Wednesday, August 31, 2011

സുസ്ലോണിന്റെ വൈദ്യുതി ഉല്‍പ്പാദനം അന്വേഷിക്കുന്നു

പാലക്കാട്: സര്‍ക്കാരിന്റെ അട്ടപ്പാടി പാക്കേജ് വിവാദമായ സാഹചര്യത്തില്‍ സുസ്ലോണ്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് അന്വേഷിക്കുന്നു. സുസ്ലോണ്‍ കമ്പനിയുടെ കൈവശമുള്ളതില്‍ ആദിവാസികളുടെ ഭൂമി ഏതെന്ന് തെളിയിക്കുകയെന്നത് ജില്ലാ ഭരണസംവിധാനത്തിന് വലിയ വെല്ലുവിളിയാകും. ആദിവാസി ഭൂസംരക്ഷണനിയമ പ്രകാരം 1986ന്ശേഷമുള്ള ഭൂമികൈമാറ്റം നിയമവിരുദ്ധമാണ്. 1986ന്ശേഷമാണ് കൈമാറ്റം നടന്നതെങ്കില്‍ ആദിവാസികള്‍ക്ക് പകരംഭൂമി നല്‍കേണ്ടിവരും. എന്നാല്‍ , എപ്പോഴാണ് യഥാര്‍ഥകൈമാറ്റം നടന്നതെന്നു തെളിയിക്കാന്‍ സാധിച്ചിട്ടില്ല.

പ്രതിവര്‍ഷം 16 ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിക്കുന്നുവെന്നാണ് സുസ്ലോണ്‍ അവകാശപ്പെടുന്നത്. കെഎസ്ഇബിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ യൂണിറ്റിന് 3.14 രൂപയാണ് വില നിശ്ച്ചയിച്ചിരിക്കുന്നത്. ലാഭവിഹിതത്തില്‍ അഞ്ച്ശതമാനം ആദിവാസികള്‍ക്കു നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ പാക്കേജില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈദ്യുതി ഉല്‍പ്പാദനത്തിന്റെ തോത് അന്വേഷണവിധേയമാക്കുന്നത്. നല്ലശിങ്കയില്‍ ആദിവാസികളുടെ ഭൂമിസംബന്ധിച്ചും അവ്യക്തത നിലനില്‍ക്കുകയാണ്. കാറ്റാടിക്കമ്പനിയില്‍ ആദിവാസികളുടെ ഭൂമി 85.21 ഏക്കര്‍ ആണെന്നാണ് കലക്ടര്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. 122 ഏക്കര്‍ ആദിവാസിഭൂമിയുണ്ടെന്നാണ് ആദിവാസിസംരക്ഷണസമിതി നേതാക്കള്‍ പറയുന്നു. ഇങ്ങനെ വ്യത്യസ്തമായ അഭിപ്രായം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മൂന്നുമാസത്തിനകം ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

1964-65 കാലത്താണ് ഈ മേഖലയില്‍ അവസാനമായി ഭൂസര്‍വേ നടത്തിയത്. അതുപ്രകാരം ഇപ്പോള്‍ കാറ്റാടിക്കമ്പനി നിലനില്‍ക്കുന്ന 645 ഏക്കറില്‍ 85.21 ഏക്കര്‍ ആണ് ആദിവാസിഭൂമി. അഗളി, കോട്ടത്തറ, ഷോളയൂര്‍ പഞ്ചായത്തുകളിലായാണ് ഇത്രയും ഭൂമിയുള്ളത്. 1964-65 വര്‍ഷങ്ങളില്‍ നടന്ന സര്‍വേയിലെ സെറ്റില്‍മെന്റ്രജിസ്റ്റര്‍ പ്രകാരമാണ് ആദിവാസികള്‍ക്ക് ഭൂമി അനുവദിച്ചത്. ഈ സെറ്റില്‍മെന്റ്രജിസ്റ്റര്‍ ആധികാരികരേഖയായി കണക്കാക്കിയാണ് ആദിവാസിഭൂമി സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ക്കെല്ലാം തീര്‍പ്പു കല്‍പ്പിച്ചിരുന്നത്. സുസ്ലോണ്‍കമ്പനിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്കും ഈ രജിസ്റ്റര്‍മാത്രമാണ് അധികൃതരുടെ പിടിവള്ളി. അട്ടപ്പാടിയില്‍ ആദിവാസിഭൂമിയുമായി ബന്ധപ്പെട്ട കേസ് നിലവില്‍ ഒറ്റപ്പാലം ആര്‍ഡിഒയാണ് അന്വേഷിക്കുന്നത്. തുടര്‍ന്നുള്ള അന്വേഷണവും ആര്‍ഡിഒയ്ക്കാണെന്ന് കലക്ടര്‍ കെ വി മോഹന്‍കുമാര്‍ പറഞ്ഞു.

ദേശാഭിമാനി 310811

1 comment:

  1. സര്‍ക്കാരിന്റെ അട്ടപ്പാടി പാക്കേജ് വിവാദമായ സാഹചര്യത്തില്‍ സുസ്ലോണ്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് അന്വേഷിക്കുന്നു. സുസ്ലോണ്‍ കമ്പനിയുടെ കൈവശമുള്ളതില്‍ ആദിവാസികളുടെ ഭൂമി ഏതെന്ന് തെളിയിക്കുകയെന്നത് ജില്ലാ ഭരണസംവിധാനത്തിന് വലിയ വെല്ലുവിളിയാകും. ആദിവാസി ഭൂസംരക്ഷണനിയമ പ്രകാരം 1986ന്ശേഷമുള്ള ഭൂമികൈമാറ്റം നിയമവിരുദ്ധമാണ്. 1986ന്ശേഷമാണ് കൈമാറ്റം നടന്നതെങ്കില്‍ ആദിവാസികള്‍ക്ക് പകരംഭൂമി നല്‍കേണ്ടിവരും. എന്നാല്‍ , എപ്പോഴാണ് യഥാര്‍ഥകൈമാറ്റം നടന്നതെന്നു തെളിയിക്കാന്‍ സാധിച്ചിട്ടില്ല.

    ReplyDelete