പാലാ: സിപിഐ എം ഏരിയ സെക്രട്ടറിയെയും യുവജന വിദ്യാര്‍ഥി നേതാക്കളെയും കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച പൊലീസ് അതിക്രമത്തിനെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ പാലായില്‍ നടത്തിയ ഡിവൈഎസ്പി ഓഫീസ് മാര്‍ച്ചില്‍ ബഹുജനരോഷം ഇരമ്പി. കൊട്ടരമറ്റം ജങ്ഷനില്‍നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഉഴവൂര്‍ സെന്റ് സ്റ്റീഫന്റ്സ് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ കെ വിഷ്ണുവിനെ അധികൃതര്‍ അന്യായമായി പുറത്താക്കിയിരുന്നു. വിദ്യാര്‍ഥിയെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ നേതൃത്വത്തില്‍ നടത്തിവന്ന റിലേ നിരാഹാര സമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിയപ്പോഴാണ് ലാലിച്ചന്‍ ജോര്‍ജിനെയും എസ്എഫ്ഐ ജില്ലാ സെക്രട്ടറി സതീഷ് വര്‍ക്കി, മറ്റ് നേതാക്കളായ എബിസണ്‍ , സി കെ രാജേഷ് എന്നിവരെയും പൊലീസ് അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. സമരം തകര്‍ക്കാന്‍ കോളേജ് മാനേജ്മെന്റിന്റെയും മന്ത്രി കെ എം മാണിയുടെയുംതാല്‍പ്പര്യപ്രകാരമുള്ള പൊലീസിന്റെ ജനാധിപത്യ വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.
ജനാധിപത്യ സമരങ്ങളെ ചോരയില്‍ മുക്കിയും നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കിയും ജയിലിലടച്ചും തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ഇടതുപക്ഷ പ്രസ്ഥാനം നോക്കിനില്‍ക്കില്ലന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസ് പറഞ്ഞു. മന്ത്രിമാരുടെ താല്‍പ്പര്യം മുന്‍നിര്‍ത്തി പൊലീസ് നടപ്പാക്കുന്ന ഇത്തരം നടപടികള്‍ അടിയന്തരാവസ്ഥക്കാലത്തെ കിരാതവാഴ്ചയെ അനുസ്മരിപ്പിക്കുന്നതാണ്. സിപിഐ എമ്മിന്റെ സമുന്നത നേതാവിനെയും യുവജന, വിദ്യാര്‍ഥി സംഘടനാ നേതാക്കളെയും ഇല്ലാത്തകാരണം പറഞ്ഞ് അറസ്റ്റ്ചെയ്ത പൊലീസ്, കണ്‍മുന്നില്‍ കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ തല്ലിച്ചതച്ചതിനെതിരെ ഒരു പെറ്റിക്കേസ് പോലും എടുക്കാത്തത്ത് യുഡിഎഫ് ഭരണത്തില്‍ പൊലീസ് നടത്തിവരുന്ന പക്ഷപാത നിലപാടുകള്‍ വ്യക്തമാക്കുന്നതാണ്- കെ ജെ തോമസ് പറഞ്ഞു.
