അധ്യാപകന്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചു കൊഴിച്ചു;പണം നല്‍കി ഒത്തുതീര്‍ത്തു
തൃക്കരിപ്പൂര്‍ : വാക്യങ്ങളുടെ അവസാനം ഫുള്‍ സ്റ്റോപ്പിടാത്തതിന് അധ്യാപകന്‍ വിദ്യാര്‍ഥിയുടെ കരണത്തടിച്ച് പല്ലുകൊഴിച്ചു. സംഭവം വിവാദമായതോടെ 20,000 രൂപ നല്‍കി ഒത്തുതീര്‍ത്തു. വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ ആദ്യം ഒരുലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും ഒടുവില്‍ 20,000 രൂപയ്ക്ക് സമ്മതിക്കുകയായിരുന്നു. പടന്നയിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് ബയോളജി അധ്യാപകന്റെ അടിയേറ്റ് ഒമ്പതാം ക്ലാസുകാരന്റെ മുന്‍വശത്തെ പല്ല് കൊഴിഞ്ഞത്.
എടച്ചാക്കൈയിലെ അഗതി മന്ദിരത്തില്‍ താമസിച്ചു പഠിക്കുന്ന പതിനാലുകാരന്‍ കാഞ്ഞങ്ങാട് മീനാപ്പീസ് സ്വദേശിയാണ്. വിവരമറിഞ്ഞ് കുട്ടിയുടെ ബന്ധുക്കള്‍ സ്കൂളിലെത്തി ബഹളം വച്ചു. നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ ലഭിക്കണമെന്നായിരുന്നു ആവശ്യം. ഇല്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് അധ്യാപകനെയും സ്കൂള്‍ മാനേജ്മെന്റിനെയും ഭീഷണിപ്പെടുത്തി. സംഗതി പന്തിയല്ലെന്ന് തിരിച്ചറിഞ്ഞ അധ്യാപകന്‍ പണം നല്‍കി തടിയൂരുകയായിരുന്നു.
പ്രതിഷേധമായി ടീഷര്‍ട്ട് ധരിച്ചെത്തിയ 420 വിദ്യാര്‍ഥികളെ പുറത്താക്കി
മൂവാറ്റുപുഴ: യൂണിഫോം ബഹിഷ്കരിച്ച് ടീഷര്‍ട്ട് ധരിച്ച് ക്യാമ്പസിലെത്തിയ 420 എന്‍ജിനിയറിങ് വിദ്യാര്‍ഥികളെ കോളേജ് അധികൃതര്‍ സസ്പെന്‍ഡ്ചെയ്തു. മൂവാറ്റുപുഴ ഇലാഹിയ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥികളെയാണ് സസ്പെന്‍ഡ്ചെയ്തത്. കോളേജില്‍ ചേരുമ്പോള്‍ മാനേജ്മെന്റ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പുതിയ സമരമുറയുമായി നാലാംവര്‍ഷ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. ടീഷര്‍ട്ട് ധരിച്ചെത്തിയ ആണ്‍കുട്ടികള്‍ക്കെതിരെ നടപടിയെടുക്കാനാണ് അധികൃതര്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍ , പെണ്‍കുട്ടികളടക്കം പ്രതിഷേധവുമായെത്തിയപ്പോള്‍ ആറ് ബാച്ചുകളിലെ 420 വിദ്യാര്‍ഥികളെ സസ്പെന്‍ഡ്ചെയ്യുകയായിരുന്നു. ബുധനാഴ്ച യൂണിഫോമിനു പകരം മറ്റു വസ്ത്രങ്ങള്‍ ധരിക്കാമെങ്കിലും ടീഷര്‍ട്ടിന് ക്യാമ്പസില്‍ നിരോധമുണ്ട്.
