍ തയ്യാറായിട്ടും വാങ്ങാത്തതില്‍ വിഷമമുണ്ടെങ്കിലും അത് ഇന്ത്യ-അമേരിക്ക ബന്ധത്തെ ബാധിക്കില്ലത്രേ. ഈ പരാമര്‍ശത്തില്‍ത്തന്നെയുണ്ട് അമേരിക്കയുടെ യഥാര്‍ഥ ഉദ്ദേശ്യം. ഒപ്പം നീരസവും ഭീഷണിയും. ഇന്ത്യയുടെ സുരക്ഷാചുമതല അമേരിക്കയെ ആരും ഏല്‍പ്പിച്ചിട്ടില്ല. ചൈനയും ഇന്ത്യയും തമ്മിലുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാനോ സൗഹൃദം കൂടുതല്‍ ഉറപ്പിക്കാനോ മധ്യസ്ഥരെ വച്ചിട്ടുമില്ല. ഇന്ത്യയുടേത് മികച്ച സൈന്യവും നിരീക്ഷണസംവിധാനവുമാണ്. എന്നിട്ടും അമേരിക്കന്‍ പ്രതിരോധവകുപ്പ് ഇന്ത്യയോട് പറയുന്നത്, ചൈന അതിര്‍ത്തിയില്‍ ആണവ മിസൈലുകള്‍ സ്ഥാപിച്ചിട്ടുണ്ട്; അത് ഇന്ത്യയുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണ്; ഇരു രാഷ്ട്രവും തമ്മില്‍ അവിശ്വാസം വര്‍ധിപ്പിക്കും എന്നാണ്. സിഎസ്എസ് 5 ആര്‍ബിഎം മിസൈലുകള്‍ ചൈന വിന്യസിച്ചത് ഇന്ത്യക്ക് കനത്ത മുന്നറിയിപ്പാണെന്നും പെന്റഗണ്‍ പറഞ്ഞിട്ടുണ്ട്. ചൈനയില്‍ റോഡ് വികസനം നടക്കുന്നതും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതും ഇന്ത്യക്കെതിരായ നീക്കമായി പെന്റഗണ്‍ വ്യാഖ്യാനിക്കുന്നു. നിലവില്‍ ഇന്ത്യയും ചൈനയും സംഘര്‍ഷത്തിലല്ല. ഇരു രാജ്യവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ചര്‍ച്ച തുടരുകയാണ്. രണ്ട് രാജ്യവും തമ്മിലുള്ള വ്യാപാരത്തില്‍ വന്‍ വളര്‍ച്ചയുണ്ടായിരിക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി ഇന്ത്യക്ക് ചൈനയും തിരിച്ചുമാണ് പ്രധാന വ്യാപാരപങ്കാളികള്‍ .

