Saturday, August 27, 2011

മലയാളം കുറ്റകൃത്യമാകുന്നത്‌ അടിമ മനോഭാവത്തില്‍

സ്‌കൂളില്‍ മലയാളം സംസാരിച്ചതിന്‌ നൂറില്‍പരം വിദ്യാര്‍ഥികള്‍ക്ക്‌ ആയിരം രൂപ വീതം പിഴ. പിഴ അടച്ചില്ലെങ്കില്‍ കുട്ടികള്‍ സ്‌കൂളിനു പുറത്ത്‌. സംഭവം അന്വേഷിക്കുന്നവരോട്‌ `കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കും മുമ്പ്‌ മലയാളം സംസാരിക്കുന്നത്‌ കുറ്റകൃത്യമാണെന്ന്‌ അറിയിച്ചിരുന്നു' എന്ന മറുപടി നല്‍കുന്ന സ്‌കൂള്‍ അധികൃതര്‍. വിവരം അറിഞ്ഞ മലയാളത്തിന്റെ കവയത്രി സുഗതകുമാരി ചോദിക്കുന്നു, `ഇവര്‍ ഏതു ലോകത്താണ്‌ ജീവിക്കുന്നത്‌, ഇത്തരക്കാരെ രാജ്യദ്രോഹ കുറ്റത്തിന്‌ വിചാരണ ചെയ്യണം'. മലയാളികളുടെ തലമുതിര്‍ന്ന സാംസ്‌കാരിക നായകന്‍ ഡോ സുകുമാര്‍ അഴിക്കോട്‌ ഈ പ്രതിഭാസത്തെ ഒറ്റവാക്കില്‍ വിലയിരുത്തി. `നാണക്കേട്‌'. ഇത്തരം സ്‌കൂളുകള്‍ നാടിനും നാട്ടാര്‍ക്കും അമ്പെ നാണക്കേടാണ്‌.

സ്വന്തം ഭാഷയെക്കുറിച്ചുള്ള ന്യായമായ ആത്മാഭിമാനത്തിന്റെ അതിര്‍വരമ്പുകളെ ലംഘിക്കുന്ന ഭാഷാഭ്രാന്ത്‌ മലയാളത്തിന്റെയും മലയാളിയുടെയും സ്വത്വമല്ല. ഭൂമിശാസ്‌ത്രപരവും കാര്‍ഷികോല്‍പ്പന്നമടക്കമുള്ള പ്രകൃതിവിഭവങ്ങളുടെയും മറ്റും പരിമിതിമൂലവും പശ്ചിമഘട്ടത്തെയും അറബിക്കടലിനെയും കടന്ന്‌ ലോകമെങ്ങും വ്യാപിക്കാന്‍ നിര്‍ബന്ധിതനാണ്‌ മലയാളി. അതുകൊണ്ട്‌ തന്നെ സ്വന്തം ഭാഷയിലും സംസ്‌കാരത്തിലും മിഥ്യാഭിമാനിയാവാന്‍ മലയാളിക്കാവില്ല. എത്തിപ്പെടുന്ന നാടുകളില്‍ അവിടുത്തെ ഭാഷയെയും സംസ്‌കാരത്തെയും ആദരിക്കാനും സ്വായത്തമാക്കാനുമുള്ള യാഥാര്‍ഥ്യബോധം അവനുണ്ട്‌. മലയാളി ലാളിത്യവും വിനീതത്വവുമുള്ള വിശ്വപൗരനായി മാറിയത്‌ അങ്ങനെയാണ്‌. അതാണ്‌ അനേകം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ ലോകം അംഗീകരിക്കുന്ന `കേരളാ മോഡലി'നു ഉടമകളാക്കി നമ്മെ മാറ്റിയതും.

