Wednesday, August 31, 2011

ഭെല്ലിന്റെ ഓഹരി വില്‍ക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: നവരത്ന കമ്പനികളിലൊന്നായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സിന്റെ (ബിഎച്ച്ഇഎല്‍) അഞ്ചു ശതമാനം ഓഹരിവില്‍ക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യസമിതി തീരുമാനിച്ചു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ എതിര്‍പ്പ് കാരണം തടയപ്പെട്ട ഓഹരിവില്‍പ്പനയ്ക്കാണ് ഇപ്പോള്‍ തീരുമാനമായത്.

രാജ്യത്തെ വൈദ്യുതി ഉല്‍പ്പാദനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് ബിഎച്ച്ഇഎല്‍ . ഇന്ത്യയില്‍ വൈദ്യുതി ഉല്‍പ്പാദനത്തിനാവശ്യമായ ഉപകരണങ്ങള്‍ പൂര്‍ണമായും നിര്‍മിക്കുന്നത് ബിഎച്ച്ഇഎല്ലിലാണ്. ഊര്‍ജരംഗത്തിന്റെ സ്വകാര്യവല്‍ക്കരണം ശക്തമാക്കുക എന്ന ലക്ഷ്യവും ഈ ഓഹരിവില്‍പ്പനയ്ക്ക് പിന്നിലുണ്ട്. നിലവില്‍ കേന്ദ്രസര്‍ക്കാരിന് 67.2 ശതമാനം ഓഹരികളാണ് ബിഎച്ച്ഇഎല്ലില്‍ ഉള്ളത്. 2004ല്‍ ബിഎച്ച്ഇഎല്‍ ഓഹരിവില്‍പ്പന തീരുമാനിച്ചപ്പോള്‍ ഇടതുപക്ഷം പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പാര്‍ലമെന്റില്‍ നല്‍കിയ ഉറപ്പ് നവരത്ന കമ്പനികളുടെ ഓഹരിവില്‍ക്കില്ലെന്നാണ്.

കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം ദൗര്‍ഭാഗ്യകരവും ദേശവിരുദ്ധവുമാണെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ പറഞ്ഞു. ജെയ്താപുര്‍ ആണവനിലയ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന്റെ ഭാഗമായി ന്യൂക്ലിയര്‍ റഗുലേറ്ററി അതോറിറ്റി ഇന്ത്യ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആണവസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ണമായും ഈ റഗുലേറ്ററി അതോറിറ്റിയുടെ നിയന്ത്രണത്തിലാകും. ജപ്പാനിലെ ഫുക്കുഷിമ ആണവനിലയത്തിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു അതോറിറ്റിയെ നിയമിക്കാന്‍ സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നത്.

deshabhimani 310811

1 comment:

  1. നവരത്ന കമ്പനികളിലൊന്നായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സിന്റെ (ബിഎച്ച്ഇഎല്‍) അഞ്ചു ശതമാനം ഓഹരിവില്‍ക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യസമിതി തീരുമാനിച്ചു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ എതിര്‍പ്പ് കാരണം തടയപ്പെട്ട ഓഹരിവില്‍പ്പനയ്ക്കാണ് ഇപ്പോള്‍ തീരുമാനമായത്.

    ReplyDelete