ശാസ്ത്ര-ഗണിത വിഷയങ്ങളില്‍ ഇന്ത്യയും ചൈനയുമാണ് അമേരിക്കയ്ക്ക് ഭീഷണി എന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ബറാക് ഒബാമ തുറന്നുപറയുകയുണ്ടായി. ഇന്ത്യയെയും ചൈനയെയും ഒറ്റയ്ക്കൊറ്റയ്ക്കുതന്നെ അമേരിക്ക ആശങ്കയോടെ കാണുന്നു. ഇരു രാജ്യവും തമ്മില്‍ വളര്‍ന്നുവരുന്ന സൗഹൃദം അമേരിക്കയ്ക്ക് അസഹനീയമാണ്. ആ അസഹിഷ്ണുതയുടെ ബഹിര്‍സ്ഫുരണമാണ് പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ കാണുന്നത്. ഇന്ത്യയിലെ യുപിഎ സര്‍ക്കാരാകട്ടെ, അമേരിക്കന്‍ ആശ്രിതത്വത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുകയാണ്. ഇന്ത്യ അമേരിക്കയുമായുണ്ടാക്കിയ സഖ്യത്തിന്റെയും ആണവകരാറിന്റെയും തുടര്‍ച്ചയായി ഇറാന്‍ -പാകിസ്ഥാന്‍ -ഇന്ത്യ വാതക പൈപ്പ് ലൈന്‍ പദ്ധതിയില്‍നിന്ന് പിന്മാറി. ഇറാനില്‍നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതിക്ക് പണം നല്‍കുന്നതില്‍നിന്ന് ഇന്ത്യയെ തടഞ്ഞു. ഇന്ത്യ അതിന്റെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ 12 ശതമാനവും നടത്തുന്നത് ഇറാനില്‍നിന്നാണ്. എന്നാല്‍ , കഴിഞ്ഞ ഏഴുമാസം ഇറാന് എണ്ണവില കൈമാറുന്നതിന് തടസ്സം നേരിട്ടു. അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ഇറാനുമായുള്ള എണ്ണവ്യാപാരത്തിന് ബാങ്കിങ് കൈമാറ്റം നിരോധിച്ചതാണിതിനു കാരണം. അമേരിക്ക ചെലുത്തുന്ന സമ്മര്‍ദത്തെ ചെറുക്കാന്‍ ഇന്ത്യ ധൈര്യം കാണിക്കാത്തതിനാല്‍ ഇറാനില്‍നിന്നുള്ള സുപ്രധാനമായ എണ്ണ ഇറക്കുമതി തകരാറിലായേക്കാമെന്ന സ്ഥിതിയായി. ഒടുവില്‍ കഴിഞ്ഞയാഴ്ച മറ്റ് മാര്‍ഗത്തിലൂടെ പണം നല്‍കുകയായിരുന്നു. ഇങ്ങനെ സര്‍വതലങ്ങളിലും അമേരിക്ക ഇന്ത്യക്കുമേല്‍ പിടിമുറുക്കുകയാണ്. യുപിഎ സര്‍ക്കാരാകട്ടെ അമേരിക്കയ്ക്ക് പരിപൂര്‍ണ വിധേയത്വം ഉറപ്പിക്കുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം സുഗമമല്ല. അതുകൊണ്ട്, ഇന്ത്യയെയും ചൈനയെയും അകറ്റുക എന്ന തന്ത്രത്തിന്റെ ഭാഗമാണ് പുതിയ പെന്റഗണ്‍ വെളിപ്പെടുത്തല്‍ എന്നേ കരുതാനാകൂ. ചൈനയില്‍നിന്ന് ഇന്ത്യക്കെതിരെ നീക്കമുണ്ടാവുകയാണെങ്കില്‍ അത് ശ്രദ്ധിക്കാനും ചര്‍ച്ചയിലൂടെ പ്രശ്നപരിഹാരം കാണാനും അവസരമുണ്ടെന്നിരിക്കെ എന്തിന് ഒരു മൂന്നാം കക്ഷി രംഗത്തുവരുന്നു എന്ന ചോദ്യമാണ് പ്രധാനം. ഞങ്ങള്‍ ഞങ്ങളുടെ കാര്യം നോക്കാന്‍ പ്രാപ്തരാണ് എന്ന ഉറച്ച മനസ്സോടെയുള്ള പ്രഖ്യാപനമാണ് ഇത്തരമൊരു ഘട്ടത്തില്‍ ആത്മാഭിമാനമുള്ള ഭരണാധികാരികളില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുക. അതിനുള്ള കെല്‍പ്പ് യുപിഎ സര്‍ക്കാരിനില്ല. അവര്‍ അഭിമാനം അമേരിക്കയ്ക്ക് പണയം വച്ചിരിക്കുന്നു. കുത്തിത്തിരിപ്പുകളിലൂടെ രാജ്യത്തിന്റെയും മേഖലയുടെയും സമാധാനം തകര്‍ക്കാനുള്ള കച്ചവടക്കണ്ണ് തിരിച്ചറിഞ്ഞ് ഇന്ത്യ പ്രതികരിച്ചേ തീരൂ. അതല്ലെങ്കില്‍ , പുനര്‍കോളനിവല്‍ക്കരണമെന്ന അമേരിക്കന്‍ അജന്‍ഡയ്ക്കു കീഴടങ്ങി രാജ്യത്തെയും ജനങ്ങളെയും വഞ്ചിക്കുന്നവര്‍ എന്ന വിളിക്കുമുന്നില്‍ യുപിഎ നേതൃത്വം തലകുനിക്കേണ്ടിവരും.

deshabhimani editorial 270811

1 comment:

  1. അമേരിക്ക പ്രതിസന്ധികളില്‍നിന്ന് പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തുകയാണ്. മുതലാളിത്തം അതിന്റെ അനിവാര്യമായ തകര്‍ച്ചയിലേക്കു വീഴുന്നു എന്ന് ആ വ്യവസ്ഥിതിയുടെ സംരക്ഷകര്‍ക്കുതന്നെ സമ്മതിക്കേണ്ടിവരുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ നാനാതലത്തിലും നിലനില്‍ക്കുന്നു. ഒരുവശത്ത് ഡോളര്‍ തകരുമ്പോള്‍ യൂറോപ്പിലും അതതിടങ്ങളിലെ സര്‍ക്കാരുകളുടെ വായ്പാപ്രതിസന്ധി കനക്കുന്നു. ഇളകാത്തതെന്നു വീമ്പടിച്ച യൂറോയുടെ ഭാവി അപകടത്തിലായിരിക്കുന്നു. ഇങ്ങനെ എല്ലാതലത്തിലും തകര്‍ന്നിരിക്കുമ്പോഴും അമേരിക്കയും യൂറോപ്യന്‍ മുതലാളിത്തരാജ്യങ്ങളും ലോകത്തിനുമേല്‍ ആക്രമണോത്സുകമായ ഇടപെടല്‍ തുടരുകയാണ്. വന്‍ എണ്ണശേഖരമുള്ള മധ്യപൗരസ്ത്യമേഖലയില്‍ രാഷ്ട്രീയമേല്‍ക്കോയ്മ നിലനിര്‍ത്തുന്നതിനായി എല്ലാ പരിധിയും കടന്നുള്ള ഇടപെടലാണുണ്ടാകുന്നത്. ഇറാഖില്‍ വിനാശകാരിയായ ആയുധക്കൂമ്പാരമുണ്ടെന്ന് ആരോപിച്ച് ആ സ്വതന്ത്ര പരമാധികാര രാഷ്ട്രത്തെ തകര്‍ത്തവര്‍ മറ്റൊരു കുതന്ത്രമാണ് ലിബിയക്കുമേല്‍ പ്രയോഗിച്ചത്. ഇതിന്റെയെല്ലാം തുടര്‍ച്ചയെന്ന നിലയില്‍ യുദ്ധവ്യവസായം വളര്‍ത്താനുള്ള രാഷ്ട്രീയ ഇടപെടലും അമേരിക്കയില്‍നിന്നുണ്ടാകുന്നു.

    ReplyDelete