Saturday, August 27, 2011

ആധാര്‍ ഉപേക്ഷിക്കണം: വി എസ്

ദേശീയ ജനസംഖ്യാ രജിസ്റ്ററിലേക്കെന്ന വ്യാജേന ആധാര്‍ എന്ന പേരില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡില്‍ എല്ലാ പൗരന്മാരുടെയും വിരലടയാളം, കൃഷ്ണമണിയുടെ അടയാളം തുടങ്ങിയ ബയോമെട്രിക് വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഇത്തരം വിവരശേഖരണംമൂലം ഉണ്ടാകാവുന്ന സുരക്ഷാ പ്രശ്നത്തെക്കുറിച്ചും വ്യക്തികളുടെ സ്വകാര്യതയെക്കുറിച്ചുമെല്ലാം ആശങ്ക നിലനില്‍ക്കുന്നു. ബയോമെട്രിക് രേഖകളില്‍ എളുപ്പം തിരിമറി നടത്താമെന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്. ഇന്ത്യന്‍ വ്യവസായലോബിയുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയാണ് ആധാര്‍ പദ്ധതി നടപ്പാക്കുന്നത്. വ്യാപകമായ എതിര്‍പ്പുകളുണ്ടായിട്ടും സംസ്ഥാനമൊട്ടാകെ ആധാര്‍ എന്ന പേരിലറിയപ്പെടുന്ന യുണീക് ഐഡി പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ . ഇതിനായി വന്‍ തുകയാണ് കേന്ദ്രസര്‍ക്കാര്‍ ഒഴുക്കുന്നത്. സംസ്ഥാനത്തെ വിവിധ ഏജന്‍സികളെ ഉപയോഗിച്ച് പൗരന്മാരുടെ സമ്മതംപോലും നോക്കാതെ എല്ലാവരുടെയും വിരലടയാളവും കൃഷ്ണമണിയുടെ അടയാളങ്ങളും ജാതിയും വിലാസവുമടക്കം ശേഖരിക്കുകയാണ്. സ്കൂള്‍ വിദ്യാര്‍ഥികളെ, അവരുടെയോ രക്ഷിതാക്കളുടെയോ സമ്മതം ചോദിക്കാതെ യുണീക് ഐഡി പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ആധാര്‍ പദ്ധതിയാണിതെന്ന വസ്തുത മറച്ചുവയ്ക്കാനായി സമ്പൂര്‍ണ എന്ന പേരിലാണ് സ്കൂളില്‍ നടപ്പാക്കുന്നത്.

1955ലെ സിറ്റിസന്‍ഷിപ് ആക്ടും 2003ലെ സിറ്റിസന്‍ഷിപ് റൂളും അനുസരിച്ച് പൊതുജനങ്ങളുടെ രജിസ്ട്രേഷന്‍ നിയമപരമാണെങ്കിലും അതിലും ബയോമെട്രിക് രജിസ്ട്രേഷന്‍ അനുവദിക്കുന്നില്ല. ഇത്തരമൊരു രജിസ്ട്രേഷന്‍ നിര്‍ബന്ധിതമാക്കുമ്പോള്‍ പരിഗണിക്കപ്പെടേണ്ട നിരവധി പ്രശ്നങ്ങളുണ്ട്. ദേശീയ തൊഴിലുറപ്പ് നിയമം, പൊതുവിതരണ സമ്പ്രദായം തുടങ്ങിയ സാമൂഹ്യ സുരക്ഷാ ബാധ്യതകളില്‍നിന്ന് സര്‍ക്കാരിനെ വേര്‍പെടുത്താനിടയാക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നു. നിയമപരവും സാമൂഹ്യവുമായ ഇത്തരം പ്രശ്നങ്ങളൊന്നും ഇന്ത്യയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയിലിരിക്കുന്ന ദേശീയ തിരിച്ചറിയല്‍ അതോറിറ്റി ബില്ലിന്റെ വിശദമായ ചര്‍ച്ചയ്ക്കുമുമ്പ് യുണീക് ഐഡി പദ്ധതിയുമായി മുന്നോട്ടുപോകുന്നത് നിയമത്തെയും പാര്‍ലമെന്റിനെയും മറികടക്കലാണെന്ന് വി എസ് പറഞ്ഞു.

deshabhimani 270811

2 comments:

  1. ദേശീയ ജനസംഖ്യാ രജിസ്റ്ററിലേക്കെന്ന വ്യാജേന ആധാര്‍ എന്ന പേരില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

    ReplyDelete
  2. ജാതി മതം തുടങ്ങിയവ ഒഴിവാക്കപ്പെട്ടാൽ ഇതൊരു നല്ല സംഗതി അല്ലെ ജനശക്തി? എന്താണ് അഭിപ്രായം?

    ReplyDelete