Saturday, August 27, 2011

ബ്രസീലില്‍ "ഹംസപ്പുഴ"

സാവോ പോളോ: മലയാളി ശാസ്ത്രജ്ഞനും സംഘവും ബ്രസീലില്‍ ഭൂഗര്‍ഭനദി കണ്ടെത്തി. കോഴിക്കോട് കുന്ദമംഗലത്തിനടുത്ത് പതിമംഗലം സ്വദേശി ഡോ. വലിയ മണ്ണത്താല്‍ ഹംസയുടെ നേതൃത്വത്തില്‍ ബ്രസീല്‍ ദേശീയ ഒബ്സര്‍വേറ്ററിയിലെ ഗവേഷകരാണ് ഈ നേട്ടം കൊയ്തത്. ആമസോണ്‍ നദിയുടെ 13000 അടി താഴെ നദി ഒഴുകുന്നതായാണ് ഇവര്‍ കണ്ടെത്തിയത്. 40 വര്‍ഷം നീണ്ട പഠനത്തിലൂടെ കണ്ടെത്തിയ നദിക്ക് സംഘത്തലവനായ ഹംസയുടെ പേരിട്ടു.

കോഴിക്കോട്ടുകാരന്‍ ബ്രസീലില്‍ ഭൂഗര്‍ഭനദി കണ്ടെത്തി


സാവോ പോളോ: മലയാളി ശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ ബ്രസീലില്‍ ഭൂഗര്‍ഭനദി കണ്ടെത്തി. കോഴിക്കോട് കുന്ദമംഗലത്തിനടുത്ത് പതിമംഗലം സ്വദേശിയായ ഭൂഗര്‍ഭ ശാസ്ത്രജ്ഞന്‍ ഡോ. വലിയ മണ്ണത്താന്‍ ഹംസയുടെ നേതൃത്വത്തില്‍ ബ്രസീല്‍ ദേശീയ ഒബ്സര്‍വേറ്ററിയിലെ ഗവേഷകരാണ് ആമസോണ്‍ നദിയുടെ 13000 അടി താഴെ നദി ഒഴുകുന്നതായി കണ്ടെത്തിയത്. നാല് പതിറ്റാണ്ട് നീണ്ട പഠനത്തിലൂടെ കണ്ടെത്തിയ നദിക്ക് ഗവേഷകര്‍ സംഘത്തലവനായ ഹംസയുടെ പേരിട്ടു. പഠനത്തിലെ കണ്ടെത്തലുകള്‍ കഴിഞ്ഞയാഴ്ച റയോ ഡി ജനീറോയില്‍ ചേര്‍ന്ന ബ്രസീലിയന്‍ ജിയോഫിസിക്കല്‍ സൊസൈറ്റി സമ്മേളനത്തില്‍ അവതരിപ്പിച്ചു.