കോളേജില്‍ അടിസ്ഥാനസൗകര്യമടക്കം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നാളുകളായി പ്രതിഷേധത്തിലായിരുന്നു. കോളേജ് ഫീസിനത്തില്‍ പറഞ്ഞിരുന്ന 30,750 രൂപയ്ക്കു പകരം 35,750 രൂപയാണ് ഇവിടെ ഈടാക്കുന്നത്. ഇന്റര്‍നെറ്റ് ഫീസ് 500 രൂപയ്ക്കു പകരം 800 രൂപയാക്കി. ക്യാമ്പസില്‍ വൈ-ഫൈ സൗകര്യമുണ്ടെന്ന് പ്രവേശനസമയത്ത് പറഞ്ഞിരുന്നെങ്കിലും ഇതവരെ നടപ്പാക്കിയിട്ടില്ല. ടീഷര്‍ട്ട് ധരിക്കാനുള്ള വിലക്ക് ഒഴിവാക്കുക, ബൈക്ക്ഷെഡ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ ഉന്നയിച്ചു. കല്‍ാമ്പസിലെ ഹോസ്റ്റലിലേക്ക് ഓട്ടോറിക്ഷയില്‍ എത്തുന്ന വിദ്യാര്‍ഥികളെ ക്യാമ്പസിന്റെ കവാടത്തില്‍ തടഞ്ഞ് നടത്തിക്കുകയാണ് പതിവ്. വിദ്യാര്‍ഥികളുമായി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് കോളേജ് അധികൃതര്‍ . ഇതോടെ എല്ലാവിഭാഗം വിദ്യാര്‍ഥികളും സമരത്തിനിറങ്ങുന്ന സ്ഥിതിയാണ്. അധികൃതരുടെ നിലപാടിനെതിരെ വിദ്യാര്‍ഥികള്‍ കോളേജിന്റെ മെയിന്‍ ബ്ലോക്ക് ഉപരോധിച്ചു. തുടര്‍ന്നാണ് വിദ്യാര്‍ഥികളെ സസ്പെന്‍ഡ്ചെയ്തത്.
സസ്പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കെതിരെ ഇലാഹിയ കോളേജ് അധികൃതര്‍ എടുത്ത നടപടിയില്‍ എസ്എഫ്ഐ മൂവാറ്റുപുഴ ഏരിയകമ്മിറ്റി പ്രതിഷേധിച്ചു.
മലയാളത്തില്‍ സംസാരിച്ചതിന് സ്‌കൂളധികൃതര്‍ വിദ്യാര്‍ഥികളില്‍ നിന്ന് പിഴ ഈടാക്കി
മാള: മലയാളദിനത്തില്‍പോലും മലയാളം സംസാരിക്കാന്‍ വിലക്കുമായി ഒരു വിദ്യാലയം. ക്ലാസ് സമയത്ത് സ്‌കൂളില്‍ മലയാളം സംസാരിച്ചാല്‍ ആയിരം രൂപ വരെയാണ് ഇവിടെ പിഴ. മാള ഹോളിഗ്രേസ് അക്കാദമിയിലാണ് മലയാളത്തിന് വിലക്ക് കല്‍പ്പിച്ചിരിക്കുന്നത്.
മലയാളം സംസാരിച്ചതിന്റെ പേരില്‍ സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളില്‍ നിന്ന് 1000 രൂപ വരെ പിഴ ഈടാക്കുന്നതായി രക്ഷിതാക്കള്‍ ആരോപിക്കുന്നു. ഈ അധ്യയനവര്‍ഷം തന്നെ ഒരു ലക്ഷത്തോളം രൂപ ഇങ്ങനെ പിരിച്ചിട്ടുണ്ടത്രെ. പിഴയൊടുക്കാത്ത വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.
മാതൃഭാഷ എല്ലാ വിദ്യാലയങ്ങളിലും നിര്‍ബന്ധമാക്കാനുള്ള നീക്കങ്ങള്‍ക്കിടയിലാണ് ഈ സി ബി എസ് ഇ സ്‌കൂളില്‍ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാനാകൂ എന്ന നിയമം നിര്‍ബന്ധിതമായി നടപ്പാക്കുന്നത്. ഒന്നാംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരെ മലയാളം അറിയാതെ പറഞ്ഞുപോയാല്‍ പിഴയൊടുക്കേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഈ നിയമത്തോട് പല രക്ഷിതാക്കള്‍ക്കും എതിര്‍പ്പുണ്ട്. നാലായിരത്തോളം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.
എല്ലാ ദിവസവും പരീക്ഷ നടത്തുന്ന സമ്പ്രദായം കഴിഞ്ഞവര്‍ഷം ഈ സ്‌കൂളില്‍ നടപ്പാക്കിയത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. എ ഐ എസ് എഫ് അടക്കമുള്ള സംഘടനകള്‍ ഇതിനെതിരെ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
എന്നാല്‍ സംഭവം ഊതിപെരുപ്പിച്ചതാണെന്ന് അക്കാദമി ചെയര്‍മാന്‍ രാജു ഡേവീസ് പെരേപ്പാടന്‍ പറഞ്ഞു. ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികളെ മാത്രമാണ് മലയാളം പറയുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി അധ്യാപകര്‍ ക്ലാസെടുക്കുന്നതിനാല്‍ സ്വാഭാവികമായും ഇംഗ്ലീഷില്‍ സംസാരിക്കുന്നതാണ് ഇവിടുത്തെ രീതി.