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വി ആര്‍ ഭാസ്കരന്‍ , എല്‍ഡിഎഫിന്റെ സമുന്നത നേതാക്കളായ വി എന്‍ വാസവന്‍ , ഉഴവൂര്‍ വിജയന്‍ , മാണി സി കാപ്പന്‍ , ബാബു കെ ജോര്‍ജ്, ഔസേപ്പച്ചന്‍ തകടിയേല്‍ , ഷാര്‍ളിമാത്യു, വി ജി വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഉഴവൂര്‍ സംഭവത്തില്‍ പ്രതിഷേധിച്ച്എസ്എഫ്ഐ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്ത മാര്‍ച്ചില്‍ പൊലീസ് അതിക്രമത്തിനെതിരെ പ്രതിഷേധമിരമ്പി. മോട്ടോര്‍തൊഴിലാളി യൂണിയന്‍ ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് കലക്ടറേറ്റ് കവാടത്തില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് ചേര്‍ന്ന യോഗം എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ബി മഹേഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി പി എസ് ജയകൃഷ്ണന്‍ , വൈസ് പ്രസിഡന്റ് എം എ റിബിന്‍ഷാ എന്നിവര്‍ സംസാരിച്ചു. സംഭവത്തില്‍ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. ഉഴവൂര്‍ കോളേജിലെ വിദ്യാര്‍ഥിയെ അന്യായമായി പുറത്താക്കിയതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ സത്യഗ്രഹ സമരത്തിന്റെ പന്തല്‍ പൊളിച്ചുനീക്കിയത് ജനാധിപത്യ മര്യാദകള്‍ക്ക് നിരക്കാത്തതാണ്. നേതാക്കളെ അകാരണമായി മര്‍ദിച്ച് ജയിലിലടച്ചതില്‍ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു.
നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുത്താല്‍ നേരിടും: സിഐടിയു
കോട്ടയം: സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറിയും സിപിഐ എം പാലാ ഏരിയ സെക്രട്ടറിയുമായ ലാലിച്ചന്‍ ജോര്‍ജിനെ യുഡിഎഫിലെ ചില ഉന്നതരുടെ ഒത്താശയോടെ കള്ളക്കേസില്‍ കുടുക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസ് അറസ്റ്റ് ചെയ്തതില്‍ സിഐടിയു ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. ഉഴവൂര്‍ കോളേജിലെ ഒരു വിദ്യാര്‍ഥിയെ അന്യായമായി പുറത്താക്കിയതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിവരുന്ന സത്യഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് സിഐടിയു പാലാ ഏരിയ കമ്മിറ്റി നടത്തിയ പ്രകടനത്തിനിടയില്‍നിന്നാണ് കൊടുംകുറ്റവാളികളെ അറസ്റ്റ് ചെയ്യുന്ന രീതിയില്‍ ലാലിച്ചനെ അറസ്റ്റ് ചെയ്തത്. ജനനേതാക്കള്‍ക്കെതിരെ ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ശക്തമായി നേരിടുമെന്ന് സിഐടിയു ജില്ലാകമ്മിറ്റി യോഗം മുന്നറിയിപ്പ് നല്‍കി.
യുഡിഎഫ് നേതൃത്വത്തിന്റെ അറിവോടെ പുരോഗമനപ്രസ്ഥാനങ്ങളുടെ ജില്ലയിലെ പ്രവര്‍ത്തകരെയും നേതാക്കളെയും പൊലീസ് കള്ളക്കേസുകളില്‍ കുടുക്കി അറസ്റ്റ് ചെയ്യുന്നത് വ്യാപകമാവുകയാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയില്‍ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യംകിട്ടാത്ത വകുപ്പ്പ്രകാരം കേസെടുത്തതും കോട്ടയത്ത് ഐഎന്‍ടിയുസി നേതാവ് കുഞ്ഞ് ഇല്ലമ്പള്ളിയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ ആക്രമിച്ചിട്ട് പൊലീസ് അറസ്റ്റ് ചെയ്യാത്തതും ഇതിന്റെ തെളിവാണ്. കോട്ടയത്തെ സ്വകാര്യഹോട്ടലില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഡിസിസി പ്രസിഡന്റ് വിളിച്ചുകൂട്ടിയതും ഇതിന്റെ ഭാഗമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. യോഗത്തില്‍ വി എന്‍ വാസവന്‍ പ്രതിഷേധപ്രമേയം അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് വി ആര്‍ ഭാസ്കരന്‍ അധ്യക്ഷനായി. സെക്രട്ടറി ടി ആര്‍ രഘുനാഥന്‍ സംസാരിച്ചു.