ആറായിരത്തോളം കിലോമീറ്റര്‍ നീളം ഹംസപ്പുഴയ്ക്ക് ഉണ്ടാവുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. വലുപ്പംകൊണ്ട് ലോകത്തെ രണ്ടാമത്തെ നദിയായ ആമസോണിന്റെ നീളത്തോളം വരുമിത്. ബ്രസീല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനി പെട്രോബ്രസ് 1970കളില്‍ കുഴിച്ച 241 നിര്‍ജീവ എണ്ണക്കിണറുകളിലെ താപവ്യതിയാനം പഠിച്ചാണ് ഗവേഷകര്‍ ഭൂഗര്‍ഭനദിയുടെ സാന്നിധ്യം കണ്ടെത്തിയത്. പെട്രോബ്രസ് നല്‍കിയ "താപവിവരം" ആമസോണിന് 13000 അടി താഴെ ജലപ്രവാഹം കണ്ടെത്താന്‍ തങ്ങള്‍ക്ക് സഹായകമായതായി ഡോ. ഹംസ പറഞ്ഞു. ആമസോണിന്റെ സമാന രൂപത്തിലുള്ള ഭൂഗര്‍ഭനദിയിലെ ജലപ്രവാഹം സെക്കന്‍ഡില്‍ 3000 ക്യുബിക് മീറ്ററാണെന്നാണ് കണക്കാക്കുന്നത്. പടിഞ്ഞാറു നിന്ന് കിഴക്കോട്ട് ഒഴുകുന്ന നദി ആക്രേ മേഖലയില്‍ നിന്ന് ഉത്ഭവിച്ച് സാലിമോസ്, ആമസോണ, മരാജോ തടങ്ങളിലൂടെ ഒഴുകി ഫോസ് ഡോ ആമസോണാസില്‍ വച്ച് കടലില്‍ ചേരുന്നതായാണ് കരുതുന്നത്. ആമസോണിന്റെ മുഖഭാഗത്തെ ജലത്തിന് ലവണത്വം കുറയാന്‍ കാരണം ഈ നദിയായിരിക്കാമെന്ന് ഒബ്സര്‍വേറ്ററി പ്രസ്താവനയില്‍ അറിയിച്ചു. ആമസോണ്‍ മഴക്കാടുകള്‍ക്ക് ആമസോണ്‍ നദികൂടാതെ മറ്റൊരു ജലനിര്‍ഗമന സംവിധാനം കൂടിയുണ്ടെന്ന് ഭൂഗര്‍ഭനദിയുടെ സാന്നിധ്യം കാണിക്കുന്നു. ഭൂഗര്‍ഭനദിമൂലം ആമസോണ്‍ മഴക്കാടുകളിലുണ്ടാകാവുന്ന സാമ്പത്തിക-പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് പറയാറായിട്ടില്ല. പഠനം പ്രാഥമിക ഘട്ടത്തിലാണെന്നും 2014 ആവുമ്പോഴേക്കും ഭൂഗര്‍ഭ നദിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനാവുമെന്നും ഗവേഷകര്‍ പറഞ്ഞു.

deshabhimani 270811

2 comments:

  1. മലയാളി ശാസ്ത്രജ്ഞനും സംഘവും ബ്രസീലില്‍ ഭൂഗര്‍ഭനദി കണ്ടെത്തി. കോഴിക്കോട് കുന്ദമംഗലത്തിനടുത്ത് പതിമംഗലം സ്വദേശി ഡോ. വലിയ മണ്ണത്താല്‍ ഹംസയുടെ നേതൃത്വത്തില്‍ ബ്രസീല്‍ ദേശീയ ഒബ്സര്‍വേറ്ററിയിലെ ഗവേഷകരാണ് ഈ നേട്ടം കൊയ്തത്. ആമസോണ്‍ നദിയുടെ 13000 അടി താഴെ നദി ഒഴുകുന്നതായാണ് ഇവര്‍ കണ്ടെത്തിയത്. 40 വര്‍ഷം നീണ്ട പഠനത്തിലൂടെ കണ്ടെത്തിയ നദിക്ക് സംഘത്തലവനായ ഹംസയുടെ പേരിട്ടു.

    ReplyDelete
  2. ബ്രസീലിയ: മലയാളിയായ പ്രൊഫ. വലിയമണ്ണത്തല്‍ ഹംസയുടെ പേരില്‍ ബ്രസീലില്‍ കണ്ടെത്തിയ ഭൂഗര്‍ഭനദി യഥാര്‍ഥത്തില്‍ നദിയല്ലെന്ന് വിദഗ്ധര്‍ പറയുന്നു. ആമസോണിനു സമാന്തരമായി പാറകളിലെ സുഷിരങ്ങളിലൂടെ പുറത്തുവരുന്ന നീരുറവകളില്‍ ലവണാംശം വളരെ കൂടുതലാണെന്നും അവ ഒഴുകുന്നേയില്ലെന്നും ഇതുസംബന്ധിച്ച ഗവേഷണങ്ങളില്‍ സഹകരിച്ച വിദഗ്ധരെ ഉദ്ധരിച്ച് ബി.ബി.സി. റിപ്പോര്‍ട്ടുചെയ്തു. സാധാരണഗതിയില്‍ നമ്മള്‍ കരുതുന്നതുപോലൊരു നദിയല്ല ഇതെന്നും വിശാലാടിസ്ഥാനത്തില്‍ നദി എന്ന് പറഞ്ഞുവെന്നേയുള്ളൂവെന്നും പ്രൊഫ. ഹംസയും പറയുന്നു.