മലയാളഭാഷ സംസാരിച്ചതിന് വിദ്യാര്‍ഥികളില്‍ നിന്നു പിഴ ഈടാക്കുന്നത് അപലപനീയമാണെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു. മലയാളഭാഷയ്ക്ക് പ്രാധാന്യം നല്‍കാന്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. ഇതിനെ തുരങ്കം വയ്ക്കാന്‍ ആരേയും അനുവദിക്കില്ല. ഹോളി ഗ്രേസ് സ്‌കൂളിലെ സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കും. നിലവിലുള്ള നിയമങ്ങളെ ലംഘിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും പി കെ അബ്ദുറബ്ബ് പ്രതികരിച്ചു.
മലയാളം സംസാരിച്ചതിന് വിദ്യാര്‍ഥിയില്‍ നിന്നു പിഴ ഈടാക്കിയ സംഭവം സംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി എം എ ബേബി പറഞ്ഞു. സംസ്ഥാനത്തെ സ്‌കൂളുകളില്‍ മലയാളം ഒന്നാം ഭാഷയാക്കിക്കൊണ്ടുള്ള ഉത്തരവ് എല്‍ ഡി എഫ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. മാനേജുമെന്റുകളെ നിലക്ക് നിര്‍ത്താനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. വിദ്യാര്‍ഥികളില്‍ നിന്നും ആയിരം രൂപ പിഴ ഈടാക്കിയ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പ്രവര്‍ത്തനം ധിക്കാരപരമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിച്ചാല്‍ വിദ്യാഭ്യാസ മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഇത്തരം പ്രവണതകളെ മുളയിലേ നുള്ളാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും എം എ ബേബി പറഞ്ഞു.
മലയാളം സംസാരിച്ചതിന് കുട്ടികളില്‍ നിന്നും പിഴ ഈടാക്കിയ സംഭവം ശിക്ഷയെക്കാള്‍ വലിയ കുറ്റമാണെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു മലയാളം കേവലം ഭാഷയല്ല, മറിച്ച് ഒരു സംസ്‌കാരമാണ്. അതിനെ ഇല്ലാതാക്കുന്ന നടപടിയാണ് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഇത്തരം അനാരോഗ്യകരണമായ പ്രവണതകളെ ചെറുക്കണം.
മലയാളം സംസാരിച്ചതിന് പിഴ ഈടാക്കിയത് നാടിന് നാണക്കേടാണെന്ന് സുഗതകുമാരി പ്രതികരിച്ചു. മലയാള ഭാഷയെ അപമാനിക്കലാണ്. ഇവര്‍ ഏത് ലോകത്താണ് ജീവിക്കുന്നത്. ഇത്തരക്കാരെ രാജ്യദ്രോഹകുറ്റത്തിന് വിചാരണ ചെയ്യണമെന്ന് സുഗതകുമാരി പറഞ്ഞു.
ദേശാഭിമാനി/ജനയുഗം വാര്‍ത്തകള്‍
വാക്യങ്ങളുടെ അവസാനം ഫുള്‍ സ്റ്റോപ്പിടാത്തതിന് അധ്യാപകന്‍ വിദ്യാര്‍ഥിയുടെ കരണത്തടിച്ച് പല്ലുകൊഴിച്ചു. സംഭവം വിവാദമായതോടെ 20,000 രൂപ നല്‍കി ഒത്തുതീര്‍ത്തു. വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ ആദ്യം ഒരുലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും ഒടുവില്‍ 20,000 രൂപയ്ക്ക് സമ്മതിക്കുകയായിരുന്നു. പടന്നയിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് ബയോളജി അധ്യാപകന്റെ അടിയേറ്റ് ഒമ്പതാം ക്ലാസുകാരന്റെ മുന്‍വശത്തെ പല്ല് കൊഴിഞ്ഞത്.