ക്രൂര മര്‍ദനം മാണിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്
പാലാ: സിപിഐ എം പാലാ ഏരിയസെക്രട്ടറി ലാലിച്ചന്‍ ജോര്‍ജിനെയും യുവജന-വിദ്യാര്‍ഥി നേതാക്കളെയും കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച പൊലീസ്നടപടി മന്ത്രി കെ എം മാണിയുടെ കര്‍ശനനിര്‍ദേശത്തെ തുടര്‍ന്ന്. സിപിഐ എം നേതാവിനൊപ്പം സമരത്തിന് നേതൃത്വംനല്‍കിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറി സതീഷ് വര്‍ക്കി, പാലാ ഏരിയകമ്മിറ്റിയംഗം എബിസണ്‍ , ഡിവൈഎഫ്ഐ വെളിയന്നൂര്‍ പഞ്ചായത്ത് സെക്രട്ടറി സി കെ രാജേഷ് എന്നിവരെയാണ് കുറവിലങ്ങാട് പൊലീസ് ജാമ്യമില്ലാവകുപ്പ് ചേര്‍ത്ത് കള്ളക്കേസില്‍ കുടുക്കി ചൊവ്വാഴ്ച ജയിലില്‍ അടച്ചത്. പന്തല്‍ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് കുറവിലങ്ങാട് സ്റ്റേഷനിലെത്തിച്ച ഇവരെ വിട്ടയക്കാന്‍ തുടങ്ങുമ്പോഴാണ്് മന്ത്രിയുടെ നിര്‍ദേശം എത്തിയത്. ഇതേതുടര്‍ന്ന് പ്രവര്‍ത്തകരെ വിട്ടയച്ച് നേതാക്കള്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്ത് വൈകിട്ട് കോടതിയില്‍ ഹാജരാക്കി. ഈസമയം കോടതിയില്‍ പബ്ലിക്പ്രോസിക്യൂട്ടറുടെ സാന്നിധ്യം ഉറപ്പാക്കാനും നിയമമന്ത്രിയുടെ ഫോണ്‍സന്ദേശം എത്തി. സിപിഐ എം നേതാവിനും കൂട്ടര്‍ക്കും റിമാന്‍ഡ് ഉറപ്പാക്കണമെന്നായിരുന്നു കര്‍ശനനിര്‍ദേശം.
പൊലീസ് ജനാധിപത്യാവകാശങ്ങളെ വെല്ലുവിളിക്കുന്നു: കെ ജെ തോമസ്
കോട്ടയം: ഭരണകക്ഷിയുടെ രാഷ്ട്രീയപ്രേരിതമായ നിര്‍ദേശങ്ങള്‍ മാത്രം അനുസരിക്കുന്ന ജില്ലയിലെ ഉന്നത പൊലീസ് അധികാരികള്‍ ജനാധിപത്യാവകാശങ്ങളെ വെല്ലുവിളിക്കുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസ് പറഞ്ഞു. ഉഴവൂരില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തെ തുടര്‍ന്ന് സിപിഐ എമ്മിന്റെ പാലാ ഏരിയ സെക്രട്ടറി ലാലിച്ചന്‍ ജോര്‍ജിനെയും വിദ്യാര്‍ഥികളെയും കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതില്‍അദ്ദേഹം പ്രതിഷേധിച്ചു. ഇടതുപക്ഷപ്രവര്‍ത്തകരെ കള്ളക്കേസില്‍കുടുക്കി തുറങ്കിലടച്ച അടിയന്തവസ്ഥാനാളുകളെയാണ് പൊലീസ് അനുസ്മരിപ്പിക്കുന്നത്. ജനങ്ങളെ അണിനിരത്തിത്തന്നെ ഇത്തരം ഏകാധിപത്യരീതികളെ ചെറുത്തുതോല്‍പ്പിക്കും. സമരപ്പന്തല്‍ പൊളിച്ചുനീക്കിയതും സിപിഐ എമ്മിെന്‍ സമുന്നതനായ നേതാവിനെ ജനാധിപത്യവിരുദ്ധമായി അറസ്റ്റ് ചെയ്തതും യുഡിഎഫ് പൊലീസ്സംവിധാനം എത്രമാത്രം അപരിഷ്കൃതമാണെന്നതാണ് തെളിയിക്കുന്നത്. ഭരണകക്ഷിനേതാക്കളും പൊലീസും തമ്മിലുള്ള ഗൂഢാലോചനയും ഇതിലൂടെ പ്രകടമാവുകയാണ്. കോളേജ് അധികൃതരുടെ നടപടിയും പ്രതിഷേധാര്‍ഹമാണ്. റാഗിങ് കേസില്‍പെട്ട കുട്ടികളെ ഒറ്റ ദിവസത്തെ സസ്പെന്‍ഷനുശേഷം തിരിച്ചെടുത്തപ്പോള്‍ ക്യാമ്പസില്‍ മുദ്രാവാക്യം വിളിച്ചുവെന്ന കുറ്റംചുമത്തി പുറത്താക്കിയ പഠിക്കാന്‍ മിടുക്കനായ കുട്ടിയോട് പ്രതികാരബുദ്ധിയില്‍ പെരുമാറുന്നു. വിദ്യാര്‍ഥിയുടെ ഭാവി തന്നെ തകര്‍ക്കുന്ന നിലയാണിത്. ഈ പക്ഷപാതിത്വവും പകപോക്കലും പരിഷ്കൃതസമൂഹത്തിന് അംഗീകരിക്കാനാകില്ലെന്നും കെ ജെ തോമസ് പ്രസ്താവനയില്‍ പറഞ്ഞു.
വ്യാപകപ്രതിഷേധം
കോട്ടയം: ഉഴവൂര്‍ കോളേജിന് മുന്നില്‍ സമാധാനപരമായി നടന്നുവന്നിരുന്ന സത്യഗ്രഹത്തിന് നേരെ നടന്ന പൊലീസ് അതിക്രമത്തില്‍ വ്യാപകപ്രതിഷേധം. സിപിഐ എം, ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതൃത്വത്തില്‍ വിവിധകേന്ദ്രങ്ങളില്‍ പ്രതിഷേധപ്രകടനങ്ങളും യോഗങ്ങളും നടന്നു. കോട്ടയത്ത് പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യോഗം എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ടി ഹരി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ജെയ്ക്ക് സി തോമസ്, ജില്ലാകമ്മിറ്റിയംഗം എസ് ദീപു എന്നിവര്‍ സംസാരിച്ചു. ചങ്ങനാശേരിയില്‍ നടന്ന പ്രതിഷേധയോഗത്തില്‍ ഏരിയ സെക്രട്ടറി ടിജോ, പ്രസിഡന്റ് ശരവണന്‍ എന്നിവര്‍ സംസാരിച്ചു. സിപിഐ എം ഉഴവൂര്‍ ലോക്കല്‍കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉഴവൂരില്‍ നടന്ന പ്രകടനം സിപിഐ എം ഓഫീസ് പടിക്കല്‍നിന്നാരംഭിച്ച് പള്ളി ജങ്ഷന്‍ ചുറ്റി ടൗണില്‍ സമാപിച്ചു. പ്രതിഷേധയോഗം സിപിഐ എം ജില്ലാകമ്മിറ്റിയംഗം കെ എസ് കൃഷ്ണന്‍കുട്ടിനായര്‍ ഉദ്ഘാടനം ചെയ്തു. വി ജി വിജയകുമാര്‍ , ഷെറി മാത്യു എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ നേതൃത്വത്തില്‍ പാലാ ടൗണിലും പ്രതിഷേധപ്രകടനം നടത്തി.