    ബ്രസീലിയന്‍ എണ്ണക്കമ്പനിയായ പെട്രോബ്രാസ് ആമസോണ്‍മേഖലയില്‍ കുഴിച്ച് ഉപേക്ഷിച്ച എണ്ണക്കിണറുകളില്‍ റയോ ഡി ജനൈറോയിലെ നാഷണല്‍ ഒബ്‌സര്‍വേറ്ററി ഓഫ് ദ മിനിസ്ട്രി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ പ്രൊഫസറായ ഹംസയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനമാണ് നദിയുടെ കണ്ടെത്തലിന് വഴിവെച്ചത്. കോഴിക്കോട് കുന്ദമംഗലം സ്വദേശിയും ബ്രസീലില്‍ ഗവേഷകനുമായ ഹംസയുടെ ബഹുമാനാര്‍ഥം 'റിയോ ഹംസ നദി' എന്ന് ഇതിനു പേരിടുകയും ചെയ്തു.

    ആമസോണ്‍ നദിക്ക് നാലുകീലോമീറ്റര്‍ അടിയിലായി പടിഞ്ഞാറുനിന്നും കിഴക്കോട്ടൊഴുകുന്ന നദിക്ക് 6000 കിലോമീറ്ററോളം ദൈര്‍ഘ്യമുണ്ടെന്നും സെക്കന്‍ഡില്‍ 3000 ക്യുബിക് മീറ്റര്‍ വെള്ളം ഇതിലൂടെ ഒഴുകുന്നുണ്ടെന്നുമാണ് ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നത്. എന്നാല്‍ നദി ഒഴുകുന്നുണ്ടെന്നു പറയാനാവില്ലെന്നാണ് പെട്രോബാസിലെ ഭൗമശാസ്ത്രജ്ഞന്‍ യോര്‍ഗെ ഫിഗെറിഡോ പറയുന്നത്. ജലപ്രവാഹത്തിന്റെ വേഗം ഒരു വര്‍ഷത്തില്‍ ഏതാനും സെന്‍റിമീറ്റര്‍ മാത്രമാണെന്നും അതിനു തന്നെ തുടര്‍ച്ചയില്ലെന്നും അദ്ദേഹം പറയുന്നു. നാലു കിലോമീറ്റര്‍ ആഴത്തില്‍ ശുദ്ധജലമുണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു.

    നദിയെന്നു പറയുന്നുണ്ടെങ്കിലും ഇതിനെ ഒരു സാധാരണ നദിയായി കാണരുതെന്ന് പ്രൊഫ. ഹംസ പറഞ്ഞു. ആമസോണില്‍ മൂന്നു തരം ജലപ്രവാഹങ്ങളുണ്ട്. ഒന്ന് നമുക്ക് കാണാവുന്ന നദീജലപ്രവാഹം. പിന്നെ അതിനു സമാന്തരമായി മുകളിലുള്ള നീരാവിയുടെ നീക്കം. മൂന്നാമത്തേതാണ് ഭൂഗര്‍ഭജലപ്രവാഹം. ആമസോണിന് സമാന്തരമായുള്ള പാറകള്‍ സുഷിരങ്ങള്‍ നിറഞ്ഞതാണെന്നും അതിലൂടെ ജലപ്രവാഹം സാധ്യമാണെന്നാണ് കരുതുന്നതെന്നും എന്നാല്‍ അതിനെ സാമ്പ്രദായികാര്‍ഥത്തില്‍ നദിയെന്ന് പറയാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
    (മാതൃഭൂമി 290811)

    ReplyDelete