ReplyDeleteതൃശൂര്‍: സ്‌കൂള്‍ കാമ്പസില്‍ മലയാളം സംസാരിച്ചതിന് 80 -ഓളം +2 വിദ്യാര്‍ത്ഥികളെ പുറത്താക്കിയ മാള ഹോളി ഗ്രേയ്‌സ് സ്‌കൂള്‍ അധികൃതരുടെ ധിക്കാരപൂര്‍ണമായ നടപടി മലയാള ഭാഷയോടും സംസ്‌കാരത്തോടുമുള്ള അവഗണനയും അവഹേളനവുമാണെന്ന് ശാസ്‌ത്രസാഹിത്യ പരിഷത്ത് സെക്രട്ടറി വി മനോജ് കുമാര്‍ പറഞ്ഞു. കേരള സമൂഹത്തെ അപമാനിച്ച സ്‌കൂള്‍ അധികാരികളോട് വിശദീകരണം ചോദിക്കുന്നതിനും മേല്‍ നടപടി സ്വീകരിക്കുന്നതിനും വിദ്യാഭ്യാസവകുപ്പ് തയ്യാറാവണം. യുവജനതയുടെ മനസ്സില്‍ മലയാള ഭാഷാവിരോധം ജനിപ്പിക്കുന്നതിനും അവരെ ആത്മാഭിമാനമില്ലാത്തവരാക്കിത്തീര്‍ക്കുന്നതിനും ഉതകുന്ന സ്‌കൂള്‍ അധികൃതരുടെ താന്തോന്നിത്തത്തിനെതിരെ പ്രതികരിക്കാന്‍ രക്ഷിതാക്കളും ഭാഷയെയും സംസ്‌കാരത്തേയും സ്‌നേഹിക്കുന്ന എല്ലാ കേരളീയരും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ReplyDeleteമാള: മലയാളം സംസാരിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥികളില്‍നിന്നു പിഴ ഈടാക്കാനുള്ള തീരുമാനം വിവാദമായതിനെ തുടര്‍ന്ന് ഹോളി ഗ്രേസ് അക്കാദമി അധികൃതര്‍ പിന്‍വാങ്ങി. പിഴ അടയ്‌ക്കാത്തിന്റെ പേരില്‍ ക്ലാസില്‍നിന്ന് പുറത്താക്കിയവരെ തിരിച്ചെടുത്തു. ക്ലാസ് സമയത്ത് ഇംഗ്ലീഷ് സംസാരിക്കണമെന്ന നിര്‍ബന്ധവും ഉപേക്ഷിച്ചു.
ReplyDeleteമാള ഹോളി ഗ്രേസ് സി ബി എസ് ഇ സ്‌കൂളിലാണ് ക്ലാസ് സമയത്ത് മലയാളം സംസാരിച്ചതിന്റെ പേരില്‍ ആയിരം രൂപ വരെ വിദ്യാര്‍ഥികള്‍ക്ക് പിഴ ചുമത്തിയത്. രക്ഷിതാക്കളും വിദ്യാര്‍ഥികളും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും മാധ്യമങ്ങള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്‌തതോടെ പ്രശ്‌നം സാംസ്‌കാരികേരളം ഏറ്റെടുക്കുകയായിരുന്നു. സുഗതകുമാരി അടക്കമുള്ള സാംസ്‌കാരികപ്രവര്‍ത്തകരും സംഭവത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തി. ഇന്നലെ വിദ്യാര്‍ഥി സംഘടനകള്‍ സ്‌കൂളിനു മുന്നില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തുകയുണ്ടായി.
"മലയാളം സംസാരിച്ചതിന്റെ പേരില്‍ സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളില്‍ നിന്ന് 1000 രൂപ വരെ പിഴ ഈടാക്കുന്നതായി രക്ഷിതാക്കള്‍ ആരോപിക്കുന്നു. ഈ അധ്യയനവര്‍ഷം തന്നെ ഒരു ലക്ഷത്തോളം രൂപ ഇങ്ങനെ പിരിച്ചിട്ടുണ്ടത്രെ. " ഈ രക്ഷിതാക്കള്‍ക്ക് എങ്ങനെയാണു ആരോപിക്കുവനുള്ള അവകാശം ഉണ്ടാകുന്നത്. ഇവറ്റകളുടെ 'ആരോപണങ്ങളെ' പുച്ചിച്ച്' തള്ളുകയാണ് വേണ്ടത്
ReplyDelete