ഉഴവൂരിലേത് ആസൂത്രിത അക്രമം
ഉഴവൂര്‍ : ഉഴവൂരില്‍ വിദ്യാര്‍ഥികള്‍ നടത്തിയ റിലേ സത്യഗ്രഹത്തിനു നേരെയുണ്ടായത് ആസൂത്രിത അക്രമം. പൊലീസിനൊപ്പം കേരള കോണ്‍ഗ്രസ് എം ഗുണ്ടകള്‍ കൂടിചേര്‍ന്നായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകരെ ഉഴവൂര്‍ ടൗണില്‍ തല്ലിച്ചതച്ചത്. വിദ്യാര്‍ഥികള്‍ കോളേജിനുമുന്നില്‍ നടത്തിവന്ന നിരാഹാര സത്യഗ്രഹം ഒമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോഴായിരുന്നു ഈ അതിക്രമം. സമാധാനപരമായി വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം പൊളിക്കുക എന്ന ഗൂഢലക്ഷ്യമാണ് പൊലീസ്- കേരള കോണ്‍ഗ്രസ് എം കൂട്ടുകെട്ടിനുണ്ടായിരുന്നത്. ഇതിനായി തിങ്കളാഴ്ച രാത്രി മുതല്‍ പൊലീസ് തയ്യാറെടുപ്പ് നടത്തി. സമരപ്പന്തലിനു മുന്നിലൂടെ പലവട്ടം പൊലീസ് റോന്തുചുറ്റി. ചൊവ്വാഴ്ച പുലര്‍ച്ചെ ജലപീരങ്കിയും ടിയര്‍ഗ്യാസും അടക്കമുള്ള സന്നാഹങ്ങളുമെത്തി. സംഘര്‍ഷസാധ്യത തീരെയില്ലാത്ത സ്ഥലത്ത് പൊലീസ് സന്നാഹങ്ങളുമായെത്തിയത് നാട്ടുകാരില്‍ കൗതുകമുണര്‍ത്തി.
ഉന്നതകേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങിയാണ് പൊലീസ് സമരപ്പന്തല്‍ പൊളിച്ച് വിദ്യാര്‍ഥിനേതാക്കളെയും സമരത്തെ അഭിവാദ്യം ചെയ്യാനെത്തിയ സിപിഐ എം പാലാ ഏരിയ സെക്രട്ടറി ലാലിച്ചന്‍ ജോര്‍ജിനെയും കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. സിഐടിയു നേതൃത്വത്തില്‍ തൊഴിലാളികള്‍ വിദ്യാര്‍ഥിസമരത്തിന് അഭിവാദ്യം അര്‍പ്പിക്കുമെന്നറിഞ്ഞ് രാവിലെതന്നെ പത്തോളം പൊലീസ് ജീപ്പുകളിലും വാനുകളിലുമായി അഞ്ഞൂറോളം പോലീസുകാര്‍ കോളേജിന് സമീപം അണിനിരന്നു. ഏറ്റുമാനൂര്‍ സിഐ ബിജു കെ സ്റ്റീഫന്റെ നേതൃത്വത്തിലായിരുന്നു പൊലീസ്സംഘം. ഇതിനിടെ അവിടെയെത്തിയ സിഐടിയു പ്രകടനം സമാധാനപരമായി യോഗം ചേര്‍ന്ന് അവസാനിച്ചു. എന്നാല്‍ , സമരത്തിന് നേതൃത്വം കൊടുത്തെന്ന പേരില്‍ സിപിഐ എം ഏരിയസെക്രട്ടറി ലാലിച്ചന്‍ ജോര്‍ജിനെ അറസ്റ്റ് ചെയ്ത് പൊലീസ് പ്രകോപനം സൃഷ്ടിച്ചു. തുടര്‍ന്ന് നിരാഹാരസമരം അനുഷ്ഠിച്ചിരുന്ന എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയേയും സമരപ്പന്തലിലുണ്ടായിരുന്ന എസ്എഫ്ഐ പ്രവര്‍ത്തകരെയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച് വലിച്ചിഴച്ചശേഷം അറസ്റ്റ് ചെയ്ത് വാനില്‍ കയറ്റി. നൂറുകണക്കിന് പൊലീസുകാര്‍ ഇരച്ചെത്തിയാണ് സമരപ്പന്തല്‍ പൊളിച്ചുനീക്കിയത്. ചെറിയ സമരപ്പന്തല്‍ പൊളിച്ചുനീക്കാന്‍ അതിനിടെ ജെസിബിയും എത്തിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഉഴവൂര്‍ ടൗണില്‍ സമാധാനപരമായി പ്രകടനം നത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെയും പൊലീസ് വെറുതെവിട്ടില്ല. കേരള കോണ്‍ഗ്രസ് എം ഗുണ്ടകളുടെ സഹായത്തോടെ പൊലീസുകാര്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് മര്‍ദിച്ചു. പൊലീസും കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകരും ചേര്‍ന്ന് ഉഴവൂര്‍ ടൗണില്‍ മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ലാലിച്ചന്‍ ജോര്‍ജിനെ കൂടാതെ എസ്എഫ്ഐ കോട്ടയം ജില്ലാ സെക്രട്ടറി സതീഷ് വര്‍ക്കി, പാലാ ഏരിയ കമ്മിറ്റിയംഗം എബിസണ്‍ , ഡിവൈഎഫ്ഐ വെളിയന്നൂര്‍ പഞ്ചായത്ത് സെക്രട്ടറി പി കെ രാജേഷ് എന്നിവരെയും പാലാ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സമരപ്പന്തലില്‍നിന്ന് അറസ്റ്റ് ചെയ്ത എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി പി എസ് ജയകൃഷ്ണന്‍ , കാഞ്ഞിരപ്പള്ളി ഏരിയ പ്രസിഡന്റ് സോജിമോന്‍ , വാഴൂര്‍ ഏരിയ സെക്രട്ടറി എം പി രാജേഷ്, ജോയിന്റ് സെക്രട്ടറി സതീഷ് എന്നിവര്‍ക്ക് ജാമ്യം നല്‍കി. സംഭവമറിഞ്ഞ് സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി എന്‍ വാസവന്‍ , സി ജെ ജോസഫ്, കടുത്തുരുത്തി ഏരിയാ സെക്രട്ടറി പി വി സുനില്‍ എന്നിവര്‍ സ്ഥലത്തെത്തി. മാനേജ്മെന്റിന്റെ ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായ മുദ്രാവാക്യമുയര്‍ത്തിയ മാര്‍ച്ച് കോളേജ് കവാടത്തില്‍ സമാപിച്ചതിനെ തുടര്‍ന്ന് ചേര്‍ന്ന യോഗം സിഐടിയു ഏരിയസെക്രട്ടറി ഷാര്‍ളിമാത്യു ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയ പ്രസിഡന്റ് വി ജി വിജയകുമാര്‍ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ലാലിച്ചന്‍ ജോര്‍ജ,് സിപിഐ എം ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷെറി മാത്യു, സിപിഐ എം പാലാ ഏരിയ കമ്മിറ്റിയംഗം കെ കെ ഗിരീഷ് എന്നിവര്‍ സംസാരിച്ചു. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി ടി എസ് എന്‍ ഇളയത്, സംസ്ഥാന നേതാവ് കെ വി ഗംഗാധരന്‍ എന്നിവര്‍ സമരപന്തലില്‍ എത്തിയിരുന്നു.
