ട്രെയിനില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം: അടിയന്തര നടപടി വേണം-ടി എന്‍ സീമ
ന്യൂഡല്‍ഹി: ട്രെയിനുകളില്‍ വനിതാ യാത്രക്കാര്‍ക്കു നേരെ വര്‍ധിച്ചുവരുന്ന ലൈംഗികാതിക്രമം തടയാന്‍ റെയില്‍വേ മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്ന് ടി എന്‍ സീമ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കെതിരെ 120 അതിക്രമ കേസും അഞ്ചുബലാത്സംഗ കേസും 2011ല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബംഗാളില്‍ കഴിഞ്ഞ ശനിയാഴ്ച ട്രെയിനില്‍ വനിതാ ഡോക്ടര്‍ പീഡിപ്പിക്കപ്പെട്ടു. ജൂണ്‍ പത്തിനു മുംബൈയിലെ കല്യാണില്‍ 17 വയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. കേരളത്തില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ജോലിസ്ഥലത്തു നിന്ന് വീട്ടിലേക്ക് മടങ്ങിയ സൗമ്യയെന്ന ഇരുപത്തിമൂന്നുകാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടശേഷം ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്തു. കഴിഞ്ഞയാഴ്ച ഒഡീഷയില്‍ നിന്നുള്ള പതിമൂന്നുകാരി കേരളത്തില്‍ ട്രെയിനില്‍ ബലാത്സംഗത്തിന് ഇരയായി. ട്രെയിനുകളിലെ സുരക്ഷയുടെ ഉത്തരവാദിത്തം റെയില്‍വേ സംരക്ഷണസേനയ്ക്കാണ്. സേനയില്‍ ആയിരക്കണക്കിനു തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. വനിതകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ റെയില്‍വേയും സര്‍ക്കാരും തയ്യാറാകണം-സീമ പറഞ്ഞു.
കേന്ദ്രസര്‍വീസിലെ ഒഴിവ് നികത്തണം: എം ബി രാജേഷ്
ന്യൂഡല്‍ഹി: കേന്ദ്രസര്‍വീസില്‍ നിലവിലുള്ള പത്ത് ലക്ഷത്തിലേറെ ഒഴിവ് നികത്താന്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം ബി രാജേഷ് എംപി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് നിവേദനം നല്‍കി. പൊലീസിലും സേനാവിഭാഗങ്ങളിലും മാത്രമായി ഏഴു ലക്ഷത്തിലേറെ ഒഴിവുണ്ട്. ഡോക്ടര്‍മാര്‍ , ശാസ്ത്രജ്ഞര്‍ തുടങ്ങിയ പ്രൊഫഷണലുകളുടെ ഒഴിവും ധാരാളമുമുണ്ട്. 2002 മുതല്‍ കേന്ദ്രസര്‍ക്കാര്‍ തുടരുന്ന നിയമന നിരോധനമാണ് ഈ ഒഴിവുകള്‍ നികത്താതിരിക്കാന്‍ കാരണം. നിയമന നിരോധന ഉത്തരവ് യുപിഎ സര്‍ക്കാര്‍ പിന്‍വലിക്കാത്തത് നിര്‍ഭാഗ്യകരമാണ്. ലക്ഷക്കണക്കിനു യുവാക്കള്‍ക്ക് തൊഴിലവസരം നഷ്ടപ്പെടുകയാണ്. സര്‍ക്കാര്‍വകുപ്പുകളുടെയും പൊതുസേവനങ്ങളുടെയും കാര്യക്ഷമതയെയും നിയമന നിരോധനം ദോഷകരമായി ബാധിക്കും. രാജ്യത്ത് സാമ്പത്തിക വളര്‍ച്ചാ നിരക്കിനേക്കാള്‍ വളരെ കുറഞ്ഞതാണ് തൊഴില്‍ വളര്‍ച്ചാ നിരക്ക്. ദേശീയ സാമ്പിള്‍ സര്‍വേയുടെ ഏറ്റവും പുതിയ കണക്ക് കാണിക്കുന്നത് രാജ്യം തൊഴില്‍രഹിത വളര്‍ച്ചയെ അഭിമുഖീകരിക്കുന്നുവെന്നാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ മേഖലയില്‍ നിലനില്‍ക്കുന്ന നിയമന നിരോധനം നീക്കണം. കേന്ദ്രസര്‍വീസില്‍ നിലനില്‍ക്കുന്ന 10,81,336 ഒഴിവിലേക്ക് നിയമനം നടത്തിയാല്‍ ഇതിന്റെ പകുതി തൊഴിലവസരം പട്ടികജാതി-വര്‍ഗ, മറ്റ് പിന്നോക്കവിഭാഗങ്ങള്‍ക്ക് ലഭിക്കും-കത്തില്‍ പറഞ്ഞു.
ദേശാഭിമാനി 300811
ട്രെയിനുകളില്‍ വനിതാ യാത്രക്കാര്‍ക്കു നേരെ വര്‍ധിച്ചുവരുന്ന ലൈംഗികാതിക്രമം തടയാന്‍ റെയില്‍വേ മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്ന് ടി എന്‍ സീമ രാജ്യസഭയില്‍ ആവശ്യപ്പെട്ടു.
ReplyDelete