Thursday, August 25, 2011

ബിജെപി വിശദീകരണ യോഗങ്ങളില്‍ വാക്കേറ്റം

കാസര്‍കോട്: പിരിച്ചുവിട്ട ബിജെപി ജില്ലാകമ്മിറ്റിയുടെ ചുമതല സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഏറ്റെടുത്തതോടെ ഇരുവിഭാഗവും ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമാക്കി. മണ്ഡലങ്ങളില്‍ വിശദീകരണയോഗം വിളിച്ചാണ് ജില്ലയിലെ പാര്‍ടി പിടിക്കാന്‍ സുരേന്ദ്രന്‍ ശ്രമിക്കുന്നത്. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലം യോഗങ്ങള്‍ ബുധനാഴ്ച ചേര്‍ന്നു. സുരേന്ദ്രന്‍ പക്ഷത്തുള്ളവരെ മാത്രമാണ് ആദ്യം ക്ഷണിച്ചതെങ്കിലും പ്രതിഷേധമുയര്‍ന്നപ്പോള്‍ മറ്റുള്ളവരെയും വിളിച്ചു. സംസ്ഥാനകമ്മിറ്റി തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശമാണ് യോഗങ്ങളില്‍ അംഗങ്ങള്‍ ഉയര്‍ത്തിയത്. ചിലഘട്ടത്തില്‍ വാക്കേറ്റവും ഉണ്ടായി. പിരിച്ചുവിട്ട ജില്ലാ പ്രസിഡന്റ് നാരായണഭട്ടിനും മടിക്കൈ കമ്മാരനും എതിരെ ആരോപണം ഉന്നയിച്ചാണ് സുരേന്ദ്രന്‍ വിമര്‍ശനങ്ങളെ നേരിട്ടത്. നിയമസഭയില്‍ അക്കൗണ്ട് തുറക്കാനുള്ള അവസരം ഇല്ലാതാക്കിയത് ഈ നേതാക്കളാണെന്ന ആരോപണമാണ് പ്രധാനം. സുരേന്ദ്രന്റെ എംഎല്‍എ മോഹം പൊലിഞ്ഞതിലുള്ള പ്രതികാരമാണ് നടപടിക്കുപിന്നിലെന്ന ആരോപണം ശരിവയ്ക്കുന്നതാണ് വിശദീകരണമെന്ന് നേതാക്കള്‍ പറഞ്ഞു.

യുഡിഎഫ് നേതാക്കളില്‍നിന്ന് പണം വാങ്ങി വോട്ട് മറിച്ചുവെന്ന ആരോപണം ശരിയല്ലെന്ന് മഞ്ചേശ്വരം മണ്ഡലം യോഗത്തില്‍ നാരായണഭട്ട്പക്ഷം പറഞ്ഞു. ബിജെപിക്ക് കിട്ടാവുന്ന പരമാവധി വോട്ട് കിട്ടിയിട്ടുണ്ട്. കഴിഞ്ഞ തവണ എല്‍ഡിഎഫിനുപോയ വോട്ടുകള്‍ തിരികെ ലഭിച്ചതായും അഭിപ്രായമുയര്‍ന്നു. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും നാരായണഭട്ടിനും നേതാക്കള്‍ക്കും വിശദീകരണം നല്‍കാന്‍ സമയം അനുവദിച്ചിട്ടും നല്‍കിയില്ലെന്നുമായിരുന്നു ഇതിനുള്ള മറുപടി. ബൂത്ത് യോഗങ്ങള്‍വരെ ചേര്‍ന്ന് പിരിച്ചുവിട്ട ജില്ലാ നേതൃത്വത്തിനെതിരെ ആഞ്ഞടിക്കാനാണ് സുരേന്ദ്രന്‍വിഭാഗത്തിന്റെ തീരുമാനം. ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന അഡ്വ. ശ്രീകാന്താണ് സുരേന്ദ്രന്‍പക്ഷത്തെ പ്രമുഖന്‍ . നടപടി വന്നതോടെ ജില്ലയിലുള്ള എട്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങളും പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നില്ല. മഞ്ചേശ്വരത്ത് വിജയം ഉറപ്പാക്കാന്‍ രണ്ടു വര്‍ഷമാണ് സുരേന്ദ്രന്‍ സ്ഥലത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ ഉടലെടുത്ത ഗ്രൂപ്പ് പോരാണ് പൊട്ടിത്തെറിയിലെത്തിയത്.

deshabhimani 250811

1 comment:

  1. പിരിച്ചുവിട്ട ബിജെപി ജില്ലാകമ്മിറ്റിയുടെ ചുമതല സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഏറ്റെടുത്തതോടെ ഇരുവിഭാഗവും ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമാക്കി. മണ്ഡലങ്ങളില്‍ വിശദീകരണയോഗം വിളിച്ചാണ് ജില്ലയിലെ പാര്‍ടി പിടിക്കാന്‍ സുരേന്ദ്രന്‍ ശ്രമിക്കുന്നത്. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലം യോഗങ്ങള്‍ ബുധനാഴ്ച ചേര്‍ന്നു. സുരേന്ദ്രന്‍ പക്ഷത്തുള്ളവരെ മാത്രമാണ് ആദ്യം ക്ഷണിച്ചതെങ്കിലും പ്രതിഷേധമുയര്‍ന്നപ്പോള്‍ മറ്റുള്ളവരെയും വിളിച്ചു.

    ReplyDelete