ആധുനിക വിവരവിജ്ഞാന വിനിമയ സാങ്കേതങ്ങളുടെ വിസ്‌ഫോടനത്തിന്റെ ഈ കാലത്ത്‌ സ്വന്തം പരിമിതികള്‍ക്കുള്ളില്‍ ചുരുങ്ങികൂടുന്ന ഭാഷാഭ്രാന്തന്‍മാരാകാന്‍ നാം ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെയാണ്‌ സ്‌കൂള്‍ പൂര്‍വകാലം മുതല്‍ ഇംഗ്ലീഷ്‌ ഭാഷാ പഠനത്തിനും സര്‍ക്കാര്‍ - എയ്‌ഡഡ്‌ മേഖലയെന്ന വ്യത്യാസം കൂടാതെ നാം ഊന്നല്‍ നല്‍കാന്‍ തുടങ്ങിയത്‌. സ്വാശ്രയമേഖലയുള്‍പ്പെടെ സെക്കന്‍ഡറി തലംവരെ മലയാളം ഒന്നാം ഭാഷയാക്കാന്‍ എല്‍ ഡി എഫ്‌ സര്‍ക്കാര്‍ മുന്‍കൈയെടുത്തത്‌ ഈ യാഥാര്‍ഥ്യത്തെ ഒട്ടും വിസ്‌മരിച്ചുകൊണ്ടും അല്ല. എന്നാല്‍ ഇംഗ്ലീഷ്‌ ഭാഷാ പഠനമാണ്‌, അത്‌ മാത്രമാണ്‌, മലയാളിക്ക്‌ രക്ഷപ്പെടാനുള്ള ഏക മാര്‍ഗമെന്ന ചിന്തയും കാഴ്‌ചപ്പാടും പലരെയും ഇനിയും വിട്ടുപിരിയാത്ത അടിമ മനോഭാവമാണ്‌, കോളനി വിധേയത്വ ചിന്തയാണ്‌. അത്‌ മലയാളത്തോടും ഈ നാടിന്റെ മഹത്തായ സംസ്‌കാരത്തോടുമുള്ള അനാദരവില്‍ നിന്നും അവജ്ഞയില്‍ നിന്നുമാണ്‌ ഉടലെടുക്കുന്നത്‌.

കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും മലയാളം ഒന്നാം ഭാഷയായി പഠിപ്പിക്കണമെന്നത്‌ തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ ഭരണകൂടം ആവിഷ്‌കരിച്ചു നടപ്പിലാക്കിയ നിയമമാണ്‌. അതിലുപരി, സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ സംസാരിക്കുന്നത്‌ കുറ്റകൃത്യമായി വ്യാഖ്യാനിക്കപ്പെടുന്നത്‌ നിയമലംഘനമാണ്‌. ഈ നിയമലംഘനം തൂശൂര്‍ ജില്ലയിലെ മാളയില്‍ ഹോളി ഗ്രേസ്‌ സ്‌കൂളില്‍ മാത്രമാണ്‌ നടക്കുന്നതെന്നും കരുതുന്നില്ല. ഹോളി ഗ്രേസ്‌ സ്‌കൂള്‍ ഒരു മുന്നറിയിപ്പാണ്‌ നല്‍കുന്നത്‌. ഈ വിധം നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ക്കശ ശിക്ഷാ നടപടികള്‍ കൈക്കൊള്ളാന്‍ നാടുഭരിക്കുന്ന ഗവണ്‍മെന്റ്‌ തയ്യാറാവണം. നിയമങ്ങളും വ്യവസ്ഥകളും ലംഘിച്ച്‌ നാട്ടിലുടനീളം കൂണുപോലെ മുളച്ചുപൊന്തിയ സ്വകാര്യ സ്വാശ്രയ സി ബി എസ്‌ ഇ-ഐ സി എസ്‌ ഇ സ്‌കൂളുകള്‍ക്ക്‌ മതസമുദായപ്രീണനത്തിന്റെ തളികയില്‍ അംഗീകാരം വച്ചുനീട്ടുന്ന ഐക്യജനാധിപത്യമുന്നണി സര്‍ക്കാരിന്‌ അതിനുള്ള തന്റേടവും നിശ്ചയദാര്‍ഢ്യവും ഉണ്ടോ എന്നാണ്‌ ഇവിടെ ഉയരുന്ന ചോദ്യം.

ഇംഗ്ലീഷ്‌ പഠിപ്പിക്കാന്‍ പിഴയും പുറത്താക്കലും ഭീഷണിയുമല്ല മാര്‍ഗമെന്ന്‌ വിദ്യാഭ്യാസ കച്ചവടത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ തിരിച്ചറിയണം. വിദ്യാഭ്യാസം കച്ചവടമാക്കി മാറ്റുന്നവര്‍ ഭാഷാപഠനത്തിനുള്ള ആധുനിക സങ്കേതങ്ങളും സംവിധാനങ്ങളും എന്താണെന്ന്‌ പഠിക്കണം. തങ്ങള്‍ക്കു ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം ചിലവഴിച്ചാല്‍ ഏത്‌ ഭാഷാപഠനത്തിനും ആവശ്യമായ ആധുനിക സാങ്കേതികവിദ്യകളും ഉപകരണങ്ങളും അനുബന്ധ സംവിധാനങ്ങളും സജ്ജമാക്കാന്‍ കഴിയും. അതൊരുക്കി നല്‍കാതെ മലയാളഭാഷയെന്ന അമ്മയുടെ നെഞ്ചില്‍ കുതിര കയറാന്‍ നടത്തുന്ന ഏതു ശ്രമത്തെയും അഭിമാനബോധമുള്ള മലയാളി എതിര്‍ത്തു പരാജയപ്പെടുത്തും.

കൊളോണിയല്‍ ദാസ്യമനോഭാവവും അശാസ്‌ത്രീയ ബോധനരീതികളും അസ്വാതന്ത്ര്യത്തിന്റെ അന്തരീക്ഷവും കൈമുതലും മുഖമുദ്രയുമാക്കിയ സ്വകാര്യ സ്വാശ്രയ പാഠശാലകളിലേയ്‌ക്ക്‌ തങ്ങളുടെ കുട്ടികളെ അടിമകളെപ്പോലെ തെളിച്ചുവിടുന്ന രക്ഷിതാക്കള്‍ സ്വയം ചിന്തിക്കാന്‍ ഈ അവസരം വിനിയോഗിക്കണം. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായുവും വെള്ളിവെളിച്ചവുമുള്ള പാഠശാലകള്‍ക്കെ ഉത്തമ പൗരന്‍മാരെയും നല്ല മനുഷ്യരെയും സൃഷ്‌ടിക്കാനാവൂ. അത്‌ ഓരോ കുട്ടിയുടെയും ജന്മാവകാശമാണ്‌. അത്‌ നിഷേധിക്കരുത്‌.

janayugom editorial 270811

1 comment:

  1. സ്‌കൂളില്‍ മലയാളം സംസാരിച്ചതിന്‌ നൂറില്‍പരം വിദ്യാര്‍ഥികള്‍ക്ക്‌ ആയിരം രൂപ വീതം പിഴ. പിഴ അടച്ചില്ലെങ്കില്‍ കുട്ടികള്‍ സ്‌കൂളിനു പുറത്ത്‌. സംഭവം അന്വേഷിക്കുന്നവരോട്‌ `കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കും മുമ്പ്‌ മലയാളം സംസാരിക്കുന്നത്‌ കുറ്റകൃത്യമാണെന്ന്‌ അറിയിച്ചിരുന്നു' എന്ന മറുപടി നല്‍കുന്ന സ്‌കൂള്‍ അധികൃതര്‍. വിവരം അറിഞ്ഞ മലയാളത്തിന്റെ കവയത്രി സുഗതകുമാരി ചോദിക്കുന്നു, `ഇവര്‍ ഏതു ലോകത്താണ്‌ ജീവിക്കുന്നത്‌, ഇത്തരക്കാരെ രാജ്യദ്രോഹ കുറ്റത്തിന്‌ വിചാരണ ചെയ്യണം'. മലയാളികളുടെ തലമുതിര്‍ന്ന സാംസ്‌കാരിക നായകന്‍ ഡോ സുകുമാര്‍ അഴിക്കോട്‌ ഈ പ്രതിഭാസത്തെ ഒറ്റവാക്കില്‍ വിലയിരുത്തി. `നാണക്കേട്‌'. ഇത്തരം സ്‌കൂളുകള്‍ നാടിനും നാട്ടാര്‍ക്കും അമ്പെ നാണക്കേടാണ്‌.

    ReplyDelete