സമരം അലങ്കോലമാക്കാനുള്ള ശ്രമം പാളി; ഹര്‍ത്താല്‍ നടത്തി മാണിഗ്രൂപ്പ് നാണക്കേട് മറച്ചു
പാലാ: എല്‍ഡിഎഫ് മാര്‍ച്ചിനെ കല്ലെറിഞ്ഞുതകര്‍ക്കാനുള്ള യൂത്ത്ഫ്രണ്ട് എമ്മിന്റെ നീക്കം പാളിയതോടെ ഇല്ലാത്ത അതിക്രമം നടത്തിയതായി ആരോപിച്ച് കേരള കോണ്‍ഗ്രസ് എമ്മുകാര്‍ ഹര്‍ത്താല്‍നടത്തി ജനങ്ങളെ പീഡിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി ലാലിച്ചന്‍ ജോര്‍ജിനെയും വിദ്യാര്‍ഥി-യുവജന നേതാക്കളെയും കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതിനുപിന്നില്‍ മന്ത്രി കെ എം മാണിയുടെ ഇടപെടലാണെന്ന വിവരം പുറത്തുവന്നതിന്റെ ജാള്യം മറയ്ക്കാനാണ് അക്രമം നടത്തിയത്. ഈ നീക്കവും പാളിയതിനെത്തുടര്‍ന്നാണ് ഹര്‍ത്താല്‍ നടത്തി ജനശ്രദ്ധ തിരിക്കാനും മുഖം രക്ഷിക്കാനും ശ്രമിച്ചത്.
എല്‍ഡിഎഫ് മാര്‍ച്ചിനിടെ നഗരസഭാ ചെയര്‍മാനും കേരള കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡന്റുമായ കുര്യക്കോസ് പടവന്റെ സൂപ്പര്‍മാര്‍ക്കറ്റിനുനേര്‍ക്ക് കല്ലെറിഞ്ഞുവെന്ന് ആരോപിച്ചായിരുന്നു വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കുംമേല്‍ ഇവര്‍ ഹര്‍ത്താല്‍ അടിച്ചേല്‍പ്പിച്ചത്. ബുധനാഴ്ച രാവിലെ എല്‍ഡിഎഫ് പ്രതിഷേധ മാര്‍ച്ചില്‍ നേതാക്കള്‍ സംസാരികുന്നതിനിടെയാ ണ് സമീപത്തെ സ്വകാര്യകെട്ടിടത്തിന് മുകളില്‍നിന്ന് പ്രവര്‍ത്തകര്‍ക്കുനേരെ രണ്ടുതവണ കല്ലേറുണ്ടായത്. പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച് പൊലീസിനെ ഉപയോഗിച്ച് സമരം അടിച്ചുതകര്‍ക്കാായിരുന്നു കേരള കോണ്‍ഗ്രസ് ലക്ഷ്യമിട്ടത്. എന്നാല്‍ ഇത് പൊലീസ് തിരിച്ചറിയുകയും പ്രവര്‍ത്തകര്‍ സംയമനം പാലിക്കുകയും ചെയ്തതോടെ നീക്കം പൊളിഞ്ഞു. ഇതാണ് ഇല്ലാത്ത കാരണം ഉന്നയിച്ച് പകല്‍ മൂന്നിന് ശേഷം ഹര്‍ത്താല്‍ നടത്തി മുഖം രക്ഷിക്കാന്‍ ശ്രമിച്ചത്. എല്‍ഡിഎഫ് മാര്‍ച്ച് പൊലീസ് സ്റ്റേഷന് മുന്നിലേക്ക് എത്തും മുമ്പേ യൂത്ത് ഫ്രണ്ട് നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം സമീപത്തെ എംപ്ലോയ്മെന്റ് ഓഫീസ് കെട്ടിടത്തിന് മുകളില്‍ രഹസ്യമായി നിലയുറപ്പിച്ചിരുന്നു. ഇത് മാധ്യമ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ നേതാവും കൂട്ടാളികളും ഇവിടെനിന്ന് മുങ്ങി. തുടര്‍ന്നാണ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് എതിര്‍ വശം നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍നിന്ന് മാര്‍ച്ചിന് നേര്‍ക്ക് കല്ലേറ് നടത്തിയത്.
deshabhimani 040811
സിപിഐ എം ഏരിയ സെക്രട്ടറിയെയും യുവജന വിദ്യാര്‍ഥി നേതാക്കളെയും കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച പൊലീസ് അതിക്രമത്തിനെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ പാലായില്‍ നടത്തിയ ഡിവൈഎസ്പി ഓഫീസ് മാര്‍ച്ചില്‍ ബഹുജനരോഷം ഇരമ്പി.
ReplyDelete